Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പകൽവെളിച്ചം ഏൽക്കൂ... സുഖമായി ഉറങ്ങാം

sleep-tips

ഉറക്കക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ? ഓഫീസ് മുറിയിലെ സൂര്യപ്രകാശം ഒട്ടും ഏൽക്കാതെയുള്ള പകലുകൾ ആകാം ഒരു പക്ഷേ ഉറക്കക്കുറവിന് കാരണം പ്രഭാതത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് രാത്രിയിൽ സുഖമായി ഉറങ്ങാനും സമ്മർദം അകറ്റാനും സഹായിക്കുമെന്നാണ് അടുത്തിടെ നടന്ന ഒരു പഠനം പറയുന്നത്. രാവിലെ സൂര്യപ്രകാശം ഏൽക്കാത്തവരെക്കാൾ ഇവർക്ക് സമ്മർദ്ദവും വിഷാദവും കുറവായിരിക്കുമത്രേ.

പകൽസമയം ധാരാളം സൂര്യപ്രകാശം ഏൽക്കുന്നതും രാത്രികാലങ്ങളിൽ കുറവു പ്രകാശം ഏൽക്കുന്നതും ആരോഗ്യകരമായ ഉറക്കത്തിനു പ്രധാനമാണ്. അതുപോലെ ശരീരത്തിലെ ആന്തര സിർക്കാഡിയൻ ഘടികാരത്തെ കൃത്യതയുള്ളതാക്കാനും ഇത് സഹായിക്കുന്നതായി സ്‌ലീപ് ഹെൽത്ത് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ഓഫീസ് അന്തരീക്ഷത്തിൽ പകൽ വെളിച്ചമോ തരംഗദൈർഘ്യം കുറഞ്ഞ നീലവെളിച്ചം ധാരാളം അടങ്ങിയ വൈദ്യുത വെളിച്ചമോ ഏൽക്കുന്നത് ജോലിക്കാരുടെ ആരോഗ്യത്തിന് പ്രധാനമാണെന്ന് പഠനത്തിനു നേതൃത്വം നൽകിയ മറിയാന ഫിഗെയ്റോ പറയുന്ന‌ു. ന്യൂയോർക്കിലെ ട്രോയിയിലെ റെൻസലെ പോളിടെക്നിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ലൈറ്റിങ് റിസർച്ച് സെന്ററിലെ പ്രോഗ്രാം ഡയറക്ടറാണ് മറിയാന.

മിക്ക ഓഫീസ് കെട്ടിടങ്ങളും പ്രകാശം കുറയ്ക്കുന്ന ദിശയിലാണ്. പകൽ സമയം എങ്ങനെ പ്രകാശം കൊണ്ടു നിറയ്ക്കാമെന്നു നമ്മൾ ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. ഓഫീസ് ജോലിക്കാർക്ക് അവരുടെ ഉറക്കത്തിന്റെയും ഉണർച്ചയുടെയും ചക്രം നിയന്ത്രിക്കാൻ ആവശ്യമായ വെളിച്ചം ലഭിക്കുന്നുണ്ടോ എന്നറിയാൻ യു എസിലെ അഞ്ച് സർക്കാർ ഓഫീസ് കെട്ടിടങ്ങളിലെ ജോലിക്കാരെ പഠനത്തിനായി തിരഞ്ഞെടുത്തു.

വേനൽക്കാലത്ത് ഒരാഴ്ചക്കാലം വ്യത്യസ്തതരം പ്രകാശം അളക്കാനായി പ്രകാശം അളക്കുന്ന ഒരുപകരണം, പഠനത്തിൽ പങ്കെടുത്ത 109 ഉദ്യോഗസ്ഥരെ ദിവസം മുഴുവൻ ധരിപ്പിച്ചു. ഇതിൽ 81 പേരിൽ ശീതകാലത്തും പരീക്ഷണം ആവർത്തിച്ചു.

ഓരോ പഠനകാലത്തിന്റെയും അവസാനം ഓഫീസ് ജീവനക്കാർ അവരുടെ ഉറക്കത്തിന്റെയും ഉണർവിന്റെയും സമയവും അവരുടെ മാനസികനില (mood), ഉറക്കത്തിന്റെ ഗുണനിലവാരം ഇവയെക്കുറിച്ചുള്ള ഒരു ചോദ്യാവലിയും പൂരിപ്പിച്ചു.

രാവിലെ എട്ടുമണിക്കും ഉച്ചസമയത്തിനും ഇടയിൽ ധാരാളം സൂര്യപ്രകാശം ഏൽക്കുന്നവർ രാത്രി വളരെ വേഗം ഉറങ്ങുന്നതായും രാവിലെ കുറച്ച് മാത്രം വെയിൽ ഏൽക്കുന്നവരെ അപേക്ഷിച്ച് ഇടയ്ക്കിടെ ഉറക്കം മുറിയുന്നതായും കണ്ടു.

രാവിലത്തെ പ്രകാശം ഏൽക്കുന്നവർക്ക് വിഷാദമോ സമ്മർദമോ ഉണ്ടാകുന്നില്ലെന്നും  കണ്ടു. പകൽ മുഴുവൻ, അതായത് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ധാരാളം പ്രകാശം ഏൽക്കുന്ന ഓഫീസ് ജീവനക്കാർക്ക് വിഷാദമോ ഉറക്കം മുറിയുന്ന അവസ്ഥയോ വളരെ കുറച്ചു മാത്രമേ ഉണ്ടാകുന്നുള്ളൂ.

സുഖകരവും ശാന്തവുമായ ഉറക്കം, മാനസികവും ശാരീരികവുമായ ആരോഗ്യവുമായും ബന്ധപ്പെട്ടിരിക്കുന്നു. മാനസികനില, ചിന്ത, ഉപാപചയ പ്രവർത്തനം, രോഗപ്രതിരോധ സംവിധാനം ഇവയെയെല്ലാം ഇത് ബാധിക്കുന്നു.

ആരോഗ്യത്തിനായി ഇരുളിന്റെയും വെളിച്ചത്തിന്റെയും ഒരു പാറ്റേൺ പ്രധാനമാണ് എന്നും പകൽസമയം പ്രധാനമായും രാവിലെ ജനാലയിലൂടെ സൂര്യപ്രകാശം ഏൽക്കുകയും ഉച്ചയ്ക്ക് പുറത്തിരുന്ന് ഭക്ഷണം കഴിക്കുകയുമാവാം എന്നും ഗവേഷകർ പറയുന്നു.