Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയം ഹൃദയത്തോടു ചെയ്യുന്നത്...

501292231

പ്രണയിക്കുമ്പോൾ ലോകം രണ്ടുപേരിലേക്കു ചുരുങ്ങുന്നു. തന്റെ കാഴ്ച, കേൾവി, ഗന്ധം ഒക്കെ പ്രണയി മാത്രമാകുന്നു. ഉയിർത്തെഴുന്നേൽപ്പില്ലാതെ പ്രണയത്തിൽ വീണു മരിച്ചവർ നിരവധി. എന്തുകൊണ്ടാണ് ഒരു വ്യക്തിയോടു മാത്രം ആകർഷണം തോന്നുന്നത്? ഞാൻ നിലനിൽക്കണമെങ്കിൽ അവൻ അല്ലെങ്കിൽ അവൾ കൂടിയേതീരൂ എന്നു തോന്നുന്നതെന്തുകൊണ്ട്?

പ്രണയത്തിൽ വീഴുക, പ്രണയത്തിൽ അകപ്പെടുക എന്നെല്ലാമാണല്ലോ നാം പറയുക. യഥാർഥത്തിൽ പ്രണയം എന്നത് എന്താണ്? പ്രണയമെന്നത് ചില ഹോർമോണുകളുടെ കളി ആണ്. പ്രണയത്തിനു പിന്നിൽ ഒരു ജൈവരസതന്ത്രമുണ്ട്.

പ്രണയത്തിലാകുന്നത് മൂന്നു ഘട്ടങ്ങളിലൂടെയാണ്. ഓരോഘട്ടത്തിലും ഓരോ ഹോർമോണുകളാണ് പിന്നിൽ. പ്രണയത്തിലായിരിക്കുമ്പോൾ തലച്ചോറിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് മാനസികരോഗവുമായി നിരവധി സാമ്യങ്ങളുണ്ട്. പ്രണയത്താൽ ഭ്രാന്തു പിടിച്ചു നടക്കുന്നുവെന്നു പറയുന്നത് വെറുതെയല്ലെന്നു സാരം. യഥാർഥത്തിൽ ഭ്രാന്തിനു തുല്യമായ അവസ്ഥ തന്നെ.

ഒരാളോട് ആകർഷണം തോന്നുമ്പോൾ നമ്മളറിയാതെതന്നെ അവരുടെ ജീനുകളെ നമ്മൾ ഇഷ്ടപ്പെടുന്നു. കാഴ്ച പോലെതന്നെ ഗന്ധവും പ്രണയത്തിൽ പ്രധാനമാണത്രേ. നമ്മുടെ രക്ഷിതാക്കളുടെ രൂപത്തോടും ഗന്ധത്തോടും സാദൃശ്യമുള്ളവരെയാകുമത്രേ നമ്മൾ ഏറെ ഇഷ്ടപ്പെടുന്നതും.

കവിളുകളുടെ തുടിപ്പും ഉയർന്ന ഹൃദയമിടിപ്പും നനവാർന്ന വിയർക്കുന്ന കൈകളും പ്രണയത്തിലായിരിക്കുന്നതിന്റെ ചില ബാഹ്യലക്ഷണങ്ങളാണ്. ശരീരത്തിനുള്ളിലും ചില രാസപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

പ്രണയത്തിൽപ്പെടുന്ന ആദ്യഘട്ടത്തിൽ മോഹം തോന്നുന്നു, കാരണം ടെസ്റ്റോസ്റ്റിറോണും ഈസ്ട്രജനും. രണ്ടാമത്തെ ഘട്ടത്തിൽ ആകർഷണം തോന്നുന്നു. വിശപ്പില്ല, ഉറക്കമില്ല... സ്നേഹിക്കുന്നയാളെക്കുറിച്ച് പകൽക്കിനാവിൽ മുഴുകുന്നു. മോണോ അമൈൻസ് എന്ന ഒരുകൂട്ടം ന്യൂറോട്രോൻസ്മിറ്റുകളാണ് ഇതിനു പിന്നിൽ. തലച്ചോറിലെ പ്ലഷർ സെന്ററുകളെ പ്രണയം ഉണർത്തുന്നു. രക്തയോട്ടം കൂട്ടുന്നു. മൂന്നാം ഘട്ടം അടുപ്പത്തിന്റേതാണ്. ഓക്സിടോസിൻ, വാസോപ്രസിൻ എന്നീ രണ്ടു ഹോർമോണുകളാണ് ഈ ഘട്ടത്തിൽ പ്രധാനപങ്കു വഹിക്കുന്നത്.

ജനിക്കുമ്പോൾതന്നെ ഹൈപ്പോതലാമസ് ഗ്രന്ഥി ഉത്പ്പാദിപ്പിക്കുന്ന ഹോർമോണാണ് ഓക്സിടോസിൻ. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിനു പിന്നിൽ ഈ ഹോർമോണാണ്. രതിയുടെ സമയത്ത് പങ്കാളികളിലും ഈ ഹോർമോൺ പ്രവർത്തിക്കുന്നു. മുതിർന്നവരുടെ ബന്ധങ്ങളെ കൂടുതൽ ആഴത്തിലുള്ളതാക്കുന്നതും ഇതേ ഹോർമോൺതന്നെ.

പ്രണയത്തിലായിരിക്കുമ്പോൾ സെറോടോണിന്റെ അളവു കുറയുന്നു. ഡോപാമിൻ, അഡ്രിനാലിൻ, നോർപിൻഫ്രൈൻ എന്നിവയുടെ അളവു കൂടുന്നു.

പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനു പിന്നിൽ നമ്മുടെ ഉപബോധ മനസ്സിന്റെ ദയാവായ്പ് ആണോ? ആകർഷണത്തിനു പിന്നിലെ ശാസ്ത്രം പഠിക്കുന്ന ഗവേഷകർ, മനുഷ്യൻ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനു പിന്നിലെ പരിണാമസിദ്ധാന്തം വരച്ചു കാട്ടുന്നു. ഏറ്റവും മികച്ച ജീനുകളെത്തന്നെ തിരഞ്ഞെടുക്കാൻ കഴിയുന്നുവെന്നത് മനുഷ്യന്റെ മാത്രം നേട്ടമാണ്. ആതുവഴി ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാനും കഴിയുന്നു.

ഒരാളോടു പ്രണയം തോന്നുമ്പോൾ ഓർക്കുക... ഹോർമോണുകൾ കളി തുടങ്ങിക്കഴിഞ്ഞുവെന്ന്.