Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാപ്പികുടി അർബുദം തടയും

coffee

കാപ്പികുടിയൻമാരേ സന്തോഷിച്ചോളൂ. കട്ടനോ പാൽകാപ്പിയോ ഏതുമാകട്ടെ, കാപ്പികുടി അർബുദം തടയുമെന്ന് പഠനം. ദിവസം രണ്ടര കപ്പിലധികം കാപ്പി കുടിക്കുന്നത് കോളോറെക്ടൽ കാൻസറിനുള്ള സാധ്യതയെ കുറയ്ക്കും. കാപ്പിയുടെ ഗുണങ്ങളും പഠനത്തിൽ കണ്ടെത്തി.

യുഎസിലെ സതേൺ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. പഠനത്തിനായി വൻകുടലിലും മലാശയത്തിലും അർബുദം ബാധിച്ച 5145 പേരെയും അർബുദം ബാധിക്കാത്ത 4097 പേരെയും കൺട്രോൾ ഗ്രൂപ്പിൽപ്പെടുത്തി.

ചോദ്യാവലിയിലൂടെയും മുഖാമുഖത്തിലൂടെയും എത്ര കാപ്പി കുടിക്കുന്നു, അത് തിളപ്പിച്ചതോ ഇൻസ്റ്റന്റോ ഡീ കഫീനേറ്റഡോ എന്നു പരിശോധിച്ചു. തുടർന്നാണ് കാപ്പി കുടിക്കുന്നത് കോളോറെക്ടറൽ കാൻസറിനുള്ള സാധ്യതയെ കുറയ്ക്കുമെന്ന് കണ്ടെത്തിയത്. കൂടുതൽ കാപ്പി കുടിച്ചാൽ രോഗസാധ്യത അത്രയും കുറയും. – പഠനം നടത്തിയ സ്റ്റീഫൻ ഗ്രൂബർ പറഞ്ഞു.

അർബുദത്തിന്റെ കുടുംബചരിത്രം, ഭക്ഷണം, ഫിസിക്കൽ ആക്ടിവിറ്റി, പുകവലി മുതലായ അർബുദം ഉണ്ടാക്കുന്ന മറ്റു ഘടകങ്ങളും പരിശോധിച്ചു. ഒന്നോ രണ്ടോ കപ്പ് കാപ്പി ദിവസവും കുടിക്കുന്നത് കോളോറെക്ടൽ കാൻസറിന്റെ സാധ്യതയെ 26 ശതമാനം കുറയ്ക്കുന്നു. രണ്ടര കപ്പിലധികം കാപ്പി ഒരു ദിവസം കുടിച്ചാൽ അർബുദ സാധ്യത 50 ശതമാനം കുറവാണെന്നും കണ്ടു.

കഫിനേറ്റഡും ഡീകഫിനേറ്റഡുമായ എല്ലാത്തരം കാപ്പിയും അർബുദ സാധ്യത കുറയ്ക്കുമെന്ന സൂചന നൽകി. കഫീൻ ഏതുതരമെന്നത് ഒരു പ്രശ്നമേയല്ല. കാപ്പിയുടെ സംരക്ഷിത ഇനങ്ങൾക്ക് കാരണം കഫീൻ മാത്രമല്ല എന്നതിന്റെ തെളിവാണിത്– ഗ്രൂബൻ പറഞ്ഞു.

കോളെറ്കടൽ ഹെൽത്തിനു കാരണമായ നിരവധി ഘടകങ്ങൾ കാപ്പിയിലുണ്ട്. വൻകുടലിലെ അർബുദ കോശങ്ങളുടെ വളർച്ചയെ പരിമിതപ്പെടുത്തി കഫീനും പോളിഫിനോളും ആന്റിഓക്സിഡന്റുകളായി പ്രവർത്തിക്കുന്നു. കാപ്പിക്കുരു വറുക്കുന്ന സമയത്ത് ഉണ്ടാകുന്ന മെലാനോയ്ഡിൻസ് വൻകുടലിന്റെ ചലനശക്തി കൂട്ടുന്നു. ഡൈറ്റർപീൻസ്, ഓക്സിഡേറ്റീവ് നാശത്തിനെതിരേ ശരീരത്തിന്റെ പ്രതിരോധം കൂട്ടി അർബുദം തടയുന്നു.

കാൻസർ എപ്പിഡെമിയോളജി ബയോമാർക്കേഴ്സ് ആൻഡ് പ്രിവൻഷൻ എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.