Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനിക്കുമ്പോഴേ പല്ലു മുളച്ചാൽ...

birth-teeth

കുഞ്ഞുങ്ങൾക്കു പല്ലു മുളയ്ക്കുന്നത് സംബന്ധിച്ചു ധാരാളം അന്ധവിശ്വാസങ്ങൾ നമ്മുടെ സമൂഹത്തിലുണ്ട്. ലോകത്തിന്റെ ചില ഭാഗങ്ങളിൽ, പല്ലുള്ള കുഞ്ഞുങ്ങൾ ജനിക്കുന്നത് ശുഭകരമായിട്ടാണു കണക്കാക്കുന്നത്. എന്നാൽ ചിലയിടത്താകട്ടെ ദുഃശകുനമായും.

ജനിക്കുമ്പോൾ പല്ലും

അപൂർവമായി ചില കുഞ്ഞുങ്ങളിൽ ജനിക്കുമ്പോഴേ പല്ലുമുളച്ചു കാണാറുണ്ട്. നേറ്റൽ പല്ലുകൾ, നിയോനേറ്റൽ പല്ലുകൾ എന്നിങ്ങനെ രണ്ടു രീതിയിൽ പല്ലുകൾ ഉണ്ടാകാം.

1 നേറ്റൽ പല്ലുകൾ : ചില കുഞ്ഞുങ്ങൾ ജനിക്കുമ്പോഴേ വായിൽ പല്ലു കാണും. അവയെ നേറ്റൽ പല്ലുകൾ എന്നു വിളിക്കും.

2 നിയോനേറ്റൽ പല്ലുകൾ : ചില കുഞ്ഞുങ്ങൾ ജനിച്ച് ആദ്യമാസത്തിൽ തന്നെ പല്ലുവരും. അവയെയാണ് നിയോനേറ്റൽ പല്ലുകൾ എന്നു വിളിക്കുന്നത്.

മേൽപറഞ്ഞ രണ്ടുതരം പല്ലുകളും മിക്കവാറും ഒന്നോ രണ്ടോ എണ്ണമാണുണ്ടാവുക. മുൻനിരയിലാണ് ഇവ കൂടുതലായി കാണപ്പെടുക, പ്രത്യേകിച്ചും താഴത്തെ നിരയിൽ.

ഹോർമോണും പാരമ്പര്യവും

ജനിക്കുമ്പോഴേ പല്ലുകൾ ഉണ്ടാകുന്നതിൽ പാരമ്പര്യം ഒരു ഘടകമാണ്. ചിലപ്പോൾ ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ മൂലവും ഇത്തരം പല്ലുകൾ വരാം. മിക്കവാറും അവസരങ്ങളിലും വളർച്ച പൂർത്തിയാകും മുമ്പ് മുളയ്ക്കുന്ന പാൽപല്ലുകൾ തന്നെയാണ് ഇത്തരം പല്ലുകൾ. എന്നാൽ ചിലപ്പോൾ ഇവ പാൽപല്ല് മുകുളങ്ങളുടെ പിളർപ്പിലൂടെയല്ലാതെ മറ്റു മുകളങ്ങളിൽ നിന്നുമുളയ്ക്കുന്നതും ആയിക്കൂടെന്നില്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സാധാരണഗതിയിൽ ഈ പല്ലുകൾ പ്രശ്നക്കാരല്ല. എന്നാൽ ചിലപ്പോൾ ഇവയുടെ സാന്നിധ്യം മുലയൂട്ടുന്നതിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. കുഞ്ഞ് പാലു നുണയുമ്പോൾ ഈ പല്ല് നാവിന്റെ അടിഭാഗത്ത് ഉരഞ്ഞ് അവിടെ പുണ്ണ് രൂപപ്പെടും. ഇതുമൂലം കുഞ്ഞു മുലകുടിക്കാത്ത അവസ്ഥയുണ്ടാകും. അപൂർവമായി മാതാവിന്റെ സ്തനങ്ങളിലും ഇത്തരം പല്ലുകൊണ്ട് മുറിവുകൾ ഉണ്ടായേക്കാം. ചിലപ്പോൾ ഇത്തരം പല്ലുകൾ ബലമില്ലാതെ, ആടുന്ന അവസ്ഥയിലും കാണാം. ഈ അവസരങ്ങളിൽ, പല്ലുകൾ തനിയെ ഇളകിപോകാനും കുഞ്ഞ് അതു വിഴുങ്ങുവാനും സാധ്യതയുണ്ട്.

പല്ലിന്റെ ആരോഗ്യത്തിന് ബ്രഷിങ്

ചികിത്സ എങ്ങനെ?

മുലയൂട്ടിനു തടസമുണ്ടാക്കുന്ന പല്ലുകളുടെ ഉപരിതലം മിനുസപ്പെടുത്തി, ഉരസൽ ഒഴിവാക്കി കുഞ്ഞിന്റെ നാവിന്റെ അടിഭാഗത്തു പുണ്ണുണ്ടാവുന്നതു തടയാം. ഇതുകൊണ്ടും സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിൽ പല്ലു പറിച്ചു കളയുന്നതാണ് ഉത്തമം. കൂടാതെ ബലം കുറഞ്ഞ ആടുന്ന പല്ലുകളാണെങ്കിലും പറിച്ചുകളയണം. ഇതുവഴി പല്ലു തനിയെ പറിഞ്ഞ്, കുഞ്ഞ് അതു വിഴുങ്ങുന്നത് ഒഴിവാക്കാം.

ഇങ്ങനെ പറിച്ചുകളഞ്ഞ പല്ല്, പാൽപല്ലാണോ, അതോ അധികമുകുളത്തിൽ നിന്നുള്ള അധികപല്ലാണോ എന്ന് ദന്ത എക്സറേ പരിശോധന വഴി മനസിലാക്കുകയാണ് അടുത്ത നടപടി. ഇവ പാൽപല്ലാണെന്ന് ബോധ്യപെട്ടാൽ, ഭാവിയിൽ വരുന്ന സ്ഥിരം പല്ലുകൾ നിര തെറ്റി വരാനുള്ള സാധ്യത കണക്കാക്കി പീഡോഡോന്റിസ്റ്റിനെ കാണിച്ച് ആവശ്യമായ മുൻകരുതലുകൾ എടുക്കണം. അധികമുകുളത്തിൽ നിന്നുള്ള അധിക പല്ലാണെങ്കിൽ, വേറെ ചികിത്സയൊന്നും ആവശ്യമില്ല. പാൽപല്ലുകൾ യഥാസമയം മുളപൊട്ടി സാധാരണ പോലെ വന്നുകൊള്ളും.

ജനിക്കുമ്പോൾ കുഞ്ഞുങ്ങളിൽ പല്ലു കാണുന്നതു ദുശകുനമായി കാണാതെ, ആവശ്യമായ വിദഗ്ധോപദേശം തേടുകയും യഥാവിധി ചികിത്സിക്കുകയുമാണു വേണ്ടത്.

പാൽപല്ലുകളെ അറിയാം

സാധാരണഗതിയിൽ കുഞ്ഞുങ്ങൾക്ക് ആദ്യം വരുന്ന പല്ലുകളാണ് പാൽപല്ലുകൾ. ഇവ മൊത്തം ഇരുപതെണ്ണം ഉണ്ട്. താഴത്തെ നിരയിലെ പത്തും മുകളിലത്തെ നിരയിലെ പത്തും ചേർന്നതാണിത്. കുഞ്ഞുങ്ങൾക്ക് ആറുമാസം പ്രായമാകുമ്പോൾ മുതൽ ഇവ വന്നു തുടങ്ങും. താഴത്തെ നിരയിലെ മുൻപല്ലുകളാണ് മിക്കപ്പോഴും ആദ്യം വരുന്നത്. തുടർന്നു മുകളിലെ നിരയിലെ മുൻപല്ലുകളും അതിനു പിന്നിലുള്ളവയും വന്നുതുടങ്ങും. അവസാനമായി മുകളിലെയും താഴത്തെയും അണപല്ലുകളും വരും. കുഞ്ഞിനു രണ്ടര വയസാകുമ്പോഴേക്കും ഇരുപതു പാൽപല്ലുകളും വന്നു കഴിയും.

ചില കുട്ടികളിൽ പല്ലുകൾ വരുന്നത് മൂന്നു—നാലുമാസങ്ങൾ വരെ വൈകിയേക്കാം.ഇതിൽ അപാകതയൊന്നുമില്ല. എന്നാൽ കൂടുതൽ വൈകിയാൽ ഡോക്ടറെ കണ്ടു പരിശോധന നടത്തണം.

ഡോ ഫിലിപ്സ് മാത്യു

സീനിയർ ലക്ചറർ

ഓറൽ മെഡിസിൻ റേഡിയോളജി ഡിപ്പാർട്ട്മെന്റ്

രാജാ മുത്തൈയ്യ ഡെന്റൽ കോളജ്, ചിദംബരം, തമിഴ്നാട്.