Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികൾ പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ?

breakfast

രാവിലെ ഭക്ഷണം കഴിക്കാതെയാണോ നിങ്ങളുടെ കുട്ടി സ്കൂളിൽ പോകുന്നത്? സമയക്കുറവും, നേരത്തെ ആയതുകൊണ്ട് വിശപ്പില്ല എന്നും പറഞ്ഞാവും പലപ്പോഴും പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്. എന്നാൽ ഇത് പോഷകക്കുറവിലേക്കു നയിക്കും എന്നറിയാമോ?

ലണ്ടനിലെ കിങ്സ് കോളജ് ഗവേഷകർ നടത്തിയ പഠനത്തിൽ പ്രഭാതഭക്ഷണം ഒഴിവാക്കുന്ന കുട്ടികൾക്ക് വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ പോഷകങ്ങൾ ഒന്നും തന്നെ ലഭിക്കുന്നില്ലെന്നു കണ്ടു.

പ്രഭാതഭക്ഷണം കഴിക്കാത്ത കുട്ടികളിൽ കാത്സ്യം, ഇരുമ്പ്, ജനിതക വികാസത്തിന് ആവശ്യമായ ഫോളേറ്റ്, തൈറോയ്ഡിന്റെ പ്രവർത്തനത്തിനാവശ്യമായ അയഡിൻ ഇവയെല്ലാം കുറവായിരുന്നു. പ്രഭാത ഭക്ഷണം കഴിക്കുന്ന കുട്ടികളിൽ ഈ പോഷകങ്ങൾ ധാരാളം ഉണ്ട്.

14 ശതമാനം ആൺകുട്ടികളും 19 ശതമാനം പെൺകുട്ടികളും പ്രഭാതഭക്ഷണം കഴിക്കുന്നില്ല. രണ്ടോ മൂന്നോ ദിവസത്തിൽ ഒരിക്കൽ 50 ശതമാനം കുട്ടികളും പ്രഭാതഭക്ഷണം ഒഴിവാക്കുന്നതായും പഠനത്തിൽ കണ്ടു. 1600 ലധികം പേരെ പങ്കെടുപ്പിച്ചു നടത്തിയ നാഷണൽ ഡയറ്റ് ആൻഡ് ന്യൂട്രീഷൻ സർവേ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.

4 മുതൽ 10 വയസ്സുവരെ പ്രായമുള്ള 802 കുട്ടികളുടെയും 11 മുതൽ 18 വയസ്സുവരെ പ്രായമുള്ള 884 കുട്ടികളുടെയും വിവരങ്ങളാണ് പരിശോധിച്ചത്. രാവിലെ 6 നും 9 നും ഇടയിൽ ശരീരത്തിലെത്തുന്ന100 കലോറി ഭക്ഷണമാണ് പ്രഭാത ഭക്ഷണമായി പരിഗണിക്കുന്നത്.

പ്രഭാത ഭക്ഷണം കഴിക്കാത്ത 31. 5 ശതമാനത്തിനും നിർദ്ദേശിക്കപ്പെട്ടെ അളവിലും വളരെ  കുറവു മാത്രമേ ഇരുമ്പ് ശരീരത്തിലുണ്ടായിരുന്നുള്ളൂ. പ്രഭാത ഭക്ഷണം കഴിക്കുന്ന4.4 ശതമാനം കുട്ടികളുമായി താരതമ്യപ്പെടുത്തിയപ്പോളാണിത്.

പ്രഭാതഭക്ഷണം കഴിക്കുന്ന 29 ശതമാനം കുട്ടികളുമായി താരതമ്യപ്പെടുത്തിയപ്പോൾ 19 ശതമാനത്തിനും കാത്സ്യത്തിന്റെ അളവ് കുറവാണെന്നു കണ്ടു. പ്രഭാത ഭക്ഷണം കഴിക്കുന്ന 3.3 ശതമാനം കുട്ടികളെ അപേക്ഷിച്ച് പ്രഭാതഭക്ഷണം കഴിക്കാത്ത 21.5 ശതമാനത്തിനും അയൊഡിന്റെ അഭാവവും കണ്ടു.

രാവിലത്തെ ഭക്ഷണ ശീലങ്ങളും പോഷകങ്ങളുടെ അളവും താരതമ്യം ചെയ്തു. 4 മുതൽ 10 വയസ്സു വരെ പ്രായമുള്ള കുട്ടികളിൽ പ്രഭാത ഭക്ഷണം കഴിക്കുന്നവരില്‍ ധാരാളം ഫോളേറ്റ്, കാത്സ്യം, ജീവകം സി, അയഡിൻ ഇവ ഉള്ളതായി കണ്ടു. അവർ രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്ന ദിവസം ശരീരത്തിൽ ഈ പോഷകങ്ങളുടെ അളവ് വളരെ കുറവായിരുന്നു താനും.

എന്നാൽ 11 മുതൽ 18 വയസ്സു വരെ പ്രായമുള്ളവരിൽ രാവിലെ ഭക്ഷണം കഴിക്കുന്ന ദിവസം കാൽസ്യത്തിന്റെ അളവു മാത്രം കൂടുതലായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ കുട്ടികളുടെ ഭക്ഷണ ശീലങ്ങൾ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ഈ കണ്ടെത്തലുകളുടെ വെളിച്ചത്തിൽ ഗവേഷകർ പറയുന്നു.

തങ്ങളുടെ കുട്ടികൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടോ എന്ന് രക്ഷിതാക്കൾ ഉറപ്പു വരുത്തണമെന്നും അതിന് പ്രഭാതഭക്ഷണം വളരെ പ്രധാനമാണെന്നും പഠനത്തിനു നേതൃത്വം നൽകിയ ഗെർഡാപോട്ട് പറഞ്ഞു.

നാലു മുതൽ 10 വയസ്സുവരെ പ്രായമുള്ള കുട്ടികളിൽ 6.5 ശതമാനം ദിവസവും രാവിലെ ഭക്ഷണം ഒഴിവാക്കുന്നതായും പഠനത്തിൽ കണ്ടു. 11 മുതൽ 18 വയസ്സുവരെ പ്രായമുള്ളവരിൽ 27 ശതമാനവും പ്രഭാത ഭക്ഷണം ഒഴിവാക്കുന്നു.

പെൺകുട്ടികളാണ് ആൺകുട്ടികളെക്കാൾ കൂടുതൽ രാവിലത്തെ ഭക്ഷണം കഴിക്കാത്തതെന്നും ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.