Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈംഗികതയിലും കളിപ്പാട്ടങ്ങൾ !

Foreplay with the use of strawberry

ലൈംഗിക സംതൃപ്തിക്ക് ലൈംഗികോപകരണങ്ങളുടെ സഹായം തേടുന്നത് ശരിയാണോയെന്ന് ശാസ്ത്രം ഇനിയും ഉറപ്പിച്ചു പറയുന്നില്ല. എന്നാൽ ഇന്നും ഉപകരണങ്ങൾ വിൽക്കുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമാണ്.

നിലീന മല്‍ഹോത്ര എന്ന ഉത്തരേന്ത്യൻ സുഹൃത്തിന് വന്ന പാർസൽ കണ്ട് മലയാളിയായ സുചിത്ര അമ്പരന്നുപോയി. കമ്പനിയുടെ പേരില്ല, സാധനമെന്താണെന്നില്ല, അഡ്രസ്സ് അല്ലാതെ മറ്റൊന്നുമില്ല.

പാർസൽ പൊട്ടിച്ചപ്പോഴാണ് അതുവരെ അമ്പരന്നതൊന്നും ഒരമ്പരപ്പേയല്ലെന്ന് സുചിത്രയ്ക്ക് മനസ്സിലായത്.! പായ്ക്കറ്റിൽ വന്ന സെക്സ് ടോയ് എടുത്തു കാണിച്ച് ‘‘നൈസ് യാര്‍...’’ എന്നു പറഞ്ഞ് മുറിയിലേക്ക് പോയ നീലിമ മൽഹോത്രമാരുടേതാണ് ഇന്നത്തെ ഇന്ത്യ. ഒരു സാനിറ്ററി നാപ്കിനോ ഗർഭനിരോധന ഉറയോ കടയിൽ പോയി വാങ്ങാൻ പോലും സമൂഹത്തെ ഭയക്കുന്ന മലയാളികൾ ഇതൊക്കെ കണ്ട് അന്തം വിടുന്നത് സ്വാഭാവികം.!

ലൈംഗികാസ്വാദനത്തിനുളള കൃത്രിമ ഉപകരണങ്ങൾ മുതൽ മരുന്നുകളുടെ വരെ വിപണി ഇന്ത്യയില്‍ അതിവേഗം വളരുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ ഈ രംഗത്ത് മാത്രമായി പ്രവർത്തിക്കുന്ന നാലിലധികം ഒാൺലൈൻ ഷോപ്പിംഗ് സൈറ്റുകളുണ്ട്. മെച്ചപ്പെട്ട സ്വകാര്യതയാണ് ഇവർ തങ്ങളുടെ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഇന്ന് ലൈംഗികോപകരണങ്ങളുടെ ഉത്പാദനത്തിലും വിതരണത്തിലും മുൻപന്തിയിൽ‍ നിൽക്കുന്ന രാജ്യം ചൈനയാണ്.

മനുഷ്യൻ കൃത്രിമ ലൈംഗികോപകരണങ്ങള്‍ എന്നു മുതലാണ് ഉപയോഗിക്കാൻ തുടങ്ങിയെന്നതിന് കൃത്യമായ വിവരമൊന്നുമില്ല. ഭാരതത്തിൽ മാത്രമല്ല പ്രാചീന റോമാ സാമ്രാജ്യത്തിൽ വരെ ആരാധനയ്ക്കും മറ്റും ലിംഗരൂപങ്ങൾ ഉപയോഗിച്ചിരുന്നു. ഭാരതീയ സംസ്കാരത്തിലും കൃത്രിമ ലൈംഗികോപകരണങ്ങള്‍ അന്യമല്ല. കാമസൂത്രത്തിൽ കൃത്രിമലിംഗത്തെക്കുറിച്ചും അതിന്റെ ഉപയോഗത്തെക്കുറിച്ചും പരാമർശമുണ്ട്.

ആസ്വാദനത്തിന്റെ കൃത്രിമ വഴികൾ

ലൈംഗികസംതൃപ്തിക്കായി കൃത്രിമമാർഗങ്ങൾ തേടുന്നതിൽ സ്ത്രീപുരുഷഭേദമില്ല. പുരുഷനു മരുന്നുകളോടും മറ്റും താൽപര്യം ഏറിനിൽക്കുമ്പോൾ സെക്സ് ടോയ്കളുടെ ഉപയോഗത്തിൽ മുൻപന്തിയിൽ സ്ത്രീകളാണ്. പലപ്പോഴും ലൈംഗികബന്ധത്തെക്കുറിച്ച് തുറന്ന ചർച്ചകൾ നടക്കാത്തിടത്താണ് ഇങ്ങനെ കളിപ്പാട്ടം കേറി ആളാകുക. ഇന്ത്യയിലെ 60% സ്ത്രീകൾക്കും എല്ലാ ലൈംഗികബന്ധങ്ങളിലും രതിമൂർച്ഛ സംഭവിക്കുന്നില്ല. പലപ്പോഴും സ്ത്രീകൾ പങ്കാളിയെ സന്തോഷിപ്പിക്കാൻ രതിമൂർച്ഛ സംഭവിച്ചതായി അഭിനയിക്കാറുണ്ട്. ഈ അവസ്ഥയിലാണ് ലൈംഗികോപകരണങ്ങള്‍ രംഗം കൈയടക്കുന്നത്. ഇതുപയോഗിക്കുന്ന വിവാഹിതരിൽ 30 ശതമാനവും പങ്കാളിയുടെ സമ്മതത്തോടെ ഉപയോഗിക്കുന്നവരാണെന്നാണ് വിദേശരാജ്യങ്ങളിലെ കണക്കുകൾ.

എന്നാൽ ചിലരാകട്ടെ തങ്ങളുടെ ലൈംഗികബന്ധത്തിൽ പുത്തൻ അനുഭൂതികൾ തേടുക എന്ന ലക്ഷ്യം വച്ചാണ് ഉപകരണങ്ങളുടെ സഹായം തേടുന്നത്. കൃത്രിമ ലൈംഗികാവയവങ്ങളല്ല ഇക്കൂട്ടരുടെ താൽപര്യം. കൈകൾ ബന്ധിക്കാനുപയോഗിക്കുന്ന മൃദുവായ കയ്യാമങ്ങൾ, ലൈംഗികബന്ധത്തിനിടയിൽ ഒരാളുടെ കണ്ണ് മൂടിക്കെട്ടാനുപയോഗിക്കുന്ന പാഡ്, കാലുകൾ പൂട്ടി വയ്ക്കാനായി ധരിക്കുന്ന സ്ട്രാപ്പ്, തുടങ്ങി ലൂബ്രിക്കന്റുകളും മസ്സാജിങ് ക്രീമുകളും വരെ ഇവരുടെ കിടപ്പറയിൽ സ്ഥാനം പിടിക്കാറുണ്ട്. ഇരുകൂട്ടർക്കും സമ്മതമാണെങ്കിൽ ഇതുകൊണ്ട് കുഴപ്പങ്ങളൊന്നും വരാനില്ല.

‘കളിപ്പാട്ടങ്ങൾ’ പലതരം

സെക്സ് ടോയ്സ് രണ്ടു വിഭാഗങ്ങളായി തിരിക്കാം. ഒരാൾക്ക് ഒറ്റയ്ക്ക് ഉപയോഗിക്കാവുന്നവയാണ് ആദ്യത്തെ വിഭാഗം. സ്ത്രീപുരുഷ പാവകൾ, സ്ത്രീകളുടെയും പുരുഷന്മാരുടെയും കൃത്രിമ ലൈംഗികാവയവങ്ങൾ, വൈബ്രേറ്ററുകൾ തുടങ്ങിയവയെല്ലാം ഈ വിഭാഗത്തിൽ പെടുന്നു.

പങ്കാളികൾക്കിടയിൽ ആസ്വാദ്യത വർധിപ്പിക്കാനായി ഉപയോഗിക്കുന്ന വസ്തുക്കളാണ് രണ്ടാമത്തെ വിഭാഗം. ലിംഗയോനീബന്ധം എളുപ്പമാക്കുന്ന ലൂബ്രിക്കന്റുകളും ഹൃദ്യമായ ഗന്ധമുളള മസാജിങ് ക്രീമുകള്‍, സ്ട്രാപ്പുകൾ, കയ്യാമങ്ങൾ തുടങ്ങി സുഗന്ധം പരത്തിക്കൊണ്ട് കത്തുന്ന ‘പ്രണയമെഴുകുതിരികൾ’ വരെ ഈ വിഭാഗത്തിൽ പെടുന്നവയാണ്.

ആദ്യവിഭാഗത്തിൽ ഏറ്റവും കൂടുതൽ ചെലവുളളത് വൈബ്രേറ്ററുകൾക്കാണ്. ഇതിൽതന്നെ ഇപ്പോൾ ഏറ്റവുമധികം ആവശ്യക്കാരുളള വൈബ്രേറ്ററാണ് റാബിറ്റ് വൈബ്രേറ്റർ. ‘സെക്സ് ആൻഡ് ദ് സിറ്റി’ എന്ന പ്രശസ്തമായ ടിവി ഷോയിലൂടെയാണ് റാബിറ്റ് വൈബ്രേറ്റർ പ്രശസ്തമായത്.

സ്ത്രീകളാണ് ഇതിന്റെ പ്രധാന ഉപഭോക്താക്കൾ. റീചാർജ് ചെയ്യാവുന്ന വിധത്തിലുളളവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. പലതരം മോഡുകൾ ഉളളവയുണ്ട്. മസ്സാജിങ് വൈബ്രേറ്ററുകളുമാണ് തൊട്ടുപിന്നാലെയുളളത്. ഒതുക്കമുളളതും രഹസ്യമായി സൂക്ഷിക്കാൻ കഴിയുന്നതുമൊക്കെയാണ് ഇവയെ സ്ത്രീകൾക്ക് പ്രിയപ്പെട്ടതാക്കുന്നത്.

പുരുഷൻമാർ കൂടുതലും തിരഞ്ഞെടുക്കുന്നത് റബർ ഉപകരണങ്ങളാണ്. സ്ത്രീകളുടെ ലൈംഗികാവയവങ്ങളുടെ അതേ രൂപത്തിലായിരിക്കും ഇവയുടെ ഉൾവശം. പരീക്ഷണങ്ങൾ നിരന്തരം നടക്കുന്ന മേഖലയാണിത്. ലൈംഗികാവയവങ്ങളിൽ ഉറപ്പിച്ചു വച്ചശേഷം കയ്യിൽ പിടിച്ച റിമോട്ട് വഴി പ്രവർത്തിപ്പിക്കുന്നവയും വിർച്വൽ റിയാലിറ്റി ഉപയോഗിച്ച് ദൃശ്യസുഖം സാധ്യമാക്കുന്നതരത്തിലുളളവയും വിപണിയിലെത്തിക്കൊണ്ടിരിക്കുന്നു.

നിയമവിരുദ്ധം?

ലൈംഗികോപകരണങ്ങൾ വിൽക്കുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമാണ്. ഇന്ത്യൻ പീനൽകോഡിലെ സെക്ഷൻ 292 അനുസരിച്ചാണ് ഇത് കുറ്റകരമാകുന്നത്. ലൈംഗികോപകരണങ്ങൾ മാത്രമല്ല, അശ്ലീല സാഹിത്യം, പെയിന്റിങ്, അശ്ലീല ഉള്ളടക്കമുളള ലഘുലേഖകൾ, ദൃശ്യങ്ങൾ തുടങ്ങിയവയെല്ലാം ഇന്ത്യയിൽ നിയമവിരുദ്ധമാണ്. പക്ഷേ, നിയമവിരുദ്ധമായ ഈ കാര്യങ്ങളെല്ലാം സുലഭമായതുപോലെ തന്നെയാണ് സെക്സ് ടോയ്സ് എന്ന ലൈംഗികോപകരണങ്ങളുടെ കാര്യവും.

ഈ നിയമം നിർമിക്കുന്ന സമയത്ത് സെക്സ് ടോയ്സ് ഇന്നത്തെയത്ര വ്യാപകമായിരുന്നില്ല. അതിനാൽതന്നെ നിയമത്തിന്റെ നിർവചനത്തില്‍ ഇവയുടെ ഉപയോഗത്തെക്കുറിച്ചും വിൽപനയെക്കുറിച്ചും കൃത്യമായി നിർവചിക്കുന്നില്ല.

അശ്ലീലപ്രദർശനത്തിന്റെ വരുതിയിൽ ഇതിനെ പെടുത്താനാകില്ല. റാബിറ്റ് വൈബ്രറ്റർ പോലുളള ഉപകരണങ്ങൾ കണ്ടാൽ ഒരു സുന്ദരൻ മുയൽക്കുട്ടിയെപ്പോലെയാണ്. ‘‘ഇതിലെവിടെയാണ് അശ്ലീലപ്രദർശനമുളളത്?’’ ചോദിക്കുന്നത് ഒരു വന്‍കിട ഒാണ്‍ലൈൻ സെക്സ് ടോയ്സ് ഷോപ്പിന്റെ സി.ഇ.ഒ.!

പ്രകൃതിവിരുദ്ധ ലൈംഗികബന്ധം ഇന്ത്യയിൽ കുറ്റകരമാണ്. പക്ഷേ, ഈ നിയമത്തിന്റെ വരുതിയിലും ഉപകരണങ്ങൾ ഉപയോഗിച്ച് ലൈംഗികസംതൃപ്തി നേടുന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ല.

കൃത്രിമ ഉദ്ധാരണം

അപകടമോ രോഗങ്ങളോ സംഭവിച്ച് ലൈംഗികബന്ധം ശരിയായി നടത്താൻ കഴിയാത്തവർക്കായി ഡോക്ടർമാർ ചില കാര്യങ്ങൾ നിർദേശിക്കാറുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് ഉത്തേജനശേഷി നഷ്ടപ്പെട്ടവർക്കുളള ഇംപ്ലാന്റ്. ഉദ്ധാരണം ശരിയായി സംഭവിക്കാത്ത പുരുഷന്മാർക്കും ഇത് നിർദേശിക്കാറുണ്ട്. ശസ്ത്രക്രിയ വഴി ഇംപ്ലാന്റ് ലിംഗത്തിനകത്ത് നിക്ഷേപിക്കുന്നതാണ് ഈ ചികിത്സ. ഇത് രണ്ട് തരമുണ്ട്. സ്ഥിരമായ ഉദ്ധാരണം തരുന്നതും ആവശ്യമുളളപ്പോൾ മാത്രം ശരീരത്തിനകത്ത് ഘടിപ്പിച്ച പാഡിൽ പതുക്കെ അമർത്തി ഉദ്ധാരണം സംഭവിപ്പിക്കാവുന്നതും. രണ്ടാമത്തെ തരം ഇംപ്ലാന്റുകളാണ് കൂടുതൽ പേരും ഉപയോഗിക്കുന്നത്. തികച്ചും സ്വാഭാവികമായിത്തന്നെ ഇതുവഴി ലൈംഗികബന്ധം നടത്താൻ കഴിയും.

എന്നാൽ ചെറിയൊരു ശതമാനം ആളുകളിൽ ഇത് ശരിയായി പ്രവർത്തിക്കാതിരിക്കുന്നതായും കാണാറുണ്ട്. സ്ഥിരമായി ഉദ്ധാരണം നിലനിൽക്കുന്ന തരം ഇംപ്ലാന്റുകൾ ലിംഗത്തെ എപ്പോഴും ഉദ്ധരിച്ചു നിർത്തും. ഇതും അസൗകര്യമാകും.

ആനന്ദവളയങ്ങൾ

പുരുഷലിംഗത്തിൽ മുറുകിനിൽക്കുന്ന വളയങ്ങളാണ് പെനിസ് റിംഗ്സ് എന്നറിയപ്പെടുന്നവ. ലളിതമായ ലൈംഗികസഹായിയാണിത്. ലിംഗത്തിൽ ഇവ മുറുകി നിൽക്കുന്നതു കാരണം ഉദ്ധാരണം നിലനിര്‍ത്തും. എന്നാൽ ദീർഘനേരം ഇവ ധരിക്കുന്നത് പലവിധ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു എന്നാണ് വിദഗ്ധർ പറയുന്നത്. ലിംഗത്തിലെ ഞരമ്പുകളിൽ ഇവയേൽപിക്കുന്ന സമ്മർദ്ദം പലപ്പോഴും സ്ഥിരമായ തകരാറുകളുണ്ടാകാൻ കാരണമാകുന്നു. ഗർഭനിരോധന ഉറകൾ തന്നെ ഇന്ന് ലൈംഗികസംതൃപ്തി കൂട്ടാനുളള കൃത്രിമാർഗമായും മാറിയിട്ടുണ്ട്. ഉറകളിലെ കുത്തുകൾ മുതൽ വൈബ്രേറ്റർ പിടിച്ചവ വരെ ഈ രംഗത്തെ വൈവധ്യങ്ങളാണ്.

ഉത്തേജക മരുന്നുകൾ

കിടപ്പറയിൽ പടക്കുതിരയാകാൻ സഹായിക്കുമെന്നു വിശ്വസിപ്പിക്കുന്ന മരുന്നുകളുടെ നിർമാതാക്കൾക്ക് കൊയ്ത്തുകാലമാണിപ്പോൾ. പലപ്പോഴും ലൈംഗികബന്ധം ശരിയായി നടക്കാത്തതിന്റെ കാരണം മാനസികമായിരിക്കും. ഈ പ്രശ്നം പരിഹരിക്കാതെ മരുന്നുകളുടെയും പിന്നാലെ പോകുന്നവരുടെ പണം മാത്രമല്ല ആരോഗ്യവും നഷ്ടപ്പെടുന്നു. ലൈംഗികബന്ധത്തിലുളള ആത്മവിശ്വാസക്കുറവ് സമർത്ഥമായി മുതലെടുക്കാനറിയുന്നവരായിരിക്കും ഈ മുറിവൈദ്യന്മാർ.

ഉത്തേജകമരുന്ന് എന്ന വാക്കിന്റെ മറ്റൊരു പര്യായപദമായി മാറിയ പേരാണ് വയാഗ്ര. എന്നാൽ വൈദ്യോപദേശം അനുസരിച്ചല്ലാതെ ഈ ഗുളിക വാങ്ങി ഉപയോഗിച്ചവർക്ക് പാർശ്വഫലങ്ങൾ സഹിക്കേണ്ടതായും വന്നു. അമിതരക്തസമ്മർദ്ദവും ഹൃദ്രോഗവുമൊക്കെയുളളവർ ഉത്തേജകമരുന്നുകളുപയോഗിക്കുന്നത് കർശനമായും ഡോക്ടറുടെ മേൽനോട്ടത്തിലായിരിക്കണമെന്നാണ് നിയമം. പക്ഷേ, പലരും സ്വന്തം ഇഷ്ടപ്രകാരം ഇതൊക്കെ വാങ്ങിക്കഴിക്കും. മരണം വരെ ഇതുമൂലം സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്.

കാഴ്ച, ഗന്ധം, കേൾവി

വസ്ത്രത്തിന് ലൈംഗികതയിൽ വളരെയേറെ പ്രാധാന്യമുണ്ട്. ചില പ്രത്യേകവസ്ത്രങ്ങൾ ചിലരിൽ ലൈംഗികവികാരത്തെ ഉദ്ദീപിപ്പിക്കും. ഇത് മനസ്സിലാക്കിയാൽ ഇത്തരം കിടപ്പറ വസ്ത്രങ്ങളുടെ ഒരു വലിയ ശേഖരം തന്നെ വിപണിയിൽ ലഭ്യമാക്കിയിട്ടുളളത്. തികച്ചും സുതാര്യമായ വസ്ത്രങ്ങൾ മുതൽ പ്രണയവചനങ്ങൾ എഴുതിയ അടിവസ്ത്രങ്ങൾ വരെയുളള വൈവിധ്യമാർന്നതരം ഉൽപന്നങ്ങളാണ് ഇവിടെ ഉപഭോക്താവിനെ കാത്തിരിക്കുന്നത്. ഒരു പക്ഷേ, ലൈംഗികോത്തേജകങ്ങളിൽ വച്ച് ശാരീരികമായ പാർശ്വഫലങ്ങൾ ഇല്ലാത്തവയായിരിക്കും വസ്ത്രങ്ങൾ!

ഇനിയുമുണ്ട് നിരുപദ്രവകാരികളായ കാര്യങ്ങൾ. സുഗന്ധം പകരുന്ന മെഴുകുതിരികളും ലൈംഗികവികാരം ഉത്തേജിപ്പിക്കുന്ന തരത്തിലുളള ഗന്ധമുളള സ്പ്രേകളും, കാമസൂത്ര ചിത്രങ്ങളുളള ബഡ്ഷീറ്റുകളും നഗ്നപ്രതിമകളും പെയിന്റിങ്ങുകളുമെല്ലാം വിപണിയിൽ സുലഭം! സ്വകാര്യനിമിഷങ്ങളിലെ ആനന്ദം ഇരട്ടിയായി അനുഭവിക്കാനുളള പ്രണയസംഗീതങ്ങളും യഥേഷ്ടം ലഭ്യമാണ്. ഒരു പരിധിവരെ ഇതെല്ലാം നല്ലതാണ്. പങ്കാളിക്ക് മേൽ അടിച്ചേൽപ്പിക്കുമ്പോൾ മെഴുകുതിരിപോലും കിടപ്പറയിൽ വില്ലനായി വരും!

‘കളി’ കാര്യമാകുമ്പോൾ!

നീലച്ചിത്രങ്ങൾ കണ്ട് അതിൽ തന്നെ മുഴുകിപ്പോകുന്നവരുണ്ട്. പങ്കാളി അടുത്തുണ്ടെങ്കിൽ പോലും ഇത്തരക്കാർക്ക് പൂർണതൃപ്തി വരണമെങ്കിൽ നീലച്ചിത്രം കണ്ടേ മതിയാകൂ! കൃത്രിമലൈംഗികോപകരണങ്ങളുടെ കാര്യത്തിലും ഇത്തരമൊരു സാധ്യത നിലനിൽക്കുന്നതായി ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വെറുമൊരു കൗതുകം എന്ന നിലയ്ക്കാണ് പല പുരുഷന്മാരും കൃത്രിമലൈംഗികോപകരണങ്ങൾ ഉപയോഗിച്ചു തുടങ്ങുക. ചെറിയൊരു ശതമാനമെങ്കിലും അതിൽ ആനന്ദം കണ്ടെത്തി തുടങ്ങുന്നു. പിന്നീടവരതിൽ മുഴുകുകയും ചെയ്യും.

അപകടങ്ങളോ രോഗങ്ങളോ മൂലം ലൈംഗികബന്ധം സാധ്യമാകാത്ത അവസ്ഥയിലുളള ദമ്പതിമാർക്ക് ഡോക്ടർമാർ കൃത്രിമ ലൈംഗികോപകരണങ്ങൾ ഉപയോഗിക്കാൻ നിർദേശിക്കാറുണ്ട്.

ഒരു പേന നിർമ്മിക്കുന്നതിനുപോലും കൃത്യമായ മാനദണ്ഡങ്ങളുളളപ്പോൾ കൃത്രിമ ലൈംഗികോപകരണങ്ങളുടെ കാര്യത്തിൽ നിയതമായ ഒരു മാനദണ്ഡമില്ല എന്നതാണ് ഒരു പരിമിതി. ഇതൊരു നിസ്സാര പ്രശ്നമല്ല. ശരീരത്തിന്റെ എളുപ്പം മുറിവേൽക്കുന്നതും ലോലവുമായ ഭാഗങ്ങളിലാണ് കൃത്രിമ ലൈംഗികോപകരണങ്ങളിലേറെയും ഉപയോഗിക്കപ്പെടുന്നത്. നിർമാണത്തിന്റെ പിഴവുകളും മറ്റും കൊണ്ട് പരിക്ക് പറ്റാനുളള സാധ്യത തളളിക്കളയാനാവില്ല.

കൃത്രിമ ലൈംഗികോപകരണങ്ങളിൽ പ്ലാസ്റ്റിക് മൃദുവാക്കാനായി ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് മറ്റൊരു ഭീഷണിയുയർത്തുന്നത്. ഇത്തരം പ്ലാസ്റ്റിക് നിരന്തരം ലൈംഗികാവയവങ്ങളുമായി സമ്പർക്കത്തിലിരിക്കുന്നത് പിന്നീട് കാൻസറിനു വരെ കാരണാകുമത്രേ.

അണുബാധയാണ് മറ്റൊരു വില്ലന്‍. കൃത്രിമ ലൈംഗികോപകരണങ്ങളുടെ കൊച്ചു സുഷിരങ്ങളിൽ ബാക്ടീരിയയുടെ സാന്നിദ്ധ്യമുണ്ടായിരിക്കും. എത്ര വ‍ൃത്തിയാക്കിയാലും ചിലപ്പോഴൊക്കെ ബാക്ടീരിയയെ തുരത്താൻ കഴിഞ്ഞെന്നു വരില്ല. ഉപകരണനിർമാതാക്കൾ തന്നെ വൃത്തിയാക്കാനുളള ലോഷനുകളും മറ്റും തരുമെങ്കിലും ഇത് ദീർഘകാലം ഫലിക്കണമെന്നില്ല. കട്ടിയേറിയ ബോറോസിലിക്കേറ്റ് ഗ്ലാസ് ഉപയോഗിച്ചുളള ലൈംഗികോപകരണങ്ങൾ ബാക്ടീരിയ വാസത്തെ ഒരു പരിധി വരെ തടയുമെന്നാണ് നിർമ്മാതാക്കളുടെ വാദം.

ഒരാൾ ഉപയോഗിച്ച ഉപകരണം മറ്റൊരാൾ ഉപയോഗിക്കുമ്പോൾ അണുബാധയ്ക്കുളള സാധ്യത ഇരട്ടിയാകുന്നു. മാത്രമല്ല ലൈംഗികബന്ധം വഴി പകരുന്ന രോഗങ്ങൾ ബാധിക്കാനുളള സാധ്യതയുമുണ്ട്.

ലൈംഗികസംതൃപ്തിക്ക് ഉപകരണങ്ങളുടെ സഹായം തേടുന്നത് ശരിയാണോ തെറ്റാണോ എന്ന് വൈദ്യശാസ്ത്രം ഇനിയും ഉറപ്പിച്ചു പറഞ്ഞിട്ടില്ല. ഇതിന്റെ പാർശ്വഫലങ്ങൾ അനുഭവിച്ചാലും ഭൂരിപക്ഷം പേരും അത് തുറന്നു പറയണമെന്നുമില്ല.

എന്തായാലും ഈ രംഗത്തെ ഒാൺലൈൻ ഷോപ്പിംങ് കമ്പനികൾക്ക് ഇനി വരുന്ന കാലം ചാകാരയാകാനാണ് സാധ്യത.

വിവരങ്ങൾക്കു കടപ്പാട്

വിവിധ സെക്സ് സർവേകൾ

Your Rating: