Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ദിവസങ്ങളിൽ...

sex-during-menstruation

ആർത്തവകാലത്തെ ലൈംഗികബന്ധത്തെക്കുറിച്ചു കേൾക്കുമ്പോഴേ മുഖം ചുളിക്കുന്നവരാണ് അധികവും. പഴയ തലമുറയിൽ ആർത്തവകാല ലൈംഗികത വിലക്കപ്പെട്ട ഒന്നായിരുന്നു. ആർത്തവ രക്തം രോഗവാഹകമാണെന്ന കാഴ്ചപ്പാട് അത്രമാത്രം ആളുകളിൽ വേരുറച്ചിരുന്നു. ഋതുമതിയായ സ്ത്രീയെ പ്രത്യേകം മുറിയിൽ പാർപ്പിക്കണമെന്നും ആർത്തവകാലത്ത് അവളെ തൊടുന്നതു പാപമാണെന്നും ചില വിഭാഗങ്ങളെങ്കിലും ഇന്നും വിശ്വസിക്കുന്നു.

ആർത്തവത്തോടുള്ള ഈ അകൽച്ചയെക്കുറിച്ചു പല വിരുദ്ധ അഭിപ്രായങ്ങളും ഉയർന്നു വന്നിട്ടുണ്ട്. വൃഷണഛേദനത്തോടുള്ള പുരുഷന്റെ ഭയത്തെ ഉണർത്തി വിടുന്നതുകൊണ്ടാണ് ആർത്തവരക്തത്തെ അവർ അശുദ്ധമായി കണക്കാക്കുന്നതെന്നാണ് ഫ്രോയിഡിന്റെ അഭിപ്രായം.

ആർത്തവസമയത്തെ സ്ത്രീയുടെ വർധിതമായ ലൈംഗികതയേയും വൈകാരികതയെയും കുറിച്ചുള്ള പുരുഷന്റെ ഉൽക്കണ്ഠയാണ് ഇതിനെ അശുദ്ധമായി കാണാൻ പ്രേരിപ്പിത്തുന്നതെന്നാണു കാൾ മെനിൻജറുടെ അഭിപ്രായം.

ആർത്തവകാല ലൈംഗികതയെക്കുറിച്ചുള്ള തിരഞ്ഞെടുക്കപ്പെട്ട ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ഇനി വായിക്കാം.

ആർത്തവ കാലത്തു ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതു ദോഷകരമാണോ?

ആർത്തവകാലത്തു ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിൽ നിന്ന് ആധുനിക വൈദ്യശാസ്ത്രം ദമ്പതികളെ വിലക്കുന്നില്ല. പങ്കാളികൾക്ക് ഇരുവർക്കും താൽപര്യമുണ്ടെങ്കിൽ വേണ്ടത്ര ശുചിത്വം പാലിക്കുകയും സുരക്ഷിതമായ ലൈംഗികതയ്ക്കു വേണ്ട മുൻകരുതലുകൾ എടുക്കുകയും ചെയ്താൽ മറ്റേതു ദിവസത്തെയും പോലെ ആർത്തവദിവസങ്ങളിലും ബന്ധപ്പെടാവുന്നതാണെന്നു വൈദ്യശാസ്ത്രത്തിന്റെ കാഴ്ചപ്പാട്.

ഈ സമയത്തെ ലൈംഗികബന്ധം ആർത്തവത്തകരാറുകൾക്കിടയാക്കുമോ?

ആർത്തവസമയത്തെ ലൈംഗികബന്ധം ആർത്തവത്തകരാറുകൾക്കിടയാക്കുമെന്ന ധാരണ തെറ്റാണ്. ചില ഗവേഷകരുടെ അഭിപ്രായത്തിൽ രതി ഏറ്റവും മികച്ച വേദനാസംഹാരിയാണ്— ശരിയായ രീതിയിൽ ആണെങ്കിൽ. രതി പകരുന്ന ഉണർവിൽ ഉൽപാദിപ്പിക്കപ്പെടുന്ന എൻഡോർഫിൻ ഹോർമോണുകൾ വേദനാനുഭവം കുറയ്ക്കും. മോർഫിനോ ഹെറോയിനോ വേദന ശമിപ്പിക്കുന്നതു പോലെയാണു രതിയുടെ പ്രവർത്തനം എന്നു പറയാം. പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞ്, രതിപൂർവലീലകൾക്കു പ്രാധാന്യം കൊടുത്തു പങ്കാളികൾ ഒന്നാവുന്ന നിമിഷം നടക്കുന്നത് ശരീരത്തിനും മനസിനും സൗഖ്യം പകരുന്ന ഏറ്റവും മികച്ച ചികിത്സയാണ്.

ആർത്തവ ലൈംഗികബന്ധം ആർത്തവചക്രത്തിന്റെ ദൈർഘ്യം കുറയ്ക്കുമോ?

ആർത്തവകാലത്തെ ലൈംഗികബന്ധം ആർത്തവ ചക്രത്തിന്റെ ദൈർഘ്യം കുറയ്ക്കുകയില്ല.

ഇതുമൂലം അമിതമായ രക്തസ്രാവം ഉണ്ടാകുമോ?

ലൈംഗികബന്ധം മൂലം അമിത രക്തസ്രാവം ഉണ്ടാവുകയില്ല. പക്ഷേ, ഉറ ഉപയോഗിക്കാതെ ബന്ധപ്പെട്ടാൽ ഗർഭപാത്രത്തിൽ പഴുപ്പുണ്ടാവുകയും തുടർന്ന് ഇടയ്ക്കിടെ രക്തസ്രാവം ഉണ്ടാവുകയും ചെയ്യാം.

ആർത്തവസമയത്തെ ലൈംഗികബന്ധം കൊണ്ടു രക്തസ്രാവം നിലയ്ക്കുമോ?

ആർത്തവകാലത്തു ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ ആർത്തവരക്തം ഗർഭപാത്രത്തിലേയ്ക്കു തിരികെ ഒഴുകും എന്നതു തെറ്റായ ധാരണയാണ്. ചിലരിൽ ലൈംഗികബന്ധം കഴിഞ്ഞു താമസിയാതെ ആർത്തവം നിലയ്ക്കാറുണ്ട്. ലൈംഗികബന്ധത്തോടനുബന്ധിച്ച് ഗർഭപാത്രം വേഗം സങ്കോചിക്കുന്നതു കൊണ്ട് ആർത്തവരക്തസ്രാവം വേഗതയിലാവുന്നതാണു കാരണം.

ആർത്തവ സമയത്തെ ലൈംഗികബന്ധത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം?

ഗർഭനിരോധന ഉറ ഉപയോഗിക്കുക, ലൈംഗിക ശുചിത്വം പാലിക്കുക, ബന്ധപ്പെടുന്നതിനു മുമ്പും പിമ്പും ലൈംഗികാവയവങ്ങൾ വൃത്തിയായി കഴുകുക എന്നിവ അണുബാധ തടയും.

ഏതു പൊസിഷനാണ് ആർത്തവകാലത്തു സുരക്ഷിതം?

പങ്കാളികൾക്ക് ഇരുവർക്കും ആസ്വദിക്കാവുന്ന ഏതു പൊസിഷനും ആവാം. സുരക്ഷിത രീതിയിലാവണം ബന്ധപ്പെടൽ എന്നു മാത്രം.

ഗർഭനിരോധന മാർഗങ്ങൾ ആർത്തവ ക്രമക്കേടുകൾ ഉണ്ടാക്കുമോ?

ഗുളികകൾ കൃത്യമായി കഴിച്ചാൽ ക്രമക്കേടുകൾ ഉണ്ടാവുകയില്ല. പക്ഷേ, നിർത്തിക്കഴിയുമ്പോൾ ചിലർക്കു മാസമുറ നിന്നുപോവാം. കോപ്പർ ടി, പ്രൊജസ്റ്റിൻ ഗുളികകൾ, ഇൻജക്ഷനുകൾ, ഹോർമോണൽ യു ഡി, മൾട്ടിലോഡ് തുടങ്ങി ഗർഭപാത്രത്തിനുള്ളിൽ നി”ക്ഷേപിക്കുന്ന ഗർഭനിരോധന ഉപകരണങ്ങൾ ഇടയ്ക്കിടെ രക്തസ്രാവം ഉണ്ടാക്കാം. കമ്പൈൻഡ് ഓറൽ കോൺട്രാസെപ്റ്റീവ് പിൽസ്, ഇംപ്ലാന്റ്സ് എന്നിവയും ചിലപ്പോൾ രക്തസ്രാവം ഉണ്ടാക്കാം.

ആർത്തവക്രമക്കേടുണ്ടാക്കാത്ത ഗർഭനിരോധന മാർഗങ്ങൾ ഉണ്ടോ?

കോണ്ടം, ഡയഫ്രം, സ്ത്രീ—പുരുഷ വന്ധ്യംകരണം എന്നീ മാർഗങ്ങൾ ആർത്തവക്രമക്കേടുണ്ടാക്കില്ല. സ്വാഭാവിക ഗർഭനിരോധന മാർഗങ്ങളും ആർത്തവക്രമക്കേടുണ്ടാക്കാറില്ല.

ഗർഭനിരോധന കുത്തിവയ്പ് എടുത്തിരിക്കുന്നവർക്ക് ആർത്തവം ക്രമത്തിലാകാൻ എത്ര സമയമെടുക്കും? ക്രമത്തിലാകുന്നതു വരെയുള്ള ലൈംഗികബന്ധം സുരക്ഷിതമാണോ?

ഗർഭനിരോധന കുത്തിവെയ്പ് എടുത്തിരിക്കുമ്പോൾ തന്നെ ചിലർക്കു രക്തം തുള്ളിയായി പോവുന്നതായി കണ്ടുവരുന്നുണ്ട്. ക്രമത്തിലാവുന്നതുവരെയുള്ള ലൈംഗികബന്ധം സുരക്ഷിതമല്ല. കുത്തിവെയ്പെടുക്കുമ്പോൾ തന്നെ ഗർഭിണിയായ ചരിത്രവുമുണ്ട്.

ആർത്തവസമയത്തു സ്ത്രീകൾക്കു ലൈംഗികവികാരം കൂടുതലായിരിക്കുമോ?

ചിലർക്കു ആർത്തവസമയത്തു അണ്ഡവിസർജനത്തിനോടടുത്ത ദിവസങ്ങളിൽ ലൈംഗികവികാരം കൂടുതലായി കാണാറുണ്ട്. എന്നാൽ എല്ലാവർക്കും അങ്ങനെയല്ല. ഗർഭനിരോധന ഗുളിക ഉപയോഗിക്കുന്നവരിൽ അണ്ഡവിസർജനം തടയപ്പെടുന്നതു കൊണ്ടാകാം ഇത്തരം ലൈംഗിക ഉണർവു കാണാറില്ല. പക്ഷേ, അണ്ഡവിസർജനത്തിനു മുമ്പുള്ള ഫോളിക്കുലാർ ഘട്ടത്തിലാണു സ്ത്രീകളിൽ ലൈംഗികവികാരം കൂടുതൽ കാണപ്പെടുന്നത് എന്ന് ചില പഠനങ്ങൾ അവകാശപ്പെടുന്നുണ്ട്. ഇവയൊന്നും പൂർണമായി ശരിയെന്നോ തെറ്റോന്നാ ഉറപ്പിച്ചു പറയാനാവില്ല. കാരണം, ലൈംഗികവികാരവും ഉണർവും ഓരോ വ്യക്തിയിലും തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടു ചിലർക്ക് ആർത്തവചക്രത്തിന്റെ മധ്യഘട്ടത്തിൽ ലൈംഗികതാൽപര്യം കൂടുതലായിരിക്കും. മറ്റു ചിലർക്ക് ആർത്തവചക്രത്തിന്റെ ആദ്യഘട്ടങ്ങളിലോ അന്ത്യഘട്ടങ്ങളിലോ ലൈംഗിക താൽപര്യം കൂടാം.

ആർത്തവസമയത്തു ബന്ധപ്പെട്ടാൽ ഗർഭിണിയാകില്ലെ? ഇതു സുരക്ഷിതമായ സമയമാണോ?

മിക്കവാറും സുരക്ഷിതമാണ്. പക്ഷേ ബീജം പുറത്തുവന്ന ശേഷം ഏതാനും ദിവസം കൂടി ശരീരത്തിൽ സജീവമായി നിലനിൽക്കാം. അണ്ഡവിസർജനം നേരത്തെ ആയാൽ ഗർഭിണിയാകാൻ വളരെ ചെറിയയൊരു സാധ്യതയുണ്ട്. ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നതാണു സുരക്ഷിതം.

ആർത്തവരക്തത്തിലൂടെ ലൈംഗികരോഗങ്ങൾ പകരുമോ?

പങ്കാളിക്കു ലൈംഗികരോഗമൊന്നുമില്ലെങ്കിൽ ആർത്തവരക്തം പുരണ്ടു എന്നു വച്ചു രോഗം പകരില്ല. പങ്കാളിക്കു രോഗമുണ്ടെങ്കിൽ സുരക്ഷിതമല്ലാത്ത രീതിയിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആർത്തവസമയത്തെന്നല്ല ഏതു സമയത്തും രോഗം പകരാം.

ആർത്തവരക്തം പുരുഷലിംഗത്തിനു ദോഷകരമാണോ?

ഒരിക്കലുമല്ല. രക്തവും എൻഡോമെട്രിയൽ കലകളും ചേർന്ന മിശ്രിതം മാത്രമാണ് ആർത്തവരക്തം. അത് അശുദ്ധ രക്തമല്ല.

ടാംപൺ ഉപയോഗിക്കുന്നവർ ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

ടാംപൺ ഉപയോഗിക്കുന്നതിനെ ഡോക്ടർമാർ പ്രോത്സാഹിപ്പിക്കാറില്ല. യോനിയിലുള്ള രോഗാണുക്കളുമായി ചേർന്നു ഗുരുതരമായ അണുബാധയുണ്ടാവാനുള്ള സാധ്യതയുണ്ട്.

ആസ്വാദ്യമാക്കാൻ ഈ വഴികൾ

ആർത്തവ സമയത്തെ ലൈംഗികബന്ധം ആസ്വാദ്യകരമാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

∙ പങ്കാളികൾക്ക് ഇരുവർക്കും താൽപര്യമുണ്ടെങ്കിൽ മാത്രം മതി ലൈംഗികബന്ധം.

∙ രതിപൂർവലീലകൾക്കു പ്രാധാന്യം കൊടുക്കുക.

∙ ഇടുപ്പിനു ചെയ്യുന്ന മസാജുകൾ ആർത്തവ വേദന കുറച്ചു ലൈംഗികതയ്ക്കായി സ്ത്രീയെ ഒരുക്കും. നല്ല രതിമൂർഛ വേദന കുറയ്ക്കുമെന്നാണു ഗവേഷക മതം.

∙ ലൈംഗികബന്ധത്തിനു മുമ്പായി പഞ്ചേന്ദ്രിയങ്ങളിലൂടെ പങ്കാളിയെ അറിഞ്ഞു കൊണ്ടുള്ള തലോടൽ (പ്രത്യേകിച്ചും ഉദരഭാഗത്ത്) ആർത്തവവേദന സുഖപ്പെടുത്തും. യോനീഭാഗത്തുള്ള തലോടലും വേദന

കുറയ്ക്കും. അമിതമായി മർദം ചെലുത്താതെ വേണം തലോടാൻ.

∙ ലൈംഗികബന്ധത്തിനു മുമ്പായി ലൈംഗികാവയവങ്ങൾ ശുചിയാക്കണം. ഗർഭനിരോധന ഉറകൾ ഉപയോഗിക്കണം.

വിവരങ്ങൾക്കു കടപ്പാട് :

ഡോ: പി. എ. ലളിത, മാനേജിങ് ഡയറക്ടർ, മലബാർ ഹോസ്പിറ്റൽസ് ആൻഡ് യൂറോളജി, കോഴിക്കോട്.