Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞുങ്ങളുടെ ഓരോ ചലനവുമറിയാം ബേബി മോണിറ്ററിലൂടെ

baby-care

സ്വന്തം കുഞ്ഞുങ്ങളുടെ കാര്യത്തില്‍ എല്ലാ മാതാപിതാക്കള്‍ക്കും ആശങ്കയാണ്. ചെറിയ കുഞ്ഞുങ്ങളുടെ കാര്യം ആണെങ്കില്‍ പറയുകയും വേണ്ട. ഗര്‍ഭം ധരിക്കുന്നതു മുതല്‍ കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും മാതാപിതാക്കള്‍ക്ക് നൂറുനൂറു സംശയങ്ങളുടെ കാലമാണ്. പണ്ടത്തെ കാലത്തെ അപേക്ഷിച്ച് ഇന്ന് അണുകുടുംബങ്ങളാണ് അധികവും. കൂട്ടുകുടുംബത്തില്‍ വളര്‍ന്നു വരുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കളെക്കാള്‍ അച്ഛനും അമ്മയും മാത്രമുള്ള കുടുംബങ്ങളില്‍ കുഞ്ഞുങ്ങള്‍ വളരുമ്പോള്‍ സ്വാഭാവികമായും ഇത്തരം ആശങ്കകള്‍ ഏറും. കുഞ്ഞിനു ആവശ്യത്തിനു തൂക്കമുണ്ടോ, ഭക്ഷണത്തിന്റെ അളവ് ശരിയാണോ അങ്ങനെ സംശയങ്ങളുടെ കൂമ്പാരം തന്നെയാകും അച്ഛനമ്മമാരുടെ  മനസ്സില്‍. 

എങ്കില്‍ ഇതാ അമേരിക്കയിലെ അറ്റ്ലാന്റയിലെ ക്രസ്റ്റ്ല്‍ കിങ് എന്ന  അമ്മയെയും അവരുടെ ആറു മാസക്കാരന്‍ മകന്‍ അവേരിയെയും ഒന്ന് പരിചയപ്പെടാം. അവേരിയുടെ ശരീരഊഷ്മാവ്, ഭക്ഷണസമയം, ഹൃദയമിടിപ്പ് എന്നിവയെല്ലാം കിങ് പരിശോധിക്കുന്നത് തന്റെ മൊബൈല്‍ ഫോണ്‍ വഴിയാണ്. കുഞ്ഞിനു വിശക്കാന്‍ സമയമായോ, അവന്റെ ഉറക്കസമയം എന്നിവയെല്ലാം മൊബൈലിലെ ഒരു ആപ്പ് വഴിയാണ്  ഈ അമ്മ അറിയുന്നതെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ ?

 ഈ അമ്മയും മകനും ഒരു ഉദാഹരണം മാത്രം.  ശാസ്ത്രം പുരോഗമിച്ചതനുസരിച്ച് മനുഷ്യന്റെ ദിനചര്യകള്‍ക്കും ആവശ്യത്തിനും അനാവശ്യത്തിനും ഇന്നു പലതരം ഉപകരണങ്ങള്‍ ലഭ്യമാണ്. എന്നാല്‍ കുഞ്ഞുങ്ങളുടെ വളര്‍ച്ചാഘട്ടം അളക്കുന്ന ഈ ന്യൂ ജനറേഷന്‍ ഉപകരണം മാതാപിതാക്കള്‍ക്ക് ഒരു സഹായിയായി മാറിയിരിക്കുന്നു.  കുഞ്ഞിന്റെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ഒരു മോണിറ്റര്‍ വഴിയാണ് ഈ വിവരങ്ങള്‍ അമ്മയുടെ മൊബൈല്‍ ഫോണിലേക്ക് എത്തുന്നത്.

ആപ്പിള്‍ വാച്ചുകള്‍ ആളുകള്‍ കയ്യില്‍ കെട്ടി നടക്കുന്നതുപോലെയാണ് കുഞ്ഞുങ്ങളുടെ ദേഹത്ത് ഘടിപ്പിക്കുന്ന ഈ മോണിറ്ററിന്റെ പ്രവര്‍ത്തനം എന്ന് അറ്റ്ലാന്റ ചില്‍ഡ്രൻസ് മെഡിക്കല്‍ ഗ്രൂപ്പിലെ ശിശുരോഗവിദഗ്ധ ഡോക്ടര്‍ ജെന്നിഫര്‍ പറയുന്നു. 

മോണിറ്ററുകള്‍ ഒരു ബേസ് സ്റ്റേഷനുമായി വിവരങ്ങള്‍ കൈമാറുന്നു. തുടര്‍ന്നാണ്‌ മാതാപിതാക്കളുടെ ഫോണിലേക്ക് വിവരങ്ങള്‍ അയക്കുന്നത്. വിപണിയില്‍ ഇത്തരത്തില്‍ ഇന്ന് നിരവധി ഉപകരണങ്ങള്‍ ലഭ്യമാണ്. എന്നാല്‍ കുഞ്ഞുങ്ങളുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്ത് വേണം മാതാപിതാക്കള്‍ ഓരോന്നും തിരഞ്ഞെടുകേണ്ടതെന്നും ഡോക്ടര്‍ ഓർമിപ്പിക്കുന്നു.

 ഏത് ഉപകരണമായാലും അതിനൊരു ദോഷവശം ഉണ്ടാകുക സ്വാഭാവികം. വിദേശരാജ്യങ്ങളില്‍ ഇന്ന് ഇത്തരം ചൈല്‍ഡ്  ഡെവലപ്പ്മെന്റ് മോണിറ്ററിങ് ഉപകരണങ്ങള്‍ വ്യാപകമാണ്. ഇതുവഴി കുഞ്ഞിന്റെ ആരോഗ്യകാര്യങ്ങളില്‍  തീരുമാനം എടുക്കാന്‍ പാടില്ലെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

കുഞ്ഞിനു പനിയോ മറ്റ് അസ്വസ്ഥതകളോ ഉള്ളപ്പോള്‍ ചൂട് നോക്കാനായി ഇവ ഉപയോഗിക്കാം എന്നാല്‍ അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഒരു ഡോക്ടറുടെ സഹായം തേടുക തന്നെ വേണം. അതുപോലെ തന്നെ മൂന്നു മാസത്തിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന പനി വളരെയധികം സൂക്ഷിക്കേണ്ടതാണ്. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഇത്തരം ആപ്പുകള്‍ ഒരിക്കലും സഹായകമാകില്ല. ഒരു വിദഗ്ധഡോക്ടറുടെ സേവനം തന്നെയാണ് ഇത്തരം അവസരങ്ങളില്‍ വിനിയോഗിക്കേണ്ടത്.

ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ് ആഡ്മിനിസ്ട്രേഷൻ ( Food and Drug Administration) ഇത്തരത്തിലുള്ള ഒരു ഉപകരണങ്ങള്‍ക്കും നിലവില്‍ അംഗീകാരം നല്‍കിയിട്ടില്ല. വിപണിയിലെ ഇത്തരത്തിലുള്ള പല ഉപകരണങ്ങളും തെറ്റായ വാഗ്ദാനം നല്‍കുന്നതായും ഇവര്‍ പറയുന്നു. കുഞ്ഞുങ്ങളുടെ ജീവന് അപകടകരമായ നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്ന വിധം ഇവ ഉപയോഗിക്കരുതെന്നും വിദഗ്ധര്‍ പറയുന്നു. എന്നാല്‍ കുഞ്ഞിനെ ചികിത്സിക്കുന്ന ഡോക്ടറുമായി ഇതിലെ വിവരങ്ങള്‍ കൈമാറുന്നതില്‍ അസ്വാഭാവികത ഇല്ല.

കുഞ്ഞിന്റെ ഹൃദയമിടിപ്പറിയാന്‍ കയ്യില്‍ കെട്ടാന്‍ കഴിയുന്ന റിസ്റ്റ്ബാൻഡുകള്‍, ഒക്സിജന്‍ അളവ് അറിയാനായി സ്മാര്‍ട്ട്‌ സോക്ക്സ്,  ദേഹത്ത് ഘടിപ്പിക്കുന്ന ബേബി മോണിറ്റര്‍ ബട്ടന്‍, മൊബൈല്‍ ഫോണുകളിലേക്ക് ബന്ധിപ്പിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്‌ തെര്‍മോമീറ്ററുകള്‍ എന്നീ ഉപകരണങ്ങള്‍ ഇന്ന് സുലഭമാണ്. കുഞ്ഞുങ്ങളെ  നിരീക്ഷിക്കാനായി വീടുകളില്‍ ക്യാമറ വരെ ഉപയോഗിക്കുന്ന ഇക്കാലത്ത് ഭാവിയില്‍ ഈ ബേബി മോണിറ്ററുകളുടെ സ്ഥാനം  ഡ്രോണുകള്‍ ഏറ്റെടുക്കുമോ എന്ന് കാത്തിരുന്നു കാണാം. സാങ്കേതികവിദ്യ എത്ര പുരോഗമിച്ചാലും മാതാപിതാക്കളുടെ നേരിട്ടുള്ള ശ്രദ്ധയ്ക്കും പരിചരണത്തിനും പകരമല്ല ഇതൊന്നും എന്നതും ഓര്‍മിക്കേണ്ടതാണ്.

Read More : Health and Wellbeing