Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധ്യാനിക്കുമ്പോൾ സംഭവിക്കുന്നതെന്ത്?

meditation

‘വാക്കുകൾക്ക് അതീതമായ ശാശ്വതമായ ആനന്ദത്തിന്റെ അമൃത് നുകരാൻ ഒരേയൊരു മാർഗമേയുള്ളു-ധ്യാനം’
ഒാഷോ

ധ്യാനത്തിന്റെ ഏറ്റവും മഹത്തായ ഗുണം ആനന്ദമനുഭവിക്കുകയാണെന്ന് നമ്മൾ നേരത്തേ മനസ്സിലാക്കിയിട്ടുണ്ട്. എന്നാൽ, ഈ ആനന്ദത്തിന്റെ രസതന്ത്രം എങ്ങനെയാണ് സംഭവിക്കുകയെന്നു കൂടി അറിയണം. നമ്മെ തന്നെ മനസ്സിലാക്കലാണ് ഏതൊരു ധ്യാനരീതിയുടേയും ആദ്യപടി. നമ്മുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന സ്ഥായിയായ ഊർജത്തെ ഒരു കുഴൽ കിണറിനകത്തെ ജലം എന്നപോലെ കണ്ടെത്തണം. ഈ കണ്ടെത്തലിനിടയിൽ നമ്മുടെ വ്യക്തി ത്വത്തിലും ജന്മസ്വരൂപത്തിലും അലിഞ്ഞു കിടക്കുന്ന തെറ്റുകളും ന്യൂനതകളും സ്വയം കണ്ടെത്താനാകും. ഈ തിരിച്ചറിയലിലാണ് ധ്യാനഗുണങ്ങൾ നമ്മെ തേടിയെത്തുന്നത്.

മാനസികമാറ്റം

വെറുപ്പ്, ഭയം, അമിതമായ ദേഷ്യം, അത്യാഗ്രഹം, കഠിനമായ ആസക്തി, സമയം തികയാത്ത അവസ്ഥ, നൈരാശ്യം, വിഷാദചിന്ത തുടങ്ങി മനസ്സിന്റെ പ്രക്രിയകൾ വിവിധങ്ങളാണ്. ഇവ നമ്മുടെ വ്യക്തിത്വത്തെയും സ്വഭാവത്തെയും കീഴടക്കി സമൂഹത്തിനു കൂടി ദോഷം ചെയ്യുന്നതായി മാറും. പൊതുവേ ഇത്തരം ചിന്തകൾ മനസ്സിനെ കീഴടക്കി കഴിഞ്ഞാൽ പിന്നെ നമ്മുടെ എല്ലാ പ്രവർത്തനങ്ങളെയും അതുബാധിക്കും. ഇത്തരക്കാർ പൊതുവേ ഒരു ശിക്ഷകന്റെയോ ഗുരുവിന്റെയോ നേതൃത്വത്തിൽ ധ്യാനം തിരഞ്ഞെടുക്കുന്നതാകും നല്ലത്.

വാർധക്യത്തെ അകറ്റും

ഇപ്പോൾ വിദേശ രാജ്യങ്ങളിലുൾപ്പെടെ ധ്യാനം കൂടുതൽ ശീലിക്കുന്നത് ആധ്യാത്മികത്തേക്കാൾ ഭൗതീകമായ ആവശ്യങ്ങൾക്കാണെന്നത് സത്യമാണ്‌. വൃദ്ധരുടെ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാനും വിദ്യാർഥികൾക്കിടയിലെ പരീക്ഷാസമ്മർദം കുറയ്ക്കാനുമാണ് ധ്യാനമാർഗങ്ങൾ ഇന്നുകൂടുതൽ ഉപയോഗിക്കുന്നത്.

ധ്യാനവും ഹോർമോണും

ഡിഎച്ച്ഇഎ-നമ്മുടെ ശരീരത്തിന്റെ യൗവനശേഷി കൂട്ടുന്ന ഈ ഹോർമോണിന്റെ കരുത്താണ് ഒാർമ, ലൈംഗികശേഷി, ഊർജസ്വലത എന്നിവ നിർണയിക്കുന്നത്. ഇവയുടെ അളവ് കുറയുമ്പോൾ തളർച്ചയും വാർധക്യവുമായി. ഇതിനോടൊപ്പം സ്ട്രെസ്സ് ഹോർമോൺ എന്നറിയപ്പെടുന്ന കോർട്ടിസോണിന്റെ ഉത്പാദനം കൂടുമ്പോൾ അകാല വാർധക്യം വന്നെത്തും ഡിഎച്ച്ഇഎയുടെ അളവ് കൂട്ടുകയാണ് ധ്യാനത്തിന്റെ പ്രധാനഗുണം. അതുപോലെ മെലാടോണിൻ, സെറാടോണിൻ എന്നീ സുഖ ഹോർമോണുകളുടെയും അളവ് കൂടുന്നു. ഇതിനാലാണ് അസ്വാസ്ഥ്യങ്ങൾ, മാറവി, ഉത്കണ്ഠ എന്നിവ കുറയുന്നത്. സ്ഥിരമായി ധ്യാനം ശീലിക്കുന്നവരുടെ ജീവശാസ്ത്രപ്രായം( ബയോളജിക്കൽ ഏജ്) ധ്യാനം ശീലിക്കാത്തവരേക്കാൾ 10 വർഷം വരെ കുറയുമെന്നു പറയുന്നതിന്റെ കാരണവും അതാണ്. നമ്മുടെ തലച്ചോറിലെ നെഗറ്റീവ് വികാരങ്ങളുടെ സ്രോതസ്സായി കണക്കാക്കുന്ന വലതു പ്രീ ഫ്രണ്ടൽ കോർട്ടക്സിന്റെ ശക്തിയായ പ്രവർത്തനങ്ങൾ കുറയുകയും പോസിറ്റീവ് സ്രോതസ്സായ ആൽഫാ മസ്തിഷ്ക തരംഗത്തിന്റെ പ്രവർത്തനം കൂടുകയും ചെയ്യുന്നതായി കണക്കാക്കപ്പെടുന്നു. മാത്രമല്ല, മാനസിക പിരിമുറക്ക സമയത്ത് രക്തത്തിൽ വർധിക്കുന്ന ടാക്ടൈറ്റ് എന്ന പദാർഥത്തിന്റെ അളവ് ധ്യാനം കഴിയുമ്പോൾ കുറയുന്നതായി പറയുന്നുണ്ട്. ശ്വാസകോശത്തിലും രക്തചംക്രമണ വ്യവസ്ഥയിലും പ്രശ്നങ്ങളുണ്ടാകുന്ന വർധിതമായ ഇഎസ്ആർ ഘടകത്തിന്റെ നില സമതുലിതമാക്കാനും ധ്യാനത്തിനു കഴിയുന്നുണ്ട്.

വാർധക്യം അകറ്റാനും ബുദ്ധി കൂട്ടാനും

മാനസികസമ്മർദം നമ്മെ അകാല വാർധക്യത്തിലേക്കു നയിക്കാം. സ്ട്രെസ് ഹോർമോണുകളുടെ അമിതോൽപാദനമാണ് ഇതിനു കാരണം. ഈ ഹോർമോൺ വർധനവിനെ ധ്യാനരീതികൾ വഴി ചെറുക്കാം. കൂടാതെ വാർധക്യത്തിലെ പ്രധാന പ്രശ്നങ്ങളായ ഉറക്കക്കുറവ്,മറവി, അസംതൃപ്തി തുടങ്ങിയവയ്ക്ക് ഒരു പരിധി വരെ പരിഹാരം ധ്യാനത്തിലുണ്ട്. ഉറക്കക്കുറവിനു കാരണമാകുന്ന ഹോർമോണുകളുടെ നിലയിൽ പോലും ധ്യാനത്തിനു വലിയ മാറ്റം വരുത്താൻ പറ്റും. അതുപോലെ മൈഗ്രേൻ, സൈനസൈറ്റിസ് പോലുള്ള രോഗാവസ്ഥകളിൽ ധ്യാനം സ്ഥിരമായി ശീലിച്ചാൽ നല്ല ഗുണം കിട്ടും. എന്തിന് കാൻസർ, ട്യൂമർ പോലുള്ള മാരകരോഗങ്ങളിൽ പോലും ഗുണം ചെയ്യുന്നതായി പഠനങ്ങളുണ്ട്. പഠനത്തിൽ അവശ്യം വേണ്ടത് ഗ്രഹണശേഷിയും ഏകാഗ്രതയും ഒാർമശക്തിയുമാണല്ലൊ. വിവിധ ധ്യാനമാർഗങ്ങളിലൂടെ പെട്ടെന്നുതന്നെ കുട്ടികളിലെ ഏകാഗ്രത കൂട്ടുനാകും. പഠനത്തോടു‌ള്ള താൽപര്യം. ശ്രദ്ധ, ആശയവിനിമയ ശേഷി, എന്നിവ വർധിപ്പിക്കാനും സാധിക്കും. ചില കുട്ടികൾ അധികമാരോടും സംസാരിക്കാതെ അന്തർമുഖരായി കാണുന്നില്ലേ, അത്തരക്കാർക്കും പിരിപി രുപ്പുള്ള കുട്ടികൾക്കും(എഡിഎച്ച്ഡി) ഒരുപോലെ പ്രയോജനപ്പെടുന്നധ്യാനമാർഗങ്ങളുണ്ട്. ഒാട്ടിസം, ഡിസ്ലെക്സിയ പോലുള്ള ബുദ്ധിവളർച്ചാപരമായ പ്രശ്നങ്ങൾക്കും ഗുണം ചെയ്യുന്ന ധ്യാനമാർഗങ്ങളുണ്ട്. എന്നാൽ ഇവശ്രദ്ധാപൂർവം തിരഞ്ഞെടുക്കണം. അതിനായി ഒാരോ ധ്യാനമാർഗങ്ങൾ വിശദമായി തന്നെ അറിയണം.