Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചപ്പാത്തിമേക്കറിൽ ശ്രദ്ധിക്കേണ്ടത്

chapati-maker

പണ്ടെ‍ാക്കെ വീട്ടിൽ ചപ്പാത്തി ഉണ്ടാക്കാൻ ഏറെ സമയം വേണ്ടിവന്നിരുന്നു. അതുകൊണ്ടുതന്നെ ദിവസവും ഒരു നേരത്തെ ആഹാരമായി ചപ്പാത്തി ഉണ്ടാക്കാൻ ആരും മിനക്കെട്ടിരുന്നില്ല. എന്നാൽ ഇന്നു പ്രമേഹരേ‍ാഗികളുടെ എണ്ണം വർധിച്ചു വരുന്നതിനാൽ ഡോക്ടർമാരും ഡയറ്റീഷന്മാരും ഒരു നേരമെങ്കിലും ഗോതമ്പ് കൊണ്ടുള്ള വിഭാവം കഴിക്കണമെന്നു നിർദേശിക്കുന്നു. അപ്പോൾപിന്നെ ചപ്പാത്തി തന്നെയാണ് നല്ല ഒാപ്ഷൻ. അതു കൊണ്ടുതന്നെ എളുപ്പത്തിൽ ചപ്പാത്തിയുണ്ടാക്കാനുള്ള ഉപകരണമായ ചപ്പാത്തിമേക്കർ ഇന്നു മിക്ക വീടുകളിലും സാധാരണമായിക്കഴിഞ്ഞിരിക്കുന്നു.

മാവ് കുഴയ്ക്കുന്നതൊഴികെ‌

മാവു കുഴയ്ക്കുന്നതൊഴികെയുള്ള എല്ലാ ഘട്ടങ്ങളും വളരെ എളുപ്പത്തിൽ ചെയ്യുന്ന ഒരു വൈദ്യുതോപകരണമാണു ചപ്പാകത്തിമേക്കർ. മാവു കുഴയ്ക്കാനുള്ള നീഡർ (Kneader) സൗജന്യമായി ഇതോടൊപ്പം കിട്ടാറുണ്ട്. നീഡറിന്റെ ഒപ്പം ഗോതമ്പുപൊടിക്കും വെള്ളത്തിനും ഉപ്പിനും പ്രത്യേകം പ്രത്യേകം അളവുപാത്രങ്ങളും ഉണ്ടാകാറുണ്ട്. ചപ്പാത്തിമേക്കറിൽ ഉപയോഗിക്കേണ്ട ഗോതമ്പുമാവിന് കൈകൾ കൊണ്ടു പരത്താൻ വേണ്ട മാവിനെക്കാൾ കൂടുതൽ നനവു വേണം വളരെ ചെറിയൊരു മർദം നൽകുമ്പോൾ തന്നെ നന്നായി പരന്നുകിട്ടാൻ വേണ്ടിയാണിത്. കുഴയ്ക്കുമ്പോൾ എണ്ണ വേണ്ട എന്നതു ഇതിന്റെ പ്രത്യേകതയാണ്. കുഴച്ച മാവ് ഏതാണ്ടു ചെറുനാരങ്ങ വലുപ്പത്തിലുള്ള ഉരുളകളാക്കി ഗോതമ്പുപൊടിയിൽ മുക്കി വിരലുകൾ കൊണ്ടു ചെറുതായൊന്നു പരത്തിവയ്ക്കണം .

എങ്ങനെ പ്രവർത്തിപ്പിക്കണം

ചപ്പാത്തിമേക്കറിന്റെ വൃത്താകൃതിയിലുള്ള രണ്ടു പ്ലേറ്റുകളും സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടുള്ളതാണ്. രണ്ടു പ്ലേറ്റുകള‍ുടെയും മുഖാമുഖമുള്ള പ്രതലങ്ങൾ നോൺസ്റ്റിക് കോട്ടിങ് ഉള്ളവയാണ്. പ്ലഗ്ഗിൻ (Plug in) ചെയ്യുന്നതിനു മുമ്പ് ഈ പ്രതലങ്ങൾ ഈർപ്പമുള്ള തുണ‍ികൊണ്ടു വൃത്തിയായി തുടച്ച് ഉണക്കണം. ഉപയോഗത്തിനു മുമ്പ് പ്രീഹീറ്റിങ് എന്ന പ്രക്രിയയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. പ്ലഗ്ഗിൽ കുത്തി ഒാൺ ചെയ്യണം. അപ്പോളൊരു ഇൻഡിക്കേറ്റർ ലൈറ്റ് (മിക്കവാറും ചുവപ്പ്) തെളിയും. മിനിറ്റുകൾക്കകം അതുതാനേ കെട്ടുപോകും. ചിലപ്പോൾ ചുവപ്പു മാറി പച്ചവെളിച്ചമാകാം. അപ്പോഴാണ് വിരൽ കൊണ്ടു പതുക്കെ പര‍ത്തിവച്ചിരുക്കുന്ന ഉരുള താഴത്തെ തട്ടിന്റെ ഏതാണ്ടു മധ്യഭാഗത്തായി വയ്ക്കേണ്ടത്. മുകളിലെ പ്ലേറ്റ് അതിനുമേൽ അടച്ചു പ്ലേറ്റിൽന്മേൽ ഘടിപ്പിച്ചിട്ടുള്ള പ്രസ്സിങ് ഹാൻഡിൽ(Lever) കൊണ്ടു ഏതാനും സെക്കൻഡുകൾ അമർത്തിപ്പിടിക്കണം. അപ്പോൾ പലകകൾ ചൂടായതുകൊണ്ടു അതിന്മേൽ ഏൽപിക്കുന്ന മർദം തുല്യമായി പതിക്കുന്നതുകൊണ്ടു മാവു വൃത്തികൃതിയിൽ ഒരേ കനത്തിലുള്ള ചപ്പാത്തിയായി പരന്നുകിട്ടും.

ലിവർ മാറ്റി മുകളിൽ പ്ലേ‌റ്റ് പൊക്കിനോക്കണം. ഏതാണ്ട് 20 സെക്കൻഡുകൾ കൊണ്ടു ചപ്പാത്തി മേൽ െചറിയ കുമിളകൾ പൊന്തിവരുന്നതു കാണാം. ചപ്പാത്തി മറിച്ചിട്ടു കുറച്ചു സെക്കൻ‌ഡുകൾ കൂടി കാത്തിരിക്കണം. വളരെ പതുക്കെ മുകളിലെ പ്ലേറ്റ് ചപ്പാത്തിന്മേൽ വയ്ക്കുക. ഫുൽക്ക പോലുള്ള ചപ്പാത്തി പൊന്തിവരികയും പ്ലേറ്റുകൾക്കി‌ടയിൽ നിന്നു താനേ പുറത്തേക്കു തള്ളിവരികയും ചെയ്യും . ചപ്പാത്തി എടുത്ത് മാറ്റി വെണ്ണയോ നെയ്യോ പുരട്ടി ചൂടോടെ കഴിക്കാം. വൃത്താകൃതിയിലുള്ള ഒരു മി.മീറ്റർ കനത്തിലുള്ള ചപ്പാത്തിയാണ് ഉണ്ടാക്കാൻ സാധിക്കുന്നത്.

വാങ്ങുമ്പോൾ ഇവ ശ്രദ്ധിക്ക‍ുക

ചപ്പാത്തി മേക്കറിന്റെ പ്ലേറ്റുകൾ ഒഴികെയുള്ള ബാക്കി ഭാഗങ്ങളെല്ലാം ഗുണമേന്മയുള്ള പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കുന്നതാണ്. പ്ലേറ്റുകൾ സ്റ്റൈയിൻലെസ് സ്റ്റീൽ അല്ലെങ്കിൽ ഫോർജ്ഡ് അലൂമിനിയം (Forged sluminium) കൊണ്ടുള്ളതാവും. മുഖാമുഖമുള്ള പ്രതലങ്ങൾ നോൺസ്റ്റിക് കോട്ടിങ് ഉള്ളതാകണം ചപ്പാത്തിമേക്കർ ഉണ്ടാക്കുന്നതു ഗുണമേന്മയും ഈടുറ്റതുമായ വസ്തുക്കൾ കൊണ്ടു മാത്രമേ പാടുള്ളൂ. പ്ലേറ്റുകൾ വേഗത്തിൽ ചൂടാകേണ്ടതുണ്ട്. എന്നാലെ ചുരുങ്ങിയസമയത്തിൽ ചെറിയൊരു മർദം ഏൽപ്പിക്കുമ്പേ‍ാൾതന്നെ ചപ്പാത്തി പരന്നു ലഭിക്കുന്നതും വെന്തുകിട്ടുന്നതും സാധ്യമാകൂ.

ഭാരക്കുറവുള്ളതിനാൽ എവിടെ വേണമെങ്കിലും ചുമന്നുകൊണ്ടു പോകാനും എളുപ്പത്തിൽ ഉപയോഗിക്കാനുമാകും. ചില മോഡലുകളിൽ ഇൻഡിക്കേറ്റർ ലൈറ്റ് കൂടാതെ താപനില നിയന്ത്രിക്കാനുള്ള തെർമോസ്റ്റാറ്റ് നോമ്പ്(Knob) കൂടെ കാണും. ഇവ രണ്ടും വൈദ്യുതി ഉപഭോഗം ലാഭിക്കാൻ സഹായിക്കും. സാധാരണ 230/240 വോൾട്ടേജിലുള്ള AC കറന്റിലാണിത് പ്രവർത്തിക്കുന്നത്. പാചകം ചെയ്യുന്ന പ്രതലങ്ങളിൽ താഴത്തേതിന്റെ ചൂട് 425 വരെ എത്തണം.

നല്ല സർവീസും കസ്റ്റമർ സ്പ്പോർട്ടും നൽകുന്ന പ്രശസ്തമായ കമ്പനിയുടെ ബ്രാൻഡേ വാങ്ങാവ‍ൂ. ഒാൺലൈനിലും ഇതു ലഭ്യമാണ്. പ്ലേറ്റിന്റെ വലിപ്പം എട്ട് മുതൽ 10 ഇഞ്ച് ഡയമീറ്റർ ആണ് സാമാന്യം വലിയ ചപ്പാത്തി ഉണ്ടാക്കാൻ വേണ്ടത്. ഉപകരണത്തിന്റെ സ്പർശിക്കാൻ സാധ്യതയുള്ള എല്ലാ ഭാഗങ്ങളും ഷോക്ക് പ്രൂഫ് ആയിരിക്കണം. ഹാൻഡിൽ ചൂടാകാത്ത വസ്തു കൊണ്ടുള്ളതാകണം.

ഫുൽക്ക മോഡൽ ചപ്പാത്തി കൂടാതെ ചപ്പാത്തി മേക്കറിൽ പാകം ചെയ്യാവുന്ന ഒന്നാണ് പൊറോട്ട. ഉപകരണം തുറന്നു വച്ച് താഴത്തെ തട്ടിൽ ദോശയോ ഒാംലെറ്റോ ഒക്കെ ഉണ്ടാക്കാം. ചപ്പ‍ാത്തി കൂടുതൽ മൃദുവാകാൻ ഗോതമ്പുമാവു കുഴയ്ക്കുമ്പോൾ 2–3 ടേബിൾ സ്പൂൺ തൈര് ചേർക്കാവുന്നതാണ്.

ചൂടോടെ കഴിക്കണം

ചപ്പാത്തിമേക്കറിൽ ഉണ്ടാക്കുന്നതു ചൂടോടെ കഴിക്കണം. കുറച്ചുനേരം കഴിയുമ്പോഴേക്ക് അതിന്റെ മൃദുത്വം നഷ്ടപ്പെടും. അതുകൊണ്ടുതന്നെ കുട്ടികൾക്ക് ഉച്ചഭക്ഷണമായി കൊടുത്തുവിടുന്നത് ഉചിതമല്ല. ചപ്പാത്തിമേക്കറിന്റെ പ്ലേറ്റിന്റെ വലുപ്പം താരതമ്യേന കുറവാണ്. വലുപ്പം കൂടുതലുള്ള നന്നായി മൊരിഞ്ഞ ചപ്പാത്തി വേണമെന്നുണ്ടെങ്കിൽ കൈകൾ കൊണ്ടു പരത്തുക തന്നെ വേണം.

അതിന‍ൂതനായ ടെക്നോളജി അനുസരിച്ചുള്ള ഫുള്ളി ഒാട്ട‍ോമാറ്റിക് ഇന്ന് അമേരിക്കയിൽ വിപണ‍ിയിൽ എത്തിക്കഴിഞ്ഞു. ഇതിൽ നീഡറിന്റെ ആവശ്യമില്ലാതെ തന്നെ മാവു കുഴയ്ക്കാനും ഉരുളകളാക്കാനും പരത്താനും വേവിക്കാനും പൂർണരൂപത്തിലുള്ള ചപ്പാത്തി ലഭ്യമാകാനും കഴിയും. വലിയ റെസ്റ്റോറന്റുകളിൽ കൺവെയർ ബെൽറ്റ് മോഡലിലുള്ള ചപ്പാത്തിമേക്കർ കാണാം. അതു ഫുള്ളി ഒാട്ട‍ോമാറ്റിക് ആണ്.

ഡോ.ബി. സുമാദേവി
ഇഎൻടി സർജൻ, ഇഎസ്‍െഎ ഹോസ്പിറ്റൽ, ഉദ്യോഗമണ്ഡൽ, എറണാകുളം