Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന്റി ബാക്ടീരിയൽ സോപ്പ് കുഞ്ഞിന് ദോഷകരമോ?

baby-bathing

കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചിനെ ഇല്ലാതാക്കും എന്നു പണ്ടുള്ളവർ പറയുന്നത് വെറുതെയല്ല. പിഞ്ചോമനകളുള്ള അമ്മമാർ കുഞ്ഞിനു വൃത്തിയുറപ്പാക്കാൻ വേണ്ടി ആൻറി ബാക്ടീരിയൽ സോപ്പ് അമിതമായി ഉപയോഗിച്ചാൽ പഴഞ്ചൊല്ല് സത്യമായിത്തീരും എന്നാണ് വാഷിങ്ടണിലെ ഗവേഷകർ പറയുന്നത്.

അതായത് കുഞ്ഞിന്റെയും അമ്മയുടെയും വസ്ത്രങ്ങൾ കഴുകാനും മുറി വൃത്തിയാക്കാനും വേണ്ടി ഏതെങ്കിലും ആൻറി ബാക്ടീരിയൽ സോപ്പ് ഉപയോഗിക്കുന്നത് ഇന്നു സാധാരണമാണ്. അടുക്കളപ്പണി കഴിഞ്ഞ് കുഞ്ഞിനെ ഓടിവന്നെടുക്കുമ്പോഴും ചില അമ്മമാർ ആന്റി ബാക്ടീരിയല്‍ സോപ്പ് ഉപയോഗിച്ച് കൈകഴുകാറുണ്ട്. ഇത്തരത്തിലുള്ള ആന്റി ബാക്ടീരിയൽ സോപ്പിന്റെ അമിത ഉപയോഗം കുഞ്ഞിനെ ദോഷകരമായി ബാധിച്ചേക്കാം.

സോപ്പിന്റെ അംശങ്ങൾ നേരിട്ടല്ലെങ്കിലും കുഞ്ഞിന്റെ വയറ്റിനകത്തെത്തിയാൽ കുഞ്ഞിന്റെ വയറിലെ നല്ല ബാക്ടീരിയകളെയും ഇതിലെ രാസപദാർഥങ്ങൾ കൊന്നൊടുക്കുന്നു. അതിന്റെ ഫലമായി കുഞ്ഞിന് തുടർച്ചയായി ഉദരസംബന്ധമായ രോഗങ്ങളും അസ്വസ്ഥതകളും വന്നേക്കാം. ഭക്ഷണം കഴിക്കുന്നത് ദഹിപ്പിക്കുന്നതിനുൾപ്പെടെ സഹായിക്കുന്ന ഗട്ട് ബാക്ടീരിയകളാണ് ഈ സോപ്പുകളുടെ അശാസ്ത്രീയ ഉപയോഗം മൂലം കൊല്ലപ്പെടുക.

നവജാത ശിശുക്കളുടെ അമ്മമാരും അവരെ പരിചരിക്കുന്ന ആയമാരുമാണ് ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തേണ്ടത്. മൃഗങ്ങളിൽ ആന്റി ബാക്ടരിയൽ സോപ്പ് ഉപയോഗിച്ച് നടത്തിയ പ്രാഥമിക പരീക്ഷണത്തെത്തുടർന്നാണ് മനുഷ്യക്കുഞ്ഞുങ്ങളിലും ഇതേ അപകടസാധ്യത നിലനിൽക്കുന്നുണ്ടെന്ന കണ്ടെത്തലിലേക്ക് ഗവേഷകർ എത്തിച്ചേർന്നത്.