Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചർമത്തിലെ കറുത്തപ‍ാടുകൾ മാറ്റാൻ

dark-spot

ശരീരത്തിന് ദോഷമുണ്ടാക്കാത്ത ചർമത്തിന്റെ അവസ്ഥയാണ് ഹൈപ്പർ പിഗ്മെന്റേഷൻ. ഇവിടെ ശരീരത്തിന്റെ ചില ഭാഗങ്ങളിലെ ചർമം സമീപഭാഗത്തെക്കാൾ ഇരുണ്ടനിറമുള്ളതായി കാണപ്പെടുന്നു. ചർമത്തിനു തനതായ നിറം നൽകുന്ന മെലാനിൽ കണ‍ികകളുടെ അമിതവും ക്രമവിരുദ്ധവുമായ ഉത്പാദനവും ചർമത്തിൽ കൂടുതലായി അടിഞ്ഞു കൂടുന്നതിന്റെയും ഫലമാണിത്.

സ്ത്രീകളിലും പുരുഷൻ‍മാരിലും ഒര‍ുപോലെ

സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്ന ഈ പ്രശ്നത്തിന്റെ കാരണങ്ങൾ പലതാണ്.

∙ അമിതമായി സൂര്യപ്രകാശമേൽക്കുന്നതാണ് പിഗ്‍മേന്റേഷനും ഡാർക്ക് പാച്ചസുകളും (ഇരുണ്ട നിറത്തിലുള്ള കട്ടികൂടിയ ചർമഭാഗങ്ങൾ) ഉണ്ടാകാനുള്ള പ്രധാന കാരണമായി കണക്കാക്കുന്നത്. സൂര്യപ്രകാശത്തിൽ യുവിഎ, യുവിബി കിരണങ്ങളാണ‍ുള്ളത്. പിഗ്മെന്റേഷനും ഡാർക്ക് പാച്ചസുകൾക്കും കാരണം യുവിഎ രശ്മികളാണ്. സൂര്യപ്രകാശത്തിന്റെ തീവ്രത കൂടുതലുള്ള സമയങ്ങളിൽ സൺസ്ക്രീൻ തേയ്ക്കണം.

∙ പോസ്റ്റ് ഇൻഫ്ളമേറ്ററി ഹൈപ്പർ പിഗ്‍മെന്റേഷൻ: കറുത്തപാടുകൾക്കുള്ള രണ്ടാമത്തെ പ്രധാന കാരണമാണിത്. മുഖക്കുരു, പൊള്ളൽ തുടങ്ങിയവ വന്ന് ഭേദമാകുന്ന അവസരത്തിൽ ചില അണുബാധകൾ ഉണ്ടാകുന്നു. ഇവ പിഗ്മേന്റേഷൻ കോശങ്ങളെ സജീവമാക്കുന്നു.

∙ മരുന്നുകൾ: ചില മരുന്നുകൾ കൂടുതൽ കാലത്തേയ്ക്കു സ്ഥിരമായി ഉപയോഗിക്കുന്നത് പിഗ്മെന്റേഷനു കാരണമാകുന്നു. ഉദാ: ഈസ്ട്രജൻ, ടെട്ര‍ാസൈക്ലിൻ, അമൈഡറോൺ, ഫിനറ്റോയിൻ തുടങ്ങിയവ. ഡോക്ടറുടെ നിർദേശാനുസരണം പിഗ്മെന്റേഷൻ വരുത്താത്ത തരത്തിലുള്ള മരുന്നുകളിലേക്ക് മാറാം.

∙ ഫോട്ടോ സെൻസീറ്റീവ് ഘടകങ്ങൾ: വീടുകളിൽ തയാറാക്കുന്ന വിവിധതരം ലേപനങ്ങൾ, ഫെയ്സ് പായ്ക്കുകൾ, പല ചേരുവകൾ അടങ്ങിയ നാടൻ മരുന്നുകൾ എന്നിവയുടെ സ്ഥിരമായ ഉപയോഗം ചർമത്ത‍ിൽ പിഗ‍്മെന്റേഷൻ ഉണ്ട‍ാക്കാം. വെയിലുമായി ഉണ്ട‍‍‍ാകുന്ന പ്രതിപ്രവർത്തനം മൂലമാണിത്.

∙ പ്രമേഹം: അമിതവണ്ണമുള്ളവരുടെ കഴുത്തിനു പുറകിലും കക്ഷത്തിലും തുടകൾക്കിടയിലും ഇരുണ്ട നിറത്തിൽ പിഗ്മെന്റേഷൻ കാണപ്പെടാം. ഇതുള്ളവർക്ക് പ്രമേഹസാധ്യത കൂടുതലാണ്. ഇത് അക്കാൻതോസിസ് നൈഗ്രിക്കൻസ് എന്നാണറിയപ്പെടുന്നത്.

∙ ഹോർമോണുകൾ: ശരീരത്തിലെ ഹോർമോണുകളുടെ വ്യതിയാനവും അസന്തുലിതാവസ്ഥയും വിവിധ പ്രായക്കാരിൽ പിഗ്മെന്റേഷനു കാരണമാകുന്നു. ഗർഭകാലം ഉദാഹരണമാണ്.

∙ ഡെർമറ്റോസിസ് പാപ്പുലോസ നൈഗ്ര: ഇവ സാധാരണ കാണുന്നത് ഇരുണ്ട്, മെലിഞ്ഞ ശരീരമുള്ളവരിലാണ്. ചെറിയ ഇരുണ്ട നിറത്തിലുള്ള കേടായ ചർമമാണിത്.

∙ പെര‍ിഒാർബിറ്റൽ ഹൈപ്പർ പിഗ്മെന്റേഷൻ: കണ്ണിനു ചുറ്റിലുമുണ്ടാകുന്ന ഇരുണ്ടനിറത്തിലുള്ള വലയങ്ങളാണിത്. ശരിയായ ഉറക്കത്തിന്റെ അഭാവം, ഉറക്കകൂടുതൽ, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക തുടങ്ങിയവയാണ് ആ അവസ്ഥയ്ക്കുള്ള കാരണങ്ങൾ.

പിഗ്മെന്റേഷൻ എന്ന അവസ്ഥ വെറുമൊരു സൗന്ദര്യപ്രശ്നം മാത്രമല്ല. പല രോഗങ്ങളുടെയും സൂചനയാണ്. അത‍‍ുകൊണ്ട് തന്നെ കൃത്യമായി ചികിത്സ തേടണം.

ഡോ. ആശ ബിജു
കോസ്മറ്റോളജിസ്റ്റ്, വോവ് ഫാക്ടർ മെഡി കോസ്മെറ്റിക് ലേസർ സെൻറർ, തിരുവനന്തപുരം