Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഫീമേക്കർ അടുത്തറിയാം

173655712

നമ്മൾ ചില കാര്യത്തിലെങ്കിലും പഴമയിലേക്കു തിരിച്ചുപോവുകയാണ്. അതു ഭക്ഷണത്തിന്റെതായാലും ജീവിതരീതിയായാലും കാപ്പി കുടിക്കുന്ന കാര്യത്തിൽ ഇതു ബാധകമാണോ എന്ന് ചിന്ത‍ിച്ചിട്ടുണ്ടോ? ബാധകമാണ് എന്നാണ് ഉത്തരം. ഇന്ന് വെള്ളം തിളപ്പിച്ച് അതിൽ കാപ്പിപ്പൊടിയും പഞ്ചസാരയും ചേർത്ത് ഉണ്ടാക്കുന്ന കാപ്പിയാണു മിക്ക വീടുകളിലും തയാറാക്കുന്നത് എന്നാൽ തനതായ രീതി ഇങ്ങനെയല്ല. ആ രീതിയിൽ കാപ്പി ഉണ്ടാക്കാൻ സഹായിക്കുന്ന ഉപകരണമാണ് കോഫ‍ി മേക്കർ.

കാപ്പിക്കുരുവിൽ നിന്ന് സത്ത് എടുത്ത്

പണ്ടുകാലത്തു കാപ്പിക്കുരു കഷണങ്ങൾ തുണിസഞ്ചിയിലാക്ക‍ി ചൂടുവെള്ളത്തിൽ ഇറക്കിവയ്ക്കുമായിരുന്നു. അതിൽ നിന്നു കാപ്പ‍ിയുടെ സത്ത് അരിച്ചിറങ്ങി ചൂടുവെള്ളത്തിൽ കലർന്നു വേണ്ടത്ര കടുപ്പത്തിൽ ആവുമ്പോൾ തുണി സഞ്ചിയെടുത്ത് മാറ്റി കാപ്പി പകർന്നെടുക്കുമായിരുന്നു. മറ്റൊരു നൂതനമാർഗം അക്കാലത്തു പ്രയോഗിച്ചിരുന്നത് ഫിൽട്ടർ കോഫിയുണ്ടാക്കലായിരുന്നു. ഏതാണ്ട് 125 കൊല്ലത്തോളം പഴക്കമുണ്ട് ഫിൽട്ടർ കോഫി നിർമാണത്തിന്. രണ്ടു തട്ട‍ുള്ള പാത്രം. മുകളിലത്തേതിൽ തുണിയിൽ പൊതിഞ്ഞു കാപ്പിപ്പൊടി വയ്ക്കും. അതിലേക്ക് ചൂടുവെള്ളമൊഴിക്കും. രണ്ട‍ു തട്ടുകളുടെയും ഇടയിലുള്ള അരിപ്പയിലൂടെ കാപ്പിക്കുരുവിന്റെ സത്ത് ഇറങ്ങിവരും ഇത് ആവശ്യത്തിന് കാച്ചിയ പാലിൽ ചേർത്താണ് ഫിൽട്ടർ കാപ്പിയുണ്ടാക്കുന്നത്.

ഇന്നത്തെ കോഫി മേക്കൽ ഉപകരണത്തിൽ വറുത്തെടുത്ത കാപ്പിക്കുരുവിൽ നിന്ന് സത്ത് മുഴുവൻ വാറ്റി (Brewing) യെടുക്കുന്ന പ്രവർത്തനം ഉണ്ട്. വാറ്റൽ പ്രക്രിയയിലും ഘടനയിലും വ്യത്യാസമുള്ള വിവിധ മോഡലുകൾ വിപണിയിലുണ്ട്. വറുത്തു നുറുക്കിയ കാപ്പിക്കുരു കഷണങ്ങൾ ഒരു അരിപ്പയുടെ മേൽ വയ്ക്കുന്നു. തണുത്ത വെള്ളം മറ്റൊരു അറയിൽ ഒഴിച്ച് അതിനെ തിളപ്പിക്കുന്നു. ആവി കാപ്പിക്കുരു കഷണങ്ങളിലേക്ക് വിട്ട് അതിലെ സത്തുമുഴുവൻ ഊറ്റിയെടുക്കുന്നു. ആവിയും കാപ്പിയുടെ സത്തും ചേർന്ന് ഒരു ചോർപ്പു (Funnel) വഴി കപ്പിലേക്ക് പകരുന്നു. കുരുക്കഷണങ്ങൾ കാപ്പിയിലേക്ക് വീഴാതെ ത‌ടഞ്ഞുനിർത്താൻ കോഫീമേക്കറിന്റെ ഘടനയിൽ പലവിധ മ‍ാറ്റങ്ങളും വരുത്താറുണ്ട്. കാപ്പി പുറത്തേക്കൊഴുകുന്ന സ്പൗ‌ട്ട് (Spout) വളരെ നേർത്തിരിക്കും. െമഷീന്റെ അടിഭാഗമോ മധ്യഭാഗമോ വികസിച്ചിരിക്കുന്നതും കാ‍പ്പിക്കുരു കഷണ‍ങ്ങൾ തടഞ്ഞുനിർത്താൻ സഹായിക്കും.

ഉപകരണങ്ങളുടെ പിറവി

ഫിൽറ്റർ കോഫി ഉപയോഗത്തിലിരിക്കെ തന്നെ അക്കാലത്ത് അമിതമർദത്തിലുള്ള നീരാവി ഉണക്കിപ്പൊടിച്ച കാപ്പിക്കുരുവിലൂടെ കടത്തിവിടുന്ന രീതിയിലുള്ള ഉപകരണങ്ങൾ കണ്ടെത്തി. പെർക്കോലേറ്റർ, ശൂന്യാവസ്ഥ കൊണ്ട് പ്രവർത്തിക്കുന്ന വാക്വം ബ്രൂവർ, അലുമിനിയം കൊ‍ണ്ടുണ്ടാക്കിയ മോക്കാ പോട്ട്, ഇലക്ട്രിക് ഡ്രിപ് കോഫീമേക്കർ എന്നിവ അവയിൽ ചിലതാണ്. ഇന്നത്തെ കോഫിമേക്കറുകളിൽ പല സൗകര്യങ്ങളുമുണ്ട്. ടൈമർ സംവിധാനമുള്ളതിനാൽ തന്നത്താൻ ഒാണാകാനും ഒാഫാകാനും കഴിയും. വെള്ളത്തിന്റെ ഫിൽറ്ററേഷനുള്ള സംവിധാനവുമുണ്ട്. കാപ്പിക്കുരു പൊടിക്കാനുള്ള സംവിധാനം മെഷീനുള്ളിൽ തന്നെയുണ്ട്. കോഫീ മേക്കർ വാങ്ങുമ്പോൾ മേൽപറഞ്ഞ സംവ‍ിധാനങ്ങൾ, ഉൽപന്നത്തിന്റെ ബ്രാൻഡ്, വില എന്നിവയൊക്കെ പരിഗണിക്കണം. ഒരു കപ്പ് കാപ്പിയുണ്ട‍ാക്കാവുന്നതു മുതൽ 18 കപ്പ് വരെ ഉണ്ടാക്കാവുന്ന കപ്പാസിറ്റിയുള്ള കോഫീ പ്രെസ്സ് (French Coffee Press) എന്ന തരം കാപ്പി വാറ്റ് യന്ത്രവും ഇപ്പോഴും ഉപയോഗത്തിലുണ്ട്. ഇതിൽ ഒരു ഫിൽട്ടർ പിസ്റ്റൺ കൊണ്ടു കാപ്പിപ്പൊടിയും തിളച്ചവെള്ളവും ചേർത്തിളക്കിയ മിശ്രിതത്ത‍െ അമർത്തി ഏറ്റവും താഴെ തട്ടുവരെ ‍ഞെക്കുകയാണ് ചെേയ്യണ്ടത്. അത്തരത്തിൽ കിട്ടുന്ന കാപ്പി ഉടനെതന്നെ കുടിക്കാം.

ഗ്രീൻടീ കുടിക്കാം

‌ഗ്രീൻ ടീ ആരോഗ്യദായകമായ പാനീയമാണെന്ന് ഇന്നു മിക്കവർക്കും അറിയാം. ഗ്രീൻ ടീ മേക്കർ എന്ന ഉപകരണത്തിൽ അകത്തെ അറയിൽ ആറിലൊന്ന് ഭാഗം ഗ്രീൻ ടീ ഇലകൾ നിറയ്ക്കണം. ബാക്കി ഭാഗം തിളച്ചവെള്ളവും ഗ്ലാസ്സുകൊണ്ട് നിർമ‍ിച്ച അറകളായതുകൊണ്ടു ഗ്രീൻ ടീയ്ക്ക് വേണ്ടത്ര നിറം കിട്ടിയെന്ന് ഉറപ്പായാൽ മുകളിലെ ബട്ടൺ അമർത്തുക. അപ്പോൾ അകത്തെ അറയിൽ നിന്നു ഗ്രീൻ ടീ മാത്രം പുറത്തെ അറയിലേക്ക് കടക്കും. സാവധാനം ഉള്ളിലെ അറ എടുത്തുമാറ്റി പുറത്തെ അറയിൽ നിന്നു ഗ്രീൻ ടീ കപ്പുകളിലേക്ക് പകരാം.

വെള്ളം തിളപ്പിക്കാൻ കെറ്റിൽ

വെള്ളം തിളപ്പ‍ിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് കെറ്റിലുകൾ. സ്റ്റൗവിന്മേൽ വയ്ക്കാവുന്നതും വൈദ്യുതിയിൽ പ്രവർത്തിപ്പിക്കാവുന്നതുമായ കെറ്റിലുകൾ ലഭ്യമാണ്. വെള്ളം തിളയ്ക്കുമ്പോൾ പ്രഷർകുക്കറിന്റ‍േതുപോലെ വിസിൽ അടിക്കുന്ന മോഡലും ഉണ്ട്. സ്റ്റൗടോപ്പ് കെറ്റിൽ ലോഹന‍ിർമ‍ിതമാണ്. ഒരു കൈപ്പിടിയും മൂടിയും വെള്ളം പുറത്തേക്ക് ഒഴിക്കാൻ പാത്രത്തിന്റെ വാലും (Spout) ഉണ്ട്. വെള്ളം തിളയ്ക്കുമ്പോൾ ആവി പുറ‍ത്തു കടക്കാൻ ശ്രമിക്കുമ്പോഴാണ് വിസിൽ ശബ്ദം ഉണ്ടാവുന്നത്. സ്റ്റെയിൻലെസ്സ് സ്റ്റീൽ കൊണ്ടാണ് കൂടുതലും സ്റ്റൗ ടോപ്പ് കെറ്റിൽ ഉണ്ടാക്കുന്നത്. കോപ്പർ, ഇരുമ്പ്, അലുമിനിയം, സെറാമിക് എന്നിവ കൊണ്ടും കെറ്റിൽ ഉണ്ട‍ാക്കാറുണ്ട്.

കെറ്റിൽ കൊണ്ട് പല പ്രയോജനങ്ങളുണ്ട്. മൂടി കൊണ്ട് അടച്ചുവച്ച പാത്രമായതിനാൽ തിളച്ചവെള്ളത്തിന്റെ ചൂടു പെട്ടെന്നു നഷ്ടപ്പെടില്ല. വെ‍ള്ളം എളുപ്പത്തിൽ തിളച്ചുകിട്ടും. ഇലക്ട്രിക്ക് കെറ്റിൽ അടുപ്പിന്റെ ഉപയോഗം ഒഴിവാക്കുന്നു. ഈടുനിൽക്കുന്ന പ്ലാസ്റ്റിക്കോ സ്‍റ്റീലോ കൊണ്ടുണ്ടാക്കുന്നതാണിത്. സ്റ്റീൽ കെറ്റിലിന് പ്ലാസ്റ്റിക് പിടി (Handle) ഉണ്ടാകും. നൂതന മോഡലുകളിൽ ഹീറ്റിങ് കോയിലുകൾ അതിനുള്ളിൽ തന്നെ അടങ്ങിയിരിക്കും. ഇപ്പോഴുള്ള കെറ്റിലിൽ വെള്ളം തിള‍ച്ചു കഴിഞ്ഞാൽ താനേ വൈദ്യുതി വിച്ഛേദിക്കപ്പെടുന്ന തെർമോസ്റ്റാറ്റ് മെക്കാനിസം ഉണ്ട്. വെള്ളം തിളയ്ക്കുമ്പോഴുണ്ടാകുന്ന നീരാവിയാണ് തെർമോസ്റ്റാറ്റിനെ ചൂടാക്കുന്നതും കറന്റ് കട്ടാക്കുന്നതും.

ഡോ. ബി. സുമാദേവി
ഇഎൻടി സർജൻ
ഇഎസ്ഐ ഹോസ്പിറ്റൽ ഉദ്യോഗമണ്ഡൽ, എറണാകുളം