Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിരന്തരം സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്യുന്നയാളാണോ നിങ്ങള്‍? രോഗമാണ്, സൂക്ഷിക്കണം...

selfie

മൂന്നു വര്‍ഷം മുന്‍പാണ്. ഒരു പാശ്ചാത്യമാധ്യമത്തില്‍ വന്ന വാര്‍ത്ത വായിച്ച പലരും ആശയക്കുഴപ്പത്തിലായി. സത്യത്തില്‍ ഇങ്ങനെയൊന്നുണ്ടോ എന്നായി ഭൂരിപക്ഷം പേരുടെയും ചിന്ത. അമേരിക്കന്‍ സൈക്യാട്രിക് അസോസിഷേന്‍ ‘സെല്‍ഫൈറ്റിസി’നെ ഒരു മാനസിക രോഗമായി അംഗീകരിച്ചു എന്നതായിരുന്നു വാര്‍ത്ത. 

സെല്‍ഫിയെടുത്തു വട്ടായിപ്പോയതാണെന്നു നമ്മള്‍ ചിലരെ കളിയാക്കാറില്ലേ, അതു തന്നെ സംഗതി. അമിതമായി സെല്‍ഫിയെടുത്ത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നത് ഒരു രോഗമായി അംഗീകരിച്ചുവെന്നതായിരുന്നു സംഗതി. ഇതു പലരും വിശ്വസിക്കുകയും ചെയ്തു. സെല്‍ഫൈറ്റിസ് എന്ന വാക്കും ലോകം ആദ്യമായി കേള്‍ക്കുകയായിരുന്നു. എന്നാല്‍ ആ വാര്‍ത്ത ഒരു തമാശയായിരുന്നു, ഒരു സ്പൂഫ് റിപ്പോര്‍ട്ട്! ചില ഗവേഷകരും ഇതു കണ്ടിരുന്നു. അവര്‍ ഒരു കാര്യം തീരുമാനിച്ചു. സെല്‍ഫൈറ്റിസ് എന്ന അവസ്ഥ യഥാര്‍ഥത്തില്‍ നിലനില്‍ക്കുന്നുണ്ടോയെന്നു പരിശോധിക്കാന്‍. 

നോട്ടിങ്ങാം ട്രെന്റ് സര്‍വകലാശാലയും മധുരയിലെ ത്യാഗരാജര്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റുമാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. സെല്‍ഫിയെടുക്കുന്നതിനിടെ ഏറ്റവുമധികം പേര്‍ കൊല്ലപ്പെടുന്ന രാജ്യത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യ. 2014-16 കാലത്ത് ലോകത്തുണ്ടായ സെല്‍ഫിയുമായി ബന്ധപ്പെട്ട മരണങ്ങളില്‍ 60 ശതമാനവും ഇന്ത്യയിലായിരുന്നു. ഏറ്റവുമധികം ഫെയ്‌സ്ബുക് ഉപയോക്താക്കളുള്ള രാജ്യങ്ങളില്‍ ഒന്നാംനിരയിലാണെന്നതും ഇന്ത്യയെ പഠനത്തിന്റെ ഭാഗമാക്കുന്നതിനു പ്രധാനകാരണമായി. അങ്ങനെ അറുനൂറോളം പേരില്‍ നടത്തിയ പഠനത്തില്‍ അക്കാര്യം വ്യക്തമായി-തുടരെത്തുടരെ സെല്‍ഫിയെടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് ഒരുതരം മാനസിക പ്രശ്‌നമാണ്. അതായത് സെല്‍ഫൈറ്റിസ് എന്നത് നുണയല്ല, സത്യമാണ്. 

ഇക്കാര്യം വ്യക്തമായതോടെ ഈ അവസ്ഥയെ പലതരത്തിലാക്കി തരംതിരിക്കാനും ഗവേഷകര്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി ഒരു ചോദ്യാവലി തയാറാക്കി ഒട്ടേറെ പേര്‍ക്കു നല്‍കി. സെല്‍ഫിയെടുക്കുന്നത് എനിക്കു ചുറ്റിലുമുള്ള എല്ലാറ്റിനെയും ആസ്വദിക്കാന്‍ സഹായിക്കുന്നു, സമൂഹമാധ്യമങ്ങളില്‍ എനിക്ക് ഏറെ പ്രധാന്യം ലഭിക്കുന്നു, മാനസികസമ്മര്‍ദം കുറയ്ക്കാനും ആത്മവിശ്വാസം കൂട്ടാനും സെല്‍ഫി സഹായിക്കുന്നു, എന്റെ സാമൂഹിക ഔന്നത്യം വര്‍ധിപ്പിക്കാന്‍ സെല്‍ഫി സഹായിക്കുന്നു. സുഹൃത്തുക്കള്‍ എന്നെ കൂടുതല്‍ ഇഷ്ടപ്പെടാന്‍ സെല്‍ഫി സഹായിക്കുന്നു, സെല്‍ഫിയെടുക്കാത്തപ്പോള്‍ എനിക്ക് ഒറ്റപ്പെട്ടതു പോലെ തോന്നുന്നു...തുടങ്ങിയ കാര്യങ്ങളാണ് ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയത്. ഇവയെല്ലാം ഓരോരുത്തരും എത്രമാത്രം അംഗീകരിക്കുന്നുവെന്ന് എഴുതണം. പൂര്‍ണമായും അംഗീകരിക്കുന്നു മുതല്‍ നിരാകരിക്കുന്നു വരെയുള്ള ഉത്തരങ്ങള്‍ പരിശോധിച്ച് ഗവേഷകര്‍ ഓരോരുത്തര്‍ക്കും മാര്‍ക്കിട്ടു. അതു വിലയിരുത്തിയപ്പോഴാണ് സെല്‍ഫൈറ്റിസ് ‘ബാധിക്കുന്നവര്‍’ പല തരക്കാരുണ്ടെന്നു മനസ്സിലായത്. 

ബോര്‍ഡര്‍ലൈന്‍, അക്യൂട്ട്, ക്രോണിക് എന്നിങ്ങനെ മൂന്നു വിഭാഗത്തിലാണ് ഇത്തരക്കാരെ ഉള്‍പ്പെടുത്തിയത്. ബോര്‍ഡര്‍ലൈന്‍ പേരുപോലെത്തന്നെ അതിരുവിടാത്ത സെല്‍ഫി പ്രേമമാണ്. അത്തരക്കാര്‍ ദിവസവും കുറഞ്ഞത് മൂന്നു തവണയെങ്കിലും സെല്‍ഫിയെടുക്കും, അതുപക്ഷേ എവിടെയും പോസ്റ്റ് ചെയ്യില്ല. അക്യൂട്ട് വിഭാഗത്തില്‍പ്പെട്ടവര്‍ ദിവസവും ചറപറ സെല്‍ഫിയെടുക്കും, അത് ഓണ്‍ലൈനില്‍ പോസ്റ്റും ചെയ്യും.  ഇവര്‍ക്കു പക്ഷേ സെല്‍ഫിയെടുക്കുന്ന കാര്യത്തില്‍ ചെറിയൊരു കണ്‍ട്രോളൊക്കെയുണ്ട്. എന്നാല്‍ ആ നിയന്ത്രണവും ഇല്ലാത്ത വിഭാഗക്കാരെയാണ് ക്രോണിക് അഥവാ അതീവഗുരുതര സെല്‍ഫൈറ്റിസ് ബാധിതരായി കണക്കാക്കുന്നത്. ഓരോ സെക്കന്‍ഡിലും സെല്‍ഫിയെടുക്കുന്ന തോന്നലുകാരാണ് ഇവര്‍. അതും പോരാതെ സകല സമൂഹമാധ്യമങ്ങളിലും തുടരെത്തുടരെ അതെല്ലാം പോസ്റ്റും ചെയ്യും! ദിവസവും കുറഞ്ഞത് ആറുതതവണയെങ്കിലും ഇവരുടെ സെല്‍ഫി ഉറപ്പാണ്. 

മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുകയെന്നതാണ് ഈ അവസ്ഥ ബാധിക്കുന്നവരുടെ പ്രധാന ലക്ഷ്യം. തങ്ങള്‍ സമൂഹത്തിന്റെ ഒരു നിര്‍ണായക ഭാഗമാണെന്ന് ഉറപ്പിക്കണമെന്ന ലക്ഷ്യവുമുണ്ട്. സെല്‍ഫൈറ്റിസ് എന്ന അവസ്ഥയെ കൂടുതല്‍ പഠനവിധേയമാക്കണമെന്നാണ് ഗവേഷകരുടെ അഭിപ്രായം. മൊബൈല്‍ ഫോണുമായുള്ള മനുഷ്യരുടെ ബന്ധം നാള്‍ക്കുനാള്‍ കൂടുതല്‍ ശക്തമായി വരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ച്. ഇന്റര്‍നാഷനല്‍ ജേണല്‍ ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് അഡിക്ഷനിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.  

Read More : Health and Wellbeing