Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേര്‍വഴി നടത്താന്‍ നല്ല വഴി

good-behaviour

മകളുടെ മൊബൈല്‍ഫോണിലെ അശ്ളീല മെസേജുകള്‍ കണ്ട അമ്മ ഞെട്ടി. ഇന്‍ബോക്സില്‍ മാത്രമല്ല മകള്‍ അയച്ച മെസേജുകള്‍ക്കും നല്ല നോണ്‍വെജ് ചുവ. മകളുടെ ചീത്തക്കൂട്ടുകള്‍ വേണ്ടെന്ന് പലതവണ വിലക്കിയതാണു പക്ഷേ രക്ഷയില്ല. പ്ളസ്ടു ക്ളാസില്‍ പഠിക്കുന്നതേയുള്ളൂ. അവള്‍ കുഴപ്പമാണെന്ന് കേള്‍ക്കേണ്ടിവന്ന അച്ഛന്റെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ.

കൊച്ചി സ്വദേശിയായ ഈ അച്ഛന്‍ ഒരു ദിവസം കംപ്യൂട്ടര്‍ വിദഗ്ധനായ ഒരു സുഹൃത്തിനെ വിളിക്കുന്നു. അടിയന്തരാവശ്യമാണ്. ഒന്നു വീടുവരെ വന്നേ പറ്റൂ. നാലുമണിയാകുമ്പോള്‍ മകള്‍ സ്കൂളില്‍ നിന്നും വരും. അതിനു മുമ്പ് പ്രശ്നം പരിഹരിച്ചേ പറ്റൂ... ആ അച്ഛന്‍ ഫോണിലൂടെ കേണു. സുഹൃത്ത് വീട്ടിലെത്തി ഡെസ്ക്ടോപ്പില്‍ ഒരു അശ്ളീല ചിത്രം. എന്തുചെയ്തിട്ടും അതു പോകുന്നില്ല അതാണു പ്രശ്നം. നിസാരമായ കാര്യം. സുഹൃത്ത് പ്രശ്നം പരിഹരിച്ചു. ഇന്റര്‍നെറ്റ് ഹിസ്റ്ററി നോക്കിയ അദ്ദേഹം അമ്പരന്നു. മുഴുവന്‍ അശ്ളീല സൈറ്റുകള്‍ മാത്രം.

അച്ഛന്‍ നോക്കിയ ആ വെബ്സൈറ്റുകളിലൂടെ മകളും കടന്നു പോകാറുണ്ടെന്ന് അദ്ദേഹം സംശയം പറഞ്ഞു. അത് എങ്ങനെ കഴിയുമെന്നും കാട്ടികൊടുത്തതോടെ അച്ഛന്‍ ഞെട്ടി. ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നു പറഞ്ഞ് അദ്ദേഹം പൊട്ടിക്കരഞ്ഞു.

പറഞ്ഞാല്‍ അനുസരിക്കുന്നില്ല, ചീത്ത കൂട്ടുകെട്ടു മാത്രമേയുള്ളൂ, താന്തോന്നിയാണ്, എവിടെയും കുഴപ്പങ്ങളുണ്ടാക്കും, വഴക്കാളി- ഇങ്ങനെ കുട്ടികളെക്കുറിച്ച് പരാതിയും സങ്കടവും അടക്കിപ്പിടിച്ചു കഴിയുന്ന കുടുംബങ്ങള്‍ ധാരാളം.

കൌമാരക്കാരായ ഈ കുട്ടികളുടെ രക്ഷിതാക്കള്‍ക്കും ടീച്ചര്‍മാര്‍ക്കും എപ്പോഴും പരാതിയാണ്. പ്രശ്നക്കാരെന്നു നമ്മള്‍ വിളിക്കുന്ന ഈ കുട്ടികള്‍ എന്നുമുതലാണ് അങ്ങനെ ആയത്? അത് എങ്ങനെ പരിഹരിക്കാം എന്ന് നാം ആലോചിക്കാറില്ല.

അച്ഛനമ്മമാര്‍ ഒരുമിച്ചിരുന്ന് അങ്ങനെ ആലോചിക്കുന്നിടത്തുനിന്നു പരിഹാരവും ആരംഭിക്കും.

റിബല്‍ സ്വഭാവം

കുട്ടികളുടെ സ്വഭാവം, വ്യക്തിത്വം തുടങ്ങിയവയുടെ രൂപീകരണത്തില്‍ അച്ഛനമ്മമാരുടെ പങ്ക് വളരെ വലുതാണ്. കുട്ടികളുടെ റിബല്‍ സ്വഭാവം എല്ലായ്പോഴും മോശമാണെന്നു പയാനാവില്ല. മഹാന്മാരായ രക്ഷാകര്‍ത്താക്കളുടെ മക്കള്‍ മഹാന്മാരായിക്കൊള്ളണമെന്നില്ല. മഹാന്മാരായ രക്ഷാകര്‍ത്താക്കളെ മാതൃകയാക്കി ജീവിക്കുന്ന കുട്ടികള്‍, അവരുടെ പെരുമാറ്റ ശൈലികള്‍ പിന്തുടര്‍ന്നു കുട്ടികളും മഹാന്മാര്‍ തന്നെയായി മാറും. പക്ഷേ ആ രക്ഷകര്‍ത്താക്കളോടുള്ള റിബല്‍ സ്വഭാവം കാണിക്കുന്ന കുട്ടി താഴേക്കു പതിക്കാനാണ് കൂടുതല്‍ സാധ്യത.

എന്നാല്‍ പതിവായി മദ്യപിച്ചു വഴക്കുണ്ടാക്കുന്ന ഒരു അച്ഛന്റെ മകന്‍, വളരെ മോശം പെരുമാറ്റം വച്ചുപുലര്‍ത്തുന്ന രക്ഷാകര്‍ത്താക്കളുടെ കുട്ടികള്‍, അവര്‍ മോശം സ്വഭാവക്കാരോ ജീവിതത്തില്‍ പരാജയപ്പെട്ടവരോ ആയി മാറണമെന്നില്ല. അവരെ അനുസരിച്ച് മാതൃകയാക്കുന്ന കുട്ടി പരാജയപ്പെടും. അവിടെ റിബലായിമാറുന്ന കുട്ടി വിജയിക്കുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍ കുട്ടികളുടെ റിബല്‍ സ്വഭാവം എല്ലായ്പോഴും മോശമല്ല എന്നര്‍ഥം.

കൌമാരം എതിര്‍പ്പിന്റെ കാലം

ഒരുവ്യക്തിയുടെ കൌമാരകാലമാണ് അയാളുടെ ജീവിതത്തിലെ എക്കാലത്തെയും മുതല്‍ക്കൂട്ട്. അച്ഛനമ്മമാരും മറ്റും പറയുന്ന പല കാര്യങ്ങളോടും എതിര്‍പ്പും വിയോജിപ്പും പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നത് അവരുടെ അക്കാലത്തെ ചിന്തകളുടെ പ്രത്യേകതകൊണ്ടാണ്. സത്യത്തില്‍ ആ ചിന്തകള്‍ അങ്ങേയറ്റം ക്രിയേറ്റിവാണ്. അതിലൂടെയാണ് സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമകളാവേണ്ടത്. ആ പ്രകൃതങ്ങളിലെ പോരായ്മകള്‍ മാത്രം കണ്ട് തള്ളിപ്പറയുന്നത് ഉചിതമല്ല. അവരിലുള്ള മോശം പ്രകൃതങ്ങളെ ഇല്ലാതാക്കാനും നല്ലതിനെ വളര്‍ത്താനുമുള്ള പരിശ്രമമാണ് രക്ഷകര്‍ത്താക്കളില്‍ ഉണ്ടാകേണ്ടത്.

തുടക്കത്തില്‍ പരാമര്‍ശിച്ച സംഭവത്തില്‍ ആ പെണ്‍കുട്ടിക്കു തെറ്റായ ശീലങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍, അതിനു മുഖ്യകാരണമായത് അച്ഛന്റെ ശീലങ്ങള്‍ തന്നെയാണ്. കുട്ടികളെ ഗുണദോഷിക്കാന്‍ ഒരുങ്ങും മുമ്പ് കുട്ടികളില്‍ കാണുന്ന കുറവുകളുടെ ഉറവിടം തങ്ങള്‍ തന്നെയാണോ എന്ന് ഓരോ അച്ഛനും അമ്മയും ആലോചിക്കണം.

നിങ്ങള്‍ക്കും ചെയ്യാം

അച്ഛനമ്മമാര്‍ ഒരുമിച്ചിരുന്ന് ഒരു പേപ്പറില്‍ നിങ്ങളുടെ കുട്ടിയുടെ അഞ്ച് നല്ല ഗുണങ്ങള്‍ എഴുതുക. അതിനുശേഷം അഞ്ച് മോശം ഗുണങ്ങളും എഴുതുക. വീണ്ടും എഴുതാന്‍ ശേഷിക്കുന്നുണ്ടെങ്കില്‍ പട്ടിക ആവര്‍ത്തിക്കുക. മോശം കാര്യങ്ങളില്‍ സ്വയം തിരുത്താന്‍ വേണ്ടത് തിരുത്തുക. നല്ല ഗുണങ്ങള്‍ മനസിലാക്കി കഴിഞ്ഞാല്‍ അവയിലോരോന്നിന്റെ പേരിലും മകനെയോ മകളെയോ അഭിനന്ദിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാതിരിക്കുക. നമ്മളില്‍ എത്രപേര്‍ മക്കളെ ആത്മാര്‍ഥമായി അഭിനന്ദിക്കാറുണ്ട്. പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് വാങ്ങിയാല്‍പോലും അഭിനന്ദിക്കുന്നതിനു പകരം കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടിയോടു താരതമ്യം ചെയ്ത് കുറ്റപ്പെടുത്താറല്ലേയുള്ളൂ.

അഭിനന്ദിക്കാന്‍ അവസരം കിട്ടിയാല്‍ ആത്മാര്‍ഥമായി പ്രകടിപ്പിക്കുക തന്നെ വേണം. അവരുടെ കഴിവിലും മികവിലും വിശ്വാസം പുലര്‍ത്തുക. മോശം കാര്യങ്ങള്‍ അവര്‍ ചെയ്യുന്നതില്‍ നിങ്ങള്‍ക്കുള്ള വിഷമം തുറന്നു പറയുന്നതില്‍ തെറ്റില്ല. പ”ക്ഷ അവര്‍ക്കും പറയാനുള്ളത് കേള്‍ക്കാന്‍ പരമാവധി ക്ഷമകാണിക്കണം. അവര്‍ ചെയ്യുന്ന ചെറിയ നല്ല കാര്യങ്ങള്‍ പോലും നിങ്ങളെ എത്ര സന്തോഷിപ്പിക്കുന്നുവെന്ന് അവര്‍ അറിയണം. ഇടയ്ക്കെങ്കിലും അവരെ സ്പര്‍ശിക്കാനും തലോടാനും ശ്രമിക്കാറുണ്ടോ? നിങ്ങള്‍ സ്വയം മാറുക. ആഗ്രഹിക്കുന്നതുപോലെ അപ്പോള്‍ കുട്ടികള്‍ ഉയരുന്നത് കണ്മുന്നില്‍ കാണാം.

_ഡോ പി വി വിജയന്‍ മൈന്‍ഡ് പവര്‍ ട്രെയ്നര്‍ ലൈഫ് ഫൌണ്ടേഷന്‍ തിരുവനന്തപുരം._