ആരോഗ്യവും സന്തോഷവും നേടാൻ ചില വഴികൾ

happy-life
SHARE

സാമ്പത്തിക സുരക്ഷ, ആരോഗ്യം, വീട്, കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം, ജോലി, വിനോദം ഇതെല്ലാം നമുക്കു സന്തോഷം തരുമെന്നതു ശരി. പക്ഷേ, കൃത്യമായി മനസ്സിലാക്കി, നമുക്കു വേണ്ടതു മുന്നിൽകണ്ടു നടന്നില്ലെങ്കിൽ ഏറ്റവും വലിയ ടെൻഷനും ഇവയൊക്കെ തന്നെ. 

വീടിന് ജീവനുണ്ടാകട്ടെ: ജി.ശങ്കർ  ആർക്കിടെക്ട്

ആവശ്യവും അത്യാവശ്യവും തിരിച്ചറിഞ്ഞ് അത്യാവശ്യം മാത്രം ആദ്യം പണിയുക. പിന്നെ സാമ്പത്തിക പരിമിതികൾ മാറുന്നതനുസരിച്ചു വീട് വലുതാക്കാവുന്നതേയുള്ളൂ. വീട് അമ്മയുടെ മടിത്തട്ടു പോലെ സമാധാനം തരുന്നതാകണം. കരുതലോടെ, ജാഗ്രതയോടെയാകട്ടെ വീടിന്റെ രൂപകൽപന. നമ്മുടെ വീടിനു ജീവനും ആത്മാവും ഉണ്ടാകണം.

പഠനം സന്തോഷത്തോടെ: ബി. എസ്. വാരിയർ, വിദ്യാഭ്യാസ വിദഗ്ധൻ

സന്തോഷമെന്നതു മനോഭാവമാണ്. പണംകൊണ്ടോ വിജയംകൊണ്ടോ അതു കൈവരണമെന്നില്ല. പ്രയത്നത്തിൽ ആഹ്ലാദിക്കാം. വിദ്യാഭ്യാസം എന്നതു പിരിമുറുക്കം അനുഭവിക്കേണ്ട കാര്യമല്ല. കുട്ടികളുടെ അഭിരുചി കണക്കിലെടുത്തു തീരുമാനിക്കേണ്ടതാണ്. എല്ലാത്തരം കഴിവുള്ളവർക്കും ഇവിടെ അവസരമുണ്ട്. അതു കണ്ടെത്തുകയാണു പ്രധാനം.  ചെയ്തുതീർക്കാനുള്ള ജോലിയെപ്പറ്റി പിരിമുറുക്കമോ ആധിയോ വേണ്ട. കുട്ടികൾക്കു ടെൻഷൻ ഇല്ലാതെ, സന്തോഷത്തോടെ പഠിക്കാനും പരീക്ഷയെ നേരിടാനും സാഹചര്യമൊരുക്കാൻ രക്ഷിതാക്കൾക്കു കഴിയും, കഴിയണം.

പണം ആവശ്യത്തിനു മാത്രം: ഡോ. വി.എ. ജോസഫ്, സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ എംഡിയും സിഇഒയും

ആവശ്യത്തിനു മാത്രം പണം സമ്പാദിക്കുക, അത് ആവശ്യമനുസരിച്ചു മാത്രം ചെലവഴിക്കുക. വരുമാനത്തിനനുസരിച്ചു ചെലവുകൾ നിയന്ത്രിക്കാൻ കഴിഞ്ഞാൽ സന്തോഷം ഉറപ്പ്. കാശിനു പിന്നാലെയുള്ള ഓട്ടത്തിനു കുറച്ചു വിശ്രമം കൊടുത്താൽ സന്തോഷം നമ്മളെ തേടിയെത്തും. സാമ്പത്തികമുണ്ടെന്നതു മാത്രം ഒരിക്കലും സന്തോഷം ഉറപ്പു തരുന്നില്ല. ഓടി നടന്നു പണമുണ്ടാക്കുന്നതിനിടയിൽ ജീവിതത്തിലെ പല സന്തോഷങ്ങളും മാറ്റിവയ്ക്കേണ്ടി വരുന്നവർ ധാരാളമുണ്ട്. ഇങ്ങനെ നേടിയെടുക്കുന്ന പണത്തിന്റെ നല്ലൊരു ശതമാനവും ചെലവഴിക്കാറുമില്ല എന്നതാണു യാഥാർഥ്യം. 

Read More : ലോക സന്തോഷദിനത്തിൽ നിങ്ങൾ അറിഞ്ഞിരിക്കണം ഈ 9 പേരെ

അതൊക്കെ നടന്നോളുമെന്നേ: ഇന്ദ്രൻസ്

ഏതു പ്രശ്നത്തിനിടയിലും സംവിധായകൻ എം.പി.സുകുമാരൻ നായർ സാർ പറയും, ‘എന്തിനാണ് ടെൻഷടിക്കുന്നത്? അതൊക്കെ നടന്നോളും.’ അതൊരു നല്ല സന്തോഷമാർഗമല്ലേ. നമുക്കു മാത്രമാണു പ്രശ്നങ്ങളെന്ന ചിന്ത മുറുകുമ്പോൾ ചിരി മരിച്ചുപോകും. മനുഷ്യർ മാത്രമല്ല, സർവചരാചരങ്ങളും പ്രശ്നങ്ങൾ നേരിടുന്നു. പലതും നമ്മുടേതിനേക്കാൾ എത്രയോ വലുത്. വൃക്ഷങ്ങളെ ശ്രദ്ധിച്ചിട്ടില്ലേ? അവയ്ക്കു വേരുപടർത്താൻ സാധിച്ചില്ലെങ്കിൽ മറ്റൊരു സ്ഥലം കണ്ടെത്തും. പ്ലാവാണെങ്കിൽ വേണമെങ്കിൽ ചക്ക വേരിലും കായ്പിക്കും.

വ്യായാമം മറക്കരുത്: ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഹൃദയ ചികിൽസാ വിദഗ്ധൻ

ജോലിയുടെ തിരക്കുകൾക്കപ്പുറത്തുള്ള സന്തോഷം കണ്ടെത്താൻ ശ്രമിക്കണം. സൈക്ലിങ് ഉൾപ്പെടെയുള്ള വ്യായാമങ്ങളും യോഗയും മ്യൂസിക് തെറപ്പിയുമൊക്കെ ശാരീരിക– മാനസിക ആരോഗ്യത്തെ പോസിറ്റീവ് ആക്കും. മികച്ച ആരോഗ്യം സന്തോഷം കൊണ്ടുവരികയും ചെയ്യും. 

ജോലിക്കു പുറമെ എന്തിലാണു നമ്മൾ സന്തോഷിക്കുന്നതെന്നു കണ്ടെത്തുകയും അതു ചെയ്യുകയും ചെയ്താൽ കൂടുതൽ ഉന്മേഷവും ഊർജവും ഉണ്ടാകും. ആരോഗ്യപരമായി വളരെ മികച്ചതാണത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും മറക്കരുത്. 

Read More : Health and Wellbeing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA