Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ സത്യമല്ല; ഒന്നും സത്യമല്ല

depresonalization

താൻ തന്നെ ഇല്ലെന്നും കുടുംബം ഉൾപ്പെട എല്ലാം മായയാണെന്നും സ്വയം കരുതിയ ബിരുദ വിദ്യാർഥിനിയുടെ അനുഭവകഥ

ഹർഷിതയെന്ന രണ്ടാം വർഷ ബിരുദ വിദ്യാര്‍ഥിനി അച്ഛനമ്മമാരോടൊപ്പമാണ് എന്നെ കാണാൻ വന്നത്. പഠനത്തിലും സാഹിത്യത്തിലും സംഗീതത്തിലും മികച്ച നിലവാരമുള്ള കുട്ടി. ഒന്നു രണ്ടു മാസമായി ഉന്മേഷം തീരെയില്ല. ക്ലാസിൽ പോകുന്നത് മിടുക്കിയായിട്ടല്ല, ദിനചര്യകളിൽ മാറ്റമില്ല. ഇടയ്ക്ക് നടന്ന ഒരു ക്ലാസ് പരീക്ഷയിലും മാർക്കു തീരെ കുറഞ്ഞിട്ടുമില്ല. പക്ഷേ, കുട്ടി എപ്പോഴും ചിന്താധീനയായി കാണപ്പെടുന്നു. വീടിന്റെ വരാന്തയിലും മുറിക്കുള്ളിലാണെങ്കിൽ ജനാലയ്ക്കരികിലും മണിക്കൂറുകള്‍ തന്നെ അനങ്ങാതെ നിൽക്കും. എന്തെങ്കിലും ചോദിച്ചാൽ ചുരുങ്ങിയ വാക്കുകളില്‍ ഉത്തരം നൽകും. മുഖത്ത് ഒരു വികാരവുമില്ല. പുഞ്ചിരിയുടെ ലാഞ്ചന പോലുമില്ല. ഒരു പ്രതിമപോലെ. അമ്മയും അച്ഛനും നിയമ വിദ്യാർഥിനിയായ ചേച്ചിയും അവൾക്ക് എന്താണ് പറ്റിയതെന്ന് ആവർത്തിച്ചു ചോദിച്ചു. അതിന് അവളുടെ മറുപടി ഇങ്ങനെയായിരുന്നു. ‘‘എനിക്ക് ഒന്നും തോന്നുന്നില്ല അമ്മേ. ഒന്നും ശരിയല്ല. സത്യമല്ല ഒന്നും, ഞാനും സത്യമല്ല, നിങ്ങളും സത്യമല്ല.’’

ഒന്നും വാസ്തവമല്ല

പരിഭ്രമത്തോടെയും ആശങ്കയോടെയുമാണ് ഹര്‍ഷിതയെ കൺസല്‍റ്റേഷനെത്തിച്ചത്. ഡോക്ടറുടെ മുൻപിലും ഹര്‍ഷിത ഇതുതന്നെ പറഞ്ഞു. ‘‘എനിക്ക് ഒന്നും വാസ്തവമായി തോന്നുന്നില്ല. ഞാൻ പോലും വാസ്തവമല്ല. പഴയ ഞാനല്ല. പഴയ ചിന്തകളും വികാരങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. ചുറ്റുമുള്ളവരും അതുപോലെതന്നെ. ചുറ്റും കാണുന്ന ചെടികളും മരങ്ങളും എല്ലാ വസ്തുക്കളും അയഥാർഥമാണെന്നു തോന്നുന്നു. എന്റെ ശരീരം പോലും പഴയതല്ല. കൈകൾ, കാലുകൾ, എല്ലാം മറ്റൊന്തോ ആയതുപോലെ. കണ്ണാടിയിൽ നോക്കുമ്പോൾ കാണുന്നത് എന്റെ മുഖം പോലെതന്നെ. പക്ഷേ, അതെന്റെ മുഖമല്ല. ഇടത്തെ കൈയുടെ മുട്ടിനു മുകളിൽ, ഉൾവശത്തെ മുറിപ്പാടുകൾ കാണിച്ച് ഹർഷിത പറഞ്ഞു: ‘‘വേദനയുണ്ടോ എന്നറിയാൻ ഞാൻ ഏൽപിച്ച മുറിവുകളാണ്. വേദനയൊക്കെയുണ്ട്. പക്ഷേ, എന്റെ ശരീരമല്ല. വേദന തോന്നുന്നത് എന്റെ മനസ്സിലുമല്ല.’’

മാറ്റം വന്നത് പെട്ടെന്ന്

ഏതാണ്ട് രണ്ടു മാസം മുമ്പാണ് തനിക്ക് ഈ മാറ്റം സംഭവിച്ചതെന്ന് ഹര്‍ഷിത ഓർമിക്കുന്നു. ഒരു ഞാറാഴ്ച ദിവസം ഉച്ചയുറക്കത്തിനു ശേഷം മുറിയുടെ ജനാലയ്ക്കരികിൽ നിന്നു പുറത്തു നോക്കിയപ്പോള്‍ മരങ്ങളും തോട്ടത്തിലെ ചെടികളും യഥാർഥമല്ല എന്നു തോന്നി. ഇലകളുടെ പച്ചയും പൂക്കളുടെ നിറവും ഒരു മാറ്റവുമില്ലാതെ കാണാം. പക്ഷേ അവ യഥാർഥമല്ല. ചരൽ വിരിച്ച നടപ്പാതയും ദൂരെ കാണുന്ന ആകാശത്തിന്റെ ശകലവും യഥാർഥത്തിലുള്ളതല്ല. ഇവയ്ക്കെല്ലാം എങ്ങനെ ഈ മാറ്റം വന്നു? അതോ തനിക്കാണോ മാറ്റം ഉണ്ടായത്? പെട്ടെന്ന് ഒരു ഞെട്ടലോടെ, തേങ്ങലോടെ ‌തോന്നി. തനിക്കും മാറ്റം വന്നിരിക്കുന്നു. ‌ഒന്നും മനസ്സിൽ ഉൾക്കൊള്ളാനാകുന്നില്ല.

മനസ്സ് അപ്പാടെ മാറിയിരിക്കുന്നു. ഉച്ചയ്ക്ക് അച്ഛനോടും ചേച്ചിയോടുമൊപ്പം ഊണുകഴിച്ചതും പാട്ട് കേട്ട് ഉറങ്ങാൻ കിടന്നതും ഉറങ്ങി എഴുന്നേറ്റ് ഈ ‌ജനാലയ്ക്കരികിൽ വന്നതും മനസ്സിൽ വരുന്നുണ്ട്. പക്ഷേ, ഇത് തന്റെ ഓർമയായി അനുഭവപ്പെടുന്നില്ല. അടുക്കളയിൽ പോയി കോഫി കുടിച്ചു. ‌മുറിയിൽ പോയി വായിച്ചു. വായിക്കാൻ കഴിയുന്നുണ്ട്. വായിക്കുന്നത് മനസ്സിലാകുന്നുണ്ട്. തുടർന്നുള്ള എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുന്നുണ്ട്. പക്ഷേ, മനസ്സ് ആകെ മാറിയിരി‌ക്കുന്നു! എന്താണെന്ന് തിരിച്ചറിയാൻ കഴിയാത്ത, ഒരു മാറ്റം. നനഞ്ഞ കരിമ്പടം പോലെ ‌മനസ്സിന്റെ ചുറ്റും മൂടിയിരിക്കുന്നു. പുകമഞ്ഞു പോലെ മനസ്സിനുള്ളിൽ നിറഞ്ഞിരിക്കുന്നു. വാക്കുകളും പ്രവൃത്തിയും യാന്ത്രികം പോലെ തുടരുന്നു. പക്ഷേ, മനസ്സിൽ വികാരത്തിന്റെ തുടിപ്പില്ല. വിചാരത്തിൽ ധിഷണയുടെ തിളക്കമില്ല.

മൂന്നു തരത്തിലെ മാറ്റം

മനസ്സിന്റെ ഈ ആതുരാവസ്ഥയെയാണ് ഡീപേഴ്സണലൈസേഷൻ (Depersonalization) എന്നു പറയുന്നത്. ‘നിർവ്യക്തീകരണം’ എന്നൊരു തർജമയാകാം. അസാധാരണവും അത്യന്തം അസ്വസ്ഥത സൃഷ്ടിക്കുന്നതുമായ ഒരു മാറ്റം ഒരാളുടെ വ്യക്തിത്വത്തിൽ സംഭവിക്കുകയാണ്. ഇതേ മാറ്റം ചുറ്റുപാടുകളിലേക്കും ബാധിക്കറുണ്ട്. അതിനെ ഡീറിയലൈസേഷൻ (Derealization) എന്നു വിളിക്കുന്നു. ശരീരത്തിന് ആകെയും ‌ശരീരഭാഗങ്ങളെ പ്രത്യേകമായും ബാധിക്കുന്ന അയഥാർഥബോധത്തെ ഡിസൊമറ്റൈസേഷൻ (Desomatization) എന്നാണു പറയുന്നത്. ചില ഡീപേഴ്സണലൈസേഷൻ രോഗികളിൽ, വ്യക്തിത്വത്തിലെയും പരിസരത്തിന്റെയും ശരീരത്തിന്റെയും അയാർഥബോധം ഒന്നു ചേർന്നു കാണാം. മറ്റു ചിലരിൽ അങ്ങനെ കാണാറില്ല.

തനിക്കു വികാരങ്ങളും വിഷമവും ഒന്നും തോന്നുന്നില്ല എന്നു പറയുന്ന രോഗികളും വളരെ അസ്വസ്ഥരായിരിക്കും. തങ്ങളുടെ ഇപ്പോഴത്തെ ദുരൂഹവും അസുഖകരവുമായ അവസ്ഥയെ, അതിനു മുമ്പുള്ള തന്റെ സ്ഥിതിയുമായി താരതമ്യപ്പെടുത്തുന്നതിൽ നിന്നാണ് ഈ അസ്വാസ്ഥ്യമുണ്ടാകുന്നത്. ഇതോടൊപ്പം മനസ്സിലെ സമയബോധം വലിയ മാറ്റത്തിനു വിധേയമാകും. സമയം തീരെ പതുക്കെ നീങ്ങുന്നതായോ, ഏതാണ്ട് നിലയ്ക്കുന്നതായോ തോന്നൽ വരാം. വളരെയധികം അസ്വാസ്ഥ്യം ജനിപ്പിക്കുന്നതാണ് സമയബോധത്തിലെ ഈ മാറ്റം.

അവസ്ഥയ്ക്കു പിന്നില്‍

ഏതാനും മിനിറ്റുകളോ ഒന്നോ രണ്ടോ മണിക്കൂറുകളോ നീണ്ടുനിൽക്കുന്ന ‌ഡീപേഴ്സണലൈസേഷൻ അപൂർവമല്ല. അത്യന്തം ഉത്കണ്ഠയോ, മാനസിക സമ്മർദമോ അനുഭവപ്പെടുന്ന സന്ദര്‍ഭങ്ങളിൽ താൽക്കാലികമായി ഈ ‌അവസ്ഥയുണ്ടാകാം. ഇതു വളരെ ശക്തമായ തരത്തിലായിരിക്കില്ല. പെട്ടെന്നുണ്ടാകുന്ന അതിശക്തമായ ഡീപേഴ്സണലൈസേഷൻ, ടെംപറൽലോബ് (Temporal Lobe) ‌എന്ന മസ്തിഷ്കഭാഗത്തിൽ നിന്ന് ഉടലെടുക്കുന്ന അപസ്മാരരോഗത്തിൽ (Epilepsy) കാണാറുണ്ട്. ടെംപറൽ ലോബിലും ‌മസ്തിഷ്കകാണ്ഡ (Brain stem) ത്തിന്റെ ഉപരിഭാഗം എന്നിവയെ ബാധിക്കുന്ന മറ്റു രോഗങ്ങളിലും ഡീപേഴ്സണലൈസേഷൻ പ്രധാനലക്ഷണമായി കാണാം. അതിവിഷാദ രോഗം (Major Depression Disorder), സ്കിസോഫ്രിനിയ (Schizophrenia), മറ്റ് സൈക്കോസിസുകൾ, വിരഹവിഷാദം (Grief Reaction) എന്നീ മാനസികരോഗങ്ങളുടെ പ്രാരംഭഘട്ടത്തിലും പരിണാമഘട്ടങ്ങളിലും (Transition Stages) ‌ഡീപേഴ്സണലൈസേഷൻ സംഭവിക്കാം. ലഹരിപദാർഥങ്ങൾ ഉപയോഗിക്കുമ്പോഴും അതുണ്ടാകാം. ഇവയൊന്നും അല്ലാതെ ശക്തമായും ദീർഘകാലത്തിലേക്കും ‌നിലനിൽക്കുന്ന ഡീപേഴ്സണലൈസേഷൻ രോഗം അപൂർവമാണ്. അത്തരത്തിലുള്ള രോഗം രൂക്ഷമായ യുദ്ധത്തിലേർപ്പെടുന്ന സൈനികരിൽ കണ്ടുവരാറുണ്ട്. അത് അതിശക്തമായ മാനസിക സമ്മർദത്തിന്റെയും ശാരീരിക വൈഷമ്യങ്ങളുടെയും സാഹചര്യത്തിൽ ഉണ്ടാകുന്നതാണെന്ന് വിശദീകരിക്കാം. എന്നാൽ ‌പ്രത്യക്ഷത്തിൽ അങ്ങനെയുള്ള മാനസിക സമ്മർദമോ, ശാരീരിക ബുദ്ധിമുട്ടുകളോ ഇല്ലാത്ത ഒരു ചെറിയ വിഭാഗത്തിലും ഇതേ രോഗം അപൂർവമായി കാണാം ഹർഷിതയെ ‌ബാധിച്ചത് അതാണ്. (Primary Depersonalization Syndrome).

ചികിത്സ എങ്ങനെ?

വിശദമായ മാനസികവിശകലനവും മസ്തിഷ്ക പരിശോധനയും ചികിത്സയ്ക്ക് ആവശ്യമാണ്. അപസ്മാരം, മസ്തിഷ്കരോഗങ്ങൾ, മറ്റു മാനസിക രോഗങ്ങള്‍, ലഹ‌രിപദാർഥങ്ങളുടെ ഉപയോഗം എന്നിവയോടു ബന്ധപ്പെട്ടു വരുന്ന ‌ഡീപേഴ്സണലൈസേഷന് അതാതു രോഗങ്ങളുടെ ചികിത്സയാണു നൽകേണ്ടത്. ഹർഷിതയുടെ പോലുള്ള പ്രാഥമികമായ ഡീപേഴ്സണലൈസേഷന്റെ ‌ചികിത്സയിൽ ഔഷധചികിത്സയ്ക്ക് വലിയ പങ്കുണ്ട്. റിലാക്സേഷൻ, സി ബി ടി (കോഗ്‌നിറ്റീവ് ബിഹേവിയറൽ തെറപ്പി.) തുടങ്ങിയവയ്ക്കും സ്ഥാനമുണ്ട്.

പെരുമാറ്റ ചികിത്സാ വിദഗ്ധനും മെഡിക്കൽ എജ്യൂക്കേഷൻ മുൻ ഡയറക്ടറുമാണ് ലേഖകൻ

Your Rating: