Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൽപ്പം ശ്രദ്ധ രോഗങ്ങൾ ഒഴിവാക്കാം

careful-diseases

മഴ, വെയിൽ ഏത് എപ്പോൾ മാറി വരുമെന്നു പറയാൻ കഴിയാനാകാത്ത വിധം കാലാവസ്ഥയിൽ വ്യതിയാനങ്ങൾ ഏറെ. കർക്കടകത്തിൽ മഴ തകർത്തു പെയ്യുമെന്ന പ്രമാണങ്ങൾക്കൊപ്പം ചൂടും തണുപ്പും മാറി മാറി വരുന്ന പ്രകൃതിയുടെ മാറ്റങ്ങൾ രോഗങ്ങൾക്കു വഴി തുറക്കുന്ന കാലം ആണിപ്പോൾ. ജലദോഷവും പനിയും ചുമയും ഛർദിയും വ്യാപകം.

മഴയും പനിയും

മഴക്കാലത്തുണ്ടായിരുന്ന സാധാരണ ജലദോഷങ്ങൾക്കപ്പുറമായി പനികളും വ്യത്യസ്ത പേരുകളിൽ എത്തിയ കാലത്തു ചെറിയൊരു മഴ നനഞ്ഞാൽ തന്നെ കുട്ടികൾ പനിയുടെ പിടിയിലമരുന്നു. പനിക്കു മരുന്നു തേടി ആശുപത്രികളിലെത്തുന്ന കുട്ടികളുടെ എണ്ണം രണ്ടാഴ്ചയായി വർധിച്ചതായാണു കണക്കുകൾ. മഴയത്തു കളിക്കാനായി കുട്ടികൾക്ക് ആവേശം ഏറെയാണ്. ഒപ്പം രോഗം അവരുടെ ശരീരത്തിൽ പ്രവേശിക്കാനുള്ള സാധ്യതയും ഏറെ. കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്ഥ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും സന്ധിബന്ധങ്ങളിൽ വേദനകൾക്കും നീർക്കെട്ടിനും സാധ്യതയുളവാക്കും. ഉഷ്ണിച്ചാൽ ഉടൻ തന്നെ റഫ്രിജറേറ്റർ തുറന്നു തണുത്ത വെള്ളം കുടിക്കുന്നവരാണു കുട്ടികൾ. ദാഹിക്കുന്നുവെന്നു മക്കൾ പറ‍ഞ്ഞാൽ തണുത്ത സോഫ്റ്റ് ഡ്രിങ്ക്സുകൾ വാങ്ങിക്കൊടുക്കാൻ മാതാപിതാക്കളും തയാറാണ്. പക്ഷേ നീർക്കെട്ടും കഫക്കെട്ടും കുട്ടികൾക്കു സമ്മാനിക്കാൻ മാത്രമേ ഈ സ്നേഹത്തിനു കഴിയുള്ളു. മഴ നനയാതിരിക്കാൻ കുട്ടികൾക്കു കർശനമായ നിർദേശം നൽകണം. രോഗപ്രതിരോധ ശക്തി കുറഞ്ഞ കുഞ്ഞുങ്ങൾക്കു ചെറിയൊരു മഴ നനഞ്ഞാൽ തന്നെ പനി പിടിക്കുന്ന സാഹചര്യമാണ്.

സ്വയം ചികിൽസ വേണ്ട

എത്ര പറഞ്ഞാലും കേൾക്കില്ല. സൗകര്യം കിട്ടിയാൽ മഴ നനയും, വെള്ളത്തിൽ കളിക്കും. കുസൃതിക്കുടുക്കകളെക്കുറിച്ച് അമ്മമാരുടെ സ്ഥിരം പരാതിയാണിത്. പക്ഷേ പനി പിടിച്ചു കഴിഞ്ഞാൽ കൃത്യമായ ചികിൽസ ലഭ്യമാക്കുക എന്നതാണു പ്രധാന കാര്യം. പനി പിടിച്ചാൽ വച്ചുകൊണ്ടിരിക്കുകയും സ്വയംചികിൽസ നടത്തുകയും ചെയ്യുന്ന പ്രവണത ഒഴിവാക്കണം. ഡോക്ടറെ കാണിച്ചു മരുന്നു വാങ്ങാൻ മടിക്കരുത്. വച്ചുകൊണ്ടിരുന്നാൽ കുട്ടികളുടെ പ്രതിരോധശേഷി കുറയ്ക്കും വിധം പനി ശക്തമായേക്കാം. അതിസാരവും പിടിപെടാം. അതിനാൽ പനി പിടിപെട്ടാൽ കൃത്യമായ ചികിൽസ ലഭ്യമാക്കുക എന്നതാണ് ആദ്യ പടി.

ശ്രദ്ധ വേണം ആഹാരത്തിലും

തണുത്ത വെള്ളവും തണുത്ത ആഹാരവും ബേക്കറി ഉൽപ്പന്നങ്ങളും നിർബന്ധമായും ഒഴിവാക്കണം. വിശപ്പു പൊതുവെ കുറയുന്ന സമയമായതിനാൽ ലഘുവായ ആഹാരം നൽകണം. ദഹിക്കാൻ താമസിക്കുന്ന കട്ടി കൂടിയ ഭക്ഷണങ്ങൾ നൽകരുത്. കൃത്യമായ ഇടവേളകളിൽ ഭക്ഷണം നൽകണം. രാത്രികാലങ്ങളിൽ കഞ്ഞി കുടിക്കാൻ നൽകുക. ആവശ്യത്തിനു പഴങ്ങൾ നൽകുന്നതും ഏറെ നല്ലതാണ്. കഫക്കെട്ട് ഉണ്ടാകുന്ന കുട്ടികൾക്ക് പഴങ്ങൾ ചെറുതായി അരിഞ്ഞ് ചെറിയ ചൂടുവെള്ളത്തിൽ ഇട്ടശേഷം നൽകണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ നൽകാവൂ. കുട്ടികളെ ദിവസവും രാവിലെ എണ്ണ തേച്ചു കുളിക്കുന്നതിനു പ്രോത്സാഹനം നൽകണം. രാവിലെ എഴുന്നേൽക്കാനും പ്രഭാതകൃത്യങ്ങൾക്കു ശേഷം അൽപനേരം ഈശ്വരനാമം ജപിക്കാനും കുട്ടികൾക്കു ചെറിയ പ്രായത്തിൽ തന്നെ പരിശീലനം നൽകണം. ആരോഗ്യമുള്ള മനസ് ഉണ്ടാക്കിയെടുക്കാനാണ് ശ്രമിക്കേണ്ടത്. കുട്ടികളുടെ ഭക്ഷണത്തിൽ ചെറുപയറും പച്ചക്കറികളും ഉൾപ്പെടുത്തണം. എല്ലാ പച്ചക്കറികളും ചേരുന്ന അവിയൽ തയാറാക്കി നൽകണം. ധാരാളം വെള്ളം കുടിക്കുവാൻ നൽകണം.

പരിസരം നോക്കണം

ആരോഗ്യം സംരക്ഷിക്കുവാൻ ശ്രമിക്കുന്നതിനൊപ്പം വീടും പരിസരവും മാലിന്യമുക്തമാക്കാനും വെള്ളം കെട്ടിക്കിടക്കാതെ സൂക്ഷിക്കാനും ശ്രദ്ധ ചെലുത്തണം. കൊതുക് വളരാനുള്ള സാഹചര്യം പൂർണമായും ഒഴിവാക്കണം. മഴക്കാലത്തു പരിസരം വൃത്തിഹീനമാകുന്നതു വർധിക്കുമെന്നതിനാൽ കൂടുതൽ ശ്രദ്ധ വേണം.

സ്കൂളിൽ പോകുന്ന കുട്ടികൾക്കു പനി പോലുള്ള അസുഖങ്ങൾ പകർന്നു കിട്ടാൻ എളുപ്പമാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാം.

പനിയോ മറ്റു പകരുന്ന രോഗങ്ങളോ ഉണ്ടെങ്കിൽ ഡോക്ടർ പറഞ്ഞ ദിവസങ്ങൾ അവധിയെടുത്തു വിശ്രമിക്കുക. ക്ലാസ് നഷ്ടമാകുമെന്നോർത്ത് അസുഖം മാറും മുൻപേ പോകുന്നത് മറ്റു കുട്ടികൾക്കും അസുഖത്തിനിടയാക്കും. ക്ഷീണം കൂടി കുട്ടിക്കും പ്രശ്നമാകും.

കുടയോ റെയിൻകോട്ടോ കരുതിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. കുഞ്ഞ് നനഞ്ഞാണ് വീട്ടിലെത്തുന്നതെങ്കിൽ ഉടൻ വസ്ത്രങ്ങൾ മാറി, തല നന്നായി തോർത്തി ചൂടു നൽകുന്ന വസ്ത്രങ്ങൾ ധരിപ്പിക്കണം.

സ്കൂളിൽ നിന്നു തിരിച്ചെത്തിയാൽ വസ്ത്രങ്ങളും ഷൂവും സോക്സുമെല്ലാം ഉടൻ തന്നെ മാറുന്നതു കുട്ടിയെ ശീലിപ്പിക്കുക. നനഞ്ഞ സോക്സോ വസ്ത്രങ്ങളോ ധരിപ്പിക്കാതിരിക്കുക.

ഷൂ, ചെരുപ്പ് എന്നിവ വീടിനകത്തു സൂക്ഷിക്കാതെ പുറത്തു സൂക്ഷിക്കുക.

ചെരുപ്പിട്ട് സ്കൂളിൽ പോകുന്ന കുട്ടികൾ തിരിച്ചെത്തിയാൽ കാൽ വൃത്തിയായി കഴുകിക്കുക. പുറത്ത് ഓടിക്കളിച്ചു തിരിച്ചെത്തിയാൽ കാലും കൈയും വൃത്തിയായി കഴുകിയിട്ടേ ഭക്ഷണം നൽകാവൂ. ഇതും ശീലമാക്കുക.

മഴക്കാലത്തു കഴിവതും ഭക്ഷണം ചൂടോടെ നൽകുക. പുറത്തു നിന്നുള്ള ഭക്ഷണം കഴിവതും ഒഴിവാക്കണമെന്നു കുട്ടിയെ ധരിപ്പിക്കണം. വഴിയരികിലും മറ്റും വൃത്തിഹീനമായ സാഹചര്യങ്ങളിൽ വിൽക്കുന്ന ജ്യൂസുകളും മറ്റു ഭക്ഷ്യവസ്തുക്കളും കഴിക്കരുതെന്നും പറഞ്ഞു മനസിലാക്കാം.

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമൊക്കെ മൂക്കും വായും തൂവാല ഉപയോഗിച്ചു മറയ്ക്കണമെന്നും ശീലിപ്പിക്കണം.

വിവരങ്ങൾക്കു കടപ്പാട്:

ഡോ. ആർ. ശശിധരൻ പിള്ള റിട്ട. സൂപ്രണ്ട്, മാവേലിക്കര ഗവ. ആയുർവേദ ആശുപത്രി

ഡോ. എ. വി. ആനന്ദരാജ് ആനന്ദ മെഡിക്കൽ സെന്റർ മാങ്കാംകുഴി