Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അച്ഛനും അമ്മയ്ക്കും ആരെയാണ് കൂടുതലിഷ്ടം' ?

Family Models: Saketh Santhosh, Jaya Unnithan, Savanth Santhosh

'അച്ഛനും അമ്മയ്ക്കും ആരെയാണ് കൂടുതലിഷ്ടം' ? രണ്ടു കുട്ടികളുള്ള വീടുകളില്‍ ഈ ചോദ്യം കേള്‍ക്കാത്ത മാതാപിതാക്കള്‍ ഉണ്ടാകില്ല. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും ഈ ചോദ്യം നിങ്ങളുടെ കുഞ്ഞിന്റെ മനസ്സില്‍ നിന്നും എങ്ങനെ ഉണ്ടായി എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ?

കുടുംബത്തിലേക്ക് രണ്ടാമതൊരു കുട്ടി കൂടി വരുന്നത് സന്തോഷം തന്നെയാണ്. എന്നാല്‍ മിക്കവീടുകളിലും പുതിയൊരംഗം കടന്നു വന്നത് മൂത്തകുട്ടിയുടെ മനസ്സില്‍ സന്തോഷത്തിനൊപ്പം ചില ആശങ്കകളും ജനിപ്പിച്ചേക്കാം. അതുവരെ തനിക്കു മാത്രം ലഭിച്ചു കൊണ്ടിരുന്ന സ്നേഹം പകുത്തു നല്‍കേണ്ടി വരുമോ എന്ന പേടി തന്നെയാണ് ഇതിനു കാരണം. എന്നാല്‍ ചിലയിടത്ത് ഇത് മറിച്ചും സംഭവിക്കാം.തന്നേക്കാള്‍ പ്രാധാന്യം ചേട്ടന് അല്ലെങ്കില്‍ ചേച്ചിക്ക് കിട്ടുന്നുവെന്ന് ഇളയകുട്ടിയും പരാതിപ്പെട്ടേക്കാം.

മാതാപിതാക്കള്‍ക്ക് മക്കള്‍ എല്ലാവരും ഒരുപോലെ തന്നെയാണ്. എന്നാല്‍ ഇളയകുട്ടികളോട് അച്ഛനും അമ്മയ്ക്കും ഒരല്‍പം വാത്സല്യം കൂടുതലാണോ? ഇത് ശരി വയ്ക്കുന്നതാണ് ലണ്ടനിലെ ബ്രിങ്ഹാം സർവകലാശാലയിലെ പഠനങ്ങള്‍. മൂത്ത കുട്ടിയെ അപേക്ഷിച്ചു അച്ഛനമ്മമാരുടെ ലാളന ഒരൽപ്പം കൂടി ലഭിക്കുന്നത് ഇളയ കുട്ടിക്കു തന്നെയാണ്. മൂത്തകുട്ടിയേക്കാള്‍ മാതാപിതാക്കളോട് ഒരല്‍പം സ്വാര്‍ത്ഥപരമായ സ്നേഹം ഇളയകുഞ്ഞുങ്ങള്‍ കാണിക്കാറുമുണ്ടെന്ന് പഠനത്തില്‍ പറയുന്നു.  എന്നാല്‍ ഓരോ കുട്ടിയേയും വ്യത്യസ്തതരത്തിലാണ് ഇത് ബാധിക്കുക.

ചില കുട്ടികള്‍ ഇതിനെ കാര്യമാക്കില്ല, എന്നാല്‍ ചില കുഞ്ഞുങ്ങളെ ഇത് വൈകാരികമായി ബാധിക്കും. കൗമാരപ്രായത്തിലുള്ള കുട്ടികളുള്ള മുന്നൂറുകുടുംബങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. എന്നാല്‍ മൂന്നു കുട്ടികളുള്ള കുടുംബങ്ങളില്‍ നടുവിലെ കുട്ടിയെ ഇത്തരം പ്രശ്നങ്ങള്‍ അധികം അലട്ടുന്നില്ല എന്നും ഇവര്‍ പറയുന്നു.  

വീട്ടിലൊരു ചെറിയ കുഞ്ഞും ഒരല്പം മുതിര്‍ന്ന കുട്ടിയും ഉണ്ടെങ്കില്‍ രണ്ടുപേരോടും ഒരേപോലെ ഇടപെടാന്‍ ചിലപ്പോള്‍ മാതാപിതാക്കള്‍ക്ക് സാധിക്കില്ല. സ്വാഭാവികമായി ഇളയ കുഞ്ഞിനു ശ്രദ്ധ ഒരല്‍പം കൂടുതല്‍ നല്‍കേണ്ടതുണ്ട്. എന്നാല്‍ ഈ സാഹചര്യം മൂത്തകുഞ്ഞിനെ പറഞ്ഞു മനസ്സിലാക്കുകയാണ് വേണ്ടത്.

 അതുപോലെ തന്നെ ചില വീടുകളില്‍ രണ്ടു കുട്ടികള്‍ തമ്മില്‍ നല്ല പ്രായവ്യത്യാസം ഉണ്ടാകും. അങ്ങനെ വരുമ്പോള്‍ മാതാപിതാക്കള്‍ ചിലപ്പോള്‍ ഇളയകുട്ടി എന്തു പറഞ്ഞാലും നീ ചെറുതാണ് എന്നു പറഞ്ഞ് അവഗണിക്കാറുണ്ട്. ഇതും ശരിയായ പ്രവണതയല്ല. കുഞ്ഞുങ്ങള്‍ ഏതു പ്രായമായാലും ശരി അവരെ നിങ്ങള്‍ കേള്‍ക്കുന്നുണ്ട് എന്ന് അവര്‍ക്ക് ബോധ്യമാകണം. ഇത് ഭാവിയില്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ ഉപകരിക്കും. 

ഒരിക്കലും മൂത്തകുട്ടിയെയും ഇളയകുട്ടിയെയും തമ്മില്‍ താരതമ്യം ചെയ്യാതിരിക്കുക. ഓരോ കുട്ടിയും വ്യത്യസ്ത പ്രകൃതക്കാരാണ്. അതുപോലെ കുട്ടികളില്‍ ഒരാളോടു മാത്രം അമിതവാത്സല്യം പ്രകടിപ്പിക്കരുത്.

 കുഞ്ഞുങ്ങള്‍ എത്രയായാലും ശരി അവരില്‍ സ്നേഹവും ആത്മവിശ്വാസവും വളര്‍ത്താനാണ് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്. കുഞ്ഞുങ്ങള്‍ക്ക്‌ തുല്യപരിഗണ നൽകുക വഴി അവരില്‍ സുരക്ഷിതത്വബോധവും പരസ്പരസ്നേഹവും വളര്‍ത്താന്‍ അച്ഛനമ്മാര്‍ ശ്രദ്ധിക്കണം.

Read More : Health Magazines