Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറക്കത്തിലെ സംസാരത്തിനു പിന്നില്‍

sleeping-disorder

നീ ഇന്നലെ ഉറക്കത്തില്‍ എന്താ സംസാരിച്ചതെന്ന് ആരെങ്കിലും നിങ്ങളോടു ചോദിച്ചിട്ടുണ്ടോ? ഏയ് ഞാന്‍ ഒന്നും സംസാരിച്ചില്ലല്ലോ എന്ന മറുപടി നിങ്ങള്‍ പറഞ്ഞിട്ടുമുണ്ടോ? ഈ സംസാരത്തെക്കുറിച്ച് നിങ്ങളുടെ മനസിലുമുണ്ടാകും നിരവധി ചോദ്യങ്ങള്‍ അല്ലേ!

ഉറക്കത്തിലെ സംസാരം എന്നത് നിഷ്കളങ്കമായ ഒന്നാണ്. ഏതെങ്കിലും സംഭവത്തെക്കുറിച്ചോ മറ്റോ നിങ്ങള്‍ കൂടുതല്‍ ഉത്കണ്ഠാകുലരാകുകയോ ആശങ്കയുള്ളവരോ ഒക്കെ ആകുമ്പോഴാണ് സംസാരം കൂടുതലായും ഉണ്ടാകുന്നത്. അതായത് ഉറങ്ങിക്കഴിഞ്ഞെങ്കിലും നിങ്ങളുടെ ഉപബോധ മനസില്‍ ഈ സംഭവത്തിന്‍മേല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു സാരം. അങ്ങനെ അല്ലാതെ എന്തെങ്കിലും അസ്വാഭാവികമായി തോന്നുകയാണെങ്കില്‍ ചികിത്സ തേടാനും മടിക്കരുത്.

എന്തുകൊണ്ട് ഉറക്കത്തില്‍ സംസാരിക്കുന്നു

ഉറക്കത്തിലെ സംസാരത്തെ അസുഖമായിട്ടല്ല, മറിച്ച് ഒരു ലക്ഷണമായാണ് കാണുന്നത്. ഉറക്കവുമായി ബന്ധപ്പെട്ടുള്ള വ്യതിയാനങ്ങളാണ് ഇവിടെ നടക്കുന്നത്. മൂന്നിനും പത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 50 ശതമാനത്തിലധികവും ഉറക്കത്തില്‍ സംസാരിക്കുന്നവരാണ്. ഇതില്‍ പേടിക്കേണ്ട കാര്യവുമില്ല. പ്രായം കൂടുന്തോറും ഈ സ്വഭാവവും മാറിവരും. മുതിര്‍ന്നവരില്‍ മൂന്നു മുതല്‍ അഞ്ച് ശതമാനം വരെയാണ് ഇത്തരം സ്വഭാവക്കാര്‍ ഉള്ളത്. ഇത് ഒരു രോഗമായി കണ്ട് മിക്കവരും ഡോക്ടറുടെ അടുത്ത് എത്താറുമില്ല.

എന്നാല്‍ കൂട്ടത്തില്‍ കിടക്കുന്ന പാര്‍ട്നര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും വിധം സംസാരിക്കുക, ഉറക്കത്തില്‍ അമിതമായി ദേഷ്യം പ്രകടിപ്പിക്കുക, ഞെട്ടി ഉണരുക, അവനവനു തന്നെ ഉറക്കം നഷ്ടപ്പെടുക എന്നിവ കണ്ടാല്‍ ഡോക്ടറുടെ അടുത്ത് ചികിത്സ തേടേണ്ടതാണ്. ഇവ ചിലപ്പോള്‍ മറ്റേതെങ്കിലും രോഗത്തിന്റെ ലക്ഷണമാകാം.

സ്വപ്നാവസ്ഥയിലെ ഉറക്കം

റാപിഡ് ഐ മൂവ്മെന്റ് സ്ലീപ് അഥാവാ സ്വപ്നാവസ്ഥയിലുള്ള ഉറക്കം. ഈ ഉറക്കത്തിന്റെ സമയത്ത് തലച്ചോറ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരിക്കും. എന്നാല്‍ ശരീരം തളര്‍ന്ന അവസ്ഥയിലുമായിരിക്കും. തൊഴിക്കുന്നതായൊക്കെ സ്വപ്നം കണ്ടാലും തൊഴിക്കാത്തത് ഇതുകൊണ്ടാണ്. എന്നാല്‍ ചിലരില്‍ വര്‍ത്തമാനം പറയുന്ന പേശികളെ തലച്ചോറ് തളര്‍ത്തിക്കളയും. അവരാണ് ഉറക്കത്തില്‍ ഭീകരസ്വപ്നം കണ്ട് പ്രശ്നമുണ്ടാക്കുന്നത്. ഇത്തരം അവസ്ഥയെ റാപിഡ് ഐ മൂവ്മെന്റ് സ്ലീപ് ബിഹേവിയറല്‍ ഡിസ്ഓര്‍ഡര്‍ എന്ന് പറയും. ഇത്തരക്കാരെയാണ് ചികിത്സിക്കേണ്ടതായി വരുന്നത്. ഉറക്കത്തില്‍ ഭീകരസ്വപ്നം കണ്ട് ഞെട്ടി എഴുന്നേല്‍ക്കുന്നവരും കൂടെ കിടക്കുന്നവരുടെ ഉറക്കത്തിന് ഭംഗം വരുത്തുന്ന രീതിയില്‍ സംസാരിക്കുന്നവരും ചികിത്സ തേടേണ്ടതാണ്.

ചികിത്സ എങ്ങനെ?

എല്ലാ രോഗങ്ങള്‍ക്കും നല്‍കുന്നതു പോലെ മരുന്ന് നല്‍കി മാറ്റുന്ന ചികിത്സാരീതിയൊന്നും ഇതിനില്ല. മെഡിറ്റേഷന്‍, സ്ട്രെസ് ഇല്ലാതാക്കുക തുടങ്ങിയവയാണ് സാധാരണയായി ചെയ്യാറുള്ളത്. കടുത്ത മാനസിക സമര്‍ദം അനുഭവിക്കുമ്പോഴാണ് ഉറക്കത്തിലെ സംസാരം കൂടുന്നത്. ആദ്യത്തെ ലെവലില്‍ ഉറക്കം നന്നാക്കുക, സമര്‍ദം അകറ്റുക തുടങ്ങിയവയാണ് ചെയ്തുവരുന്നത്.

നല്ല ഉറക്കശീലങ്ങള്‍

നല്ല ഉറക്കശീലങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

  1. ഉറങ്ങുന്ന മുറി ഉറങ്ങാന്‍ വേണ്ടി മാത്രം ഉപയോഗിക്കുക.

  2. ഉറങ്ങാന്‍ പോകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ജോലികളെല്ലാം നിര്‍ത്തിവച്ച് വിശ്രമിച്ചതിനു ശേഷം കിടക്കയിലേക്കു പോകുക.

  3. ഉറങ്ങുന്ന മുറി ശബ്ദരഹിതവും പ്രകാശരഹിതവും(ഡാര്‍ക്ക്) ആക്കുക.

  4. ഉറങ്ങുന്നതിനു മുന്‍പ് കട്ടിലില്‍ കിടന്ന് മാസികകളോ പുസ്തകങ്ങളോ വായിക്കാതിരിക്കുക.

  5. ടിവി കണ്ട് ഉറങ്ങുന്ന ശീലം മാറ്റുക.

  6. വൈകിട്ട് ആറിനു ശേഷം ഉത്തേജക പാനീയങ്ങള്‍ ഒഴിവാക്കുക. ഇളം ചൂടുള്ള പാല്‍ കുടിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായകമാണ്.

  7. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ലഘുവ്യാമങ്ങൾ ശീലമാക്കാം.

  8. പകല്‍ ഉറങ്ങാതിരിക്കുക.

  9. ലാപ്ടോപ്പ്, കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയുടെ ഉപയോഗം ഉറക്കം വീണ്ടും മോശമാക്കുകയേ ഉള്ളൂ.

  10. ക്ളോക്കിലേക്ക് നോക്കാതിരിക്കുക.

സമര്‍ദം അകറ്റുക

ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് മനസിനെ മദിക്കുന്ന അന്നത്തെ പ്രശ്നങ്ങള്‍ ഒരു പേപ്പറില്‍ എഴുതുക. ഇതിനുള്ള പരിഹാരങ്ങളും നിങ്ങള്‍ക്കു തന്നെ ലിസ്റ്റ് ചെയ്ത് എഴുതാവുന്നതാണ്. തെളിഞ്ഞ് മനസുമായി കിടക്കയിലേക്കു പോകുക. പ്രാര്‍ഥന, നാമജപം തുടങ്ങിയവയും സമര്‍ദം അകറ്റാന്‍ സഹായിക്കും. ചെറിയ ഡോസ് ആന്റിഡിപ്രസന്റുകളും നല്‍കാറുണ്ട്.

വിവരങ്ങള്‍ക്കു കടപ്പാട്

ഡോ.രാജന്‍ ജോണ്‍

സൈക്കോളജിസ്റ്റ്

കോഴഞ്ചേരി മെഡിക്കല്‍കോളജ്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.