Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈഹീൽ ചെരുപ്പിട്ട ലൈംഗികത

high-heal

സാർ, വളരെ വിഷമത്തോടും പരിഭ്രമത്തോടും കൂടിയാണ് ഞ‍ാൻ ഈ കത്തെഴുതുന്നത്. 23 വയസ്സുള്ള എന്റെ വിവാഹം ഏകദേശം നാലു മാസം മുമ്പ് കഴിഞ്ഞു. ഭർത്താവിനു 29 വയസ്സ്. ചാർട്ടേഡ് അക്കൗണ്ടന്റാണ്. എന്റെ പൊക്കം അഞ്ചടി. ഭർത്താവിന് 5 അടി 8 ഇഞ്ച് പൊക്കം. വളരെ സ്നേഹത്തോടെയാണ് എന്നോടു പെരുമാറുന്നത്. ഏകദേശം ഒരു മാസം മുമ്പ് ഭർത്താവ് ഹൈഹീൽ ചെരുപ്പ് എനിക്ക് വാങ്ങിക്കൊണ്ടു വന്നു. ഇനി മുതൽ ഉപയോഗിക്കണമെന്നും പറഞ്ഞു. ഇതു ഞാൻ വിസമ്മതിച്ചപ്പോൾ അദ്ദേഹം വളരെ അപ്സെറ്റ് ആയി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എന്നോടു പറഞ്ഞു, പുറമെ ഇടാൻ ഇഷ്ടമില്ലെങ്കിൽ വേണ്ട, രാത്രി ശാരീരികബന്ധത്തിൽ ഏർപ്പെടുമ്പോള്‍ ചെരുപ്പ് ധരിച്ചാൽ മതിയെന്ന്. ഇതിന്റെ പേര് ഫൂട്ട്‌വെയർ ഫെറ്റിഷ്( footwear fetish) ആണെന്നു ഞാൻ പിന്നീട് മനസ്സിലാക്കി. അദ്ദേഹത്തിന്റെ സന്തോഷത്തിനു വേണ്ടി പിന്നീട് ലൈംഗികമായി ബന്ധപ്പെടുമ്പോഴെല്ലാം ഞാൻ ഹൈഹീൽ ചെരുപ്പ് ധരിക്കാറുണ്ട്. ഇങ്ങനെ ഞാൻ ഉയർന്ന ചെരുപ്പ് ധരിക്കുമ്പോഴെല്ലാം അദ്ദേഹം വളരെ ഉത്തേജിതനാകുകയും ചെയ്യും. ഇതുകൂടാതെ മറ്റൊരു പെരുമാറ്റ പ്രശ്നം കൂടിയുണ്ട്. എന്നെക്കൊണ്ട് ഒരു തടി സ്കെയിൽ വച്ച് അദ്ദേഹത്തിന്റെ കൈത്തണ്ടയിൽ അടിപ്പിക്കുന്നു. പണ്ട് ടീച്ചർമാർ ശിക്ഷിക്കുന്നതു പോലെ. തുടർന്ന് ആ സ്കെയിൽവച്ച് എന്റെ പിൻഭാഗത്തും അടിക്കും. ഈ പ്രവൃത്തികളെല്ലാം അദ്ദേഹം വളരെ നന്നായി ആസ്വദിക്കുന്നു. ഫൂട്ട്‌വെയർ ഫെറ്റിഷ് ഒരു മാനസികരോഗമാണോ? അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ എനിക്കു സാധിക്കുമോ?

ഈ കത്ത് വായിച്ചപ്പോൾ എന്നെ തേടിവന്ന മറ്റൊരു കേസ് ഓർമ വരുന്നു. ഒരു മെട്രോനഗരത്തിലെ മുൻനിര ഫ്ലാറ്റ് സമുച്ചയത്തിൽ താമസക്കാരനായ ഒരു അഭ്യസ്തവിദ്യൻ ഒരിക്കൽ ചെരുപ്പു മോഷണത്തിൽ പ്രതിയായി മുമ്പിൽ എത്തി. ഫ്ലാറ്റുകളുടെ മുമ്പിലെ ഷൂറാക്കിൽ നിന്നു സ്ത്രീകളുടെ ചെരുപ്പ് മോഷണം പോകുന്നതു പതിവായി. ഒരിക്കൽ മോഷ്ടാവായ അഭ്യസ്തവിദ്യൻ ക്യാമറയിൽ കുടുങ്ങി. ആറക്ക ശമ്പളമുള്ള മാന്യൻ എന്തിന് അയൽ ഫ്ലാറ്റുകളിൽ നിന്നു ചെരുപ്പുകൾ മോഷ്ടിക്കണം എന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കുടുംബസുഹൃത്തും എത്തിയത്.

ചെറുപ്പക്കാരായ സ്ത്രീകളുടെ ഹൈഹീൽ ചെരുപ്പുകൾ പകൽസമയം നോക്കിവയ്ക്കുക. രാത്രിയിൽ പുറത്തിറങ്ങി അവ എടുത്ത് സ്വന്തം റൂമിൽ കൊണ്ടുവന്ന് ലൈംഗികചേഷ്ടകൾ ചെയ്യുക എന്ന വൈകൃതത്തിന് അടിമയായിരുന്നു അയാൾ. തന്റെ ഉള്ളിലെ വന്യമൃഗത്തെ ഭക്ഷണം കൊടുത്ത് പരിപോഷിപ്പിക്കില്ല എന്ന ഉറച്ച തീരുമാനം എടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞതിനാലും ചികിത്സയോടു കൃത്യമായി സഹകരിച്ചതിനാലും പ്രശ്നത്തെ ഏതാനും ആഴ്ചകൾകൊണ്ട് വരുതിയിലാക്കാൻ കഴിഞ്ഞു.

സ്വാഭാവിക സെക്സ് എന്നാൽ?

ഇനി കത്തിലെ വിഷയത്തിലേക്കു വരാം. പ്രത്യുൽപ്പാദനം നടത്തുക, പരസ്പര സഹകരണത്തോടെ ആഹ്ലാദം ഉളവാക്കുക, പങ്കാളികൾ തമ്മിലുള്ള ഇണക്കവും അടുപ്പവും വർധിപ്പിക്കുക, പരസ്പരമുള്ള പ്രണയവും കരുതലും പ്രകടിപ്പിക്കുക– ഇവ നാലുമാണ് സ്വാഭാവികമായ ലൈംഗികതയുടെ ലക്ഷണങ്ങൾ. ലൈംഗിക പെരുമാറ്റത്തിന്റെ ലക്ഷ്യവും മാർഗവും ഈ നാലു കാര്യങ്ങൾക്കു പുറത്താകുമ്പോൾ അവയെ ലൈംഗിക അപഭ്രംശങ്ങൾ (പാരാഫിലിയ–paraphilia) എന്നു വിളിക്കുന്നു.

ഇത്തരത്തിലുള്ള രണ്ടുതരം പ്രശ്നങ്ങളാണ് കത്തിൽ വിവരിച്ചിരിക്കുന്നത്. ഒന്ന്, ഫെറ്റിഷിസം(fetishism), രണ്ട്, സാഡോ മസോക്കിസം(sado-masochism). ലൈംഗികതയുമായി ബന്ധമില്ലാത്ത ശരീരഭാഗങ്ങൾ, അടിവസ്ത്രങ്ങൾ, ചെരുപ്പുകൾ എന്നിവ ലൈംഗികാർഷണത്തിന്റെയും ഭാവനകളുടെയും കേന്ദ്രമായി മാറുന്ന വൈചിത്ര്യമാണ് ഫെറ്റിഷിസത്തിൽ സംഭവിക്കുന്നത്. അത്തരക്കാരുടെ ലൈംഗികഭാവനകൾ എല്ലാംതന്നെ ഇത്തരം വസ്തുക്കൾ കേന്ദ്രീകരിച്ചായിരിക്കും. ഇന്റർനെറ്റ് അശ്ലീലസൈറ്റുകളിൽ ഇത്തരം വിഭാഗങ്ങളുടെ സ്ഥിരം സന്ദർശകനായി അയാൾ മാറാം. യഥാർഥ ലൈംഗികജീവിതത്തിലും ഈ ശൈലിതന്നെ പകർത്താൻ അയാൾ ശ്രമിക്കുകയും ചെയ്തെന്നിരിക്കാം.

കുട്ടിക്കാലത്ത് യാദൃച്ഛികമായി സംഭവിക്കുന്ന കണ്ടീഷനിങ് ആണ് ഇത്തരം ഫെറ്റിഷുകളിലേക്ക് നയിക്കുന്നത് എന്ന് പെരുമാറ്റസിദ്ധാന്തം കരുതുന്നു. മനുഷ്യമസ്തിഷ്കത്തിൽ ലൈംഗികഅവയവങ്ങളെ രേഖപ്പെടുത്തിയിരിക്കുന്നതിനോട് തൊട്ടുചേർന്നാണ് കാൽപ്പാദങ്ങളെ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങൾ സ്ഥിതിചെയ്യുന്നതെന്നും, ഈ സമീപസ്ഥലങ്ങൾ തമ്മിൽ സംഭവിക്കാവുന്ന ക്രോസ് വയറിങ്(cross-wiring) ആണ് യഥാർഥ വില്ലൻ എന്ന് വി.എസ്. രാമചന്ദ്രനെപ്പോലെയുള്ള ന്യൂറോബയോളജിസ്റ്റുകളും വാദിക്കുന്നു.

ഇവിടെ ഹൈഹീൽ ചെരുപ്പുകളോടുള്ള ഫെറ്റിഷിസ്റ്റിക് ആകർഷണം സ്വാഭാവിക ലൈംഗികതയിലേക്കു സമന്വയിപ്പിക്കാനുള്ള ശ്രമമാണ് താങ്കളുടെ ഭർത്താവ് നടത്തുന്നതെന്നു തോന്നുന്നു. പങ്കാളിക്ക് വേദന ഉണ്ടാകാത്തിടത്തോളം ഇത്തരം ഒരു വൈചിത്ര്യത്തെ ഉൾക്കൊള്ളുകയോ സഹിഷ്ണുതയോടെ സഹകരിക്കുയോ ചെയ്യുന്നതിൽ തെറ്റില്ല എന്നു പറയാം. പക്ഷേ, രണ്ടാമത്തെ പ്രശ്നത്തെ ഈ നിലയിൽ കാണാൻ സാധിക്കില്ലല്ലോ?

വേദന ഉണ്ടാക്കുന്ന പങ്കാളി

ലൈംഗികവേഴ്ചയുടെ ഭാഗമായി സ്വയം മുറിവേൽപ്പിക്കുക, ശ്വാസം മുട്ടിപ്പിക്കുക, ശരീരം ബന്ധനത്തിലാക്കുക, പങ്കാളിയെയും ഇത്തരം വേദനാജനകമായ പ്രവൃത്തികൾക്ക് നിർബന്ധിക്കുക എന്നിങ്ങനെയുള്ള പ്രവൃത്തികളിൽ ഈ വൈകൃതമുള്ളവർ ഏർപ്പെടുന്നു.

ക്രൂരമായ ഇത്തരം പ്രവൃത്തികളെ രോഗം എന്ന രീതിയിൽ ന്യായീകരിക്കാനോ ഭാര്യാധർമം എന്ന രീതിയിൽ സഹിക്കാനോ പാടില്ലതന്നെ. ലൈംഗികതയുടെ ഒരു ധർമവും നിർവഹിക്കാത്ത ഈ വൈകൃതത്തോട് 'അരുത്' എന്നു പറയാനുള്ള ധൈര്യം നിങ്ങൾക്കുണ്ടായേ പറ്റൂ. വിലക്ക് ലംഘിച്ച് ഈ ക്രൂരത തുടരാനാണ് ഭാവമെങ്കിൽ ചികിത്സാസഹായം കൂടിയേതീരൂ എന്ന് തീർത്തു പറയണം. അതിനും വഴങ്ങുന്നില്ല എങ്കിൽ പിരിയാനുള്ള സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തണം. അപമാനം ഭയന്നും ഇഷ്ടമില്ലാത്തതിനെ ഇഷ്ടമില്ല എന്നു തുറന്നു പറയാനുള്ള ധൈര്യം ഇല്ലാതെയും ജീവിതം നരകമാക്കരുത്.

ചികിത്സ കൊണ്ടു പൂർണ പ്രയോജനം ലഭിക്കുമോയെന്ന ചോദ്യം ഉയരാം. ചികിത്സ ദുഷ്കരമാണ് എന്നു സമ്മതിച്ചേ പറ്റൂ. ചികിത്സയ്ക്കു വിധേയനാകാൻ സ്വമേധയാ ഉള്ള സമ്മതം, മാറേണ്ടത് ആവശ്യമാണ് എന്ന ആഗ്രഹം, ഇത് തകരാറാണ് എന്ന ഉൾക്കാഴ്ച എന്നിവയുണ്ടെങ്കിൽ പ്രശ്നപരിഹാരസധ്യത വർധിക്കും.

വൈകാരിക നിയന്ത്രണത്തിനുപയോഗിക്കുന്ന ഔഷധങ്ങൾ, ലൈംഗികാവേശത്തെ മന്ദീഭവിപ്പിക്കുന്ന ഹോർ‌മോൺ മരുന്നുകൾ എന്നിവ ചിലരിൽ പ്രയോജനം ചെയ്യും. പങ്കാളിയുടെ മാനസികാവസ്ഥയെപ്പറ്റി ഏറെ അവബോധം നൽകാനുതകുന്ന സൈക്കോതെറപ്പിയും സ്വന്തം വൈകൃതത്തെ ന്യായീകരിക്കുന്ന പ്രവണതയെ തിരുത്താൻ ഉതകുന്ന കൊഗ്നിറ്റീവ് റീസ്ട്രക്ടറിങ്ങും തീർച്ചയായും ആവശ്യമാണ്.

ഡോ.വർഗീസ് പുന്നൂസ്
പ്രഫസർ, മാനസികാരോഗ്യ വിഭാഗം
ഗവ.മെഡിക്കൽ കോളജ്, കോട്ടയം

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.