Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മ മാത്രമല്ല, കുഞ്ഞിന് ആരോഗ്യമുണ്ടാകാൻ അച്ഛനും കഴിക്കണം ‘നല്ല’ ഭക്ഷണം

pregnancy care

നല്ല പുളിയുള്ള മാങ്ങ തിന്നാൻ കൊതി തോന്നുമ്പോൾ ഒരു കുല മാങ്ങ മുന്നിൽ, നട്ടപ്പാതിരായ്ക്ക് മസാലദോശ തിന്നാൻ തോന്നിയാൽ ഹോട്ടൽ കുത്തിത്തുറന്നിട്ടാണെങ്കിലും സംഗതി എത്തിക്കും, കുടംപുളിയിട്ട മീൻകറിക്കു വാശിപിടിച്ചാലും ഒരു മുടക്കവും വരാതെ പാകം ചെയ്തു കൊടുക്കും...എല്ലാം ഭാര്യയുടെ ആരോഗ്യത്തിനു വേണ്ടിയാണ്, അവളുടെ വയറ്റിൽ ഇടയ്ക്ക് കുഞ്ഞുതൊഴികളും കൊടുത്തുറങ്ങുന്ന കുരുന്നിനു വേണ്ടിയും. 

കുഞ്ഞിന്റെ ആരോഗ്യത്തിനു വേണ്ടി ഗർഭകാലത്ത് അമ്മമാർക്ക് പ്രത്യേക ശുശ്രൂഷകളും ഭക്ഷണക്രമവും വരെയുണ്ട്. പക്ഷേ അമ്മയുടെ മാത്രമല്ല അച്ഛൻ കഴിക്കുന്ന ഭക്ഷണവും കുഞ്ഞുങ്ങളുടെ ആരോഗ്യത്തിൽ നിർണായക പങ്കു വഹിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഗർഭധാരണത്തിനു മുൻപ് ഭർത്താവ് കഴിക്കുന്ന ഭക്ഷണമാണ്  കുഞ്ഞിന്റെ ആരോഗ്യത്തെ സ്വാധീനിക്കുക. അന്നജം (കാർബോഹൈഡ്രേറ്റ്) കുറഞ്ഞതും പ്രോട്ടിന്റെ തോത് വൻതോതിലുമുള്ള ഭക്ഷണമാണ് അച്ഛൻ കഴിക്കുന്നതെങ്കിൽ അത് കുഞ്ഞിന് ഏറെ ആരോഗ്യം പകർന്നു നൽകും. പക്ഷേ പ്രോട്ടിൻ കുറഞ്ഞതും  അന്നജം കൂടിയതുമായ ഭക്ഷണമാണെങ്കിൽ അത് കുഞ്ഞുങ്ങൾക്ക് ദോഷകരമാകും

പഴ ഈച്ചകളിൽ നടത്തി ഗവേഷണമാണ് ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിച്ചത്. അന്നജം കൂടിയതും പ്രോട്ടിൻ കുറഞ്ഞതുമായ ഭക്ഷണം കഴിക്കുന്ന പഴ ഈച്ചകൾക്കുണ്ടാകുന്ന കുഞ്ഞുങ്ങൾ അധികകാലം ജീവിച്ചിരുന്നില്ലെന്നായിരുന്നു കണ്ടെത്തൽ. പഴ ഈച്ചകളുടെ ഭക്ഷണക്രമത്തിൽ പല തരത്തിൽ മാറ്റം വരുത്തിയിട്ടായിരുന്നു പരീക്ഷണം. കാലറിയും അന്നജവും പ്രോട്ടിനുമെല്ലാം പലതരത്തിൽ കലർത്തിയാണു നൽകിയത്. പെൺ ഈച്ചകൾക്കാകട്ടെ ഒരേതരം ഭക്ഷണം തന്നെ നൽകി. പഴ ഈച്ചകളുടെയും മനുഷ്യന്റെയും ജീനുകൾ തമ്മിൽ 60 ശതമാനം സാമ്യമുണ്ടെന്നതാണ് അവയെത്തന്നെ ഗവേഷണത്തിനു തിരഞ്ഞെടുക്കാൻ കാരണം. 

ഈ സാഹചര്യത്തിലാണ് അമ്മ മാത്രമല്ല അച്ഛനും കുഞ്ഞിന്റെ ആരോഗ്യം പരിഗണിച്ച് സ്വന്തം ഭക്ഷണകാര്യത്തിൽ ശ്രദ്ധ വേണമെന്ന് വിദഗ്ധർ നിർദേശിക്കുന്നതും.  മത്സ്യം, മാംസം, പച്ചക്കറികൾ, പഴം എന്നിവയടങ്ങിയ ഭക്ഷണമാണ് ആരോഗ്യമുള്ള കുട്ടികളെ ആഗ്രഹിക്കുന്ന പുരുഷന്മാർ കഴിക്കേണ്ടത്. പാസ്ത, ചോറ്, റൊട്ടി തുടങ്ങിയവ കുറയ്ക്കണമെന്നും നിർദേശിക്കുന്നു. പഞ്ചസാരയും മധുരപലഹാരങ്ങളായ കേക്കും ബിസ്കറ്റുമെല്ലാം കുറയ്ക്കുന്നതാണ് നല്ലത്. 

അച്ഛന്റെ ജനിതകപരമല്ലാത്ത മറ്റെന്തെല്ലാം ഘടകങ്ങളാണ് കുഞ്ഞിനെ സ്വാധീനിക്കുന്നത് എന്നായിരുന്നു സിൻസിനാറ്റി സർവകലാശാല ഗവേഷകരുടെ പഠനം. അന്തരീക്ഷവായുവിലെ വിഷവസ്തുക്കളുടെ സ്വാധീനവും പഠനവിധേയമാക്കി. ഇവ ശ്വസിക്കുന്ന പുരുഷന്മാരിൽ നിന്ന് വിഷഘടകങ്ങൾ ബീജം വഴി കുട്ടികളിലേക്ക് കടക്കുന്നുണ്ടോ എന്നായിരുന്നു അന്വേഷിച്ചത്. അന്തരീക്ഷത്തിൽ നിന്ന് പുരുഷനിലേക്കു കടക്കുന്ന പല വസ്തുക്കളും ചില ജീനുകളെ നിർജീവമാക്കുന്നതായും ചിലതിനെ സജീവമാക്കുന്നതായും കണ്ടെത്തി. ഇത്തരത്തിൽ വരുന്ന മാറ്റങ്ങളും പിന്നീട് ജനിതകമായി തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടേക്കാം. പ്രൊസീഡിങ്സ് ഓഫ് ദ് റോയൽ സൊസൈറ്റി ജേണലിൽ വിശദമായ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

Read More Health News