Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പല്ലെടുക്കുന്നതിനു മുമ്പും പിമ്പും അറിയേണ്ട 40 കാര്യങ്ങള്‍

dental-disease

പല്ലെടുക്കുന്നതിനു മുമ്പ്

1. വേദന വന്നതുകൊണ്ടു മാത്രം പല്ലെടുക്കേണ്ടതില്ല. റൂട്ട് കനാല്‍ ചികിത്സ വഴി വേദന മാറ്റാം. ഇതിനു താല്‍പര്യമില്ലെങ്കില്‍ പല്ലെടുക്കുന്നതാണു നല്ലത്. അല്ലെങ്കില്‍ വീണ്ടും വേദന വരും.

2. മേല്‍വരിയിലെയോ താഴെവരിയിലെയോ പല്ലെടുക്കുന്നതുകൊണ്ട് ചെവി, കണ്ണ്, തല എന്നിവയ്ക്കൊന്നും യാതൊരു കുഴപ്പവുമുണ്ടാകില്ല.

3. ഒന്നോ രണ്ടോ പല്ലെടുത്താല്‍ മാത്രം കവിള്‍ ഒട്ടുകയില്ല. മാത്രമല്ല, കൃത്രിമപ്പല്ലുകള്‍ വച്ചാല്‍ പരിഹാരവുമായി.

4. ഒരേ സമയം ഒന്നില്‍ക്കൂടുതല്‍ പല്ലെടുക്കാം.

5. പല്ലെടുക്കുന്നതു ഭയമുള്ളവര്‍ക്ക് മുന്‍കൂട്ടി മരുന്നുകള്‍ കഴിച്ചു ഭയം കുറയ്ക്കാം.

6. പല്ലെടുക്കാന്‍ വരുമ്പോള്‍ കൂടെ ആളുണ്ടാകേണ്ടത് ആവശ്യമാണ്.

7. പഴുപ്പുള്ളപ്പോള്‍ പല്ലെടുക്കുന്നത് വേദന വരുത്താം. മരുന്നു കഴിച്ച് ഉടനെ എടുക്കുന്നതാണ് ഉചിതം.

8. രാവിലെയാണ് പല്ലെടുക്കാന്‍ നല്ലത്.

9. ഭക്ഷണം കഴിച്ചതിനു ശേഷമേ പല്ലെടുക്കാവൂ.

  1. ആദ്യമായി പല്ലെടുക്കുമ്പോള്‍ മരവിപ്പിക്കുന്ന മരുന്നിന് അലര്‍ജിയുണ്ടോ എന്നു നോക്കുന്നത് ആവശ്യമാണ്.

11. പ്രമേഹവും രക്തസമ്മര്‍ദ്ദവുമുണ്ടെങ്കില്‍ അവ കുറഞ്ഞസമയത്തേ പല്ലെടുക്കാവൂ. പ്രമേഹമുള്ളവര്‍ പല്ലെടുത്താല്‍ മുറിവുണങ്ങില്ല. പ്രഷറുള്ളവര്‍ പല്ലെടുത്താല്‍ രക്തം നില്‍ക്കാതെ വരും.

12. ഹൃദ്രോഗമുള്ളവര്‍ വിവരങ്ങള്‍ ഡോക്ടറോട് മുന്‍കൂട്ടി പറയണം. രക്തവാതമുള്ളവര്‍ക്കും വാല്‍വ് തകരാറുള്ളവര്‍ക്കും മറ്റും പല്ലെടുക്കുന്നതിനു മുമ്പു മരുന്നുകള്‍ കഴിക്കേണ്ടതുണ്ട്.

13. എന്തെങ്കിലും രോഗമുള്ളവരും മരുന്ന് കഴിക്കുന്നവരും, പല്ലെടുക്കുന്നതിനു മുമ്പ് ഡോക്ടറോടു പറയണം.

14. ഗര്‍ഭിണികള്‍ക്ക് ആദ്യ മൂന്നുമാസത്തിനും അവസാന മൂന്നുമാസത്തിനും ഇടയില്‍ വേണമെങ്കില്‍ പല്ലെടുക്കാം.

15. കുട്ടികളുടെ പല്ലുകള്‍ പുതിയതു വരുമ്പോള്‍ ഇളകുന്നതു മാത്രമേ എടുക്കാറുള്ളൂ. ഒരുവിധേനയും അടയ്ക്കാന്‍ കഴിയാത്തതേ എടുക്കാവൂ. അതോടൊപ്പം പല്ലോ സ്പേസ് മെയിന്‍റനറോ വച്ചിരിക്കണം. അല്ലെങ്കില്‍ നിരതെറ്റി പല്ലു വരാം.

16. മൂന്നാമത്തെ അണപ്പല്ല് 17 വയസിനു ശേഷമാണു വരിക. ചിലപ്പോള്‍ അവ എല്ലില്‍ കുടുങ്ങിയിരിക്കുകയും അല്‍പം മാത്രം മുളച്ച അവസ്ഥയിലും ആയിരിക്കും. അവ ഇടയ്ക്കിടെ വേദനയുണ്ടാക്കാം. അവ എടുത്തുമാറ്റുവാന്‍ കൂടുതല്‍ സമയവും വൈദഗ്ധ്യവും ചെലവും വരും.

17. ഓര്‍ത്തോഡന്‍റിക് ചികിത്സയില്‍ ചിലപ്പോള്‍ ഏതാനും പല്ലുകള്‍ എടുക്കുവാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. അതുകൊണ്ട് ദോഷമൊന്നുമില്ല. എടുത്ത ഭാഗം സ്വാഭാവികമായി അടയും.

18. സ്റ്റിച്ചിടുന്നത് മുറിവുണങ്ങാനും ഭക്ഷണം കയറാതിരിക്കാനും സഹായിക്കും. എന്നാല്‍ അവ നിര്‍ബന്ധമില്ല. സ്റ്റിച്ചിട്ടാല്‍ ആറാംദിനം എടുത്തു മാറ്റണം.

19. പല്ലില്ലാത്ത മോണകള്‍ കാലം കഴിയും തോറും ചുരുങ്ങുന്നതായി കാണുന്നു. ഇതുമൂലം സെറ്റുപല്ല് മാറ്റേണ്ടി വന്നേക്കാം. പല്ലിന്റെ വേരുകളെങ്കിലും നിലനിര്‍ത്താനായാല്‍ ഈ മാറ്റം കുറയ്ക്കാം.

20. ചിലപ്പോള്‍ പല്ലെടുക്കാന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. ജനറല്‍ അനസ്തീഷ്യ വേണ്ടിവന്നേക്കാം.

പല്ലെടുത്തശേഷം

1. ഒരു മണിക്കൂറോളം പല്ലെടുത്ത ഭാഗത്തു പഞ്ഞി കടിച്ചു പിടിക്കണം. ഇതിനിടയില്‍ സംസാരം പാടില്ല.

2. കൂടെക്കൂടെ തുപ്പുവാനും കഴുകുവാനും പാടില്ല.

3. കട്ടപിടിച്ച രക്തത്തിന് ഇളക്കം തട്ടാതെ എടുത്തുമാറ്റുക. പഞ്ഞി കളഞ്ഞശേഷം മരുന്നുകള്‍ കഴിക്കണം.

4. പല്ലെടുത്ത ദിനം തണുപ്പിച്ച ആഹാരങ്ങള്‍ മാത്രം കഴിക്കുക.

5. 24 മണിക്കൂറിനിടയില്‍ ചൂടുള്ളതു കഴിച്ചാല്‍ രക്തം വരാന്‍ സാധ്യതയുണ്ട്.

6. ഈ സമയം കട്ടിയുള്ളത് കഴിക്കുകയോ, തല അനങ്ങിയുള്ള കഠിനജോലികള്‍ ചെയ്താലോ, കുട്ടികള്‍ ഓടിക്കളിച്ചാലോ രക്തം വന്നേക്കാം.

7. കട്ടപിടിച്ച രക്തം ഇളകുന്ന വിധത്തില്‍ വായ് കഴുകാനോ കൊപ്ളിക്കാനോ പാടില്ല.

8. പല്ലെടുത്ത ശേഷം ചിലപ്പോള്‍ 24 മണിക്കൂര്‍ വരെ രക്തം കുറേശ്ശെ വരാന്‍ സാധ്യതയുണ്ട്.

9. അധികമായി രക്തം വരുന്നുണ്ടെങ്കില്‍ വീണ്ടും പഞ്ഞിയോ, വൃത്തിയുള്ള തുണിയോ കട്ടിയില്‍ പല്ലെടുത്ത ഭാഗത്തു കടിച്ചുപിടിക്കാം.

10. രക്തം വീണ്ടും നില്‍ക്കാതെ വന്നാല്‍ ഉടനെ ഡോക്ടറെയോ, അടുത്ത ഹോസ്പിറ്റലിലോ കാണിക്കണം.

11. മുറിവ് ഉണങ്ങുന്നതുവരെ മുറിവില്‍ ആഹാരപദാര്‍ഥങ്ങള്‍ ഇരിക്കാതെ വൃത്തിയായി സൂക്ഷിക്കുക.

12. പല്ലെടുത്ത ഭാഗത്ത് ചിലപ്പോള്‍ എല്ല് തെളിഞ്ഞു കാണും. അവിടെ വിരലോ നാക്കോ കൊണ്ടു തൊട്ടുനോക്കാതിരിക്കുക. അങ്ങനെ സ്പര്‍ശിച്ചാല്‍ മുറിവുണങ്ങാന്‍ സമയമെടുക്കും.

13. 24 മണിക്കൂറിനുശേഷം ചെറിയ ചൂടുള്ള ഉപ്പുവെള്ളം മൂന്നോ നാലോ തവണ കൊള്ളുന്നതു മുറിവുണങ്ങാന്‍ സഹായിക്കും. മൗത്ത് വാഷും ഇതിനു സഹായകരമാണ്.

14. പല്ലെടുത്ത ശേഷം മുറുക്ക്, മദ്യപാനം എന്നിവ ഒഴിവാക്കുക.

15. ഒരു മണിക്കൂര്‍ സമയമെങ്കിലും മരുന്നിന്റെ മരവിപ്പ് ഉണ്ടാകും. ഈ സമയം പ്രത്യേകിച്ചു കുട്ടികള്‍ ചുണ്ടോ കവിളോ കടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

16. പല്ലെടുത്ത ദിനം മാത്രമേ സാധാരണയായി വിശ്രമിക്കേണ്ടതുള്ളൂ.

17. ഏതാനും ദിവസങ്ങള്‍ ചെറിയ വേദനയും നീരും സാധരണയാണ്.

18. മൂന്നു മുതല്‍ അഞ്ചു ദിവസം സാധാരണഗതിയില്‍ മരുന്നു കഴിക്കണം.

19. ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള മരുന്നുകള്‍ യഥാക്രമം കഴിക്കുക. മരുന്നു കഴിച്ചശേഷം ശരീരത്തില്‍ ചൊറിച്ചിലോ, വയറ്റില്‍ വേദനയോ അനുഭവപ്പെട്ടാല്‍ മരുന്നു നിര്‍ത്തി ഡോക്ടറെ സമീപിക്കണം.

20. എടുത്ത ഭാഗത്തു പുതിയ പല്ല് രണ്ടുമൂന്നു മാസത്തിനിടയ്ക്കു വച്ചില്ലെങ്കില്‍ മറ്റു പല്ലുകള്‍ക്കു സ്ഥാനചലനം വന്നു പില്‍ക്കാലത്തു പുതിയതു വയ്ക്കാന്‍ ബുദ്ധിമുട്ടായേക്കും.

ഡോ. മുഹമ്മദ് അല്‍ഖാഫ്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.