ADVERTISEMENT

സസ്യാഹാര പ്രിയർക്ക് സന്തോഷിക്കാം; ആഹാരത്തിൽ സസ്യ പ്രോട്ടീൻ കൂടുതൽ ഉൾപ്പെടുത്തുന്നവർക്ക് ഹൃദ്രോഗം, ഡിമൻഷ്യ എന്നിവയുമായി ബന്ധപ്പെട്ടുള്ള മരണം കുറവാണെന്ന് ഗവേഷണഫലം. അമേരിക്കയിൽ 50നും 70നും ഇടയിൽ പ്രായമുള്ള ഒരു ലക്ഷം പേരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.  

മൃഗപ്രോട്ടീനെ അപേക്ഷിച്ച് സസ്യപ്രോട്ടീനെ ആശ്രയിക്കുന്നവർക്ക്  ഹൃദ്രോഗം മൂലമുള്ള മരണം 12 ശതമാനവും ഡിമൻഷ്യ മൂലമുള്ള മരണം 21 ശതമാനവും കുറവാണെന്നാണ് കണ്ടെത്തൽ. മാംസാഹാരം സ്ഥിരമായി ഉപയോഗിച്ചിരുന്നവരിൽ 20 ശതമാനം ആളുകൾ  ഡിമൻഷ്യ ബാധിതരായി.  മുട്ട സ്ഥിരമായി ഉപയോഗിച്ചിരുന്നവരിൽ 10 ശതമാനം പേർ കാൻസർ ബാധിച്ചു മരണത്തിനു കീഴടങ്ങി. 

ലോകമെമ്പാടുമുള്ള സസ്യാഹാര പ്രേമികൾക്ക് ആഹ്ലാദം പകരുന്നതാണ്  ഈ വിവരം.  അമേരിക്കയിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും പൊതുവേ ആയു‍ർദൈഘ്യം കൂടുതലായതുകൊണ്ട്  അവിടെ വയോജനങ്ങളുടെ പ്രധാന പ്രശ്നമാണ് ഡിമൻഷ്യ.  മധ്യവയസ്സിനു ശേഷമെങ്കിലും സസ്യപ്രോട്ടീൻ കൂടുതൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവർക്ക് മറവിരോഗത്തിന്റെ  ഭീഷണി കുറയുമെന്നാണ് കണ്ടെത്തൽ. പൊതുവേ മാംസാഹാര പ്രിയരാണെങ്കിലും രുചികരമായ സസ്യാഹാര വിഭവങ്ങളുടെ ചേരുവകളും പാചകവിധികളും കണ്ടെത്താനും പരീക്ഷിക്കാനും ധാരാളം പേർ ഇപ്പോൾ മുന്നിട്ടിറങ്ങുന്നു. മാംസം, പാൽ ഉൽപന്നങ്ങൾ, മുട്ട എന്നിവയുടെ ഉപയോഗം നന്നേ കുറച്ചും സസ്യവിഭവങ്ങൾ വർധിപ്പിച്ചും വൈവിധ്യമുള്ള ഭക്ഷണക്രമം ഒരുക്കാനാണ്  പോഷകാഹാര വിദഗ്ധരുടെ ഉപദേശം. എന്നാൽ പൂർണമായി സസ്യാഹാര രീതിയിലേക്ക് മാറുന്നവരുടെ എണ്ണം ഏറുകയാണ്.

  മൃഗപ്രോട്ടീനുമായി താരതമ്യം ചെയ്യുമ്പോൾ സസ്യപ്രോട്ടീനു കാലറിയും കൊഴുപ്പും കുറവും  നാരുകളും ആവശ്യപോഷകങ്ങളും കൂടുതലുമാണ്. മോണോ പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, ആന്റി ഓക്സിഡന്റുകൾ, വൈറ്റമിനുകൾ, ധാതുകൾ, ഫൈറ്റോകെമിക്കലുകൾ  എന്നീ ഘടകങ്ങളിലും സസ്യ ഭക്ഷണം മികച്ചു നിൽക്കും.

 കാലറി ഉപയോഗം കുറയുമ്പോൾ സ്വാഭാവികമായും ശരീരഭാരം കുറയും. അതു ഗുണകരമായ മറ്റൊരു കാര്യം. പ്രമേഹം നിയന്ത്രിക്കാനും കാൻസർ സാധ്യതയെ തടയാനും സസ്യപ്രോട്ടീനുകൾ സഹായകരം. ചുവന്ന മാസം, മുട്ട എന്നിവയിലടങ്ങിയിരിക്കുന്ന മൃഗപ്രോട്ടീനുകളിൽ  പൂരിത കൊഴുപ്പും കൊളസ്ട്രോളും വലിയ അളവിലുണ്ട്. ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്ന വില്ലനാണിത്.

എവിടെ നിന്നു കിട്ടും സസ്യപ്രോട്ടീ‍ൻ?

അതിനായി പ്രത്യേക അന്വേഷണമൊന്നും ആവശ്യമില്ല. നമ്മുടെ നിത്യോപയോഗത്തിലുള്ള അനേകം പച്ചക്കറികളും വിത്തുകളും പ്രോട്ടീൻ കലവറയാണ്. പലതും അവയുടെ വിസ്മയാവഹമായ ഗുണങ്ങൾ അറിയാതെയാണ് നാം കഴിക്കുന്നതെന്നു മാത്രം. 

∙സോയാ ബീൻസ്: സസ്യാഹാര ഭക്ഷണത്തിൽ പ്രോട്ടീന്റെ സമ്പന്നമായ ഉറവിടം. മനുഷ്യ ശരീരത്തിനു അത്യാവശ്യം വേണ്ട  ഒൻപത് അമീനോ ആസിഡുകളും അടങ്ങിയിട്ടുള്ളതു കൊണ്ട് രാജപദവിയാണ്. സാൻഡ്‌വിച്ചിലോ സൂപ്പിലോ മാംസത്തിനു പകരമായി ഉപയോഗിക്കാം. കാൽസ്യവും ഇരുമ്പും  നാരുകളും അടങ്ങിയിരിക്കുന്നത് അധിക നേട്ടം. 100 ഗ്രാം സോയ ചങ്ക്സിൽ 52 ഗ്രാം പ്രോട്ടീൻ ഉണ്ട്. ബീൻസിൽ 13.5 ഗ്രാമും. സോയ കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളനുസരിച്ച് പ്രോട്ടീന്റെ അളവിലും വ്യത്യാസം വരും. 

∙പയർ: നമ്മുടെ അടുക്കളയിലെ നിത്യ സാന്നിധ്യമായ പയറും ചില്ലറക്കാരനല്ല. ധാരാളം പ്രോട്ടീൻ, ഫൈബർ, ഇരുമ്പ്, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു. ഏതു സീസണിലും മാർക്കറ്റിൽ ലഭ്യമാണ്. വേവിച്ച പയർ ഒരു കപ്പിൽ 8. 84 ഗ്രാം പ്രോട്ടീനുണ്ട്.

∙നിലക്കടല: പ്രോട്ടീൻ സമ്പന്നവും ആരോഗ്യകരമായ കൊഴുപ്പുകൾ നിറഞ്ഞതും. ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തും. ഒരു കപ്പിൽ 20.5 ഗ്രാം പ്രോട്ടീൻ.

∙ ബദാം: ഒരു കപ്പിൽ അടങ്ങിയിരിക്കുന്നത് 16.5 ഗ്രാം പ്രോട്ടീൻ. കൂടാതെ വൈറ്റമിൻ ഇയുടെയും മികച്ച ഉറവിടം.  ചർമം, അസ്ഥികൾ എന്നിവയുടെ ആരോഗ്യത്തിനു ഗുണകരം.

∙വിത്തുകൾ: മത്തങ്ങാ വിത്ത് (ഒരു ഔൺസിൽ 9.2 ഗ്രാം) സൂര്യകാന്തി വിത്ത് (5.4 ഗ്രാം) ഫ്ലക്സ് സീഡ് (5.19 ഗ്രാം) എള്ള് (4.7 ഗ്രാം) തുടങ്ങിയവ പ്രോട്ടീന്റെ ശേഖരങ്ങളാണ്.  ഇവ നേരിട്ടോ മറ്റു വിഭവങ്ങളിൽ ചേർത്തോ കഴിക്കാം. മത്തങ്ങാ വിത്തും ഫ്ലക്സ‌് സീഡും ഉണക്കി പായ്ക്ക് ചെയ്തത് ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

മാംസാഹാരം പൂർണമായി ത്യജിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഭക്ഷണത്തിൽ അവയുടെ അളവു കുറയ്ക്കുകയും സസ്യവിഭവങ്ങളുടെ അളവ് കൂട്ടിക്കൊണ്ടുവരികയും ചെയ്യാം. ഡിമെൻഷ്യയെ പ്രതിരോധിക്കാനും ആരോഗ്യകരമായ ജീവിതത്തിനും മധ്യവയസ്സിനു ശേഷം സസ്യഭക്ഷണമാണ് കൂടുതൽ തുണയ്ക്കുക എന്നു അറിഞ്ഞിരിക്കണമെന്നു മാത്രം.

English Summary : Plant protein and dementia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com