സ്ത്രീകളോടു സംസാരിക്കുമ്പോൾ നോട്ടം സ്വകാര്യഭാഗത്ത്

student
SHARE

പതിനെട്ടു വയസ്സുള്ള ഒരു വിദ്യാർത്ഥിയാണു ഞാൻ. ഇടയ്ക്കിടയ്ക്കു സ്വയംഭോഗം ചെയ്യാറുണ്ട്. ചെറുപ്പം മുതലേ ഞാൻ പെണ്ണുങ്ങളുമായി സംസാരിക്കാറില്ല. കാരണം അവരോടു സംസാരിക്കുമ്പോൾ എന്റെ ശ്രദ്ധ അവരുടെ സ്വകാര്യ ഭാഗങ്ങളിലേക്കാണ്. എത്ര ശ്രമിച്ചാലും അവിടേക്കുള്ള നോട്ടം എനിക്കു മാറ്റാനാവുന്നില്ല. അമ്മയോടോ അടുത്ത ബന്ധത്തിലുള്ള സ്ത്രീകളോടോ സംസാരിക്കുമ്പോൾ ഇങ്ങനെ തോന്നാറില്ല. എന്നാൽ മറ്റു സ്ത്രീകളോടു സംസാരിക്കുമ്പോൾ ഞാൻ അറിയാതെ തന്നെ എന്റെ നോട്ടം അവരുടെ സ്വകാര്യ ഭാഗങ്ങളിലേക്കാണ്. ഈ സ്വഭാവം മാറ്റാൻ എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ല. ഡോക്ടർ, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കൗൺസലിങ് ചെയ്യാനായി പോയിട്ടു പടിക്കലെത്തുമ്പോൾ നാണക്കേടോർത്തു ഞാൻ തിരിച്ചു പോരുകയാണ് പതിവ്. എന്റെ ഈ സ്വഭാവം മാറ്റാൻ എന്തു ചെയ്യണം.

–പ്രകാശ്, കോഴിക്കോട്

ഉത്തരം : ദൈവം മനുഷ്യനെ ആണും പെണ്ണുമായി വ്യത്യസ്തരായി സൃഷ്ടിച്ചു. പരസ്പരം ആകർഷകത്വവും നൽകി. അതില്ലായിരുന്നെങ്കിൽ മനുഷ്യരാശി നിലനിൽക്കില്ലായിരുന്നു. മനുഷ്യരിൽ ഓരോ കോശത്തിലും നാൽപത്തിയാറു ക്രോമസോമുകളുണ്ട്. പക്ഷേ, സ്ത്രീകളുടെ അണ്ഡത്തിലും പുരുഷന്മാരുടെ ബീജത്തിലും വിഭജനഭാഗമായി ഇരുപത്തിമൂന്നു ക്രോമസോമുകൾ മാത്രമേ ഉള്ളൂ. അണ്ഡവും ബീജവും ചേരുമ്പോഴാണ് പൂർണതയും ശാശ്വതീകരണ ചുവടുവയ്പും ജീവൻ തന്നെയും ലഭിക്കുന്നത്. സ്ത്രീയുടെ അണ്ഡത്തിന് ബീജസഹായമില്ലാതെ ഒരു കുഞ്ഞുണ്ടാകാൻ സാധിക്കുകയില്ല.

കൗമാരപ്രായത്തിലാണു ശരീരത്തിലും മനസ്സിലും ആൺ–പെൺ വ്യത്യാസങ്ങൾ പ്രകടമായി തുടങ്ങുന്നത്. കാലക്രമേണ നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നു പ്രതീക്ഷിക്കാം. പഠനത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുക. സ്ത്രീകളുടെ നഗ്ന ചിത്രങ്ങൾ കാണാതിരിക്കുക. അത്തരം സിനിമകളും കാണാതിരിക്കുക. കൂടുതൽ സമയം വ്യായാമത്തിനായി മാറ്റി വയ്ക്കുക. സ്ത്രൈണ വികാരങ്ങൾ ഉണർന്ന നിലയിലെത്തിയാൽ അവിടെ നിന്നായിരിക്കും വീണ്ടും ഉയരുന്നത്. അവസാനം സ്വയംഭോഗത്തിലായിരിക്കും എത്തിച്ചേരുന്നത്. വികാരങ്ങൾ ഉണർത്താതിരുന്നാൽ അമർത്താൻ ബുദ്ധിമുട്ടുണ്ടാകില്ല.

സ്ത്രീ–പുരുഷ ഹോർമോൺ അധിഷ്ഠിതമായി യുവതീയുവാക്കളിൽ വികാരങ്ങൾ സദാ അലതല്ലിക്കൊണ്ടിരിക്കുന്നു. വികാരവിത്തു മുളയിലെ നുള്ളിക്കളഞ്ഞില്ലെങ്കിൽ വികാര പാരവശ്യത്തിലേ ചെന്നുനിൽക്കുകയുള്ളൂ. ചിന്തകളകറ്റാതെ പതിയിരിക്കുന്ന ഒരു പ്രലോഭനവും അതിജീവിക്കുവാൻ സാധിക്കുകയില്ല. നിങ്ങളുടെ ബലഹീനത നിങ്ങൾതന്നെ. മനസ്സിലാക്കിയിരിക്കുന്നതിനാൽ അമ്മയോടും സഹോദരിമാരോടും കൂടുതൽ സംസാരിക്കുക. നിങ്ങളുടെ ഈ പ്രശ്നം വേറെ പല ചെറുപ്പക്കാർക്കും ഉള്ളതാണെന്നു മനസ്സിലാക്കുക. സംസാരിക്കുമ്പോൾ ആളുകളുടെ കണ്ണിലേക്കു നോക്കി സംസാരിക്കുക. കൗൺസലിങ് സഹായിക്കും. അതിനു നാണക്കേടു വിചാരിക്കേണ്ട കാര്യമില്ല. കുറേയൊക്കെ ഇതു വളർച്ചയുടെ ഒരു ഭാഗമായി കരുതാം. സ്വയം തെറ്റു മനസ്സിലാക്കിയ സ്ഥിതിക്കു മാറ്റിയെടുക്കാൻ എളുപ്പമായിരിക്കും. അപകർഷതാബോധം സൃഷ്ടിക്കാതിരിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA