Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'നോ' പറയേണ്ടിടത്ത് 'യെസ്' എന്നു പറയാറുണ്ടോ?

uma

ഒരു ബാങ്ക് ഉദ്യോഗസ്ഥയായ ഉമ ജോലി തന്റെ രാജിവയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ബാങ്ക് മാനേജർ ചില സമയങ്ങളിൽ അവളെ തുറിച്ചു നോക്കുന്നു, ശകാരിക്കുന്നു, പരിഹസിക്കുന്നു, മാനേജരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം പെരുമാറ്റം തനിക്ക് വളരെ അസ്വസ്ഥതയും അപമാനബോധവും ഉണ്ടാക്കുന്നുണ്ടെങ്കിലും അതിനെ പ്രതിരോധിക്കാൻ ഉമയ്ക്കു കഴിയുന്നില്ല. അതിനെത്തുടർന്ന് അവൾക്ക് കഠിനമായ കുറ്റബോധവും വിഷാദവും പിടിപെട്ടു.

ഉമ ഒട്ടും തന്നെ അസ്സെർട്ടീവ് അല്ല. സ്വന്തം അവകാശങ്ങൾക്ക് വേണ്ടി നിലനിൽക്കാൻ അവൾക്കു കഴിയുന്നില്ല. മറ്റുള്ളവരിൽ നിന്നുണ്ടാകുന്ന പെരുമാറ്റ വൈകല്യങ്ങൾ തനിക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെങ്കിലും അതിന് തലകുനിച്ചു കൊടുക്കുന്ന ഉമയെപ്പോലുള്ളവർ വൈകാരികതയുടെ തടവറയിലാണ് ജീവിക്കുന്നത്. മറ്റുള്ളവരുടെ എല്ലാ കാര്യങ്ങളും തൃപ്തിപ്പെടുത്താൻ മാത്രം ശ്രദ്ധിച്ചു ജീവിക്കുന്ന ഇത്തരക്കാർ തങ്ങളുടെ സന്തോഷം മറ്റുള്ളവർക്ക് വേണ്ടി ബലി കഴിക്കുന്നു.

ഇവർ “നോ “എന്നു പറയാൻ ആഗ്രഹിക്കുന്നിടത്ത് “യെസ്”എന്ന് പറയുന്നു. എന്നാൽ അസ്സെർട്ടീവ് പെരുമാറ്റം വളർത്തിയെടുക്കുന്നതിലൂടെ അവർക്ക് ആവശ്യങ്ങളും ആഗ്രഹങ്ങളും അവസരോചിതമായി പ്രകടിപ്പിക്കാൻ കഴിയും.

ചിലർ ജന്മനാ തന്നെ വളരെ അസ്സെർട്ടീവ് ആയിരിക്കും. ടെസ്റ്റോസ്റ്റിറോൺ ഹോർമോണും ഡോപ്പാമിൻ, നോർ എപിനോഫ്‌റിൻ എന്നീ ന്യൂറോ ട്രാൻസ്മിസ്റ്ററുകളും പെരുമാറ്റത്തെ സ്വാധിനിക്കുന്ന ഇവർ ദൃഢനിശ്ചയത്തോടെ പെരുമാറുന്നവരാണ്. ഈസ്ട്രജൻ, ഓക്സിടോസിൻ എന്നീ ഹോർമോണുകളും സെറോടോൺ എന്ന ന്യൂറോ ട്രാൻസ്മിറ്ററും കൂടുതൽ നിയന്ത്രിക്കപ്പെടുന്നവർ ജന്മനാ തന്നെ മറ്റുള്ളവരോട് അന്ധമായ വിധേയത്വവും അടിമ ഭാവവും പ്രകടിപ്പിക്കുന്നു. ഇവർ അസ്സെർട്ടീവ് അല്ലാത്തവരാണ്.
നമ്മുടെ സമൂഹം സ്ത്രീകളിൽനിന്നും പുരുഷന്മാരിൽനിന്നും ഒരേ സമയം വ്യത്യസ്തമായ പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീ വളരെ ഉദാരമതിയായിരിക്കണം, ലളിതമായ ഭാഷ ഉപയോഗിക്കണം, എല്ലാം ചോദ്യം ചെയ്യാതെ അംഗീകരിക്കണം, സ്വന്തം രൂപഭംഗിയിൽ ശ്രദ്ധിച്ച് അടങ്ങിയൊതുങ്ങി കഴിയണം എന്നിങ്ങനെയുള്ള സാമൂഹ്യ പരിസരത്തു ജീവിക്കുന്ന സ്ത്രീ അഭിപ്രായങ്ങൾ തുറന്നുപറയുന്നതും സ്വാതന്ത്ര്യത്തോടെ പെരുമാറുന്നതും തെറ്റായി വിലയിരുത്തുന്നതിനാൽ ബയോളോജിക്കലായി അസ്സെർട്ടീവ്നെസ്സ് ഉള്ള സ്ത്രീകൾക്കുപോലും കൃത്യമായി കാര്യം പറയാൻ കഴിയാതെവരുന്നു.

അസ്സെർട്ടീവ് അല്ലാത്തവർ
1. സ്വയം കുറ്റപ്പെടുത്തുന്നു
2. സങ്കോചപ്പെടുന്നു
3. അവ്യക്തമായ ലക്ഷ്യങ്ങൾ
4. മറ്റുള്ളവർക്ക് വേണ്ടി നിലനിൽക്കുന്നു.
5. തീർച്ചയില്ലായ്മയും ആകാംക്ഷയും
6. മറ്റുള്ളവരെ വേണ്ട വിധം അഭിമുഖീകരിക്കാനും വ്യക്തിബന്ധങ്ങൾ നിലനിർത്താനും കഴിയുന്നില്ല.
7. ഓരോ കാര്യത്തിനും നിഷേധാത്മകമായ കാരണങ്ങൾ കണ്ടെത്തി ലജ്ജ കൊണ്ട് പിൻതിരിയുന്നു.
8. നിസാര കാര്യങ്ങൾ അഗാധമായി സ്പർശിച്ചു കൊണ്ടിരിക്കുന്നു.
9. സ്വന്തം മോഹങ്ങളെയും ആഗ്രഹങ്ങളെയും മനസിനുള്ളിൽ ഒതുക്കിവച്ച് മറ്റുള്ളവരുടെ മോഹങ്ങളെയും ആഗ്രഹങ്ങളെയും അംഗീകരിക്കാൻ തിടുക്കം കൂട്ടുന്നു.
10. മറ്റുള്ളവർ എതിർക്കുമോ എന്ന് ഭയന്ന് അവരെ എപ്പോഴും സന്തോഷിപ്പിച്ചുകൊണ്ടിരിക്കുന്നു.

അസ്സെർട്ടീവ് ആയവർ
1. സ്വയം ബഹുമാനിക്കുന്നു
2. സ്വന്തം വികാരങ്ങൾ വെളിപ്പെടുത്തുന്നു
3. വ്യക്തമായ ലക്ഷ്യങ്ങൾ
4. സ്വന്തം അവകാശങ്ങൾക്ക് വേണ്ടി നിലനിൽക്കുന്നു.
5. സ്വന്തം പരിമിതികളും തിരിച്ചറിയാൻ കഴിയും.

ആക്രമണ സ്വഭാവമുള്ളവർ
1. അതിരുകവിഞ്ഞ വികാര പ്രകടനം
2. നേട്ടങ്ങൾ സ്വായത്തമാക്കുന്നതിനു വേണ്ടി മറ്റുള്ളവരെ അടിച്ചമർത്തുന്നു.
3. മറ്റുള്ളവരെ വിലകുറച്ചു കാണുന്നു.
4. മറ്റുള്ളവരോട് തട്ടിക്കയറുന്ന പ്രകൃതം
5. അതിരു കവിഞ്ഞ സ്വയം ബഹുമാനം,,
6. മറ്റുള്ളവരെ നിസാരവത്കരിക്കുന്നു.

മനസ്സിൽ രൂഢമായിരിക്കുന്ന ഉൾഭയമാണ് പലരെയും സങ്കോചത്തോടുകൂടി പെരുമാറുവാൻ പ്രേരിപ്പിക്കുന്നത്. ഈ ഭയം നിമിത്തം നമുക്ക് നമ്മുടെ വൈകാരികതകൾ മറ്റുള്ളവരോട് തുറന്ന് പറയാൻ കഴിയുന്നില്ല. മറ്റുള്ളവരിൽ നിന്നുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിക്കാൻ കഴിയുന്നില്ല. സഹപ്രവർത്തകരുമായി ഇടപഴകുമ്പോൾ അഭിപ്രായം തുറന്നുപറയാൻ കഴിയാതെ വരുന്നു. സ്നേഹം പ്രകടിപ്പിക്കാൻ കഴിയാതെ വരുന്നു. മറ്റുള്ളവരെ പ്രശംസിക്കണമെന്ന് തോന്നുമ്പോൾ അതിന് കഴിയാതെ വരുന്നു.

അസ്സെർട്ടീവോ/ അല്ലാതെയോ പെരുമാറുന്നതിൽ നമ്മുടെ ബയോളജിക്ക് മുഖ്യമായ പങ്കുണ്ടെങ്കിൽ തന്നെയും ബോധപൂർവമായ ശ്രമത്തിലൂടെ അസ്സെർട്ടീവ് പെരുമാറ്റരീതികൾ വികസിപ്പിച്ചെടുത്താൽ വൈകാരിക സ്വാതന്ത്ര്യം ലഭിക്കും. അങ്ങനെ മറ്റുള്ളവരുടെ അനാവശ്യമായ ഇടപെടലുകളെ നിയന്ത്രിക്കാൻ കഴിയും.

ആശയ വിനിമയത്തിലൂടെയാണ് നമ്മൾ അഭിപ്രായങ്ങളും വാദഗതികളും മറ്റുള്ളവരെ അറിയിക്കുന്നത്. അതിനാൽ ആരോഗ്യകരമായ ആശയവിനിമയത്തിന് വളരെ പ്രാധാന്യമുണ്ട്. ആരോഗ്യകരമായ ആശയവിനിമയം നിലനിൽക്കുന്നത് നാല് പ്രധാനപ്പെട്ട സ്വഭാവ സവിശേഷതകളെ അടിസ്ഥാനപ്പെടുത്തിയാണ് .

1. തുറന്ന ആശയവിനിമയം
2. നേരായ ആശയവിനിമയം
3. സത്യസന്ധത
4. അവസരോചിതമായ ആശയവിനിമയം

തുറന്നുസംസാരിക്കുന്ന പ്രകൃതമാണ് തനിക്കുള്ളതെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നവരുണ്ട്. സത്യം മാത്രമേ ഞാൻ പറയാറുള്ളൂ നുണ പറയുന്നവരെ താൻ വെറുക്കുന്നു തുടങ്ങിയ വാക്കുകളും ഇവർ കൂടുതലായി ഉപയോഗിക്കും. ഇവർ സത്യസന്ധരാണെന്ന് ഇവരുമായി ഇടപെടുന്നവർക്ക്‌ തോന്നാം. പക്ഷേ ജീവിതത്തിൽ അതൃപ്‌തി ഉള്ളവരാണിവർ.

മറ്റുള്ളവരിൽ നിന്ന് സ്നേഹം പ്രതീക്ഷിച്ചു സംസാരിക്കുന്നവർക്ക് കൂടുതൽ വില വരുന്നു. തുറന്ന മനസ്സോടെ സ്നേഹത്തിൽ ഇടപെടുന്ന ഇവർക്ക് തങ്ങളെ സ്നേഹിക്കുന്നവരോട് അസ്സെർട്ടീവായി സംസാരിക്കാൻ കഴിയാതെ വരുന്നു.

വളച്ചു കെട്ടി സംസാരിക്കുന്നത് ആശയവിനിമയ വിടവ് സൃഷ്ടിക്കാൻ മാത്രമാണ് സഹായിക്കുക. വൈകാരിക ഭാവം ഒഴിവാക്കി സംസാരിക്കുന്ന ആൾക്ക് തന്റെ ആഗ്രഹങ്ങൾ പ്രകടിപ്പിക്കാൻ കഴിയാതെ വരുന്നു. ഇവർ ആവശ്യമില്ലാത്ത വിവരങ്ങൾ ചേർത്തുവച്ചു സംസാരിക്കുന്നു. ഇടപഴകുമ്പോൾ മറ്റേ വ്യക്തിയെ ആവശ്യത്തിലധികം പുകഴ്ത്തി സംസാരിക്കുന്ന സമീപനങ്ങളിൽ സത്യസന്ധതയില്ല

അസ്സെർട്ടീവ്നെസ്സിന് സഹായകമായ പ്രാഥമികമായ പെരുമാറ്റങ്ങൾ

1. ഒരു വ്യക്തിയോട് സംസാരിക്കുമ്പോൾ ആ വ്യക്തിയുടെ മുഖത്തേക്ക് നോക്കി സംസാരിക്കുക.
2. നിവർന്നുനിൽക്കുക
3. മറ്റുള്ളവർക്ക് കേൾക്കാൻ കഴിയുന്ന വിധത്തിൽ സംസാരിക്കുക
4. നിങ്ങൾക്ക് കഴിയാത്ത കാര്യം കഴിയില്ല എന്നും കഴിയുന്ന കാര്യം കഴിയും എന്നും തറപ്പിച്ചു പറയുക. സ്വന്തം താല്പര്യങ്ങളും ആഗ്രഹങ്ങളും അഭിപ്രായങ്ങളും മനസ് തുറന്ന് പ്രകടിപ്പിക്കുക. മറ്റുള്ളവരുടെ അകാരണമായ അടിച്ചമർത്തലിനെ പ്രതിരോധിക്കുക.

ഒരാൾ മറ്റേ വ്യക്തിയുടെ മുഖത്തേക്ക് നോക്കാതെ സംസാരിച്ചാൽ ആ വ്യക്തിയുമായി നല്ല ബന്ധം സ്ഥാപിക്കാൻ അയാൾക്ക് കഴിയണമെന്നില്ല. മറ്റേ വ്യക്തി ആ സംഭാഷണങ്ങളിൽ താല്പര്യം കാണിക്കാതെ വരുമ്പോൾ സംസാരിച്ചു കൊണ്ടിരിക്കുന്ന ആൾ അസ്വസ്ഥനാവുകയും ആശയ വിനിമയം അസാധ്യമാവുകയും ചെയ്യും.

ചടഞ്ഞു കൂടി അലസതയും സങ്കോചവും പ്രകടിപ്പിക്കുന്ന തരത്തിൽ ചുവടുവയ്ക്കുന്ന ആൾ താൻ ദുർബലനാണെന്ന് മറ്റുള്ളവരെ അറിയിക്കുകയാണ് ചെയ്യുന്നത്. സാധാരണ ഗതിയിൽ നിന്ന് അല്പം വേഗതയോടുകൂടിയ പ്രസരിപ്പ് പ്രകടിപ്പിച്ചു കൊണ്ടുള്ള നടത്തം ശാരീരികമായ അസ്സെർട്ടീവ്നെസ്സ് ഉണ്ടാക്കുന്നു

അസ്സെർട്ടീവ്ട്രെയിനിങ്ങിലൂടെ ഉമയ്ക്ക് വൈകാരിക സ്വാതന്ത്ര്യം അനുഭവപ്പെട്ടു. സ്വന്തം അവകാശങ്ങളെക്കുറിച്ചു നല്ല ബോധ്യം വന്നതോടെ സ്വാതന്ത്ര്യം അനുഭവിച്ചു ജീവിക്കാൻ അവൾ തീരുമാനിച്ചു ഒരു ദിവസം ബാങ്ക് മാനേജർ പഴയപടി സമീപിച്ചപ്പോൾ അവൾ വെറുതെ വിട്ടില്ല. മാനേജരുടെ കണ്ണുകളിലേക്ക് നോക്കി ശബ്ദമുയർത്തി അവൾ പറഞ്ഞു:
“നിങ്ങൾ എന്നോട് ക്ഷമ പറയണം ഞാൻ നിങ്ങളെ വെറുതെ വിടില്ല".
മാനേജർ ചകിതനായി. ഞാൻ എന്തിനാണ് ക്ഷമ പറയേണ്ടത്.. മാനേജർ പതറിക്കൊണ്ട് ചോദിച്ചു
“എന്നോട് ഇതുപോലെ മോശമായി പെരുമാറിയത് കൊണ്ട്”. ഉമ തെല്ലും കൂസാതെ പറഞ്ഞു . .
മാനേജർ ക്ഷമ ചോദിച്ചതോടെ ഉമയ്ക്ക് സ്വയം മതിപ്പ് തോന്നി. അവളുടെ അസ്വസ്ഥതകളെല്ലാം കുറഞ്ഞു വന്നു.
മനസിന്റെ സന്ദർഭോചിതമായ വികാര പ്രകടനങ്ങളെ കാര്യമായി അംഗീകരിക്കുന്നതിലൂടെയും അത് അറിയുന്നതിലൂടെയും വൈകാരിക സ്വാതന്ത്ര്യം നേടാൻ കഴിയും. സ്വന്തം അവകാശങ്ങൾ അറിയുകയും അതിനുവേണ്ടി നിലകൊള്ളുകയും ചെയ്യന്നത് അസ്സെർട്ടീവ്നെസ്സ് രൂപപ്പെടുത്തും.

പ്രസാദ് അമോർ
ലൈസൻസ്ഡ് സൈക്കോളജിസ്റ്റ്
സോഫ്റ്റ് മൈൻഡ്, ലക്ഷ്മി ഹോസ്പിറ്റൽ
അരൂർ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.