Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഹാരം പാചകം ചെയ്യുമ്പോൾ വരുത്തുന്ന തെറ്റുകൾ

cooking

നമ്മൾ സാധാരണ മൂന്നു രീതികളിലാണ് പാചകം ചെയ്യുന്നത്. ഒന്ന് ആവിയിൽ പുഴുങ്ങുക, പിന്നെ സാധാരണ മട്ടിൽ വെള്ളം ചേർത്ത് തിളപ്പിച്ച് വേവിക്കുക, മൂന്നാമത് എണ്ണയിലും മറ്റും വറുത്തെടുക്കുക.

ഇതിൽ ഏറ്റവും ആരോഗ്യകരം ആവിയിൽ പുഴുങ്ങുന്നതുതന്നെയാണ്. ഇഡ്ഡലി, ഇലയട, പുട്ട്, ഇടിയപ്പം തുടങ്ങിയ പലഹാരങ്ങളാണ് പൊതുവേ ആവിയിൽ പുഴുങ്ങി എടുക്കാറുള്ളത്. അടുത്തത് സാധാരണ വേവിക്കുന്ന രീതി. കഴിയുന്നതും കറികളും മറ്റും പാചകം ചെയ്യുവാൻ ഏറ്റവും കുറച്ച് വെള്ളം ഉപയോഗിക്കുക. ഇനി അഥവാ വെള്ളം കൂടുതലായാൽ തന്നെ, നമ്മൾ സാധാരണ ചെയ്യാറുള്ളതു പോലെ അത് ഊറ്റിക്കളയാതിരിക്കുക. ആ വെള്ളം മറ്റൊരു പാത്രത്തിൽ എടുത്തുവച്ച് വെള്ളം കുടിക്കേണ്ടിവരുമ്പോൾ സൂപ്പ് പോലെ ഉപയോഗിക്കാം. അതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ടാകും.

ഭക്ഷണം അടച്ചുവച്ച് വേവിക്കുന്നതാണ് നല്ലത്. പച്ചക്കറികളെല്ലാം പകുതിയോ മുക്കാലോ വേവിച്ചാൽ മതി. തേങ്ങ അരച്ചതും മറ്റും ചേർക്കേണ്ട കറികൾക്ക് ആ ചേരുവകൾ സ്റ്റൗ ഓഫ് ചെയ്തതിനു ശേഷം മാത്രം ചേർത്തിളക്കുക. തേങ്ങ വളരെ അമൂല്യമായ വസ്തുവാണ്. അതിന്റെ ഗുണങ്ങൾ വേവിച്ച് നഷ്ടപ്പെടുത്തരുത്. വേവിക്കാതെ ചേർത്താൽ രുചി കൂടുകയേയുള്ളൂ.

അരി വേവിക്കാൻ നമുക്ക് രണ്ടു രീതികളുണ്ട്. വെള്ളം വറ്റിച്ച് വേവിക്കുന്നതും വേവിച്ച ശേഷം വാര്‍ത്തെടുക്കുന്നതും. വാർക്കുമ്പോൾ അതിന്റെ പോഷകങ്ങൾ നമ്മൾ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. വറ്റിച്ചെടുക്കുമ്പോൾ പോഷകങ്ങൾ ഇങ്ങനെ നഷ്ടപ്പെടുകയില്ല. അതിനൊരുദാഹരണമാണ് ആയുർവേദത്തിലെ കഷായം ഉണ്ടാക്കൽ.

കഞ്ഞിവെള്ളം കുടിച്ചാൽ സ്റ്റാർച്ചിന്റെ അളവ് കൂടും, പ്രമേഹം പിടിപെടും എന്നാണ് മുൻവിധി. ഈ വാദമേ യുക്തിക്കു നിരക്കുന്നതല്ല. പ്രകൃതിദത്തമായ ഭക്ഷണം, പ്രകൃതി പറയുന്ന രീതിയിൽ കഴിച്ചാൽ ഒരു രോഗവും വരികയില്ല. അങ്ങനെയൊരു ശീലം നിങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യം തിരിച്ചുകൊണ്ടുവരും. ഉന്മേഷവും ഉത്സാഹവും ആനന്ദവും വേണമെങ്കില്‍ ആരോഗ്യം കൂടുയേ കഴിയൂ. അതിന്റെ ആദ്യപടി ഭക്ഷണങ്ങളുടെ ശരിയായ ക്രമീകരണം തന്നെയാണ്.

എൻ. വെങ്കിടകൃഷ്ണൻ പോറ്റിയുടെ 'നല്ല ഭക്ഷണശീലങ്ങൾ' എന്ന ബുക്ക് വാങ്ങാം