Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഫിസിൽ ഒരു കുപ്പി; സംശയിക്കേണ്ട വെള്ളം തന്നെ

watrer-bottle

അടുത്ത ക്യുബിക്കിളിൽ ഇരിക്കുന്ന ചേട്ടന്റെ മേശയിൽ അതാ മുന്തിയ ബ്രാൻഡിന്റെ ഒരു കുപ്പി. ചേട്ടൻ ഇതെന്തിനുള്ള പുറപ്പാടാണ്..? ഓഫിസിലിരുന്ന്, അതും പരസ്യമായി... എന്തായാലും പുള്ളിയോട് ചോദിക്കാൻ പോയില്ല. ഇഷ്ടപ്പെട്ടില്ലെങ്കിലോ... പിമ്പിരി ആയി ഇരിക്കുകയാണെങ്കിൽ എങ്ങനെ പ്രതികരിക്കും എന്നറിയില്ലല്ലോ. ഇടയ്ക്കിടെ, ഏറിയാൽ ഒരു 25 മിനിറ്റിന്റെ ഗ്യാപ്പിൽ പുള്ളി ഓരോ കവിൾ അകത്താക്കുന്നുണ്ട്. ഒന്നൊന്നൊര മണിക്കൂർ ഇടവേളയിൽ വാഷ്റൂമിലേക്കു പോകുന്നുമുണ്ട്. ആ കുപ്പിയിൽ എന്തായിരിക്കും..? കോളയിലോ സോഡയിലോ ജ്യൂസിലോ മിക്സ് ചെയ്തു കൊണ്ടുവന്നിരിക്കുകയാണോ..? ഇങ്ങനെ എല്ലാവരും കാണെ ജലസേചനം നടത്തുമോ..?

ഒരു തവണ പുള്ളി വാഷ്റൂമിൽ പോയപ്പോൾ ഓടിപ്പോയി കുപ്പിയെടുത്തു തുറന്ന് മണത്തു നോക്കി. പ്രത്യേകിച്ച് ഒരു മണവുമില്ല. മണമില്ലാത്ത ബ്രാൻഡുകളും ഉണ്ടല്ലോ എന്നു മനസ്സിൽ പറഞ്ഞു. ചേട്ടൻ വരും മുൻപ് സീറ്റിൽ പോയി ഇരുന്നു. എന്തായാലും ഉച്ചയ്ക്ക് ചോറുണ്ണാൻ കന്റീനിലേക്കു പോകുമ്പോൾ ചോദിക്കുക തന്നെ. എന്നും ഒരുമിച്ചിരുന്നാണ് ഊണ്.

ഒരുമണിയുടെ സൈറൺ കൂവിയപ്പോൾ തന്നെ കന്റീനിലേക്കു പോയി. ചേട്ടന്റെ തൊട്ടടുത്ത സീറ്റിലിരുന്നു. അല്ല ചേട്ടാ, ആ കുപ്പിയിൽ.. കുപ്പിയിൽ വെള്ളം– ചേട്ടന്റെ മറുപടി സാധാരണപോലെ. വെള്ളമോ..? പിന്നെ കുപ്പിയിൽ എഴുതിയിരിക്കന്നത് വേറെയാണല്ലോ... ‘ഓഹോ, അപ്പോൾ നീ അങ്ങനെ വിചാരിച്ചിരിക്കുകയാണല്ലേ.. എടാ മോനേ, നല്ലൊരു ചില്ലുകുപ്പി കണ്ടപ്പോൾ അതിങ്ങ് കൊണ്ടുവന്നു എന്നേ ഉള്ളൂ. ഓഫിസിലെ കൂളറിൽ നിന്ന് വെള്ളം നിറച്ചാൽ ഇടയ്ക്കിടെ കുടിക്കാമല്ലോ. ഈ വേനൽക്കാലത്ത് അതുകൊണ്ട് പല മെച്ചങ്ങളുമുണ്ട്.’

ആഹാ, അങ്ങനെയോ– ആ മെച്ചങ്ങളൊക്കെ ഒന്നു പറഞ്ഞേ..

‘നമ്മൾ ഈ കംപ്യൂട്ടറിന്റെ മുന്നിൽ ഒരേ ഇരുപ്പ് ഇരുന്നുകൊണ്ടുള്ള ജോലിയല്ലേ.. ഓരോ 20 മിനിറ്റിലും എഴുന്നേൽക്കണമെന്നൊക്കെയാണല്ലോ ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നത്. ഈ വെള്ളക്കുപ്പി സീറ്റിൽ നിന്ന് അൽപം ദൂരയേ വയ്ക്കാവൂ. അപ്പോൾ ഈ വെള്ളം കുടിക്കാനായി നമ്മൾ സീറ്റീൽ നിന്നു പതുക്കെ ഒന്ന് അനങ്ങേണ്ടി വരുമല്ലോ. അത് ശരീരത്തിനു മൊത്തത്തിൽ നല്ലതാണ്. പിന്നെ മണിക്കൂറിൽ നാലോ അഞ്ചോ തവണ വെള്ളം കൂടിക്കുന്നതുകൊണ്ട്, ഒന്നര മണിക്കൂറൊക്കെ കഴിയുമ്പോൾ മൂത്രസഞ്ചി നിറയും. അപ്പോൾ മൂത്രമൊഴിക്കേണ്ടി വരും. വാഷ്റൂമിലേക്ക് 100 മീറ്റർ ദൂരമുണ്ടല്ലോ. തിരിച്ചു വരുന്ന ദൂരം കൂടി കൂട്ടിയാൽ 200 മീറ്റർ. ഓരോ ഒന്നര മണിക്കൂറിനിടയിലും ഈ 200 മീറ്റർ നടക്കും. അത് കണ്ണിനും കൈകാലുകൾക്കും ചിന്തയ്ക്കും നൽകുന്ന ആശ്വാസം ചില്ലറയായിരിക്കില്ല. കൂടുതൽ ഊർജസ്വലമായി ജോലി ചെയ്യാൻ സാധിക്കും.

വാഷ്റൂമിൽ നിന്ന് ഒന്നു മുഖവും നന്നായി കഴുകി വന്നാൽ സംഗതി ജോറായി. ഇടയ്ക്കിടെ കുപ്പിയിലെ വെള്ളം നിറയ്ക്കാൻ നടക്കുന്ന നടപ്പു വേറെയുമുണ്ട്. വേറൊരു വലിയ ഗുണം കൂടിയുണ്ട്. പുറത്ത് കത്തിയെരിയുന്ന വെയിലും ചൂടുമാണല്ലോ. ശരീരത്തെ നിർജലീകരണത്തിൽ നിന്നു രക്ഷിക്കാനും ദഹന–വിസർജന അവയവയ വ്യവസ്ഥകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിനും ഈ വെള്ളം കുടി നന്നായി സഹായിക്കും. സൗന്ദര്യവും കാര്യക്ഷമതയുമൊക്കെ ഈ വെള്ളംകുടിയുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. വൃക്കകളുടെ സുഗമമായ പ്രവർത്തനം നടക്കമണമെങ്കിൽ ധാരാളം വെള്ളം അങ്ങോട്ട് എത്തണം. അങ്ങനെ പലവിധ മെച്ചങ്ങൾ ഉള്ളതുകൊണ്ടാണ് ഈ കുപ്പിയെ കൂടെ കൂട്ടിയത്. ഇതൊന്നു പരീക്ഷിച്ചു നോക്കൂ, രണ്ടുമൂന്നു ദിവസംകൊണ്ടുതന്നെ വ്യത്യാസം മനസ്സിലാക്കാം..’

എന്റെ ചേട്ടാ, ഞാൻ ചേട്ടനെ വല്ലാതെ തെറ്റിദ്ധരിച്ചു. നാളെ മുതൽ എന്റെ മേശയിലും കാണും ഒരു കിടിലൻ കുപ്പി നിറയെ വെള്ളം.