Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈബർ ലോകത്ത്‌ അടിമപ്പെടുന്ന കുട്ടികളെ എങ്ങനെ തിരിച്ചറിയാം?

cyber

സൈബർ ലോകത്തിന് അതിരുകളില്ല. എല്ലാ രാജ്യങ്ങളിലുമായി വ്യാപിച്ചു കിടക്കുന്നതും തമ്മിൽ തമ്മിൽ ബന്ധപ്പെട്ടുകിടക്കുന്നതുമായ ഒരു വലിയ ലോകമാണിത്. ഇവിടെ ജീവിക്കുന്ന ഓരോ മനുഷ്യനും ജാഗരൂകരാകേണ്ടിയിരിക്കുന്നു.

കംപ്യൂട്ടറും ഫോണും സൈബർ മെഷിനുകളും ഉപയോഗിച്ച് ചെയ്യുന്ന നല്ലതും ചീത്തയായതുമായ എല്ലാ പ്രവർത്തികളുടെയും തെളിവുകൾ ഈ ഉപകരണങ്ങൾ സ്വയം ശേഖരിച്ചുവയ്ക്കുന്നു. ഒരു വിദ്യാർഥി തന്റെ സഹപാഠിയുടെ നഗ്ന ഫോട്ടോ അപ്ലോഡ് ചെയ്താൽ അവൻ സ്വയം കുഴിച്ച കുഴിയിൽ വീഴുകയാണ് ചെയുന്നത്. വ്യാജ ദൃശ്യങ്ങളും മര്യാദയ്ക്ക് നിരക്കാത്ത വാചകങ്ങളും ചേർത്ത് അപവാദപ്രചരണം നടത്തുന്നവർ സ്വയം പരിഹാസ്യരാവുകയാണ് .

നമ്മൾ എപ്പോഴും സൈബർ നിരീക്ഷണത്തിലാണെന്ന ബോധം നമ്മുടെ മസ്തിഷ്കം പാകപ്പെടുത്തികൊണ്ടിരിക്കുകയാണ്. അതിന്റെ പ്രതിഫലനം പെരുമാറ്റത്തിൽ ഗുണകരമായ മാറ്റങ്ങൾ വരുത്തുന്നു. സാമൂഹിക വിരുദ്ധ പ്രവർത്തികളിൽ ഏർപ്പെടാതിരിക്കാൻ സ്വയം നിയന്ത്രണം കൈവരുത്താൻ അത് ഓരോ മനുഷ്യനെയും പ്രാപ്തനാക്കുന്നു.
സൈബർ ലോകത്ത് വിനിമയം ചെയ്യപ്പെടുമ്പോൾ നമ്മുടെ മസ്തിഷ്കം പലപ്പോഴും ചതിക്കപ്പെടുന്നു. ഭൗതിക ലോകത്ത് ആശയ വിനിമയം ചെയുമ്പോൾ വ്യക്തികൾക്കുണ്ടാകുന്ന ചില പ്രയാസങ്ങൾ- ശങ്ക ,ഭയം തുടങ്ങിയവ - സൈബർ ലോകത്ത് താരതമ്യേന കുറവായിരിക്കും. അതിനാൽ സൈബർ ലോകത്തെ ആശയ വിനിമയം സ്വജന മര്യാദകൾക്ക് നിരക്കുന്നത് ആകണമെന്നുമില്ല. മോശമായി മറ്റൊരാളെപ്പറ്റി നേരിട്ടു നടത്തുന്ന പരാമർശങ്ങൾ കൂടിയാൽ അഞ്ചോ പത്തോ പേരിൽ ഒതുങ്ങി നിൽക്കും. എന്നാൽ അത്തരം പ്രചരണം സോഷ്യൽ മീഡിയകളിലൂടെയാണെങ്കിൽ അത് നിമിഷ നേരം കൊണ്ട് ലക്ഷക്കണക്കിന് ആളുകളിൽ എത്തുന്നു.

ഇന്റർനെറ്റിലും സിസിടിവി ദൃശ്യങ്ങളിലും മൊബൈലിലും അടങ്ങിയിട്ടുള്ള വിവിധ തരം സൈബർ തെളിവുകൾ അനിഷേധ്യമാണ്. അത്തരത്തിലുള്ള നൂറുകണക്കിന് സൈബർ വിവരങ്ങളാണ് വിവിധ തരം കുറ്റകൃത്യങ്ങളുടെ ആധികാരിക തെളിവുകളായി മാറാനുള്ള സാധ്യതയുമായി സൈബർ ലോകത്ത് ഒളിഞ്ഞിരിക്കുന്നത്. സൈബർ ലോകത്തുള്ള ഓരോ പ്രവർത്തനവും സൂക്ഷിച്ചു ചെയേണ്ടതാണ്. നമ്മുടെ ഓരോ ഇടപെടലുകളും പ്രവർത്തനങ്ങളും ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഇ-മെയിലിലും ഇന്റെർനെറ്റിലുമൊക്കെ നിഗൂഢമായി അവശേഷിക്കപ്പെടുന്നതാണ്. അതെല്ലാം കർക്കശമായ സൈബർ നിയമങ്ങളുടെ നിഷേധിക്കാനാകാത്ത തെളിവുകൾ ആയി മാറുകയും ചെയുന്നു. സംശയം തോന്നുന്നവരുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുള്ള നിയമ പരിരക്ഷ അന്വഷണ ഏജൻസികൾക്കുണ്ട്. സാമൂഹിക വിരുദ്ധ പ്രവർത്തികളിൽ ഏർപ്പെടുന്നവരുടെ ഫോൺകോളുകളും സോഷ്യൽ മീഡിയ പ്രവർത്തങ്ങളും അധികൃതർ നിരീക്ഷിക്കുന്നുണ്ട്.

ഈ കാലത്ത് മനുഷ്യൻ കൂടുതൽ സുതാര്യമായി പ്രവർത്തിക്കേണ്ടതായി വരുന്നു. മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ പരിവർത്തന കാലഘട്ടമാണിത്. നമ്മുടെ പല അറിവുകളും ഉപയോഗ ശൂന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അറിവിന്റെ മേഖലയിൽ നടക്കുന്ന വിസ്ഫോടനം അറിയാതെ പോകുന്നവർ പിന്തള്ളപ്പെടും. അവർ ഇരകളാകും. ആധുനികസാങ്കേതിക വിദ്യയുടെ പ്രയോഗത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത അധ്യാപകരും രക്ഷകർത്താക്കളും കുട്ടികളുടെ മുന്നിൽ പരിഹാസ്യരാകുന്നു. ലോകം ഇന്ന് സൈബർ സാങ്കേതിക വിദ്യയുടെ നിയന്ത്രണത്തിലാണ്.

മാന്യമായ സൈബർ പെരുമാറ്റം
സൈബർ ലോകത്തെ പരസ്പര പ്രവർത്തനത്തിനിടയിൽ നമ്മൾ പാലിക്കാനുള്ള ചില മര്യാദകളും കടമകളും നിയമപരമായ ബാധ്യതകളുമുണ്ട്. സ്ത്രീകളും പെൺകുട്ടികളും സൈബർ ഇരകളാകുന്നത് നമ്മൾ കാണുന്നു.

കൗമാരത്തിൽ പെൺകുട്ടികളിലെ ഹോർമോൺ വ്യതിയാനങ്ങൾ അനിയന്ത്രിതമാകാറുണ്ടെന്നും അതുമൂലം പെൺകുട്ടികളെ ഇന്റർനെറ്റിലൂടെയും സോഷ്യൽ മീഡിയയിലൂടെയും എളുപ്പം വശീകരിക്കാമെന്ന പ്രചരണം ഒരു പുരുഷാധിപത്യ സമൂഹത്തിന്റെ വൃത്തികെട്ട ചിന്തയാണ്.

ഏകദേശം 20 വയസാകുന്നതോടെയാണ് മസ്‌തിഷ്‌ക്ക വളർച്ച പൂർണതയിൽ എത്തുന്നത് അതിനാൽ കൗമാര പ്രായക്കാർ എടുക്കുന്ന പല തീരുമാനങ്ങളും അപക്വമാകാൻ ഇടയുണ്ട്.. ഇന്റർനെറ്റ് ,സോഷ്യൽ മീഡിയ ഉപയോഗിച്ചു പഠനം നടത്തുന്ന രീതിയിലേക്ക് വിദ്യാർഥികൾക്ക് മാറാൻ കഴിയണം. സോഷ്യൽ മീഡിയയും ഇന്റർനെറ്റും ഫലപ്രദമായി ഉപയോഗിച്ച് പഠിക്കാൻ അദ്ധ്യാപകരും രക്ഷകർത്താക്കളും വഴികാട്ടികളാകേണ്ടതുണ്ട്. ഓരോ ദിവസവും അറിവുകൾ മാറി വരുന്നു, എന്നാൽ പാഠപുസ്തകത്തിലെ അറിവുകൾ എളുപ്പം മാറുന്നില്ല . ഇന്റർനെറ്റിലൂടെ അറിവുകളുടെ വൈവിധ്യങ്ങൾ അനുഭവിക്കാൻ ഓരോ പഠിതാവിനും കഴിയുന്നു.

സഹവർത്തിത്വ പഠനത്തിന്റെ പുതിയ മേഖലകൾ സോഷ്യൽ മീഡിയ തുറന്നു തരുന്നു. ഓരോ കുട്ടിയും സൈബർ ലോകത്ത് സാമൂഹ്യാവൽക്കരിക്കപ്പെടേണ്ടതുണ്ട്.

വികസിത രാജ്യങ്ങളിൽ ഇന്റർനെറ്റ് ഉപയോഗത്താൽ വിദ്യാഭ്യാസം ആധുനികവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ വിവര സാങ്കേതിക വിദ്യയുടെ സാധ്യതകളെപ്പറ്റി നമ്മുടെ അവബോധം അത്ര മികച്ചതല്ല. സോഷ്യൽ മിഡിയയും ഇന്റർനെറ്റും കുട്ടികളെ പഠനത്തിൽ താല്പര്യം കുറയ്ക്കും, സ്വഭാവം മോശമാകും, എന്നൊക്കെയുള്ള ചിന്തകളാണ് നമുക്കുള്ളത്. യഥാർത്ഥത്തിൽ പ്രായോഗിക തലത്തിൽ നിന്നുകൊണ്ട് വേണം നമ്മൾ ഇക്കാര്യത്തെ സമീപിക്കാൻ. അപകടം ഉണ്ടാകുമെന്നു കരുതി ഒരാളും റോഡിലൂടെ നടക്കാതിരിക്കുനില്ല , വാഹനം ഒടിക്കാതിരിക്കുന്നില്ല , ശ്രദ്ധയോടെ ചെയ്താൽ അപകടം ഒഴിവാക്കാൻ കഴിയുമെന്ന ബോധം മഷ്തിഷ്‌കം രൂപപ്പെടുത്തിയിട്ടുണ്ട് . സൈബർ ഇടപെടലുകൾ നടത്തുമ്പോഴും ഇതുപോലുള്ള ബോധം രൂപപ്പെടേണ്ടതുണ്ട് .

കുറ്റവാസനയുള്ളവർ ആധുനിക ടെക്നോളജി ദുരുപയോഗം ചെയ്യും .എന്നാൽ തങ്ങൾ ചെയ്യുന്നത് കുറ്റകൃത്യമാണെന്നറിയാതെ പലരും കുറ്റം ചെയ്യാനിടയുണ്ട് .ഒരു രാജ്യത്തിലിരുന്നുകൊണ്ട് മറ്റൊരു രാജ്യത്ത് കുറ്റകൃത്യത്തിലേർപ്പെടാൻ കഴിയും .ഓരോ രാജ്യത്തിലെയും സൈബർ നിയമങ്ങളിൽ വ്യത്യാസമുണ്ട് .സൈബർ നിയമങ്ങളെ കുറ്റമറ്റതാക്കാനുള്ള ശ്രമങ്ങൾ ലോകത്താകമാനം നടന്നുകൊണ്ടിരിക്കുന്നുണ്ട്.

മാന്യമായ സൈബർ പെരുമാറ്റമില്ലെങ്കിൽ ഒരാളുടെ ജോലി നഷ്ടപ്പെടാം ,അയാളെ എല്ലാവരും നിന്ദിക്കും .അയാൾ ചെയ്ത എല്ലാ സൈബർ പ്രവർത്തികളും മായാതെ അവശേഷിക്കുകയും അത് ജീവിതത്തെ വേട്ടയാടുകയും ചെയ്യും .

കായികവിനോദത്തിന്റെ ആവശ്യം
ലഭ്യമായ മഷ്തിഷ്കപരമായ ശേഷിയുടെ കാര്യക്ഷമമായ ഉപയോഗത്തിന് കായികവിനോദങ്ങൾ ,ശാരീരികവ്യായാമങ്ങൾ എന്നിവ ആവശ്യമുണ്ട് .സൈബർ ജീവികളായിരിക്കുകയും സാമൂഹിക സംസർഗം ഇല്ലാതിരിക്കുകയും ചെയ്താൽ അത് വിവിധ ശാരീരിക മാനസിക പ്രസ്നങ്ങൾക്കു കാരണമാകും .

സൈബർ ലോകത്ത്‌ അടിമപ്പെടുന്ന കുട്ടികളെ എങ്ങനെ തിരിച്ചറിയാം?
ഭക്ഷണം ,ടെലിവിഷൻ ,വിനോദം എന്നിവയിൽ അഡിക്ഷനാകുന്നതുപോലെതന്നെയാണ് സൈബർ അഡിക്ഷ്ണനും .ചില കുട്ടികളിൽ അഡിക്ഷനുകൾ രൂപപ്പെടാനുള്ള സാധ്യത മറ്റുകുട്ടികളേക്കാൾ കൂടുതലായിരിക്കും .

അറ്റൻഷൻ ഡിഫൈൻഡ് ഹൈപ്പർആക്ടിവിറ്റി ഡിസോർഡർ, വിഷാദരോഗം,ശത്രുതാപെരുമാറ്റം, ഓപ്പോസിഷണൽ ഡിഫൈൻഡ് ഡിസോർഡർ, സാമൂഹിക വിരുദ്ധ വ്യക്തിത്വം എന്നീ മനഃശാസ്ത്രപരമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികൾ ഇത്തരം പ്രശ്നങ്ങൾ ഇല്ലാത്തവരെക്കാൾ കൂടുതൽ അഡിക്ഷൻ അനുഭവിക്കുന്നു .ഇവരിൽ സാമൂഹിക വിരുദ്ധ വ്യക്തിത്വമുള്ളവരും ശത്രുതാപെരുമാറ്റമുള്ളവരുമാണ് സൈബർ ക്രിമിനൽ പ്രവർത്തനങ്ങളിൽ വ്യാപാരിക്കുന്നത് .

ചിന്തിക്കാതെ ഓരോ കാര്യങ്ങളും ചെയ്യുക. ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യം പൂർത്തിയാകാതെ മറ്റൊന്നിലേക്കു ചാടാനുള്ള പ്രവണത. ബാഹ്യമായ കാര്യങ്ങളിൽ മനസ്സ് പെട്ടെന്ന് തെന്നിപോകുക, മറ്റു വ്യക്തികളുടെ കാര്യങ്ങളിൽ ആവശ്യമില്ലാതെ ഇടപെടുക അപകടങ്ങളിൽ ചെന്ന് ചാടാനുള്ള പ്രവണത, മറ്റു കുട്ടികളെക്കാൾ വേഗത്തിൽ പ്രതികരിക്കുക, ഓരോ കാര്യത്തിലും അക്ഷമ പ്രകടിപ്പിക്കുക തുടങ്ങിയവയാണ് ADHD യുടെ ലക്ഷണങ്ങൾ.

നിഷേധാത്മകമായി പെരുമാറുക. തന്റെ കുറ്റങ്ങളുടെയും കുറവുകളുടെയും ഉത്തരവാദിത്വo മറ്റുള്ളവരിൽ ആരോപിക്കുകയും ചെയ്യുക, വളരെപ്പെട്ടെന്ന് ദേഷ്യപ്പെടുക തുടങ്ങിയ ഓപ്പോസിഷണൽ ഡിഫൈൻഡ് ഡിസോർഡർ സ്വഭാവം ഉള്ള കുട്ടികൾ.

നിർദ്ദയമായി പെരുമാറുക, ചെയ്യുന്ന തെറ്റുകളെക്കുറിച്ചു പശ്ചാത്താപം ഇല്ലാതിരിക്കുക, ബന്ധങ്ങൾ പെട്ടെന്ന് അവസാനിപ്പിക്കാനുള്ള പ്രവണത, അമിത ദേഷ്യം, അമിത വേഗം തുടങ്ങിയ പെരുമാറ്റം പ്രകടിപ്പിക്കുന്ന സാമൂഹിക വിരുദ്ധ വ്യക്തിത്വം ഉള്ള കുട്ടികൾ.

സാമൂഹിക ഇടപെടലുകളിൽ നിന്ന് മാറി നിൽക്കുന്നവർ, ആൾകൂട്ടത്തിൽ പെടുമ്പോൾ ഉത്ക്കണ്ഠയോടെ പ്രതികരിക്കുന്ന സോഷ്യൽ ഫോബിയ അനുഭവിക്കുന്ന കുട്ടികൾ.
നീണ്ട് നിൽക്കുന്ന വിഷാദാത്മകമായ അവസ്ഥ, കുറ്റബോധം, മറവി, ശ്രദ്ധ കുറവ്, ആത്മവിശ്വാസം ഇല്ലായ്മ എന്നീ പെരുമാറ്റ പ്രത്യേകത പ്രകടിപ്പിക്കുന്ന വിഷാദം അനുഭവിക്കുന്ന കുട്ടികൾ ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലും കൂടുതൽ അഡിക്ഷൻ പ്രകടിപ്പിക്കുന്നു.

ജീവിക്കുന്നതിനെയും ജീവിക്കാൻ സഹായിക്കുന്ന ഘടകങ്ങളെയുംകുറിച്ചുള്ള ശാസ്ത്രീയ അറിവ് ഇൻറർനെറ്റിൽ വിക്കിപീഡിയ ,ടെഡ് ,സയൻസ് ഡെയിലി എഡ്ജ് തുടങ്ങി നൂറുകണക്കിന് വെബ്സൈറ്റുകളിൽ ലഭ്യമാണ് .സോഷ്യൽ മിഡിയയിലൂടെ ലിംഗഭേദമെന്യ ,വംശദേശഭേദമെന്യ നമുക്കിഷ്ടപെട്ട ആളുകളുമായി സംവദിക്കാം ,അറിവുകൾ കൈമാറ്റം ചെയ്യാം .മനുഷ്യർക്ക് നീണ്ട ശൈശവമാണുള്ളത് .ഏകദേശം ഇരുപത് വർഷത്തോളം ജൈവപരമായ വികസനം നടത്തി ജനിതകമായി ലഭിച്ച കഴിവുകളോടൊപ്പം ഇഴചേർന്നു വികസിക്കുന്ന വ്യക്തിത്വ രൂപീകരണരീതിയാണ് മനുഷ്യരുടേത് .ആധുനിക ടെക്നോളോജിയെ സർഗ്ഗപരമായ വളർച്ചക്ക് അനുകൂലമാക്കിയെടുക്കാൻ ഉതകുന്ന വിദ്യാഭ്യാസ രീതി നാം വികസിപ്പിച്ചെടുക്കേണ്ടതുണ്ട്.

ഡോ. പ്രസാദ് അമോർ, കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് സോഫ്റ്റ്മെൻഡ്, ലക്ഷ്മി ഹോസ്പിറ്റൽ, അരൂർ

Your Rating: