Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈംഗികത തൃപ്തിയുടെ കല

sex-comfort

‘പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദരസത്തെ പറവതിനെളുതാമോ’ എന്ന് ഈണത്തിൽ പാടി, തന്റെ ഭർത്താവായ രാജാവിനെ വിവാഹേതര ലീലകളിൽ നിന്നു വിടുതൽ ചെയ്തു വീണ്ടും സ്വന്തമാക്കിയ നായികമാർ മലയാളിയുടെ ചരിത്രത്തിന്റെ വിളിപ്പുറത്തുതന്നെയുണ്ട്. എന്നിട്ടും ‘ഉളള കാര്യം’ തുറന്നു പറയുന്നതിൽ മലയാളി പിന്നിലാണെന്ന് പഠനങ്ങളും വിലയിരുത്തലുകളും പറയുന്നു.

സർവേകളും വസ്തുതയും

സർവേകൾ പറയുന്നതനുസരിച്ചു ലൈംഗികസംതൃപ്തിയുടെ സത്യാവസ്ഥ തുറന്നുപറയാൻ ഏറ്റവുമധികം മടി കാണിച്ച നഗരങ്ങൾ കേരളത്തിലാണു കൂടുതൽ. ലൈംഗികസംതൃപ്തിയും രതിമൂർച്ചയും തമ്മിലുളള കൊടുക്കൽ വാങ്ങലുകളെ സംബന്ധിച്ചും ‘കിടപ്പറ രഹസ്യം’ പുറത്തു പറയാൻ പാടില്ലാത്ത മലയാളി സംയമനം പാലിക്കുന്നുണ്ട്.

ഒരു കായികമത്സരത്തിൽ വിധി പറയുന്നതുപോലെ കിടപ്പറയിൽ മാർക്കിടാനാകുമോ? ചോദ്യം ശരിയാണ്. എന്നാൽ നമ്മുടെ നാട്ടിൽ അനുദിനം വർധിക്കുന്ന വിവാഹമോചനക്കേസുകളിലെ പ്രധാന വില്ലൻ ലൈംഗികതയിലെ തൃപ്തിയാണെന്നുവന്നാലോ? സംതൃപ്തമായ ജീവിതത്തിനും നല്ല വ്യക്തിബന്ധങ്ങൾക്കും ഏറ്റവും പ്രധാന ഘടകമായി ലൈംഗികതൃപ്തി ഇന്നു മാറിക്കഴിഞ്ഞു. എന്നാൽ ഇതു സംബന്ധിച്ച അറിവും ചർച്ചകളുമെല്ലാം എത്ര പരിമിതമാണിപ്പോഴും. ഈ വിഷയത്തെ കൃത്യമായി നിശ്ചയിക്കാനാവില്ലെന്നതും ആസ്വാദനം വ്യക്തിഗതമായി മാറുമെന്നതും കൂടാതെ സാമൂഹ്യമായ പാപചിന്തയും പ്രശ്നം തന്നെ. അമേരിക്കപോലുളള തുറന്ന അന്തരീക്ഷത്തിൽ പോലും രതിമൂർച്ചയെന്ന വിഷയം ചർച്ച ചെയ്യപ്പെടാൻ പലരും ആഗ്രഹിക്കുന്നില്ല.

ലോകത്ത് പല ഭാഗങ്ങളിലായി ലൈംഗികസംതൃപ്തിയെ പറ്റി നടത്തിയ 197 പഠനങ്ങൾ സ്പാനിഷ് ഗവേഷകയായ മരിയ ഫോണ്ടസും സുഹൃത്തുക്കളും ചേർന്ന് വിലയിരുത്തിയപ്പോൾ ആണുങ്ങളിലും പെണ്ണുങ്ങളിലും കാര്യമായ വ്യത്യാസമൊന്നും കണ്ടെത്തിയില്ല. എന്നാൽ ശാരീരിക, മാനസിക പ്രശ്നമുളളവരുടെ ഇടയിൽ തൃപ്തിക്കുറവാണെന്നു പൊതുവായിക്കണ്ടു. സാമൂഹ്യ സാഹചര്യം, കുടുംബത്തിലെ പൊതുവായ സന്തോഷം, സാമ്പത്തിക ശേഷി, ലൈംഗികത സംബന്ധിച്ച മോശമായ പഴയ അനുഭവങ്ങൾ, നഗ്നചിത്രങ്ങളോടുളള അമിത കമ്പം എന്നിവ തൃപ്തിയുടെ ഏറ്റക്കുറച്ചിലിനു കാരണമാകുന്നുണ്ട്. കൂടുതൽ ലൈംഗിക പങ്കാളി ഉണ്ടാക്കുന്നവരിൽ തൃപ്തി വളരെ കുറവാണെന്നാണ് പഠനം കണ്ടെത്തിയത്. എന്നാൽ ഇണക്കമുളള ഭാര്യാഭർത്താക്കന്മാർക്കിടയിൽ, പ്രത്യേകിച്ച് ചേര്‍ച്ചയുളള സ്വഭാവം ഉളളവർക്കിടയിൽ സംതൃപ്തി കൂടുതലാണ്. വിവാഹിതരായ സ്ത്രീകൾക്ക് ഒറ്റയ്ക്കായുളള സ്ത്രീകളേക്കാൾ സെക്സ് ആസ്വദിക്കാനാകുന്നുണ്ട്. ചുരുക്കത്തിൽ പങ്കാളികൾ തമ്മിലുളള പലതരത്തിലുളള ഇണക്കവും ഒത്തൊരുമയുമാണ് ലൈംഗികസംതൃപ്തിയുടെ മാനദണ്ഡമെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു.

ഞാൻ വേർപിരിയുന്നുവെന്ന് ആണോ പെണ്ണോ പറയുന്നതിന്റെ അർത്ഥം ലൈഗികസംതൃപ്തിയില്ലായ്മ സഹിക്കാൻ പറ്റില്ലെന്നു കൂടിയാണ് .ഇതു സംബന്ധിച്ചു നടന്ന പഠനങ്ങളിലെല്ലാം ലിംഗപരമായ വ്യത്യാസങ്ങളും ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങളുമെല്ലാം വ്യക്തമാണ്. പെണ്ണിനെക്കാൾ ആണാണ് ഇങ്ങനെ കൂടുതൽ പറയുന്നത്.

അമേരിക്കയിൽ നടന്ന ഏറ്റവും പുതിയ പഠനങ്ങളിൽ 10 മുതൽ 50 ശതമാനം വരെ ആണുങ്ങളിൽ ലൈംഗിക അസംതൃപ്തി ഉണ്ട്. എന്നാൽ സ്ത്രീകളിലെ അസംതൃപ്തി 25 ശതമാനം മുതൽ 60 വരെയാണ്. പ്രായം ചെല്ലുംതോറും സംതൃപ്തി കുറയുന്നുവെന്ന് പറയുന്നവരാണ് പാശ്ചാത്യനാടുകളിൽ കൂടുതൽ. എന്നാൽ ഏഷ്യൻ രാജ്യങ്ങളിൽ പൊതുവേ മധ്യവയസ്കരിലാണു തൃപ്തി കൂടുതൽ. ഇതിനു കുട്ടികൾ, സാമൂഹ്യ സാമ്പത്തിക സ്ഥിതി തുടങ്ങിയവയുമായി ബന്ധമുണ്ട്. കാനഡയിൽ 84 ദമ്പതികളിൽ പഠനം നടത്തിയപ്പോൾ തൃപ്തി കിട്ടിയെന്നു കൃത്യമായി പറഞ്ഞതു സ്ത്രീകളാണ്. ഇണയ്ക്ക് കിട്ടിയെന്നു മനസ്സിലാക്കുന്നതിലും സ്ത്രീകൾക്കാണ് മിടുക്ക്.

രതിമൂർച്ഛയും ലൈംഗികസംതൃപ്തിയും തമ്മിൽ വളരെ നല്ല ബന്ധമുണ്ടെന്നു കരുതുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ 1992–ൽ നടന്ന ചിക്കാഗോ പഠനത്തിൽ പങ്കാളിക്ക് രതിമൂർച്ഛ കിട്ടിയെന്ന് 43.5 ശതമാനം പേർ പറഞ്ഞപ്പോൾ അവരുടെ പങ്കാളികളിൽ 28.6 ശതമാനം പേരെ അതു സമ്മതിച്ചുളളൂ. രതിമൂർഛ കിട്ടിയ സമയമേതായിരുന്നെന്ന ചോദ്യത്തിലും ദമ്പതികൾ തമ്മിൽ തെറ്റി. 85 ശതമാനം പുരുഷന്മാർ അവസാനസമയത്തെന്ന് പറഞ്ഞപ്പോൾ 64 ശതമാനം സ്ത്രീകൾ മാത്രമേ അങ്ങനെ പറഞ്ഞുളളൂ. ചുരുക്കത്തിൽ സെക്സ് മനുഷ്യരിലിന്നും ആശയക്കുഴപ്പം സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു.

അഞ്ച് പൊതുകാര്യങ്ങൾ

ഇനി ഈ പഠനങ്ങളിൽ നിന്നെല്ലാം ആറ്റിക്കുറുക്കിയെടുത്ത ചില പൊതുവായ കണ്ടെത്തലുകൾ വായിക്കാം.

1. രതിമൂർച്ചയെന്ന സുഖദായനി: ആനയെ അന്ധൻ കണ്ടതുപോലെയാകാമെങ്കിലും ഇടയ്ക്കിയെങ്കിലും കിട്ടുന്ന രതിമൂർച്ചയാണ് ലൈംഗികസംതൃപ്തിയിലേക്കു നയിച്ചതെന്നും അതില്ലെങ്കിൽ കുടുംബ വൈകാരികബന്ധം വരെ തകരാറിലാകാമെന്നും ഭൂരിഭാഗം പഠനങ്ങളും ശരിവയ്ക്കുന്നു.

2. ചൂടൻ സംസാരം: കിടപ്പറയിലും പുറത്തും സെക്സ് സംബന്ധമായ കാര്യങ്ങള്‍ സംസാരിക്കുന്നവരിൽ ലൈംഗികസംതൃപ്തി കൂടുതലാണ്. ഇണകൾക്കു തമ്മിൽ സംസാരം കൊണ്ട് അടുപ്പവും വിശ്വാസവും കൂടാമെന്നും തന്റെ പങ്കാളി കളളമല്ല പറയുന്നതെന്നു കരുതുമ്പോൾ പ്രകടനവും മികച്ചതാകാം.

3. വൈകാരിക ബുദ്ധിശേഷി കൂടുന്നു: മറ്റുളളവരുടെ വികാരത്തെ മാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവർക്ക് നല്ല രതിമൂർച്ചയ്ക്ക് സാധ്യത കൂടുമത്രേ. സ്ത്രീകൾക്കാണ് ഇത് കൂടുതൽ. എന്നാൽ പ്രയോജനം പുരുഷന്മാർക്കായിരിക്കും. കിടപ്പറയിൽ നല്ല തീരുമാനങ്ങൾ എടുക്കാൻ വൈകാരിക ബുദ്ധി സഹായിക്കും.

4. എപ്പോഴും ‘ഏർപ്പാട്’ വേണ്ട: ഗുണമാണ് എണ്ണമല്ല പ്രധാനമെന്ന തത്വം രതിയിലും മുഖ്യമത്രെ. കൂടുതൽ തവണ ചെയ്താൽ ആസ്വാദനം കൂടുമൊന്നുമില്ല. മറിച്ച് പരസ്പരം ശരീരത്തെ അറിഞ്ഞ്, മനസ്സ് മൃദുവാക്കിയ ഒറ്റ ബന്ധം പോലും ചിരസ്മരണീയമാകാം.

5. സെക്സിനോടുളള മനോഭാവം: സെക്സ് പാപമാണെന്നോ, അത് രഹസ്യമാക്കി വയ്ക്കേണ്ടതാണെന്നുളള വിചാരം തന്നെ ലൈംഗികസംതൃപ്തിയെ ബാധിക്കും. ഒളിപ്പിച്ചു ചെയ്യുന്നതും വേഗത്തിൽ ഏർപ്പെടുന്നതും ഗുണകരമല്ല. സ്ത്രീകൾ തൃപ്തിയില്ലായ്മയെ ‘നിർഭാഗ്യം’ ‘ഒാ, സാരമില്ല’ എന്നൊക്കെ വിശേഷിപ്പിക്കുമ്പോൾ പുരുഷൻ മറ്റു മാർഗങ്ങൾ തേടിപ്പോകുകയാണ്.

ചുരുക്കത്തിൽ തൃപ്തിയും തൃപ്തിയില്ലായ്മയും തന്നെയാണ് ജീവിതങ്ങളെ മുന്നോട്ടും പിന്നോട്ടും നയിക്കുന്നത്. അവയിലെ ഏറ്റക്കുറച്ചിലുകൾ കൊണ്ട് എന്തും സംഭവിക്കാം.