Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നാമനായാല്‍ തോറ്റു പോകുന്നൊരു സുഖയുദ്ധം

first-men

ഒന്നാമനായാല്‍ തോറ്റുപോകുന്ന ജീവിതത്തിലെ ഏകസന്ദര്‍ഭമാണ് ലൈംഗികപ്രക്രിയ. ആ തോല്‍വിക്ക് മലയാളികള്‍ കേട്ടു ശീലിച്ച ഒരു പേരുണ്ട് ശീഘ്രസ്ഖലനം. ലോകത്തില്‍ തന്നെ 40 മുതല്‍ 60 ശതമാനം വരെ പുരുഷന്മാര്‍ക്ക് ഈ പ്രശ്നം കാരണം കിടപ്പറയിലെ വിജയപീഠം കാണാക്കനിയാകുമെന്നാണ് കണക്ക്. സുനാമിയില്‍ മുങ്ങിയ വിനോദതീരം പോലെ അവരുടെ ലൈംഗികജീവിതം വിജനമാകുന്നു. ഒട്ടേറെപേര്‍ക്ക് മുമ്പില്‍ ദാമ്പത്യജീവിതത്തിന്റെ വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെടുന്നുമുണ്ട്. ഭൂരിഭാഗം പേരിലും വെറും രണ്ടോ മൂന്നോ ആഴ്ച നീളുന്ന തെറപ്പികള്‍കൊണ്ട് ഈ പ്രശ്നം മാറ്റാം. എന്നാല്‍ വേണ്ടത്ര അവബോധമില്ലാത്തതിനാല്‍ ഇതിന് ചികിത്സ തേടുന്നവര്‍ നന്നേ കുറവാണ്. ലൈംഗിക പ്രശ്നങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യാന്‍ ജന്മനാ മടിയുള്ള മലയാളിയുടെ കാര്യം പറയുകയും വേണ്ട.

എങ്ങനെ വിശദീകരിക്കാം? ഭാര്യയും ഭര്‍ത്താവും നന്നായി ഉടുത്തൊരുങ്ങി ദിവസവും ബസില്‍ യാത്ര തിരിക്കും. ഭര്‍ത്താവ് എന്നും പാതി വഴിയിലെത്തുമ്പോള്‍ യാത്ര പൂര്‍ത്തിയാക്കി ചാടിയിറങ്ങും. ചിലര്‍ക്ക് യാത്ര തുടങ്ങുമ്പോള്‍ തന്നെ മതിയാകും. ചിലര്‍ക്ക് ബസില്‍ കയറുമ്പോഴേ മതി വരും. ഇനിയും ചിലര്‍ അല്‍പം യാത്ര ചെയ്തതിനു ശേഷം മതിയാക്കും. ഇത് ലൈംഗികപ്രക്രിയയ്ക്കു ചേരുന്ന വിശേഷണമാണിത്.

ലൈംഗിക പ്രക്രിയ ആരംഭിക്കുന്നതിന് തൊട്ടുമുമ്പോ തുടങ്ങികഴിഞ്ഞ ഉടനെയോ പുരുഷന് സ്ഖലനം സംഭവിക്കുന്ന അവസ്ഥയെയാണ് പൊതുവെ ശീഘ്രസ്ഖലനം എന്നറിയപ്പെടുന്നത്. പങ്കാളികള്‍ ഇരുവരും ആഗ്രിഹക്കാത്ത സമയത്ത് സംഭവിക്കുന്ന സ്ഖലനമാണത്. ഇതു കാരണം ലൈംഗികപ്രക്രിയ കൊണ്ട് ലഭിക്കേണ്ട സുഖവും സംതൃപ്തിയും പുരുഷനും സ്ത്രീക്കും ലഭിക്കില്ല.

വേഗമല്ല കാര്യം ഇംഗീഷില്‍ പ്രീമച്വര്‍ ഇജാക്കുലേഷന്‍ എന്നാണ് ശീഘ്രസ്ഖലനത്തിന് പേര്. അതായത് അപക്വമായ സ്ഖലനം. തൃപ്തി വരുന്നതിന് മുമ്പ് സ്ഖലനം സംഭവിക്കുക എന്നേ അതുകൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. വേഗവുമായല്ല സംതൃപ്തിയുമായാണ് പ്രീമച്വര്‍ ഇജാക്കുലേഷന്‍ ബന്ധമെന്നര്‍ഥം. എങ്കിലും വളരെ പെട്ടെന്നായാല്‍ തൃപ്തി വരില്ല എന്നതുകൊണ്ട് ശീഘ്രസ്ഖലനം എന്ന വാക്ക് ഒരു പരിധി വരെ ശരിയുമാണ്. ലൈംഗിക പ്രക്രിയയ്ക്ക് കൃത്യമായ സമയദൈര്‍ഘ്യം ലോകത്തൊരിടത്തും നിശ്ചയിച്ചിട്ടില്ല. ഇരുവരുടെയും തൃപ്തിയാണ് പ്രധാനം.

പുരുഷന്റെ മാത്രം പരാജയമോ? പുരുഷന് ഒരു തവണ ഫിനിഷിങ് പോയിന്റില്‍ എത്തിയാല്‍ ഉടന്‍ വീണ്ടും ലൈംഗികോത്തേജനം ഉണ്ടാþകില്ല. എന്നാല്‍ സ്ത്രീകള്‍ക്ക് തുടര്‍ച്ചയായി ഒന്നിലേറെ തവണ രതിമൂര്‍ച്ഛ അനുഭവിക്കാനാകും. രതിമൂര്‍ച്ഛയ്ക്കു ശേഷം സ്ത്രീക്ക് പങ്കാളിയെ തൃപ്തിപ്പെടുത്താനുമാകും. പുരുഷന് പക്ഷേ അതിശീഘ്രമായാല്‍ ബഹുദൂരം മുന്നോട്ടു പോകാനാകില്ല. കാറ്റ് പോയ ബലൂണ്‍ പോലെ ഒരു പിന്‍വാങ്ങലുണ്ട്. പുരുഷനില്‍ -രതിയില്‍ നിന്നും ചിലപ്പോള്‍ രതിശയ്യയില്‍ നിന്നും അതുകൊണ്ട് ശീഘ്രസ്ഖലനമെന്ന പ്രതികൂട്ടില്‍ എപ്പോഴും പുരുഷന്‍ മാത്രം തലകുനിച്ചിരിക്കുന്നു.

പുകവലി മുതല്‍ പരസ്ത്രീ ബന്ധം വരെ മാനസികവും ശാരീരികവുമായ കാരണങ്ങള്‍ കൊണ്ട് ശീഘ്രസ്ഖലനം സംഭവിക്കാം. ഉത്കണ്ഠ, മാനസികസമ്മര്‍ദം, പരാജയഭീതി, അമിതാവേശം തുടങ്ങിയവയാണ് മാനസിക കാരണങ്ങള്‍, പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം, മൂത്രാശയത്തിലുണ്ടാകുന്ന അണുബാധ, പ്രമേഹം, അമിത രക്തസമ്മര്‍ദം തുടങ്ങിയവയാണ് ശാരീരിക കാരണങ്ങള്‍. അമിതമായി പുകവലിക്കുന്നവരിലും അമിതമായി മദ്യപിക്കുന്നവരിലും ശീഘ്രസ്ഖലനം കൂടുതലായി കണ്ടുവരുന്നു.

സ്ഥിരമായ സ്വഭംഭോഗശീലവും ഒരുപരിധിവരെ ശീഘ്രസ്ഖലനത്തിന് കാരണമാകാറുണ്ട്. അതുപോലെ വിവാഹപൂര്‍വ ലൈംഗികബന്ധങ്ങളും ശീഘ്രസ്ഖലനത്തിനു കാരണമാകാം. ലൈംഗികവേളയില്‍ രണ്ടിലാരായാലും ചെയ്യുന്നയാള്‍ക്ക് എപ്പോഴും വേഗം കാര്യം കഴിക്കണമെന്നായിരിക്കും ആഗ്രഹം. അതു ശീലമാകുമ്പോള്‍ മനസും ശരീരവും ശീഘ്രസ്ഖലനത്തിലേക്ക് കണ്ടീഷന്‍ ചെയ്യപ്പെടുന്നു.

സെക്സ് തെറപ്പികള്‍ ഈ പ്രശ്നം അനുഭവിക്കുന്നവരില്‍ 90-95 ശതമാനം പേര്‍ക്കും സെക്സ് തെറപ്പിയിലൂടെ പരിഹാരം കാണാം. ചിലര്‍ക്ക് മരുന്നും സെക്സ്തെറപ്പിയും ഒരുമിച്ച് നിര്‍ദേശിക്കാറുണ്ട്. ചിലപ്പോള്‍ ഒന്നിലധികം തെറപ്പികളും ചെയ്യേണ്ടി വരും. സെക്സോളജിസ്റ്റിന്റെ നിര്‍ദേശപ്രകാരം ദമ്പതികള്‍ക്ക് പരസ്പരം സെക്സ് തെറപ്പി ചെയ്യാം.

സ്ക്വീസ് ടെക്നിക് മാസ്റ്റേഴ്സ് ആന്‍ഡ് ജോണ്‍സണ്‍ ദമ്പതികള്‍ ദീര്‍ഘനാളത്തെ പഠനശേഷം കണ്ടെത്തിയ തെറപ്പിയാണ് ഇത്. സ്ഖലനസമയത്തെ റിഫ്ളക്സുകളെ കണ്ടീഷന്‍ ചെയ്യുകയാണ് സ്ക്വീസ് ടെക്നിക്കല്‍ ചെയ്യുന്നത്. വൈദഗ്ധ്യമുള്ള ഒരു സെക്സ് തെറപ്പിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ ദമ്പതികള്‍ക്് തന്നെ ഈ വിദ്യ പരീക്ഷിക്കാം.

ലൈംഗികപ്രക്രിയയ്ക്കിടയില്‍ സ്ഖലനം നടക്കുമെന്ന ഘട്ടം വന്നാല്‍ പങ്കാളി തള്ളവിരലും ചൂണ്ടുവിരലും നടുവിരലും മാത്രമുപയോഗിച്ച് ഭര്‍ത്താവിന്റെ ലിംഗത്തിന്റെ അഗ്രഭാഗത്തിന് തൊട്ടുതാഴെ മൃദുവായി അമര്‍ത്തിപിടിക്കണം. തള്ളവിരല്‍ ലിംഗത്തിന്റെ ഫ്രെനുലം എന്ന ഭാഗത്തും മറ്റു രണ്ടു വിരലുകള്‍ ലിംഗത്തിന്റെ മറുഭാഗത്തുമാണ് പിടിക്കേണ്ടത്. ചൂണ്ടുവിരലും നടുവിരലും ലിംഗത്തില്‍ മൃദുവായി അമര്‍ത്തുന്നതോടൊപ്പം തള്ളവിരലും മര്‍ദം ചെലുത്തുക. നാലു സെക്കന്‍ഡ് ഇങ്ങനെ അമര്‍ത്തിയതിനുശേഷം മര്‍ദം കുറച്ച് കൈ പിന്‍വലിക്കുക. സ്ഖലനത്തിനു തയാറായ ലിംഗത്തെ അതില്‍ നിന്നു പിന്തിരിപ്പിക്കുകയാണ് സ്ക്വീസ് ടെക്നിക് ചെയ്യുന്നത്.

ലൈംഗികപ്രക്രിയയ്ക്കിടയില്‍ സ്ഖലനസമയം നീട്ടാന്‍ എപ്പോള്‍ വേണമെങ്കിലും സ്ക്വീസ് ടെക്നിക് ചെയ്യാം. ദിവസം അഞ്ചുതവണ വരെ സ്ക്വീസ് ടെക്നിക് ചെയ്യാം. ഇത് പത്തു ദിവസം ആവര്‍ത്തിച്ചാല്‍ 90 ശതമാനം പേരിലും ശീഘ്രസ്ഖലനം ശമിക്കും.

സാധാരണരീതിയില്‍ സ്ക്വീസ് ടെക്നിക് ചെയ്യുമ്പോള്‍ ലൈംഗികപ്രക്രിയ ഇടയ്ക്കിടയ്ക്ക് നിര്‍ത്തേണ്ടിവരും. സ്ഖലനം പുരുഷനു നിയന്ത്രിക്കാവുന്ന അവസ്ഥയിലെത്തിയാല്‍ ബേസിലര്‍ സ്ക്വീസ് എന്ന ടെക്നിക് ഉപയോഗിക്കാം. ലിംഗത്തിന്റെ അടിവശത്ത് മൃദുവായി അമര്‍ത്തി സ്ഖലനം തടയുകയാണ് ബേസിലര്‍ സ്ക്വീസ് ടെക്നിക്ക്. ഇത് പുരുഷനോ സ്ത്രീക്കോ ചെയ്യാം. ലൈംഗികപ്രക്രിയ ഇടയ്ക്കു നിര്‍ത്തേണ്ടിയും വരില്ല.

നോണ്‍ ഡിമാന്‍ഡ് കോയിറ്റസ് (എന്‍ ഡി സി) ശീഘ്രസ്ഖലനത്തിനെതിരെ ഏറ്റവും ഫലപ്രദമായ സെക്സ് തെറപ്പിയാണ് ഇത്. സെക്സോളജിസ്റ്റിന്റെ നിര്‍ദേശപ്രകാരം, പങ്കാളിയുടെ പൂര്‍ണ സഹകരണത്തോടെയേ ഇത് നടപ്പാക്കാനാകൂ. എന്‍ ഡി സി ടെക്നിക്കില്‍ സ്ത്രീ മുകളിലായുള്ള പൊസിഷന്‍ സ്വീകരിച്ചാണ് ലൈംഗികപ്രക്രിയ നടത്തേണ്ടത്. സ്ത്രീയുടെ നിയന്ത്രണത്തിലായിരിക്കണം കാര്യങ്ങള്‍. പുരുഷന്‍ പാരമ്യത്തിലെത്താറാകുമ്പോള്‍ സ്ത്രീ ചലനം നിര്‍ത്തുക. അല്‍പം കഴിഞ്ഞ് വീണ്ടും ഉത്തേജനമുണ്ടാക്കി ചലനം തുടരുക. ദിവസത്തില്‍ അഞ്ചുതവണ വരെ ഈ രീതി ചെയ്യണം. സാധാരണ ഗതിയില്‍ പത്തുദിവസം കൊണ്ട് പ്രശ്നം നിശേഷം മാറും.

സ്റ്റോപ് ആന്‍ഡ് സ്റ്റാര്‍ട്ട് മെതേഡ് സൈക്യാട്രിസ്റ്റ് ആയ ഹെലന്‍ കപ്ളന്‍ കണ്ടെത്തിയ ടെക്നിക് ആണ് ഇത്. ഇവിടെയും മുഖ്യജോലി സ്ത്രീക്കു തന്നെ. സ്ത്രീ, പങ്കാളിയെ കൈകളുപയോഗിച്ച് ഉത്തേജിപ്പിക്കണം. ഫിനിഷിങ് ലൈനില്‍ എത്തുന്നതുവരെ ഇതു തുടരുക. അവിടെ നിര്‍ത്തുക. സ്റ്റാര്‍ട്ടിങ് പോയിന്റിലേക്ക് മടങ്ങുക. വീണ്ടും ഉത്തേജിപ്പിക്കല്‍ തുടരുക. അങ്ങനെ ഒരുദിവസം നാലഞ്ചു തവണ ചെയ്യാം. ഏതാനും ദിവസം കൊണ്ട് ഫലം ലഭിക്കും.

കെഗല്‍സ് വ്യായാമം വസ്തിപ്രദേശത്തെ പേശികളാണ് പെല്‍വിക്മസിലുകള്‍. പെല്‍വിക് മസിലുകള്‍ നിയന്ത്രിച്ചു കൊണ്ടുള്ളതാണ് കെഗല്‍സ് വ്യായാമം. സാധാരണ സ്ത്രീകളില്‍ കൂടുതല്‍ ലൈംഗികശേഷി കൈവരിക്കാന്‍ നിര്‍ദേശിക്കുന്ന വ്യയാമമാണിത്. ശീഘ്രസ്ഖലനത്തിനെതിരെ പുരുഷനും ഇത് ഫലവത്താണ്.

മൂത്രമൊഴിക്കുന്നതു നിയന്ത്രിക്കാന്‍ നമ്മെ സഹായിക്കുന്നത് പെല്‍വിക് മസിലുകളാണ്. ഈ മസിലുകളെ കുറച്ചുനേരം മുറുക്കി നില്‍ത്തുക. അതിന്റെ പരമാവധിയിലെത്തുമ്പോള്‍ മസിലുകള്‍ അയച്ചിടുക. ഏതാനും സെക്കന്‍ഡുകള്‍ക്കുശേഷം വീണ്ടും മുറുക്കുക. ഇങ്ങനെ ദിവസം അഞ്ചു മുതല്‍ പത്തുതവണ വരെ ഈ വ്യായാമം ചെയ്യണം. നടക്കുമ്പോഴും നില്‍ക്കുമ്പോഴും എന്തിനേറെ ഡ്രൈവ് ചെയ്യുമ്പോള്‍ പോലും വ്യായാമം ചെയ്യാം. ആദ്യം നാലോ അഞ്ചോ സെക്കന്‍ഡേ മസിലുകള്‍ മുറുക്കി നിര്‍ത്താന്‍ സാധിക്കൂ. മെല്ലെ സമയം കൂട്ടിക്കൊണ്ടു വരണം.

ലൈംഗികപ്രക്രിയയ്ക്കിടയിലും കെഗല്‍സ് വ്യായാമം ചെയ്യുന്നത് കൂടുതല്‍ ഫലവത്താണ്. ക്ളൈമാക്സ് അടുത്തെത്തിയെന്നു തോന്നിയാല്‍ ചലനം നിര്‍ത്തി പെല്‍വിക് മസിലുകള്‍ നിയന്ത്രിച്ച് സ്ഖലനം തടയണം. അല്‍പം കഴിഞ്ഞ് വീണ്ടും ചലനം തുടരുക. ഫിനിഷിങ് പോയിന്റില്‍ എത്തി എന്ന് തോന്നിയാല്‍ പെല്‍വിക് മസിലുകള്‍ നിയന്ത്രിച്ച് തടയുക. ഇങ്ങനെ രണ്ടു തവണയെങ്കിലും ചെയ്യുക. ഏതാനും ദിവസങ്ങള്‍ കൊണ്ട് ഫലം അനുഭവപ്പെടും. ലൈംഗികപ്രക്രിയയ്ക്കിടയില്‍ കെഗല്‍സ് വ്യായാമം ചെയ്യാന്‍ പങ്കാളിയുടെ സഹകരണം കൂടിയേ തീരൂ. ഇടയ്ക്കിടയ്ക്ക് നിര്‍ത്തുന്നതില്‍ പരിഭവിക്കുകയോ പരിഹസിക്കുകയോ ചെയ്താല്‍ പുരുഷന്‍ ആത്മവിശ്വാസം തകര്‍ന്ന് തളര്‍ന്നു പോകും. ലൈംഗികതയില്‍ ആത്മവിശ്വാസത്തിന് വലിയ പങ്കുണ്ട്.

ഇരട്ട മെഡല്‍ നേടാം പങ്കുവയ്ക്കലിന്റെ ആഹ്ളാദമാണ് ലൈംഗികതയുടെ യഥാര്‍ഥ അനുഭൂതി. പങ്കളികള്‍ മെല്ലെപോകുന്ന ആമയോ വേഗക്കാരന്‍ മുയലോ ആകട്ടെ ഒരുമിച്ച് സമ്മാനാര്‍ഹിതരാകണം. മുയല്‍ ഉറങ്ങിപോകാതിരിക്കാന്‍ ആമയും ആമ പതുങ്ങിപോകാതിരിക്കാന്‍ മുയലും സഹായിക്കണം. ആമ പുറത്തേറി മുയല്‍ ഫിനിഷിങ് ലൈനില്‍ തൊടുന്നിടത്താണ് ദാമ്പത്യജീവിതത്തിലെ സുവര്‍ണനേട്ടം. ഇതിന് ഇരുവരുടെയും കരുതലും മാനസികപൊരുത്തവുമൊക്കെ ഒരു ഘടകമാണ്. ആ നേട്ടത്തിനാണല്ലോ വിലക്കപ്പെട്ട കനി തിന്ന് മനുഷ്യന്‍ സ്വര്‍ലോകം പോലും വെടിഞ്ഞത്!

രോഗമാകുന്നത് എപ്പോള്‍ പങ്കാളികള്‍ക്ക് ഒരേസമയം രതിമൂര്‍ച്ഛയുണ്ടാകുന്നതാണ് ലൈംഗികപ്രക്രിയയില്‍ ഉത്തമം. എന്നാല്‍ ഇത് എല്ലായ്പ്പോഴും സാധിക്കണമെന്നില്ല. ചിലപ്പോള്‍ സ്ത്രീ തൃപ്തയായശേഷം പുരുഷന്‍ തൃപ്തി നേടും, മറ്റു ചിലപ്പോള്‍ തിരിച്ചും സംഭവിക്കാം. ശരിയായ ലൈംഗികജീവിതം നയിക്കുന്ന ദമ്പതികള്‍ ഇരുവര്‍ക്കും പൂര്‍ണതൃപ്തി വരുന്നതുവരെ ലൈംഗികപ്രക്രിയ തുടരും.

വല്ലപ്പോഴും സ്ത്രീയേക്കാള്‍ മുമ്പേ പുരുഷന്‍ തൃപ്തിയടയുന്നത് രോഗമായി കാണാനാകില്ല. എന്നാല്‍ എല്ലാ സമയത്തും ഇത് ആവര്‍ത്തിക്കുകയും ഇണയ്ക്ക് ലൈംഗികതൃപ്തി അക്കരപച്ചയാവുകയും ചെയ്യുകയാണെങ്കില്‍ അത് രോഗാവസ്ഥ തന്നെയാണ്. എന്നും പാതിവഴിയില്‍ പങ്കാളി ഇറങ്ങിപോയാല്‍ അത് ഗൌരവമായി കാണണം. എത്ര സമയമെടുത്താലും ക്ളൈമാക്സിലെത്താനാകാത്ത സ്ത്രീകളും അപൂര്‍വമായുണ്ട്. അതുകൊണ്ടു തന്നെ ഒരു സെക്സോളജിസ്റ്റിന്റെ അഭിപ്രായശേഷമേ രോഗം സ്ഥിരീകരിക്കാവൂ.

മരുന്നുകള്‍ ശ്രദ്ധിച്ച് തിരഞ്ഞെടുക്കാം ശാരീരികമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മരുന്നുകള്‍ ചിലപ്പോള്‍ സഹായകമായേക്കും. ഔഷധങ്ങള്‍ ധാരാളം പരസ്യങ്ങളില്‍ നിറഞ്ഞു നില്‍ക്കാറുണ്ടെങ്കിലും അവ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. ശീഘ്രസ്ഖലനത്തിന് പ്രതിവിധിയായി നല്‍കുന്ന മരുന്നുകള്‍ പലതും വിഷാദരോഗങ്ങള്‍ ശമിപ്പിക്കാനുള്ളവയാണ്. അത് കൂടുതല്‍ കുഴപ്പങ്ങളിലേക്കാണ് നയിക്കുക. അതിനാല്‍ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരമേ മരുന്ന് കഴിക്കാവൂ.

_ഡോ എ ജി ലോനപ്പന്‍ സെക്സോളജിസ്റ്റ് കാര്‍ത്യായനി നഴ്സിങ് ഹോം,_

Your Rating: