Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

7 മണിക്കൂർ 6 മിനിറ്റ് ഉറക്കം; സന്തോഷം നിങ്ങളെ തേടിയെത്തും

614435222

‘ഉറക്കമാണ് ഏറ്റവും മികച്ച ധ്യാനം’ ആത്മീയാചാര്യൻ ദലൈ ലാമയുടെ വാക്കുകളാണിത്. ഇപ്പോഴിതാ എത്ര സമയം ഉറങ്ങിയാലാണ് ഒരു മനുഷ്യന് ജീവിതത്തിൽ ഏറ്റവുമധികം സന്തോഷം ലഭിക്കുകയെന്ന റിപ്പോർട്ടും പുറത്തിറങ്ങിയിരിക്കുന്നു. ദിവസവും ഏഴുമണിക്കൂർ ആറു മിനിറ്റ് സമയത്തെ ഉറക്കം ലഭിക്കുന്നവർ ജീവിതത്തിൽ ‘പെർഫെക്ട്‌ലി ഹാപ്പി’ ആയിരിക്കുമെന്നാണ് സർവേഫലം. അമേരിക്കയിലെ 2000 പേരുടെ ജീവിതരീതി നിരീക്ഷിച്ചായിരുന്നു ‘അമേരിസ്‌ലീപ്’ എന്ന കിടക്കനിർമാണ കമ്പനി സർവേ റിപ്പോർട്ട് തയാറാക്കിയത്. ആരോഗ്യവും ഉറക്കവും തമ്മിലുള്ള ബന്ധത്തെപ്പറ്റി നേരത്തേത്തന്നെ ഗവേഷണ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. മുതിർന്ന ഒരാൾക്ക് ഏഴുമണിക്കൂർ ഉറക്കം നിർബന്ധമാണെന്ന് വൈദ്യശാസ്ത്രവും അനുശാസിക്കുന്നു. ഈ സാഹചര്യത്തിൽ സർവേയിലെ മറ്റു വിവരങ്ങൾ:

∙ ഏഴ് മണിക്കൂർ ഉറക്കം ലഭിക്കുന്നവരെല്ലാം Mostly Happy എന്നാണ് ജീവിതത്തെപ്പറ്റി അഭിപ്രായപ്പെട്ടത്.

∙ ‘തട്ടീം മുട്ടിയുമൊക്കെ സന്തോഷിച്ചു പോകുന്നു’ എന്ന് അഭിപ്രായപ്പെട്ടവർക്കാകട്ടെ ദിവസവും ശരാശരി ആറു മണിക്കൂർ 54 മിനിറ്റ് എന്ന കണക്കിന് ഉറക്കം ലഭിക്കുന്നുണ്ട്.

∙ 6 മണിക്കൂർ 48 മിനിറ്റിനും താഴെ ഉറക്കം ലഭിക്കുന്നവർ ജീവിതത്തോട് തികച്ചും അസംതൃപ്തരാണ്. ബന്ധങ്ങളിലൊന്നും അവർക്ക് സംതൃപ്തി കണ്ടെത്താനാകുന്നില്ല, എല്ലായിപ്പോഴും എന്തെങ്കിലും ആലോചിച്ച് ടെൻഷനിലുമായിരിക്കും. 

∙ ഉറക്കമില്ലായ്മയുടെ കാര്യത്തിൽ സ്ത്രീകളാണ് മുന്നിൽ. രാത്രിയിൽ ഏറ്റവും കുറവ് ഉറക്കം രേഖപ്പെടുത്തിയതും അവർക്കാണ്. അതിനാൽത്തന്നെ ജീവിതത്തിലും ഒട്ടും സന്തുഷ്ടരല്ലെന്നും അവർ പറയുന്നു.

∙ അതേസമയം പ്രായവും ഉറക്കത്തെ ബാധിക്കുന്നുണ്ട്. 25ഉം അതിനു താഴെയും പ്രായമായവർ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ ധാരാളം ഉറക്കം കിട്ടുന്നു എന്ന അഭിപ്രായക്കാരാണ്.

∙ അവിവാഹിതരാണ് ഏറ്റവുമധികം ഉറങ്ങുന്നത്. സ്ത്രീയായാലും പുരുഷനായാലും അങ്ങനെത്തന്നെ. വിവാഹമോചനം  നേടിയവർക്ക് പക്ഷേ ഉറക്കം പലപ്പോഴും പിടികിട്ടാപ്പുള്ളിയാണ്. സർവേയിൽ പങ്കെടുത്ത ഇത്തരക്കാരിൽ ഭൂരിപക്ഷം പേരും ഉറക്കമില്ലായ്മയുടെ പിടിയിലാണ്.

∙ ഉറങ്ങാൻ പോകുന്നതിനു മുൻപ് ധ്യാനിക്കുന്നവർക്കും കുളിക്കുന്നവർക്കും സുഖകരമായി നിദ്രയെ പുൽകാനാകുന്നുണ്ട്.

∙ അതികഠിനമായ ജോലിയുള്ളവരും വിഡിയോ ഗെയിമുകൾ പോലെ ഏറെ നേരം സ്ക്രീനിൽ കണ്ണുനട്ട് സമയം കളയുന്നവരും തടസ്സങ്ങളില്ലാത്ത ഉറക്കം ലഭിക്കാൻ ഏറെ ബുദ്ധിമുട്ടുന്നുണ്ട്.

∙ മൂന്നിലൊരാൾ എന്ന കണക്കിന് ഉറക്കമില്ലായ്മയുടെ പ്രശ്നമുണ്ട്. അതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നവയിൽ പ്രധാനപ്പെട്ടവ ഇവയാണ്. 1) അമിതസമ്മർദം. 2) ദീർഘനേരത്തെ കംപ്യൂട്ടർ–മൊബൈൽ ഫോൺ ഉപയോഗം. 3) ഇടയ്ക്കിടെ മാറുന്ന ജോലി ഷിഫ്റ്റ് പാറ്റേണ്‍. 4) ഓഫിസിലെ ജോലി തീരാതെ വീട്ടിലേക്കും കൊണ്ടുവരുന്നത്.

കുറഞ്ഞ സമയം മാത്രം ഉറങ്ങുന്നവരെ വിഷാദരോഗം, പൊണ്ണത്തടി, ഹൃദയസ്തംഭനം, മസ്തിഷ്കാഘാതം, പ്രമേഹം തുടങ്ങിയവ കാത്തിരിക്കുന്നുണ്ടെന്നും സർവേറിപ്പോർട്ടിലെ മുന്നറിയിപ്പ്. ആയുർദൈർഘ്യത്തെ കുറയ്ക്കുന്നതിലും ഉറക്കമില്ലായ്മയ്ക്കു നിർണായക പങ്കുണ്ട്. എല്ലാ ദിവസവും ഒരേ സമയത്തു തന്നെ ഉറങ്ങുന്നവർ ഏറെ ആരോഗ്യവാന്മാരായിരിക്കുമെന്നും ജീവിതത്തിൽ വിജയം അവർക്കൊപ്പമായിരിക്കുമെന്നും സർവേ പറയുന്നു. ഉറക്കത്തിൽ കൃത്യതയില്ലാത്ത വിദ്യാർഥികളുടെ മോശം പരീക്ഷാഫലങ്ങളാണ് ഇതിനു തെളിവായി നൽകുന്നത്. അലാം വച്ചാൽത്തന്നെ ‘സ്നൂസ്’ ബട്ടണമർത്തി ഉറങ്ങുന്ന മടിയന്മാരാണ് ഇത്തരക്കാർ. പിന്നീ‍ട് ദിവസം മുഴുവൻ ‘ഉറക്കംതൂങ്ങി’യായി നടക്കേണ്ടി വരും എന്നതാണതിന്റെ ഫലം. എല്ലാദിവസവും കൃത്യസമയത്ത്, കൃത്യമായ ദൈർഘ്യത്തിൽ ഉറക്കം ലഭിച്ചാൽത്തന്നെ ജീവിതത്തിലെ ഒരുവിധത്തിൽപ്പെട്ട എല്ലാ ആരോഗ്യപ്രശ്നങ്ങളും ഇല്ലാതാകുമെന്നും സർവേയെ അടിസ്ഥാനമാക്കി വിദഗ്ധർ സൂചന നൽകുന്നു.

Read more : Health and wellbeing