Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസ്മയെ പ്രതിരോധിക്കാം

497835726

നിത്യജീവിതത്തിൽ ഏറെ ബുദ്ധിമുട്ടുകൾ തരുന്നൊരു രോഗമാണ് ആസ്മ. പാരമ്പര്യവും അലർജിയും രോഗകാരണങ്ങളായി കരുതപ്പെടുന്നു. ആസ്മ രോഗികളുടെ ശ്വാസക്കുഴലുകൾ താരതമ്യേന വളരെ പ്രവർത്തന ക്ഷമത കൂടിയതാണ്. ശ്വസനപ്രക്രിയയിലൂടെ ശ്വാസകോശത്തിലെത്തിച്ചേരുന്ന വായുവിനൊപ്പമുള്ള സൂക്ഷ്മ വസ്തുക്കളുടെ പ്രതികൂലമായ പ്രവർത്തന ഫലമായി മ്യൂക്കസൽ ഒഡീമ ഉണ്ടാകുകയും രോഗിയുടെ ശ്വസന പ്രക്രിയയ്ക്ക് ബുദ്ധിമുട്ടു നേരിടുകയും ചെയ്യുന്നു.

താമസസ്ഥലത്തും പുറത്തുമുള്ള വിവിധതരം പൊടികൾ, പ്രത്യേകിച്ചും പൂമ്പൊടി, ധാന്യപ്പൊടി, അറക്കപ്പൊടി, വൈക്കോൽപ്പൊടി, മുറികൾക്കകത്ത് അടിഞ്ഞുകൂടുന്ന പഴകിയ പൊടി തുടങ്ങിയവ ആസ്മയ്ക്ക് കാരണമായേക്കാം. കൂടുതൽ മഞ്ഞുള്ള കാലാവസ്ഥ, വെയിൽ കൂടിയ കാലാവസ്ഥ, പഴകിയതും പുളിച്ചതുമായ ആഹാരപദാർത്ഥങ്ങൾ, തുടങ്ങിയവയും അസ്മയുടെ കാരണങ്ങളായി കണക്കാക്കപ്പെടുന്നു. രോഗത്തിന്റെ തുടക്കാവസ്ഥയിൽ ഭക്ഷണ ക്രമീകരണത്തിലൂടെ ആസ്മയെ ഒരു പരിധി വരെ തടഞ്ഞു നിർത്താം.

∙ പാൽ, പാലുൽപ്പന്നങ്ങൾ എന്നിവ പൂർണമായും ഉപേക്ഷിക്കുക.

∙ അമിതാഹാരം ഉപേക്ഷിക്കുക. വിശപ്പ് അടക്കുവാൻ മാത്രം ഭക്ഷണം കഴിക്കുക.

∙ പാകം ചെയ്ത ആഹാരം ഒരു നേരം മാത്രം കഴിക്കുക.

∙ ശുദ്ധമായ പഴവർഗങ്ങൾ കൂടുതലായി കഴിക്കുക.

∙ വേവിക്കാത്ത പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവയ്ക്കൊപ്പം തുളസിയില, കൂവളത്തില എന്നിവ കഴിക്കുക.

∙ മത്സ്യം, മാംസം, വറുത്ത ഭക്ഷണങ്ങൾ, വിവിധതരം എണ്ണ കൊണ്ടുള്ള പലഹാരങ്ങൾ എന്നിവ ഉപേക്ഷിക്കുക.

∙ അത്താഴം രാത്രി ഏഴിനു മുൻപായി കഴിക്കുക. അത്താഴത്തിന് അമിത ഭക്ഷണം ഒഴിവാക്കുക.

∙ മുരിങ്ങയില, കുമ്പളങ്ങ എന്നിവ ധാരാളമായി ഭക്ഷണത്തിലുൾപ്പെടുത്തുക. മുരിങ്ങയില കുമ്പളങ്ങാ നീരിൽ ചേർത്ത് ഇടയ്ക്കൊക്കെ കഴിക്കുക.

∙ രാവിലെയും രാത്രിയും ഭക്ഷണത്തിനു മുൻപായി തൊട്ടാവാടി നാമ്പിനൊമ്പം  ജീരകം ചേർത്തരച്ച് കഴിക്കുക.

∙ അലർജിക്ക് സാധ്യതയുണ്ടെന്ന് സംശയം തോന്നുന്ന ഭക്ഷണപദാർത്ഥങ്ങൾ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കുക.

∙ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. 

∙ പഴകിയ തുണികൾ, പേപ്പറുകൾ, പുസ്തകങ്ങൾ തുടങ്ങിയവയൊന്നും വീട്ടിൽ സൂക്ഷിക്കരുത്.ആവശ്യമുള്ളവ മാത്രം തുടച്ചു വൃത്തിയായി വയ്ക്കുക.

∙ ഫാൻ, ജനാലകൾ, വാതിൽ തുടങ്ങിയവ പൊടിപിടിക്കാതെ നോക്കണം.

∙ അടുക്കള നിത്യവും തുടച്ച് വൃത്തിയാക്കണം.

∙ പൊടിയുള്ള വസ്തുക്കളുമായി ഇടപഴകുമ്പോഴും തൂക്കുമ്പോഴുമൊക്കെ മൂക്ക് തൂവാല കൊണ്ട് കെട്ടുന്നതും ഗ്ലൗസ് ധരിക്കുന്നതും നന്നായിരിക്കും.

∙ ആസ്മ രോഗികളുള്ള വീട്ടിൽ പുകവലി ഒഴിവാക്കുക.

∙വീട്ടുപരിസരത്ത് അലർജിക്ക് കാരണമാകുന്ന പൂമ്പൊടി ഉൽപാദിപ്പിക്കുന്ന ചെടികൾ നട്ടു വളർത്തരുത്.

∙ വീട്ടിൽ പൊടി അടിഞ്ഞു കൂടി കിടക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം

ആസ്മ സ്ഥിരമായി വരുന്നവർ തിരക്കുകളിൽ നിന്നൊഴിഞ്ഞ് ശുദ്ധവായു തരുന്ന സ്ഥലങ്ങളിൽ താമസിക്കുകയാകും ഉചിതം. ആസ്മ വേണ്ടവിധം ചികിത്സിച്ചില്ലെങ്കിൽ അപകടകാരിയായേക്കാവുന്ന ഒരു രോഗമാണ്. സൂക്ഷ്മതയുള്ള ജീവിത ചര്യയും വിദേശ വൈദ്യ സേവനവും ഈ രോഗത്തിന് അനിവാര്യമാണ്.