Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാത്ത്റൂമിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

bathroom

സൂക്ഷ്മരോഗാണുക്കൾ ഏറ്റവും കൂടുതലായി മനുഷ്യരിലേക്ക് കടന്നു കയറാൻ സാധ്യതയുളള ഒരിടമാണ് ബാത്ത്റൂം എന്നാൽ മൂന്നു സംവിധാനങ്ങൾ ചേർന്നതാണ്. കുളിമുറി, കക്കൂസ്, വാഷ്ബേസിൻ. കൂടുതലും കിടപ്പുമുറിയോട് ചേർന്നുളള അറ്റാച്‍‍ഡ് ബാത്ത്റൂമുകളാണ്.

ബാത്ത്റൂം പണിയുമ്പോൾ ശ്രദ്ധിക്കേണ്ടത്

പല നിലകളിലായി പണികഴിപ്പിച്ചിട്ടുളള വീടാണെങ്കില്‍ വീട്ടുകാർ കൂടുതൽ സമയം ചെലവഴിക്കുന്ന നിലയിൽ എല്ലാം ചേർന്ന ഒരു കുളിമുറി നിർബന്ധമായും വേണം. പ്രായം ചെന്നവരോ രോഗികളോ ഉണ്ടെങ്കിൽ കുളിമുറിയുടെ ചുറ്റുപാടും വീൽചെയർ കൊണ്ടു നടക്കാനുളള അധികസ്ഥലം വേണ്ടിവരും. വീട്ടിൽ ഒന്നിൽ കൂടുതൽ കിടപ്പുമുറികളും അതിനെല്ലാം അറ്റാച്ഡ് കുളിമുറിയും ഉണ്ടെങ്കിൽ അതാതു കിടപ്പുമുറിയിലെ അന്തേവാസികളുടെ ഉപയോഗത്തിന് അനുയോജ്യമായ തരത്തിൽ വേണം ബാത്ത്റൂം പണികഴിപ്പിക്കാൻ. ക്ലോസറ്റിന്റെ ഉയരം ക്രമപ്പെടുത്തണം. ഹാൻഡ് ഷവറിന്റെയും ഫ്ലഷിന്റെയും കൈപ്പിടി കയ്യെത്തുന്നിടത്ത് ആവണം. തറയിൽ ഗ്രിപ്പുളള ടൈൽസ് വേണം വിരിക്കാൻ. തെന്നി വീഴാതിരിക്കാൻ ഇതു സഹായിക്കും.

ബാത്ത്റൂമിനുളളിൽ സാധാരണയായി വാട്ടർ‍ ഹീറ്റർ, ബാത്ത് ടബ്ബ്, ടാപ്പുകൾ, കണ്ണാടി, വാഷ്ബേസിൻ, ക്ലോസറ്റ് അഥവാ കമ്മോട് എന്നിവ ഉണ്ടാകും. അകത്തെ വായു പുറംതള്ളാനുളള എക്സോസ്റ്റ് ഫാനും ഉണ്ടാകും.

കുളിമുറിയിൽ ക്ലോസറ്റും വാഷ്ബേസിനും അടങ്ങുന്ന ഡ്രൈസോണും ഷവറും ബാത്ത്ടബ്ബും അടങ്ങുന്ന വെറ്റ് സോണും ആയി വേർതിരിക്കുന്ന തരവുമുണ്ട്. ഈ രണ്ടു സോണിനെയും കഴുകാവുന്ന കർട്ടൻ കൊണ്ട് വേർതിരിക്കും. തറയിൽ നിന്ന് ഒരടി താഴ്ചയിൽ വെറ്റ് സോൺ പണിയുന്നതാണ് നല്ലത്.

കുളിമുറി വൃത്തിയാക്കല്‍

ദിവസേന പല പ്രവശ്യം ഉപയോഗിക്കുന്ന കുളിമുറിയാണെങ്കിൽ ഒാരോ ഉപയോഗശേഷവും ഫ്ലഷ് ചെയ്യുന്നതിലൂടെയും കുളിയ്ക്കുമ്പോഴും കുളിമുറിയുടെ ഒാരോ ഭാഗവും വൃത്തിയാകുന്നുണ്ടെന്ന് തോന്നാം. എന്നാൽ വളരെയധികം രോഗാണുക്കൾ കുളിമുറിക്കകത്തു പലയിടത്തായി അടിഞ്ഞുകൂടുമെന്നതിനാൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കുളിമുറി ശരിയായ രീതിയിൽ വൃത്തിയാക്കേണ്ടകതാണ്. ഒാരോ പ്രാവശ്യവും ഫ്ലഷ് ചെയ്യുമ്പോൾ ആ വെളളത്തിൽ കലർന്ന് ക്ലോസറ്റ് അണുവിമുക്തമാക്കാൻ ക്ലോസറ്റ് റിമ്മിൽ തൂക്കിയിടുന്ന ക്ലീനർ സോപ്പും ഇപ്പോൾ ലഭ്യമാണ്.

പ്രത്യേകം ബ്രഷ് വേണം

കുളിക്കാനുളള ഭാഗത്തിനും ക്ലോസറ്റിനും വാഷ്ബേസിനും പ്രത്യേകം പ്രത്യേകം ബ്രഷ് വേണം വൃത്തിയാക്കാൻ ഉപയോഗിക്കാൻ. എവിടെയും വൃത്തിയാക്കുമ്പോൾ ഏറ്റവും വൃത്തിയുളള ഭാഗത്തു നിന്നുതുടങ്ങി ഏറ്റവും വൃത്തി കുറഞ്ഞ ഭാഗത്ത് എത്തുകയാണ് വേണ്ടത്. ക്ലോസറ്റിനകം വൃത്തിയാക്കാനുളള അണുനാശിനി കലർന്ന ക്ലീനറുകൾ ലായനി രൂപത്തിൽ ലഭ്യമാണ്. വൃത്തിയാക്കുന്നതിനു മുമ്പ് ടോയ്‍ലറ്റ് ബ്രഷ്, യൂട്ടിലിറ്റി ഗ്ലാസ്, ക്ലീനിങ് സ്പഞ്ച്, അണുനാശിനി സ്പ്രേ എന്നിവ കരുതണം.

യൂട്ടിലിറ്റി ഗ്ലൗസ് ഇട്ടതിനുശേഷമേ വൃത്തിയാക്കാൻ തുടങ്ങാവൂ. ആദ്യം ഫ്ലഷ് ചെയ്തതിനു ശേഷം ക്ലീനർ ലായനി ക്ലോസറ്റിന്റെ അഗ്രഭാഗത്ത് കൂടി ഒഴിക്കണം. ക്ലോസറ്റ് റിങ്ങിന്റെ അടിയിലും വേണ്ടത്ര പുരളണം. ക്ലോസറ്റ് മുഴുവൻ ഉരച്ചു കഴുകണം. വീണ്ടും ഫ്ലഷ് ചെയ്യണം. അണുനാശിനി സ്പ്രേ ക്ലോസറ്റിന്റെ മറ്റു ഭാഗങ്ങളില്‍ സ്പ്രേ ചെയ്യണം. ക്ലോസറ്റിന്റെ അടപ്പ്, സീറ്റ്, മറ്റു പുറം ഭാഗങ്ങൾ ഫ്ലഷ് ടാങ്കിന്റെ പുറം ഭാഗം എന്നിവയെല്ലാം സ്പഞ്ചു കൊണ്ട് തുടച്ചു വൃത്തിയാക്കുക. ആവശ്യമെങ്കിൽ ബ്ലീച്ച് അടങ്ങിയ സ്പ്രേ ഉപയോഗിക്കണം. കറകൾ പോകാൻ ഇതു നല്ലതാണ്.

വാഷ്ബേസിനും കഴുകണം

വാഷ്ബേസിൻ വൃത്തിയാക്കുന്നതിനു മുമ്പ് ആദ്യം ചൂടുവെളളം ബേസിനുളളിൽ നിറയ്ക്കണം. ശേഷം അതു ഒഴുക്കിക്കളഞ്ഞ ശേഷം ഉപയോഗിക്കാനുദ്ദേശിക്കുന്ന ലായനിയോ പൊടി രൂപത്തിലുളവതോ ആയ ക്ലീനർ ഒഴിക്കുക. വാഷ്ബേസിൻ മുഴുവൻ ഉരച്ചു കഴുകുക. മണം കളയണമെങ്കില്‍ കുറച്ച് കാരം (ബേക്കിങ് സോഡ) വിതറിയശേഷം അൽപസമയത്തിനുശേഷം കഴുകിക്കളയുക.

കുളിമുറിയിലെ തറയും ബാത്ത്ടബ്ബും ഭിത്തികളും വൃത്തിയാക്കുമ്പോൾ ടൈൽസിനടിയിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കും കറയും നീക്കം ചെയ്യണം.

ക്ലീനർ തിരഞ്ഞെടുക്കുമ്പോൾ

ക്ലോറിൻ ബ്ലീച്ച് അടങ്ങിയ ക്ലീനറുകളാണ് തറയിലെ കറയും പൂപ്പലും നീക്കാൻ നല്ലത്. ക്ലീനറുകൾ നേർപ്പിച്ചു ലായനി ഉണ്ടാക്കാൻ ഇളം ചൂടുവെളളമാണ് നല്ലത്. ഫീനോളിക് ക്ലീനറുകളും അണുനാശിനിയായി പ്രവർത്തിക്കും. കൈകള്‍ക്കും ശരീരത്തിനും ദോഷം കുറഞ്ഞ വിനാഗിരി, സോപ്പുലായനി, കാരം, ബോറാക്സ്, പുൽതൈലം പോലുളള സുഗന്ധ എണ്ണ എന്നിവ വൃത്തിയാക്കുന്നതിന് ഉപയോഗിക്കാം. തറയിലും ബാത്ത്ടബ്ബിലും ഈ ലായനി ഒഴിച്ച് നന്നായി ഉരച്ചശേഷം വെള്ളമൊഴിച്ചു കഴുകുക.

വെള്ളം ഒഴുകിപ്പോകുന്ന ഒാവുചാൽ വൃത്തിയാക്കാനും മറക്കരുത്. അഴുക്കും എണ്ണമെഴുക്കും മുടിയും കൊണ്ട് ഒാവു ബ്ലോക്കാണെങ്കിൽ കാരവും വിനാഗിരിയും ചേർന്ന മിശ്രിതം ഒാവിനുളളിൽ ഒഴിച്ചുനിർത്തി അൽപസമയത്തിനുശേഷം തിളച്ച വെള്ളം ഒഴിച്ചു കഴുകിക്കളയുക. മൾട്ടിപർപ്പസ് ക്ലീനർ സ്പ്രേ ഉപയോഗിച്ച് ഭിത്തിയിലെ ടൈൽസും തുടച്ച് വൃത്തിയാക്കാം.

മാസത്തിലൊരിക്കൽ ചെയ്യുന്ന വിശദമായ വൃത്തിയാക്കലിൽ ബാത്ത്റൂമിലെ കാബിനറ്റിൽ ഇരിക്കുന്ന കാലിയായ കുപ്പികളും മറ്റും നീക്കം ചെയ്യണം. കുളിമുറിയിലെ ഈർപ്പമുള്ളിടങ്ങളിൽ പൂപ്പൽബാധ തടയാൻ കൂടുതൽ വായുസഞ്ചാരവും വെളിച്ചവും മുറിക്കുള്ളിൽ എത്തിക്കണം. കുളിക്കുന്ന സമയം എക്സോസ്റ്റ് ഫാൻ ഉപയോഗിക്കുന്നതും ജനാല തുറന്നിടുന്നതും നല്ലതാണ്.

വൃദ്ധർക്കായി ഒരുക്കാം

വൃദ്ധര്‍ കിടക്കുന്ന കട്ടിൽ കുളിമുറിയുടെ വാതിലിനു സമീപം തന്നെ ഇടുന്നതാണു നല്ലത്. കിടക്കുന്നിടത്തു നിന്നു തന്നെ ലൈറ്റ് ഒാൺ ആക്കാൻ പാകത്തിന് റിമോട്ടോ സ്വിച്ചോ ഘടിപ്പിക്കണം. കട്ടിലിൽ നിന്ന് എഴുന്നേൽക്കുമ്പോൾ മുതൽ പിടിച്ചു നടക്കാൻ കൈവരി അഥവാ ഗ്രാബ് ബാറുകൾ ( Grab Bars) ഭിത്തിയോട് ചേർത്ത് വേണ്ടത്ര ഉയരത്തിൽ ഘടിപ്പിക്കണം. കുളിമുറിയിൽ കടന്നാൽ ആദ്യം തന്നെ വേണ്ടത് ക്ലോസറ്റാണ്. ക്ലോസറ്റിനു ചുറ്റുമുളള ടൈലുകൾ എണ്ണമയമില്ലാതെ ഉണക്കിവയ്ക്കണം. ക്ലോസറ്റിൽ ഇരിക്കാനും എഴുന്നേൽക്കാനും കുളിമുറിക്കു പുറത്തേക്കു കടക്കാനും കുളിക്കാനുളള ഭാഗത്തേക്ക് നടക്കാനും കൈവരികൾ വേണം. സ്റ്റീലിലോ മറ്റ് ലോഹങ്ങളോ കൊണ്ടുളള കൈപ്പിടികൾക്ക് 150 കിലോ ഭാരം വരെ താങ്ങാനുളള ബലം വേണം. ഇവ കുത്തനെയോ സമനിരപ്പായോ പിടിപ്പിക്കണം. കുളിമുറിയിൽ നിന്നു പുറത്തിറങ്ങുമ്പോൾ കാൽ പതിപ്പിക്കാനായി തെന്നിപ്പോകാത്ത തരം ചവിട്ടുമെത്ത ഇടണം.

തയാറാക്കിയത്
ഡോ.ബി.സുമാദേവി
ഇ.എസ്.ഐ. ഹോസ്പിറ്റൽ, ഉദ്യോഗമണ്ഡൽ,
എറണാകുളം

Your Rating: