Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസ്വദിക്കാൻ ജീവിതം ഇനിയുമുണ്ട്

heart-patients-sex

ലൈംഗികത ഒരു മരുന്നാണ് എന്നു പറഞ്ഞാൽ അതിൽ തെറ്റു പറയാനാകില്ല. കാരണം ജീവിക്കാനുള്ള മോഹം മനുഷ്യനിൽ ജനിപ്പിക്കുന്നതിൽ ലൈംഗികതയ്ക്കും ഒരു പങ്കുണ്ട്. ഹൃദ്രോഗമാണെന്ന് അറിഞ്ഞാൽ അല്ലെങ്കിൽ ഒരു തവണ ഹൃദയാഘാതം വന്നാൽ ജീവിതം വരെ അവസാനിച്ചു എന്നു കരുതുന്നവർ ധാരാളം. ആഗ്രഹങ്ങളെ ഉള്ളിലൊതുക്കി ലൈംഗികജീവിതത്തിനു പൂർണവിരാമം ഇടുന്നവർ ധാരാളമുണ്ട്. എന്നാൽ ഹൃദ്രോഗമോ ഹൃദയാഘാതമോ സംഭവിച്ചാൽ ലൈംഗികജീവിതം തുടരുന്നതിൽ യാതൊരുവിധ അപകടവും ഇല്ല എന്നതാണു വസ്തുത. ലൈംഗികത നിങ്ങളെ കൂടുതൽ ഊർജസ്വലരാക്കുമെന്നതാണു സത്യം. എന്നാൽ ലൈംഗിക ജീവിതത്തിൽ ഹൃദ്രോഗികൾ ശ്രദ്ധിക്കേണ്ട അനേകം വസ്തുതകളുണ്ട്.

ഹൃദ്രോഗ സാധ്യതയുള്ളവർ മദ്യപിച്ചശേഷം ബന്ധപ്പെടരുത്

പ്രമേഹം, ബി പി, കൊളസ്ട്രോൾ തുടങ്ങിയ പ്രശ്നമുള്ളവർ ഈ രോഗങ്ങൾക്കുള്ള മരുന്നു കഴിക്കുന്നതുകൊണ്ടു ലൈംഗികബന്ധം തുടരുന്നതിനു പ്രത്യേകിച്ചും തടസങ്ങളൊന്നുമില്ല. നെഞ്ചുവേദനയോ ശ്വാസതടസമോ കൂടാതെ രണ്ടുനില വരെ പടികൾ കയറാമെങ്കിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിൽ അപകടമില്ല. ലൈംഗികബന്ധം ഹൃദയാഘാതം ഉണ്ടാക്കാനുള്ള സാധ്യത വളരെ വിരളമാണെന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നത്.

ഹൃദ്രോഗികൾ ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഡോക്ടറുടെ ഉപദേശം തേടാൻ മടിക്കരുത്. ഹൃദയധമനിയുമായി ബന്ധപ്പെട്ട പ്രശ്നമുള്ളവർക്കു ലൈംഗികസംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. ഇക്കൂട്ടർക്ക് ഡോക്ടറുടെ ഉപദേശം ആരാഞ്ഞതിനു ശേഷം ബന്ധപ്പെടാവുന്നതാണ്.

ചികിത്സകരുടെ റോൾ

ലൈംഗികവിഷയവുമായി ബന്ധപ്പെട്ടു രോഗികൾക്കുണ്ടാകാനിടയുള്ള സംശയങ്ങൾ ദൂരീകരിക്കാൻ ഡോക്ടർമാർ മുൻകൈ എടുക്കണം. ലൈംഗികമായ പ്രവർത്തനമാന്ദ്യവും ഉത്കണ്ഠയും ഹൃദ്രോഗത്തെപ്പോലെ തന്നെ ശരീരത്തിന് അപകടം ഉണ്ടാക്കുന്ന ഘടകങ്ങളാണ്.

ഹൃദ്രോഗ പ്രശ്നമുള്ളവർ വയറു നിറയെ ഭക്ഷണം കഴിച്ചതിനു ശേഷമോ മദ്യപിച്ചതിനു ശേഷമോ ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്. ഹൃദ്രോഗത്തിന്റെ അപകടസൂചകങ്ങൾ ഉള്ള വ്യക്തിയ്ക്ക് ഉദ്ധാരണശേഷിക്കുറവ് സംഭവിക്കാം. ഇതു മരുന്നുകളുടെ പാർശ്വഫലം കൊണ്ടാകാം. ഈ മരുന്നുകൾ നിർത്തുന്നതു മാത്രം പരിഹാരമാകണമെന്നില്ല. ചിലർക്ക് ഉത്തേജകമരുന്നുകൾ ആവശ്യമായി വരും. കൂടാതെ നല്ല വ്യായാമമുണ്ടെങ്കിൽ ലൈംഗികശേഷി വർധിക്കും.

ഹൃദയാഘാതം വന്നവർ ലൈംഗികജീവിതം തുടരാം

ഹൃദയാഘാതം വന്നതിനു ശേഷം രണ്ടുദിവസം കഴിയുമ്പോൾ തന്നെ ലൈംഗികബന്ധം ആരംഭിക്കാം എന്നു കരുതരുത്. ഹൃദയാഘാതം വന്ന് ആദ്യത്തെ ആറ് ആഴ്ച മുതൽ എട്ട് ആഴ്ച വരെ ലൈംഗികബന്ധം ഒഴിവാക്കുന്നതാണ് ഉത്തമം. ആദ്യത്തെ നാല് മുതൽ ആറ് ആഴ്ച കൊണ്ടു തന്നെ രോഗി കാര്യക്ഷമത വീണ്ടെടുക്കും. ഭൂരിപക്ഷം പേർക്കും ഹൃദയാഘാതവുമായി ബന്ധപ്പെട്ട് ഉണ്ടായ നെഞ്ചുവേദനയും ശ്വാസതടസവുമൊക്കെ ഈ കാലയളവു കൊണ്ടു സാധാരണ നിലയിലാകും. ഈ സമയപരിധി കഴിഞ്ഞാൽ ലൈംഗികബന്ധം സുരക്ഷിതമായി തുടരാം.

ഉദ്ധാരണശേഷി കുറവ്

ഹൃദയാഘാതത്തെ തുടർന്നു കഴിക്കുന്ന ബീറ്റാബ്ലോക്കേഴ്സ് മരുന്നുകളും രക്തസമ്മർദത്തിനുള്ള ഗുളികകളും ചിലരിൽ ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഡോക്ടറുടെ നിർദേശപ്രകാരം ഇവ നിർത്തുകയോ മറ്റൊരു മരുന്നിലേക്കു മാറുകയോ ചെയ്യാം. ഉത്തേജനം കൂട്ടുന്നതിനായി മറ്റു മരുന്നുകൾ കഴിക്കുന്നത് ഹൃദയത്തിനു ദോഷകരമാണ്. എന്നാൽ നിങ്ങളുടെ ഡോക്ടറുടെ അനുമതിയുണ്ടെങ്കിൽ ഉത്തേജക മരുന്നുകൾ കഴിക്കാം. അമിത രക്തസമ്മർദം കുറയ്ക്കാൻ ഉപയോഗിക്കുന്ന നൈട്രോഗ്ലിസറിൻ മരുന്നു കഴിക്കുന്നവർ ലൈംഗിക ഉത്തേജനത്തിനു കൂടി മരുന്നു കഴിച്ചാൽ ഗുരുതരമായ പ്രശ്നമുണ്ടാകും.

നിറവയറോടെ ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്. നേരത്തേ സൂചിപ്പിച്ചതു പോലെ വലിയ ആയാസമില്ലാതെ രണ്ടു നില ഗോവണി കയറാൻ നിങ്ങൾക്കു ശേഷിയുണ്ടെങ്കിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതു കൊണ്ടു പ്രശ്നമുണ്ടാവില്ല.

ഹൃദയത്തിനു ദോഷകരമാകുന്ന ഘടകങ്ങളെല്ലാം ലൈംഗികാവയവങ്ങൾക്കും ഹാനികരമാണെന്ന ചിന്ത മനസിലുണ്ടാകണം. പലപ്പോഴും ഉദ്ധാരണശേഷിയിലെ പ്രശ്നങ്ങൾ ഹൃദയ സംബന്ധമായ രോഗങ്ങളുടെ ലക്ഷണമാകാം. അതുകൊണ്ടു തന്നെ എത്രയും വേഗം ഡോക്ടറുടെ സഹായം തേടണം.

ലൈംഗികബന്ധത്തിലേർപ്പെട്ടാൽ രണ്ടാമതൊരു ഹൃദയാഘാതം ഉണ്ടാകാമെന്ന ധാരണ തെറ്റാണെന്നും ഹൃദയാരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. അതുകൊണ്ടു തന്നെ ഒരു തവണ ഹൃദയാഘാതം വന്നതിനു ശേഷം ദമ്പതികൾ ലൈംഗികബന്ധത്തിലേർപ്പെടുന്നത് അവരുടെ ബന്ധത്തിന്റെ ദൃഢത വർധിപ്പിക്കും.

വിവാഹേതരബന്ധം അരുത്

വിവാഹേതര ലൈംഗികബന്ധം ഒഴിവാക്കുക. ഈ സമയത്തു ഹൃദയമിടിപ്പിന്റെ നിരക്കു കൂടാൻ സാധ്യതയുണ്ട്. ഭാര്യയല്ലാത്ത പങ്കാളിയുമായി ശാരീരികബന്ധത്തിലേർപ്പെടുന്നത് ഉത്കണ്ഠ വർധിപ്പിക്കുന്നതാണു ഇതിനു കാരണം.

ലൈംഗികശേഷി കൂട്ടാൻ വ്യായാമം മുടക്കരുത്. വ്യായാമം ചെയ്യുമ്പോൾ ലൈംഗികാവയവങ്ങളിലേക്കുൾപ്പെടെയുള്ള രക്തചംക്രമണം നന്നായി നടക്കും.

പൊസിഷനുകൾ ശ്രദ്ധിക്കുക

ലൈംഗികബന്ധത്തിലേർപ്പെടും മുമ്പ് പങ്കാളിയോടു നിങ്ങൾക്കു സൗകര്യപ്രദമായ പൊസിഷനുകൾ ഏതൊക്കെ എന്നു തുറന്നു പറയുക. ശരീരത്തിന് അധികം ആയാസമുണ്ടാക്കുന്നതോ ഒരുപാട് സങ്കീർണമായതോ ആയ പൊസിഷനുകൾ പരീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. ചെറിയ വിട്ടുവീഴ്ചകൾ ലൈംഗികപങ്കാളിയുടെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതാണ്.

ശാരീരികമായി ബുദ്ധിമുട്ടുള്ള രോഗികൾക്കു ബാഹ്യകേളിയിൽ ഏർപ്പെടുന്നതു തന്നെ ലൈംഗികമായ സംതൃപ്തി നൽകാം. ഇക്കാര്യത്തിൽ പങ്കാളികളിരുവരും ചേർന്ന് ഒരു തീരുമാനമെടുക്കുന്നതാണ് ഉചിതം.

ഹൃദയശസ്ത്രക്രിയയ്ക്കു വിധേയരായിട്ടുള്ള രോഗികൾ ശസ്ത്രക്രിയയോടനുബന്ധിച്ച് ശരീരത്തിലുണ്ടായ തുന്നലും മറ്റും സുഖപ്പെട്ടതിനു ശേഷം മാത്രം ലൈംഗികബന്ധത്തിലേർപ്പെടുക. പുകവലിയും മദ്യപാനവും ഈ ഘട്ടത്തിൽ ഉദ്ധാരണപ്രശ്നങ്ങൾ ഉണ്ടാക്കാം. അവ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

അന്തരീക്ഷവും പ്രധാനം

ശാന്തമായ അന്തരീക്ഷത്തിൽ, നല്ല താൽപര്യമുള്ള മനസോടെ ലൈംഗികബന്ധത്തിലേർപ്പെടുക. വെളുപ്പാൻ കാലത്തു ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതാണ് നല്ലത്. ഈ സമയത്തു ശരീരത്തിനു ക്ഷീണമുണ്ടാവില്ല. കിടപ്പുമുറിയിൽ നല്ല ഊഷ്മളമായ അന്തരീക്ഷം ഉണ്ടാകാൻ ശ്രദ്ധിക്കണം. ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ പിരിമുറുക്കവും സമ്മർദങ്ങളും ഒഴിവാക്കുക.