Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണം പ്രവചിക്കാമോ?

death-life

തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ കഴിഞ്ഞ സമയം. മരിച്ചുവെന്നുവരെ അഭ്യൂഹം പടർന്ന ദിവസങ്ങൾ. ഈ സമയത്തു തിരുവനന്തപുരത്ത് ഒരു സംഭവം ഉണ്ടായി. ജ്യോതിഷത്തിൽ പഠനവും ഗവേഷണവും നടത്തുന്ന സ്ഥാപനമാണ് വേദവേദാംഗ ഗവേഷണ പരിഷത്ത്. അവിടെ ജയലളിതയുടെ ഗ്രഹനില പരിശോധനയ്ക്കു വിധേയമാക്കി. വിദഗ്ധ വിലയിരുത്തൽ കൂട്ടിച്ചേർത്ത് അവർ അവസാന നിഗമനത്തിലെത്തി. ‘‘മരണം വരെ സംഭവിക്കാവുന്ന ദശാസന്ധിയുണ്ട്. പക്ഷേ, ഗ്രഹസ്ഥാനങ്ങളുടെ മൊത്തത്തിലുള്ള വിലയിരുത്തൽ ഈ അവസ്ഥ മറികടന്ന് രക്ഷപ്പെടാനാണ് സാധ്യത.’’ എന്നായിരുന്നു ഫലപ്രവചനം.

മരണം പ്രവചിക്കാമോ?

ജയലളിതയുടെ ആരോഗ്യസ്ഥിതി പോലുള്ള പ്രവചനം ജ്യോതിഷത്തിൽ സാധ്യമാണ്. ജ്യോതിഷം ശാസ്ത്രീയമായി പഠിച്ചവർക്ക് ഇതേ നിഗമനത്തിലെത്താനാകും. എന്നാൽ ഒരാൾ ഇന്ന സമയത്ത് മരിക്കുമെന്നോ ആയുർദൈർഘ്യം ഇത്രയെന്നോ കൃത്യമായി പ്രവചിക്കാൻ ജ്യോതിഷത്തിനു സാധ്യമല്ലെന്ന് വേദവേദാംഗ ഗവേഷണ പരിഷത്തിനു നേതൃത്വം നൽകുന്ന ഡോ. ധർമ്മരാജ അയ്യർ പറയുന്നു. ആയുർദൈർഘ്യം കണ്ടെത്താൻ ജ്യോതിഷത്തിൽ വിവിധ രീതികൾ പറയുന്നുണ്ട്. ഒരു രീതിയും കൃത്യതയുള്ളതല്ലെന്നു വന്നതിനാലാണല്ലോ ഇങ്ങനെ പല രീതികൾ വന്നത്.

ഒരാളുടെ ജനനസമയത്തെ ഗ്രഹനിലകളുടെ അടിസ്ഥാനത്തിൽ അനുമാനങ്ങൾ പറയുകയാണ്. ഉദാഹരണമായി സൂര്യൻ പാപസ്ഥാനത്തു വരുന്ന സമയത്ത് ഉദരസംബന്ധമായ രോഗം വരാം എന്നു ജ്യോതിഷം പ്രവചിക്കും. ഉയർന്ന സാധ്യതയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഉദരരോഗം വരാതിരിക്കാൻ ശ്രദ്ധിക്കുകയോ രോഗം വന്നാൽ ചികിത്സ തേടുകയോ ചെയ്യണം. ജ്യോതിഷം പ്രവചന ശാസ്ത്രം മാത്രമാണ്. പരിഹാരങ്ങൾ നിർദേശിക്കുന്നത് ജ്യോതിഷത്തിന്റെ ഭാഗമല്ല. രോഗത്തിന് ഏതാണോ മികച്ച ചികിത്സ അതാണു പരിഹാരം.

ചില ദശാസന്ധികളിൽ മരണ സാധ്യത കൂടാം. അതിനർഥം മരിക്കുമെന്നല്ല. ആയുർദൈർഘ്യം വൻതോതിൽ കൂടിയത് ജ്യോതിഷമോ പരിഹാരക്രിയകൾ ചെയ്തതുകൊണ്ടോ അല്ലല്ലോ? ഡോ. അയ്യർ ചോദിക്കുന്നു മനുഷ്യന്റെ ഭയമാണ് ജ്യോതിഷക്കച്ചവടത്തിന്റെ മൂലധനമെന്നും അദ്ദേഹം പറയുന്നു.

എല്ലാ ഭയത്തിനും പിന്നിൽ

എല്ലാത്തരം ഭയങ്ങളുടെയും വേര് മരണഭയമാണെന്നു പറയാറുണ്ട്. ‘എല്ലാ ദിവസവും ഓരോരുത്തരായി മരിക്കുന്നതു കണ്ടിട്ടും താൻ മരിക്കില്ലെന്നു ചിന്തിക്കുന്നതാണ്’ മനുഷ്യന്റെ ഏറ്റവും വലിയ വിഡ്ഢിത്തമെന്ന് യക്ഷപ്രശ്നത്തിൽ (മഹാഭാരതം) പറയുന്നതായി സംബോധ് ഫൗണ്ടേഷന്‍‌‍ മുഖ്യാചാര്യ സ്വാമി അധ്യാത്മാനന്ദ സരസ്വതി പറയുന്നു. ഉള്ളില്‍ കുടികൊള്ളുന്ന ആത്മചൈതന്യത്തിന്റെ അമരത്വബോധത്തിൽ ‌നിന്നുള്ള ‌തോന്നലാണ് താൻ മരി‌‌ക്കില്ലെന്നു ‌ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് സ്വാമി വിവേകാനന്ദൻ വ്യാഖ്യാനിക്കുന്നുണ്ട്. മരിച്ചുപോയി, മർഗയാ തുടങ്ങി പല ഭാഷകളിലും മരണത്തെ പരാമർശിക്കുമ്പോൾ എന്തോ ഒന്ന് കടന്നുപോകുന്നുവെന്നാണ് സൂചന നൽകുന്നത്. മരണം ശരീരത്തെ മരവിപ്പിക്കുന്നുവെന്നോ വിട്ടുപോകുന്നു വെന്നോ പറയാം. മരിച്ചുകഴിഞ്ഞാൽ പോകുന്നത് ആത്മാവാണ്. ഈ ഭാരതീയ ചിന്ത മരണത്തെക്കുറിച്ചുള്ള ഒരുപാടു സമസ്യകള്‍ക്കും വിയോഗവിഷയങ്ങൾക്കുമുള്ള ഉത്തരമാണ്. കാരണം, മരണം ഒരു അവസാനമല്ലെന്നും അതൊരു തുടർച്ചയുടെ ഭാഗം മാത്രമാണെന്നും ഈ ആത്മബോധം നമുക്കു പറഞ്ഞുതരുന്നു, ജനിതകമായ തുടർച്ചയാണു ജന്മം എന്നറിയാം പക്ഷേ, അതിനെ നിയന്ത്രിക്കുന്ന ഘടകങ്ങൾ നമുക്ക് മനസ്സിലായിട്ടില്ല. മുഷിഞ്ഞ വസ്ത്രം ഉപേക്ഷിച്ചു നല്ലത് സ്വീകരിക്കും പോലെയാണ് ജീർണശരീരം ഉപേക്ഷിച്ചു പുതിയ ശരീരം സ്വീകരിക്കുന്ന പ്രക്രിയയായ മരണമെന്ന് ഭഗവദ്ഗീത എന്ന മോക്ഷശാസ്ത്രം പറയുന്നത്. ചെയ്തിട്ടുള്ള കർമമനുസരിച്ച് അവയുടെ ഫലം അനുഭവിക്കാൻ ആത്മാവിനു സഞ്ചരിക്കേണ്ടിവരുന്നു. പിന്നീട് മേഘത്തിലൂടെ മഴയായി, ജലമായി സസ്യങ്ങളിലെത്തി മനുഷ്യനിലേക്ക് എത്തി ജന്മം തേടുന്നു. പക്ഷേ, ഈ സങ്കൽപത്തിൽ കാലഗണന പ്രയാസമാണ് സ്വാമി അധ്യാത്മാനന്ദ പറയുന്നു.

മരണം അവസാനമല്ല!

പുനർജന്മത്തെ ഏറ്റവും വിശ്വസിക്കുന്നവരാണ് ടിബറ്റൻ ലാമമാർ. ഒരു ലാമ മരിച്ചാൽ അദ്ദേഹത്തിന്റെ ആത്മാവ് ഒരാളായോ ചിലപ്പോൾ പലരായോ പുനർജനിക്കുമെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. പുനർജന്മമെടുത്ത കുട്ടിയെ കണ്ടെത്തി വിവിധ പരീക്ഷണങ്ങളിലൂടെ ഉറപ്പാക്കുകയാണ് അവർ ചെയ്യുന്നത്. തന്റേത് ലാമയുടെ പുനർജന്മമാണെന്നു സ്വയം തിരിച്ചറിയുന്നവരുണ്ട്. ഇവരാണ് ‘റിംപോച്ച’ എന്നറിയപ്പെടുന്നത്. ലാമമാരുടെ ഈ വിശ്വാസം അന്ധവിശ്വാസമെന്നു കരുതി തള്ളാനാവില്ലെന്നു പറയുന്നത് മനഃശാസ്ത്ര പണ്ഡിതനും പാരാസൈക്കോളജി ഗവേഷകനുമായ തിരുവനന്തപുരത്തെ ഡോ. ജോര്‍ജ് മാത്യു ആണ്.

ജീവിതം ഒരു തുടർച്ചായണ്. മരണമെന്ന പ്രക്രിയയും ശരീരനാശവും ആ തുടർച്ചയുടെ ഭാഗമാണെന്ന ആത്മീയചിന്തയോട് യോജിക്കുന്ന നിലപാടാണ് ഡോ. ജോർജ് മാത്യുവിന്റേത്. പക്ഷേ അതിലേക്കുള്ള നിഗമനാത്മക വഴി കുറച്ച് സങ്കീർണമാണ്. കാരണം അദ്ദേഹത്തിന്റെ വിലയിരുത്തൽ മനസ്സിലാകണമെങ്കിൽ വലിയൊരു ധാരണ തിരുത്തിവയ്ക്കണം. ശരീരത്തിനുള്ളിൽ മനസ്സ്. മനസ്സിനുള്ളിൽ ആത്മാവ്– ഈ ധാരണയെ തലതിരിച്ചു വായിക്കണം.

പ്രപഞ്ചമെങ്ങും വ്യാപിച്ചു നിൽക്കുന്ന ആത്മാവിന്റെ തലം. അതിനുള്ളിലാണ് മനസ്സ്, ആ മനസ്സിനുള്ളിലാണ് ശരീരം. നമ്മൾ പരസ്പരം ഇവിടെ ജീവിക്കുന്നു. കാണുന്നു എന്നത്, നമ്മളൊക്കെയും ഒരു പ്രത്യക, തുല്യ വൈബ്രേഷനില്‍ ഫ്രീക്വൻസി) എത്തിനിൽക്കുന്നതു കൊണ്ടാണ്. ഒരാൾ ഈ വൈബ്രേഷനിൽ നിന്നു മാറുമ്പോൾ അയാൾ നമ്മുടെ കാഴ്ചയിൽ മരിച്ചു പോകുന്നു. അതിനർഥം അയാളുടെ മാനസിക ലോകം നശിക്കുകയോ ഇല്ലാതാകുകയോ ചെയ്യുന്നില്ല. നമ്മൾ ഇവിടെ കാണുന്നതെല്ലാം ഒരു ഷോ ‌മാത്രം. ‌‌‌‌‌തിരശ്ശീലയിൽ സിനിമ ‌കാണുന്ന പോലെ. ഒരാളുടെ മരണത്തിലൂടെ അയാളുടെ സിനിമ കഴിഞ്ഞു – അത്രമാത്രം. പക്ഷേ തിരശ്ശീല അവിടത്തന്നെയുണ്ട്.

നമ്മുടെ ഓർമകൾ പോലും തലച്ചോറിലല്ല, ശരീരത്തെ ഉള്‍ക്കൊള്ളുന്ന മനസ്സിലോ, ചിലപ്പോൾ മനസ്സിനെ ഉൾക്കൊള്ളുന്ന മറ്റു തലങ്ങളിലോ ആണ്. ആ ഓർമകളെ സ്വീകരിക്കാനും വിശകലനം ചെയ്യാനുമുള്ള ഉപകരണം മാത്രമാണ് തലച്ചോർ എന്ന കാര്യത്തിലേക്കാണ് പുതിയ ന്യൂറോ ഗവേഷണങ്ങൾ ചെന്നെത്തുന്നതെന്നും ഡോ. ജോർജ് മാത്യു പറയുന്നു.

ശരീരത്തിനു പുറത്തെ അറിവ്

ഡോ. ജോർജ് മാത്യുവിന്റെ വിശകലനങ്ങൾ ധാരാളം പ്രശ്നങ്ങൾക്കുള്ള ഉത്തരമാണ്. ഒരു വ്യക്തി മരിക്കുമ്പോള്‍ ഏറ്റവും സങ്കടകരമായ കാര്യം അയാൾ ഒരു ജന്മം കൊണ്ടു നേടിയ അറിവിന്റെ ഡേറ്റയുടെ നഷ്ടമാണ്. ഇതാർക്കും ഇനി പ്രയോജനപ്പെടില്ലല്ലോ എന്ന ചിന്ത അപ്രസക്തമാക്കുകയാണ് ശരീരത്തിനു പുറത്തുള്ള മനസ്സെന്ന സങ്കൽപത്തിലൂടെ. നമുക്കൊക്കെ പൊടുന്നനെ മനസ്സിലുദിക്കുന്ന ആശയങ്ങളുടെയും ചിന്തകളുടെയും പിന്നിൽ ശരീരത്തിനു പുറത്തുള്ള ഏതോ തലങ്ങളിൽ കിടക്കുന്ന മറ്റാരൊക്കെയോ നേടിയ അറിവുകളോട്, ആശയങ്ങളോട് ‘ട്യൂൺഡ്’ ആവുകയല്ലേ എന്നും ആലോചിക്കാം.

ശാസ്ത്രത്തിനപ്പുറം

മരണാനന്തര ജീവിതമോ അതിനനുകൂലമായ ചിന്തകളോ പോലും ആധുനിക വൈദ്യശാസ്ത്രമോ, മറ്റ് മുഖ്യധാരാ ശാസ്ത്രങ്ങളോ അംഗീകരിക്കുന്നില്ല. എന്നാൽ ന്യൂറോളജിയിൽ ഈ സാധ്യതകളിലേക്കുള്ള ഒരു ചെറു സൂചനയുണ്ടെന്ന് പ്രശസ്ത ന്യൂറോളജിസ്റ്റും എഴുത്തുകാരനുമായ ഡോ. രാജശേഖരൻ നായർ പറയുന്നു. മരണം സുനിശ്ചിതമായ അബോധഘട്ടത്തിൽ ചില രോഗികൾക്ക് സമാനമായ ഒരു മായക്കാഴ്ച (ഹാലൂസിനേഷൻ) ഉണ്ടാകുന്നു. ശരീരത്തിനു പുറത്തു നിന്നും രോഗശയ്യയിൽ കിടക്കുന്ന തങ്ങളെ തന്നെയും ചുറ്റുപാടുകളേയും നോക്കിക്കാണുന്ന അവസ്ഥയാണ് ഇത്. ഓട്ടോസ്കോപ്പി (Autoscopy) എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്.

മരണം എത്ര കണ്ടാലും അതിനുമുൻപിൽ ശിലപോലെ നിൽക്കണമെന്ന വില്യം ‌ഓസ്‌ലറുടെ വാക്കുകൾ മനസ്സിലുണ്ടെങ്കിലും ഓരോ രോഗിയുടെ വേർപാടും സങ്കടകരമാണ് എന്ന് ഡോ. രാജശേഖരൻ പറയുന്നു. ന്യൂറോളജിസ്റ്റ് സാക്ഷ്യപ്പെടുത്തേണ്ട മസ്തിഷ്കമരണം (ബ്രയിൻ ഡത്ത്) ഏറെ വിഷമിപ്പിക്കുന്നതാണ്. തലച്ചോർ മരിച്ചു കഴിഞ്ഞ രോഗി, പക്ഷേ മറ്റ് ശരീര പ്രവർത്തനങ്ങൾ നടക്കും. രണ്ട് വ്യത്യസ്ത ന്യൂറോളജിസ്റ്റുകൾ ആറുമണിക്കൂറിന്റെ വ്യത്യാസത്തിൽ രോഗിയെ പരിശോധിച്ചാണ് മസ്തിഷ്ക മരണം ഉറപ്പാക്കുന്നത്.

മസ്തിഷ്കം മരിച്ചു കഴിഞ്ഞു. ഇനി പ്രതീക്ഷിക്കാനൊന്നുമില്ല എന്നുറപ്പായാൽ ‌ജീവൻ ‌രക്ഷാ ഉപകരണമായ വെന്റിലേറ്ററും ‌മറ്റും വേർപെടുത്താൻ ഡോക്ടർ നിർദേശം നൽകും. ദിവസങ്ങളോളം രോഗികളെ പരിചരിച്ചുകൊണ്ടിരുന്ന നഴ്സുമായിരിക്കും ഈ ദൗത്യം ചെയ്യേണ്ടി വരുന്നത്. ഇതിനു തെട്ടുമുൻപും വരളുന്ന ചുണ്ടിൽ നനഞ്ഞ പഞ്ഞി കൊണ്ട് ഈർപ്പം പകരുമ്പോൾ അത് വലിച്ചെടുക്കാനുള്ള ചുണ്ടിന്റെ ചെറുചലനം കണ്ടവരാണവർ. രോഗിയെ പൂർണമായ മരണത്തിലേക്ക് വിടുന്ന രംഗത്ത് മനുഷ്യത്വമുള്ള ആ കുട്ടികൾ കരഞ്ഞുപോകും– ഡോ. രാജശേഖരൻ നായർ പറയുന്നു.

തിരിച്ചു വരവ്

മരണമുഖത്തു പോയി ചിലരെങ്കിലും തിരിച്ചു വരാറുണ്ട്. അത്തരം രോഗികളെ അക്കാദമികമായ ഒരു കൗതുകത്തോടു കൂടി സമീപിക്കുന്നയാളാണ് എറണാകുളത്തെ പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. സജി കുരുട്ടുകുളം. അപൂർവമായി ചിലർ ആ സമയത്തെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ശരീരത്തിനു പുറത്തു നിന്നു കാണുന്ന കാഴ്ചയ്ക്കു പുറമേ ഒരു വെളുത്ത മേഘക്കുഴലിലൂടെയുള്ള യാത്രയും രൂക്ഷമായ പ്രകാശത്തിലേക്ക് എടുത്തെറിയപ്പെടുന്ന അവസ്ഥയും അവർ ഓർക്കുന്നതായി ഡോ. സജി കുരുട്ടുകുളം പറയുന്നു.

മരിച്ചുവെന്നു കരുതി, മരണം പ്രഖ്യാപിച്ച ശേഷവും ജീവിതത്തിലേക്ക് തിരിച്ചു വരുന്ന അവസ്ഥയാണ് ലസാറസ് സിൻഡ്രോം {Lazarus Syndrome). മരിച്ചുപോയ ലാസറിനെ ക്രിസ്തു പുനരുജ്ജീവിപ്പിച്ചുവെന്ന ബൈബിൾ കഥയിൽ നിന്നാണ് ലസാറസ് സിൻഡ്രോം എന്ന പേര് ഉണ്ടായത്. അത്യപൂർവമായ ഈ പ്രതിഭാസം ആദ്യമായി 1982 ലാണ് മെഡിക്കൽ പുസ്തകങ്ങളിൽ പരാമർശിച്ചു തുടങ്ങിയത്.

ഹൃദയമിടിപ്പ് പൂർണമായി നിലച്ചു പോയ രോഗികളിൽ ഹൃദയത്തിന്റെ ‌പ്രവർത്തനം വീണ്ടെടുക്കാനുള്ള എല്ലാ ശ്രമങ്ങളും (Cardiopulmonary resuciation – CPR) നടത്തും. അതു പരാജയപ്പെട്ട് രോഗി മരിച്ചുവെന്നു കരുതി ഡോക്ടർമാർ പിൻവാങ്ങിക്കഴിയുമ്പോൾ രോഗിയുടെ ഹൃദയം താനേ മിടിച്ചു തുടങ്ങുന്ന അവസ്ഥയാണിത്. സിപിആർ ‌എന്ന കാർഡിയാക് മസാജ് നൽകുന്ന സമയത്തെ നെഞ്ചിനുള്ളിലുണ്ടാകുന്ന സമ്മർദം കഴിഞ്ഞുള്ള റിലാക്സേഷൻ സമയത്ത് ഹൃദയം വികസിക്കാനിടയാവുകയും അത് ഹൃദയത്തിലെ വൈദ്യുതിസ്പന്ദനങ്ങൾ പുനരാരംഭിക്കാൻ സഹായിക്കുന്നുവെന്നുമാണ് നിഗമനമെന്നും ഡോ. സജി കുരട്ടുകുളം പറയു‌ന്നു.

മരിക്കാതിരിക്കാൻ

മരിച്ചശേഷം എന്തു സംഭവിക്കുന്നു? പുനർജന്മമുണ്ടോ? തുടങ്ങിയ സംശയങ്ങൾക്കെല്ലാം കൃത്യമായ ഉത്തരം ഇന്നും വ്യക്തമല്ല. പക്ഷേ ജീവിത‌ത്തിനു തുടർച്ചയിലേക്കാണ് ആത്മീയതയും ആധുനിക മനശ്ശാസ്ത്രവുമൊക്കെ വിരൽ ചൂണ്ടുന്നത്. ഇതിനുമൊക്കെ അപ്പുറം മരണത്തെ നമുക്ക് തോൽപ്പിക്കാനവുമോ? ‌എന്ന ചിന്തകളും അപ്രസക്തമല്ല.

ഈ പ്രതീക്ഷയ്ക്കു ചിറകുനൽകുന്ന പുതിയ ഗവേഷണങ്ങൾ ആരംഭിക്കുകയാണ്. മനുഷ്യ‌ന്‍ വെറുതെയങ്ങ് നശിച്ചു പോകേണ്ട ജിവിയല്ല ജരാനരകളില്ലാതെ മനുഷ‌്യനു ദീർഘനാൾ ജീവിക്കാനോ മരണത്തെതന്നെ തോൽപ്പിക്കാനോ കഴിയുമോയെന്നറിയാൻ കച്ച കെട്ടുകയാണ് ഗവേഷകർ. മോളിക്യുലാർ ബയോളജിയുടെയും സ്റ്റെംസൽ ഗവേഷണങ്ങളുടെയും ഒക്കെ ചിറകിലേറിയ ഈ സ്വപ്നങ്ങൾക്ക് ദശലക്ഷം ഡോളറുകളുടെ ഊർജം പകരുന്നത് ആരെന്നറിയുമ്പോഴാണ് ഈ ഗവേഷണങ്ങളുടെ ഗൗരവം മനസ്സിലാകുന്നത് – അവരെ നമുക്കറിയാം, ബില്‍ഗേറ്റ്സും സുക്കർ ബര്‍ഗും.

മരിക്കുമ്പോൾ സംഭവിക്കുന്നത്

മരണം രണ്ടു രീതിയിലുണ്ട്. മസ്തിഷ്കം മാത്രമായ മരണമാണ് ഒന്ന്. ‌മറ്റൊന്നു പൂർണമായ മരണം. തലച്ചോർ മാത്രം മരിച്ചു കഴിഞ്ഞ മസ്തിഷ്ക മരണത്തിൽ (ബ്രയിൻഡത്ത്) ഹൃദയമുൾപ്പെടെ ശരീരത്തിലെ മറ്റ് അവയവങ്ങളെല്ലാം ‌പ്രവർത്തിച്ചുകൊണ്ടിരിക്കും.. ഈ സമയത്ത് ശ്വാസമെടുക്കാൻ കഴി‌യാത്തതിനാൽ വെന്റിലേറ്റർ സഹായം വേണ്ടിവരും. മസ്തിഷ്ക മരണത്തിലാണ് ശരീരത്തിലെ അവയവങ്ങൾ മറ്റൊരു രോഗിക്കുവേണ്ടി എടുത്തുമാറ്റുന്നത്. പക്ഷേ ‌അതിനു മുൻപ് മസ്തിഷ്ക മരണം കൃത്യമായി ഉറപ്പു വരുത്തേണ്ടതുണ്ട്. മരിച്ചു കഴിഞ്ഞ ഒരാളുടെ കണ്ണിൽ പ്രകാശം പതിക്കുമ്പോൾ പ്യൂപിൾ റിയാക്ഷൻ ഉണ്ടാവില്ല. കൃഷ്ണമണി വികസിച്ചു തന്നെയിരിക്കും. അപൂർവം ചില മരുന്നുകളുടെ പാർശ്വഫലമായോ നേരത്തെ കണ്ണിനുണ്ടായിരുന്ന ചില രോഗങ്ങളാലോ ഇതു സംഭവിക്കാം. തല‌ച്ചോർ നിർജീവമായി എന്നുറപ്പിക്കാൻ ചെവിക്കുള്ളിലേക്ക് ഐസ് വെള്ളം ഒഴിച്ച് ‌പ്രതികരണമുണ്ടോയെന്നു നോക്കും കൂടാതെ തൊണ്ടയില്‍ അസ്വസ്ഥത സൃഷ്ടിച്ച് ചുമയ്ക്കുന്നുണ്ടോയെന്നും വെന്റിലേറ്റർ അല്പനേരത്തേയ്ക്ക് മാറ്റി സ്വയം ‌ശ്വാസമെടുത്തുന്നുണ്ടോയെന്നും നോക്കും. ഇങ്ങനെ വിവിധ പരിശോധനകളിലൂടെയാണ് ബ്രയിൻഡത്ത് ഉറപ്പാക്കുന്നത്.

പൂർണ മരണത്തിൽ ഹൃദയമിടിപ്പുതന്നെയാണ് പ്രധാനം പൾസ് കിട്ടുന്നില്ലെങ്കിലും ഹൃദയം പ്രവർത്തിക്കുന്നുണ്ടാവും. ഉപകരണ സഹായത്തോടെ ഹൃദയം ‌പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണം. അഞ്ചുമിനിറ്റിലധികം ഹൃദയം ‌പ്രവർത്തിക്കാതിരുന്നാൽ മരണം ഉറപ്പാണ്. എന്നിരുന്നാലും ‌പരിശോധനകളും നിശ്ചിത സമയവും കഴിഞ്ഞേ മരണം ഉറപ്പിക്കൂ.

ഡോ. കെ. പി. ധർമ്മരാജ അയ്യർ
ജ്യോതിഷാചാര്യൻ
വേദ വേദാന്ത ഗവേഷണ പരിഷത്,
തിരുവനന്തപുരം

ഡോ. കെ. രാജശേഖരൻ നായർ
ന്യൂറോളജി ഇമേരിറ്റസ്
പ്രഫസർ, എഴുത്തുകാരൻ
തിരുവനന്തപുരം

സ്വാമി അധ്യാത്മാനന്ദ സരസ്വതി
മുഖ്യാചാര്യൻ
സംബോധ് ഫൗണ്ടേഷൻ, കേരള

ഡോ. സജി കുരുട്ടുകുളം
ഹൃദ്രോഗവിഭാഗം മേധാവി,
മെഡിക്കൽ ട്രസ്റ്റ്ഹോസ്പിറ്റൽ, കൊച്ചി

ഡോ. ജോർജ് മാത്യു
ഡയറക്ടർ, ഹോളിഗ്രേറ്റീവ്സൈക്കോളജി സെന്റർ,
കാര്യവട്ടം, തിരുവനന്തപുരം