Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടിയെക്കുറിച്ച് ഈ പരാതികൾ നിങ്ങൾക്കുണ്ടോ? എങ്കിൽ ജാഗ്രതൈ!

Saketh Model : Saketh Santhosh

ഒരു നിമിഷം പോലും അടങ്ങിയിരിക്കില്ല, തക്കം കിട്ടിയാൽ വലിഞ്ഞുകയറാവുന്നിടത്തെല്ലാം കയറിയിരിക്കും. വഴക്കു പറഞ്ഞാൽ രണ്ടു മിനിറ്റ് നേരത്തേക്ക് അടങ്ങിയിരിക്കും പിന്നെയും തഥൈവ. പുറത്തെങ്ങും കൊണ്ടുപോകാനേ പറ്റില്ല, കടകളിൽ കൊണ്ടുപോയാൽ വേണ്ടാത്ത സാധനങ്ങളൊന്നും കാണില്ല, വാങ്ങി കൊടുത്തില്ലെങ്കിലോ തറയിൽ കിടന്ന് ഉരുണ്ട്, കരഞ്ഞ് ബഹളംവച്ചാകും പ്രതികരിക്കുക. സ്കൂളില കാര്യം ഇതിലും കഷ്ടമാണ്. ഒരു നിമിഷംപോലും സീറ്റിൽ ഇരിക്കില്ലെന്നതാണ് സ്ഥിരം പരാതി. ക്ളാസിൽ പഠിപ്പിക്കുന്നതൊന്നും ശ്രദ്ധിക്കില്ല. മറ്റു കുട്ടികളെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. ഇങ്ങനെയിങ്ങനെ പോകുന്നു ചില കുട്ടികളെക്കുറിച്ചുള്ള പരാതികൾ.  എന്തുകൊണ്ടാണീ കുട്ടികൾ ഇങ്ങനെയൊക്കെ പെരുമാറുന്നതെന്നറിയാമോ? നാടൻ ഭാഷയിൽ ‘അവനിത്തിരി പിരുപിരുപ്പ് കൂടുതലാണെന്ന്’ പറയും. എന്നാൽ  ഇതിനെ എഡിഎച്ച്ഡി (Attention Deficit And Hyperactivity Disorder)  എന്നാണ് വിദഗ്ധർ വിശേഷിപ്പിക്കുന്നത്. ഇതിനു പിന്നിലെ കാരണങ്ങൾ പലതാണ്. 

എന്താണ് എഡിഎച്ച്ഡി ?

നാഡീവ്യൂഹത്തിലെ വികാസത്തെ ബാധിക്കുന്ന ഒരു തകരാറ് അഥവാ കുട്ടികളിൽ ഉണ്ടാവുന്ന ശ്രദ്ധയില്ലായ്മ, കണക്കിലേറെ പ്രസരിപ്പ് മുതലായ പെരുമാറ്റ വൈകല്യങ്ങളെ ഒറ്റവാക്കിൽ എഡിഎച്ച്ഡി എന്ന് പറയാം. സ്കൂൾക്കുട്ടികളിൽ പതിനൊന്നിൽ ഒരാൾക്ക് എന്ന കണക്കിൽ എഡിഎച്ച്ഡി സ്ഥീരീകരിച്ചിട്ടുണ്ട്. സ്കൂൾകാലത്തിനു മുൻപു തന്നെ ഇത്തരം കുട്ടികൾ എഡിഎച്ച്ഡി ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. നാലു വയസ്സിന് മുൻപ് അതായത് പ്രീ സ്കൂൾ കുട്ടികളിൽ 40 ശതമാന‌ത്തിലും ഇപ്പോള്‍ ഈ തകരാറ് ഉള്ളതായി പഠനങ്ങൾ കാണിക്കുന്നു. ഇതിപ്പോൾ ഒരു സാധാരണമായ ഒരു മാനസിക തകരാറായി മാറിയിരിക്കുന്നു. 

എങ്ങനെ തിരിച്ചറിയാം?

ജനിച്ച് ആദ്യ മൂന്ന് മാസം മറ്റു കാരണങ്ങളൊന്നുമില്ലാതെ കുട്ടി ക്രമാതീതമായി കരയുക, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, ഭക്ഷണത്തോട് വിരക്തി, ഭക്ഷണ പദാർഥങ്ങൾ വിഴുങ്ങാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവ പിന്നീട് സ്വഭാവവൈകല്യത്തിലേക്ക് (എഡിഎച്ച്ഡി) നയിക്കുമെന്ന് പഠനങ്ങൾ പറയുന്നു. 

എഡിഎച്ച്ഡി ഉണ്ടാകാനുള്ള കാരണങ്ങൾ

∙ എഡിഎച്ച്ഡി യുെട പ്രധാന കാരണം ജീനിന്റെ പ്രവർത്തനമാണെന്ന് പഠനങ്ങൾ പറയുന്നു

∙ പരിസ്ഥിതിയിലെ ഈയത്തിന്റെ (lead) അളവ് കൂടുന്നത് കുട്ടികളിൽ ഹൈപ്പർ ആക്ടിവിറ്റി കൂടാൻ കാരണമാകുന്നു.

∙ ‌‌തലച്ചോറിന്റെ വികാസത്തിലെ തകരാറുകൾ

∙ ഗർഭാവസ്ഥയിൽ അമ്മ ഉപയോഗിച്ച ചില മരുന്നുകൾ, മദ്യപാനം, പുകവലി തുടങ്ങിയവ

∙ മാസം തികയാതെ ജനിക്കുന്ന കുട്ടികളിൽ ഈ അവസ്ഥ കണ്ടുവരുന്നു

എഡിഎച്ച്ഡി  എത്ര തരം?

സാധാരണയായി മൂന്നു തരം എഡിഎച്ച്ഡി ആണ് കണ്ടുവരുന്നത്. 

1. സുശക്തമായ ചുറുചുറുക്ക്‌  അഥവാ Predominantly hyperactive-  ഇത്തരക്കാരിൽ ഹൈപ്പർ ആക്ടിവിറ്റി അധികമാണെങ്കിലും ശ്രദ്ധയില്ലായ്‌മ അത്രയ്ക്ക് ഉണ്ടാകില്ല.

2. ശക്തമായ ശ്രദ്ധയില്ലായ്‌മ – ഇത്തരക്കാരിൽ ഹൈപ്പർ ആക്ടിവിറ്റി അധികമുണ്ടാകില്ലെങ്കിലും അശ്രദ്ധ കൂടുതലായിരിക്കും.

3. ഇത് രണ്ടും ചേർന്നത്– .സുശക്തമായ ചുറുചുറുക്കും ശക്തമായ ശ്രദ്ധയില്ലായ്‌മയും ചേരുമ്പോഴുണ്ടാകുന്ന ഇത്തരം എഡിഎച്ച്ഡി ആണ് ഏറെ അപകടകരം. 

എഡിഎച്ച്ഡിയുടെ അടയാളങ്ങളും ലക്ഷണങ്ങളും കൂടിവന്നാൽ ഏഴു വയസ്സിനു മുൻപുതന്നെ കണ്ടുതുടങ്ങും. ഇതിന്റെ ചില ലക്ഷണങ്ങൾ താഴെപ്പറയുന്നു

1. ഒരുതരത്തിലും അടങ്ങിയിരിക്കാൻ ഇവർക്കാകില്ല. ഏത് സമയത്തും ഞെളിപിരികൊള്ളുക എന്നത് ഇവരുെട ലക്ഷണമാണ്.‌

2. നിർബന്ധമായും ഒരിടത്ത് ഇരിക്കേണ്ട അവസ്ഥയിൽപ്പോലും അടങ്ങിയിരിക്കാൻ പറ്റാതെ വരിക.

3. സാഹചര്യം പോലും നോക്കാതെ ഒാടി നടക്കുക, അവിടെയും ഇവിടെയും വലിഞ്ഞു കയറുക, മുതിർന്നവർ പറഞ്ഞാലും അനുസരിക്കാതിരിക്കുക

4. മറ്റു കുട്ടികൾക്കൊപ്പം കളികളിലും മറ്റും പങ്കടുക്കുമ്പോൾ വഴക്കുണ്ടാക്കുക.

5. അനാവശ്യമായ സംസാരം.‍

6. ചോദ്യം ചോദിച്ചു തീരും മുന്‍പേ ഉത്തരം പറയാനുള്ള വ്യഗ്രത.

7. തന്റെ ഊഴം എത്തുന്നതുവരെ കാത്തിരിക്കാൻ ഇത്തരക്കാർക്കാവില്ല.

8. മറ്റുള്ളവർ സംസാരിക്കുമ്പോഴും കഴിക്കുമ്പോഴും ഇടയിൽ കയറുക.

ശ്രദ്ധയില്ലായ്മയാണ് ഇത്തരക്കാൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഒരു കാര്യത്തിൽ ഏറെനേരം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇവർക്കാവില്ല.  അവർക്ക് താൽപര്യമില്ലാത്ത കാര്യം പെട്ടെന്നു മടുക്കും. എന്നാൽ അവർക്കിഷ്മുള്ള കാര്യം ആസ്വദിച്ചു ചെയ്യും. 

ഇവർ സ്ഥിരമായി ദിവാസ്വപ്നം കാണുന്നവരും ഉദാസീനരും വളെര വേഗം ആശയക്കുഴപ്പത്തിലാകുന്നവരുമാണ്. മറ്റ് കുട്ടികളെപ്പാേലെ കാര്യങ്ങൾ പെട്ടെന്നും ശരിയായും ഗ്രഹിക്കാൻ പ്രയാസമായിരിക്കും. പാഠഭാഗങ്ങളിൽ വരുത്തുന്ന തെറ്റുകൾ എന്താണെന്നുപോലും മനസ്സിലാകണമെന്നില്ല. ഹോം വർക്ക്  അവരെ സംബന്ധിച്ച് ബാലികേറാമലയാണ്.  മറ്റുള്ളവരുെട നിർബന്ധത്തിന് അതു ചെയ്താലും മുഴുവൻ വെട്ടും തിരുത്തലുമായിരിക്കും. പലപ്പോഴും ബുക്കും മറ്റും മറന്നു വയ്ക്കും. ചിലപ്പോൾ മറ്റു കുട്ടികളുടെ ബുക്കും മറ്റുമാകും മാറി െകാണ്ടുവരുന്നത്. 

മറ്റു കാരണങ്ങൾ

കുടുംബ പ്രശ്നങ്ങളും കുടുംബാംഗങ്ങളുടെ മാനസിക നിലയും മുതൽ മറ്റുള്ളവരുമായുള്ള കുടുംബാംഗങ്ങളുടെ ഇടപെടല്‍ രീതികൾ വരെ കുട്ടികളിലെ എഡിഎച്ച്ഡിക്ക് കാരണമാകാം. 

എല്ലാ കുട്ടികളും ഹൈപ്പർ ആക്ടിവിറ്റി ഉള്ളവരാണോ?

ചെറിയ ഏകാഗ്രതക്കുറവും ഉയർന്ന നിലയിലുള്ള ചുറുചുറുക്കും കുട്ടികളിൽ സാധാരണയാണ്. എന്നാൽ എഡിഎച്ച്ഡി കുട്ടികളിൽ ഇവയുടെ അളവ്്  സാധാരണയിലും അധികമായിരിക്കും. അവരുടെ പ്രവൃത്തികൾ സ്കൂളിലും വീട്ടിലും കളിസ്ഥലത്തും മറ്റും പ്രശ്നങ്ങൾ ഉണ്ടാക്കുന്ന തരത്തിലായിരിക്കും. അതവരുെട സൗഹൃദങ്ങളെപ്പോലും ബാധിക്കും. എന്നാൽ സ്കൂളിൽ പ്രശ്നക്കാരും വീട്ടിൽ നല്ല കുട്ടികളുമാണെങ്കിൽ അത് എഡിഎച്ച്ഡി ആവണമെന്നില്ല, അതുപോലെതന്നെ തിരിച്ചും. 

യൗവനാരംഭമാകുന്നതോടെ എഡിഎച്ച്ഡി കുട്ടികളിലെ ഹൈപ്പർ സ്വഭാവം പതിയെ കുറഞ്ഞു വരുന്നത് കാണാം. എന്നാൽ ശ്രദ്ധക്കുറവും അടുക്കും ചിട്ടയും ഇല്ലായ്മയും സ്വയം കാര്യങ്ങൾ ചെയ്യാനുള്ള കഴിവില്ലായ്മയും ഇത്തരം കുട്ടികളിൽ അപ്പോഴുമുണ്ടാകും.  ഇത്തരം സ്വഭാവ വൈകല്യങ്ങൾ പ്രായം കൂടുന്തോറും പ്രശ്നമായി മാറുന്നു.  യൗവനത്തോടെ ഇത് മദ്യപാനം, മയക്കുമരുന്നുപയോഗം, ഡ്രൈവിങ്ങിെല ശ്രദ്ധയില്ലായ്മ, സ്കൂൾ പഠനം പൂർത്തീകരിക്കാതിരിക്കുക, ജോലിയിലെ പ്രശ്നങ്ങൾ, ജോലി നഷ്ടമാകൽ തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾക്കു വരെ കാരണമാകാം. 

എഡിഎച്ച്ഡിയുടെ ലക്ഷണങ്ങൾ ആൺകുട്ടികളിലാണ് കൂടുതൽ കണ്ടു വരുന്നത്. പെൺകുട്ടികളിൽ അതിന്റെ അളവ് വളരെ കുറവാണ്. അത് അതിസൂക്ഷ്മവും തിരിച്ചറിയാനോ പറയാനോ ബുദ്ധിമുട്ടേറിയതുമാണ്. 

ചെറിയ പ്രായത്തിൽത്തന്നെ ഇത് തിരിച്ചറിഞ്ഞ് വേണ്ട ചികിത്സ നൽകിയില്ലെങ്കിൽ ഭാവിയിൽ അത് പഠനവൈകല്യമായും ഭീകരമായ സ്വഭാവ വൈകല്യമായും മാറും. എത്രയും നേരത്തെ ചികിത്സ നൽകുന്നുവോ അത്രയും നല്ലത്. സ്വാഭാവികമായും ചികിത്സയിലൂടെ പരിഹരിക്കാൻ സാധിക്കുന്ന ഒരു വൈകല്യമാണിത്. 

ഡോ. നീന ഷെലിൻ

ഡെവലപ്മെന്റൽ പീഡിയാട്രിഷ്യൻ

സൺറൈസ് ഹോസ്പിറ്റൽ, കൊച്ചി

Read More : Health and Wellbeing, Health and fitness