Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശ്വാസം രോഗം മാറ്റുമോ?

praying

കുറച്ചു വർഷം മുമ്പ് തിരുവനന്തപുരത്തെ പ്രശസ്ത ന്യൂറോസർജന്റെ അടുക്കലേക്ക് ഒരു രോഗിയെത്തി. തലച്ചോറിൽ ട്യൂമറാണ്. ശാസ്ത്രക്രിയ മാത്രമാണ് പരിഹാരം. അതും എത്രയും വേഗം വേണം. ഇല്ലെങ്കിൽ മാസങ്ങളുടെ ആയുസ്സു മാത്രമേ രോഗിക്കുള്ളുവെന്നു ഡോക്ടർ പറഞ്ഞു. ശസ്ത്രക്രിയ ചെയ്താൽ അപ്പോൾതന്നെ താൻ മരിച്ചു പോകുമെന്ന് അന്ധമായി വിശ്വസിക്കുകയാണ് രോഗി. ശാസ്ത്രക്രിയയ്ക്കുള്ള പണവുമില്ല. ഒടുവിൽ ശാസ്ത്രക്രിയയ്ക്കുള്ള പണവുമായി വരാമെന്ന് കള്ളം പറഞ്ഞു ആശുപത്രി വിട്ടു. മറ്റ് ആശ്രയമൊന്നുമില്ലാതെ അസഹ്യതലവേദനയുമായി പോയത് നഗരത്തിലെ ഒരു പ്രധാനക്ഷേത്രത്തിലേക്ക്. അവിടെ ഒരാഴ്ചയോളം തുളസിവെള്ളം മാത്രം കഴിച്ചു ഭജനയിരുന്നു.

ആറേഴുമാസം കഴിഞ്ഞ് രോഗി വീണ്ടും ന്യൂറോളജിസ്റ്റിനെ കാണാനെത്തി. തലവേദന വരാറേയില്ലെന്നു രോഗി പറഞ്ഞപ്പോൾ, അത്ഭുതം കൂറിയ ഡോക്ടർ സ്വന്തം ചെലവിൽ എംആർഐ നടത്തി നോക്കി രോഗിയുടെ തലച്ചോറിൽ കണ്ട ടൂമർ അപ്രത്യക്ഷമായിരിക്കുന്നു.

അത്ഭുത രോഗശാന്തികൾ

ആധുനിക വൈദ്യശാസ്ത്രത്തിൽ അപൂർവമായി സ്വയം നശിച്ചു പോകുന്ന ട്യൂമറുകളെക്കുറിച്ചു പറയുന്നുണ്ട്. അതാകാം ഈ രോഗിയിൽ സംഭവിച്ചത്. പക്ഷേ എന്തുകൊണ്ട് ആ രോഗിയിൽ അതു സംഭവിച്ചു? അതിന്റെ കാരണങ്ങൾ ഇന്നും ശാസ്ത്രത്തിന് അജ്ഞാതമാണ്. സമാനമായ രോഗികളെ ആ അമ്പലത്തിൽ അയച്ച് ഭജനയിരുത്തിയാൽ രോഗം മാറേണ്ടതല്ലേ? പക്ഷേ അതും സംഭവിക്കുന്നില്ല.

കൃത്യമായി പറയാനാകാത്ത ഉത്തരങ്ങളും നിരവധി ചോദ്യങ്ങളും ഇതുപോലെ ഓരോ രോഗശാന്തിയുടെ കാര്യത്തിലും ഉയരുമ്പോഴും അത്ഭുത രോഗശാന്തികൾ ഇടയ്ക്കിടെ സംഭവിക്കുന്നുണ്ട്..

മനഃശാസ്ത്ര വഴിയിലൂടെ അവയ്ക്കുള്ള ഉത്തരം തേടലായിരിക്കും ഇതിനുള്ള പ്രായോഗിക വഴി.

മനസ്സിൽ നിന്നും രോഗങ്ങൾ

മനസ്സിൽ അമിതമായുണ്ടാകുന്ന നെഗറ്റീവ് ചിന്തകൾ മനസ്സിനോ ശരീരത്തിനോ രോഗങ്ങൾ സമ്മാനിക്കാമെന്ന കാര്യം ശാസ്ത്രം അംഗീകരിച്ചു കഴിഞ്ഞു. ശാരീരികമായ രോഗങ്ങളിൽ 70 ശതമാനത്തിനും മനോജന്യമായ (സൈക്കോസൊമാറ്റിക്) കാരണങ്ങളോ ഉത്തേജനങ്ങളോ ഉണ്ടാകുമെന്ന് വേൾഡ് ‌സൈക്യാട്രിക് അസോസിയേഷൻ ജനറൽ സെക്രട്ടറിയായ ഡോ. റോയി എബ്രഹാം കള്ളിവയലിൽ പറയുന്നു. പെപ്റ്റിക് അൾസറും പലവിധ ചർമ രോഗങ്ങളും വേദനകളും മുതൽ ഒരു പക്ഷേ ചിലരില്‍ അർബുദാരംഭത്തിനുള്ള ഉത്തേജനമായും വരെ രൂക്ഷമായ മാനസികാവസ്ഥകൾ കാരണമായെന്നു വരാം. കടുത്ത വിഷാദം, ക്രോധം, പുക തുടങ്ങിയവ മനസ്സിൽ കൊണ്ടു നടക്കുന്നത് ശരീരരോഗങ്ങളായി പരിണമിക്കാനുള്ള സാധ്യത ഏറെയാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.

പിരിമുറുക്കവും ഉത്കണ്ഠയും ഭയവുമാണ് നെഗറ്റീവ് ചിന്തകളുടെ ഉറവിടം. അവയിൽ നിന്നുയിർകൊള്ളുന്ന പല രോഗങ്ങൾക്കും ഔഷധ ചികിത്സ പൂർണമായും ഫലം കാണാറില്ല. ഫലമുണ്ടായാൽ തന്നെ പലപ്പോഴും താൽക്കാലികവുമായിരിക്കും അവിടെയാണ് മനസ്സിന്റെ പ്രശ്നങ്ങൾക്കു പരിഹാരം നൽകേണ്ടത്. അവിടെയാണ് പ്രാർഥനകളും വിശ്വാസവും ധ്യാനമാർഗങ്ങളും രോഗികൾക്ക് ആശ്വാസമാകുന്നത്.

വിശ്വാസവും പ്രാർഥനയും

മനഃശാസ്ത്രപരമായ സങ്കീർണ ചിന്തകളില്ലാതെതന്നെ മനസ്സിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ജനകീയ മാർഗമാണ് വിശ്വാസവും പ്രാര്‍ഥനകളും. നെഗറ്റീവ് ചിന്തകളും വികാരങ്ങളും രൂക്ഷമാകുമ്പോൾ ശരീരത്തിലെ ഹോർമോൺ പ്രവർത്തനങ്ങളുടെ സന്തുലനം നഷ്ടപ്പെടും ഒപ്പം രോഗകാരികളായ പല രാസപദാർഥങ്ങളും ശരീരത്തിൽ രൂപപ്പെടും ഇതു ദീർഘനാള്‍ തുടരുകയോ അസന്തുലനം രൂക്ഷമാവുകയോ ചെയ്താൽ ശാരീരിക രോഗമായി പരിണമിക്കും. ‘‘നമ്മുടെ വേദനകള്‍ കരഞ്ഞു തീർത്തില്ലെങ്കിൽ പിന്നീട് നമ്മുടെ അവയവങ്ങൾ കരയും’’ എന്ന പാശ്ചാത്യ പഴഞ്ചൊല്ല് സൂചിപ്പിക്കുന്നതും ഇതു തന്നെയാണ്. തെറ്റുകളും ചെയ്തു പോകുന്ന പാപങ്ങളും കുറ്റങ്ങളും ഏറ്റുപറയാൻ അവസരം നൽകുന്ന മതവിഭാഗങ്ങളിൽ മാനസിക രോഗം പൊതുവേ കുറവായി കാണുന്നതായി സൈക്കോളജിസ്റ്റായ ഫാ. കുര്യൻ പുരമടം പറയുന്നതും ഇതേ അർഥത്തിലാണ്.

രോഗശാന്തിയുടെ പടവുകൾ

ഫാ. കുര്യൻ പുരമടം താമരശ്ശേരി രൂപതയുടെ കീഴിൽ ഒട്ടേറെ തവണ രോഗശാന്തിശുശ്രൂഷകൾക്കു നേതൃത്വം നൽകിയിട്ടുണ്ട്. നിരവധി പേർക്ക് രോഗം മാറിയ അനുഭവവുമുണ്ട്. ദീർഘകാലമായി രോഗം ബാധിച്ചിരുന്നവരും, രോഗം മാറില്ലെന്നു കരുതിയവർക്കു പോലും രോഗശാന്തി ഉണ്ടാകാറുണ്ട്. ഇതു സംഭവിക്കുന്നതിനു പിന്നിൽ മൂന്നു തലങ്ങളുണ്ട്.

ഒന്ന്: പലവിധ വിഷമങ്ങളും ബുദ്ധിമുട്ടുകളുമായാണ് മിക്കവരും ധ്യാന–രോഗശാന്തി കൂട്ടായ്മകളിൽ വരുന്നത്. അവരെ കേൾക്കുകയെന്ന ആസൂത്രിതമല്ലാത്ത കൗൺസലിങ് അവിടെ നടക്കുന്നുണ്ട്. അതിലൂടെ പ്രശ്നങ്ങളുടെ വലിയൊരു പങ്കും പുറന്തള്ളാൻ അവർക്ക് അവസരം ലഭിക്കും.

രണ്ട്: ആത്മീയ ശാന്തി ലഭിക്കുന്നു. കുറ്റബോധം, പാപബോധം, വിഷാദം, അമർത്തിവച്ച ക്രോധം തുടങ്ങിയവയെല്ലാം ഏറ്റുപറച്ചിലുകളിലൂടെ (കൺഫെൻഷൻസ്/കുമ്പസാരം) ഒഴിവാക്കിവിടുന്നു. ഈ രണ്ടു ഘട്ടങ്ങളിലൂടെയും വിമലീകരിക്കപ്പെട്ട മനസ്സോടെയാണ് മൂന്നാംഘട്ടത്തിലേക്കു കടക്കുന്നത്.

മൂന്ന്: വിശ്വാസ പരിഹാരമാണ് ഈ ഘട്ടം. രോഗം മാറിയ പലരുടെയും സാക്ഷ്യവും അനുഭവവും അവർ അറിയുന്നു. അവർക്കു സാധ്യമായത് തനിക്കും ലഭിക്കുമെന്ന് ഉത്തമ വിശ്വാസത്തോടെയാണ് പ്രാർഥന നടത്തുന്നത്. സമഗ്ര സൗഖ്യം കൊടുക്കുന്ന സർവശക്തന്റെ മുന്നിലാണ് താനെന്ന് അവർക്ക് ഫീൽ ചെയ്യുന്നു. അങ്ങനെയാണ് രോഗം മാറ്റാനുള്ള അവരുടെ അപേക്ഷയും പ്രാർഥനയും ഗുണകരമായി മാറുന്നത്. തീവ്രവും ആത്മാർത്ഥവുമായ ആ പ്രാർഥന മനസ്സിലും ശരീരത്തിലുമുണ്ടാക്കുന്ന മാറ്റങ്ങൾ രോഗശാന്തിയിലേക്കു നയിക്കുന്നു.

‘‘പക്ഷേ ചിലപ്പോഴെങ്കിലും ഇത്തരം രോഗശാന്തികളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ നിരുത്സാഹപ്പെടുത്തേണ്ടതാണ്. രോഗങ്ങൾ ദൈവം നൽകുന്ന ശിക്ഷയാണെന്നു ഞാൻ കരുതുന്നില്ല. കാരണം മനുഷ്യരെ ശിക്ഷിക്കാൻ മാത്രം ക്രൂരനല്ല ദൈവം. ദൈവം സ്നേഹവും കരുണയും മാത്രമാണ്’’ – ഫാ. കുര്യൻ പുരമടം പറയുന്നു.

ഏതു രോഗത്തിനും?

ഏതു രോഗത്തിലും രോഗാവസ്ഥയിലും വിശ്വാസത്തിന് ആശ്വാസകരമായ ഒരു പങ്കുവഹിക്കാനാകും വിശ്വാസമെന്നത് ദൈവത്തോടുമാത്രമാകണമെന്നില്ല. ചികിത്സിക്കുന്ന ഡോക്ടറോടോ മരുന്നിനോടോ അവനവനോടു തന്നെയോ ആയാലും ഫലം കൂടും ഉറച്ച വിശ്വാസത്തിലൂടെയോ പ്രാർഥനയിലൂടെയോ മനസ്സിൽ പൊസിറ്റീവായ ചിന്തകളും വികാരങ്ങളും ഉയരുമ്പോൾ ശരീരത്തിൽ ആരോഗ്യകരമായ മാറ്റങ്ങൾ ഉണ്ടാകും. രക്തസമ്മർദം കുറയും, ഹൃദയമിടിപ്പു കുറയും ഹൃദയ–ശ്വസന താളങ്ങൾ പൂരകമാകും, പിരിമുറുക്കം കൂട്ടുന്ന ന്യൂറോ ട്രാൻസ്മിഷനുകൾ കുറയും. പ്രധാനമായി ശരീരത്തിന്റെ പ്രതിരോധശക്തി കൂടുകയും ചെയ്യും. ഇതൊക്കെയും തെളിയിക്കപ്പെട്ടതാണ്.

മാരക രോഗാവസ്ഥകളിൽ പോലും മരിക്കും വരെയുള്ള ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടാൻ വിശ്വാസത്തിലും പ്രാർഥനകളിലുമർപ്പിച്ച ചിന്തകളിലൂടെ കഴിയുന്നുണ്ടെന്നു ഗവേഷകർ വ്യക്തമാക്കുന്നു. ഈ വിഷയത്തിന് കൗതുകകരമായ മറ്റൊരു പഠനം കൂടി അടുത്ത് പുറത്തുവന്നു. ഈശ്വരവിശ്വാസത്തിലധിഷ്ഠിതമായ പ്രാർഥനകൾക്ക് ഇതര വിശ്വാസരഹിതമായ പ്രാർഥനകളേക്കാൾ ഫലം കാണുന്നുണ്ട് എന്നായിരുന്നു ആ പഠനം.

ഒരു കാര്യം തീർച്ചയാണ്. മിക്ക രോഗാവസ്ഥയിലും പരിഹാരം സാധ്യമായില്ലെങ്കിലും ഏതെങ്കിലും തരത്തിൽ ആശ്വാസമാകാൻ പ്രാർഥനയ്ക്കും വിശ്വാസത്തിനും പൊസിറ്റീവ് ചിന്തകൾക്കും കഴിയും.

ഡോ. റോയി എബ്രഹാം കള്ളിവയലിൽ
സെക്രട്ടറി ജനറൽ, വേൾഡ് സൈക്യാട്രി അസോസിയേഷൻ, ജനീവ.
സൈക്യാട്രിവിഭാഗം മേധാവി, പുഷ്പഗിരി മെഡിക്കൽ കോളജ്, തിരുവല്ല

ഫാ. കുര്യൻ പുരമടം
ഡയറക്ടർ, പോപ് ജോൺപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗൺസലിങ് & സൈക്കോതെറപ്പി,
കോഴിക്കോട്