Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെറും വയറ്റിൽ വെള്ളം കുടിച്ചാലുള്ള 10 ആരോഗ്യഗുണങ്ങൾ

drinking-water

സാധാരണ ദാഹിക്കുമ്പോഴോ ഭക്ഷണം കഴിച്ചതിനു ശേഷമോ ഭക്ഷണത്തിൽ എരിവു കൂടിയാലോ ആണ് വെള്ളം അന്വേഷിക്കുന്നത്. എന്നാൽ എപ്പോഴാണ് വെള്ളം കുടിക്കേണ്ടത് എന്നു ചോദിച്ചാൽ ഉത്തരം വെറും വയറ്റിൽ എന്നായിരിക്കും.

നമ്മുടെ ശരീരത്തിൽ 70 % വെള്ളമാണ്. വെള്ളം ആരോഗ്യത്തിനു ഗുണകരമാണെന്ന കാര്യം നിഷേധിക്കാനുമാവില്ല. വെള്ളമാണ് നമ്മുടെ ശരീരത്തിലെ രാജാവ്. ഇത് ശരീരത്തിലെ ഓരോ അവയവങ്ങളുടെയും സുഗമമായ പ്രവർത്തനത്തെ സഹായിക്കുന്നു.

ദാഹത്തിനുള്ള ഏറ്റവും നല്ല ഉത്തരം സോഫ്റ്റ്‌ ഡ്രിങ്കോ ജ്യൂസോ അല്ല ശുദ്ധജലമാണ്. എന്നാൽ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിലെ പല പ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ്. ഇതിന്റെ പത്തു ഗുണങ്ങൾ താഴെപ്പറയുന്നു.

1 . ചയാപചയ പ്രവർത്തനങ്ങളെ വേഗത്തിലാക്കുന്നു

നിങ്ങൾ ഡയറ്റിങ്ങിൽ ആണെങ്കിൽ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് മെറ്റബോളിസത്തെ 25% കൂട്ടുന്നു. ഇതുമൂലം ഭക്ഷണം പെട്ടന്ന് ദഹിക്കുകയും ക്രമേണ ശരീരഭാരം കുറയുകയും ചെയ്യുന്നു. ദിവസവും നാല് ലിറ്റർ വെള്ളം ശരീരത്തിന് ഉത്തമമാണ്.

2. രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നു

ശരീരത്തിന്റെ ആരോഗ്യത്തിനും രക്ഷയ്ക്കും വെള്ളം അത്യാവശ്യമാണെന്ന് നമുക്കറിയാം. കൂടാതെ തുലനാവസ്ഥ നിലനിർത്താൻ നാം വെള്ളം കുടിച്ചേ തീരൂ. വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കുകയും പല രോഗങ്ങളെയും ചെറുക്കുകയും  ചെയ്യും.

3. വയറിനെ ശുദ്ധീകരിക്കുന്നു

വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ദഹനനാളിയെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു. ധാരാളം വെള്ളം കുടിക്കുമ്പോൾ അതു പുറത്തു കളയാനുള്ള ത്വര ശരീരത്തിനുണ്ടാകും. ഇങ്ങനെ ദിനവും ചെയ്യുകയാണെങ്കിൽ വയർ ശുദ്ധീകരണം സ്വാഭാവികമായും സംഭവിക്കും.

4. ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ പുറത്തുകളയുന്നു

മൂത്രമൊഴിക്കുമ്പോഴെല്ലാം ശരീരത്തിലെ വിഷാംശങ്ങൾ വെള്ളത്തിന്റെ രൂപത്തിൽ പുറത്തുകളയുന്നു. എത്രത്തോളം വെള്ളം നിങ്ങൾ കുടിക്കുന്നോ ഏകദേശം അത്ര തന്നെ മൂത്രമായി പുറത്തേക്കു പോകുന്നു. ഇങ്ങനെ നിങ്ങളുടെ ശരീരം വിഷപദാർത്ഥങ്ങളെ പുറത്തു കളഞ്ഞ് ശരീരം വൃത്തിയാക്കി രോഗങ്ങളിൽ നിന്നു സംരക്ഷിക്കുന്നു.‌

5. മൈഗ്രേൻ തടയുന്നു

തലവേദനയോ മൈഗ്രേനോ ഉണ്ടാകാനുള്ള പ്രധാന കാര്യങ്ങളിൽ ഒന്ന് ശരീരത്തിലെ ജലം കുറയുന്നതാണ്. നിർജലീകരണം ആണ് തലവേദനയുടെ പ്രധാന കാരണം. വെറും വയറ്റിലും നിശ്ചിതമായ ഇടവേളകളിട്ട് തുടർച്ചയായും വെള്ളം കുടിക്കുന്നത് തലവേദനയെ ഒഴിവാക്കാനുള്ള പ്രകൃതിദത്ത മാർഗ്ഗമാണ്. ഇതു മാത്രമല്ല ധാരാളം വെള്ളം കുടിക്കുന്നത് ദന്താരോഗ്യത്തിനും വായ്പുണ്ണുവരാതിരിക്കാനും സഹായിക്കും.

6. ശരീരഭാരം കുറയ്ക്കുന്നു

ധാരാളം വെള്ളം കുടിക്കുന്നത് ശരീരഭാരം വളരെ പെട്ടന്ന് കുറയ്ക്കുന്നു. ജലത്തിന് കലോറിയില്ല എന്നതുകൊണ്ടുതന്നെ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് വയർ നിറഞ്ഞിരിക്കാൻ സഹായിക്കുന്നു. ഇതിന് മറ്റു ദോഷഫലങ്ങൾ ഇല്ല. വെളളം മെറ്റബോളിസത്തെ വേഗത്തിലാക്കുന്നതുമൂലം കലോറി വേഗത്തിൽ ദഹിച്ചു തീരുന്നു.

7. പ്രഭാത ഭക്ഷണം കൃത്യസമയത്ത്

വെള്ളം കുടിക്കുന്നതു മൂലം വയർ കൃത്യമായി ശുദ്ധമാക്കപ്പെടുന്നു. ഇത് പ്രഭാത ഭക്ഷണം കൃത്യസമയത്ത് കഴിക്കാൻ സഹായിക്കുന്നു.

8. നിറം വർധിപ്പിക്കുന്നു

നിറം വർധിക്കുന്നതിനും തിളക്കമുള്ള ചർമം ഉണ്ടാകുന്നതിനും ഉള്ള എളുപ്പവഴി ധാരാളം വെള്ളം കുടിക്കുന്നതാണ്. വിഷാംശങ്ങൾ കൂടി ചേർന്നിരിക്കുന്നതു മൂലമാണ് ശരീരത്തിൽ കറുത്ത പാടുകൾ ഉണ്ടാകുന്നത്. ഈ വിഷാംശങ്ങളെ പുറത്തു കളയാൻ വെള്ളം സഹായിക്കുന്നു. കൃത്യമായ മലവിസർജനം വൃത്തിയുള്ളതും തിളക്കമുള്ളതുമായ ചർമമുണ്ടാകാൻ സഹായിക്കും. വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ഈ പ്രക്രിയയെ വോഗത്തിലാക്കുന്നു.

9. ഉൻമേഷം വർധിപ്പിക്കുന്നു

വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ക്ഷീണവും അലസതയും ഉറക്കവും നശിപ്പിച്ച് ഊർജസ്വലരാക്കുന്നു. വെള്ളം രക്തത്തിലെ ചുവന്ന രക്താണുക്കളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതുമൂലം കൂടുതൽ ഓക്സിജനുണ്ടാക്കുന്നു. ഇത് ഉൻമേഷം കൂട്ടുന്നു.

10. മലാശയത്തെ ശുദ്ധീകരിക്കുന്നു

വെറും വയറ്റിൽ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് കെട്ടിക്കിടക്കുന്ന മാലിന്യത്തെ പെട്ടെന്ന് പുറംതള്ളാനും പോഷകാംശങ്ങളെ എളുപ്പം വലിച്ചെടുക്കാനും സഹായിക്കുന്നു. വയറിനു മറ്റ് അസ്വസ്ഥതകൾ ഉണ്ടാകാത്തതിനാൽ ശരീരവും ആരോഗ്യകരമായി ഇരിക്കുന്നു.

Read More : Health and Wellbeing