Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചുവികൃതിയെ പ്രശ്നക്കാരനാക്കരുത്

naughty-boy

ദേ ഇന്നു മോനൊരു കുഴപ്പമൊപ്പിച്ചു കേട്ടോ. അവന്റെ കൂടെ പഠിക്കുന്ന ആ രാഹുലിന്റെ മൂക്കിനടിച്ചത്രെ. നാളെ അച്ഛനേയും കൊണ്ട് ക്ലാസിൽ വന്നാൽ മതിയെന്ന് സ്കൂൾ ഡയറിയിൽ കുറിച്ചിട്ടുണ്ട്.

സ്കൂളിൽ പഠിക്കുന്ന കുട്ടികളുള്ള വീടുകളിൽ ഒരിക്കലെങ്കിലും ഇത്തരമൊരു സംഭാഷണം നടന്നിട്ടുണ്ടാകും. സ്കൂളിലും വീട്ടിലും തലവേദനയാകുന്ന ഇത്തരം പടുവികൃതികളുടെ മനഃശാസ്ത്രമെന്താണ്?

തങ്ങൾക്കു വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ലെന്ന തോന്നലുകൊണ്ടാണ് മിക്ക കുട്ടികളും വഴക്കടിക്കുക. ആരെയെങ്കിലും ഒന്നു തല്ലിയാൽ ഒരു ഹീറോ ആകും, നാലുപേരും ശ്രദ്ധിക്കും എന്നെല്ലാം വിചാരിക്കും. കുടുംബസാഹചര്യങ്ങളും കുട്ടികളെ വഴക്കാളികളാക്കാം. ദേഷ്യപ്പെട്ടുള്ള ആക്രോശങ്ങളും തല്ലും വഴക്കും പതിവായ വീടുകളിലെ കുട്ടികൾ അതു കണ്ടു പഠിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളു. പ്രശ്നക്കാരായ കുട്ടികളെ നമ്മൾ പലപേരുകളിൽ ലേബൽ ചെയ്യാറുണ്ട്. വഴക്കാളി, തല്ലുകൊള്ളി, പറഞ്ഞാൽ കേൾക്കാത്തവൻ എന്നിങ്ങനെ. സത്യത്തിൽ അവരെയല്ല, അവരുടെ സ്വഭാവപ്രശ്നത്തെയാണ് ലേബൽ ചെയ്യേണ്ടതെന്ന കാര്യം നാം പലപ്പോഴും മറക്കുന്നു.

യഥാർഥത്തിൽ പ്രശ്നക്കാരായ കുട്ടികൾ കെയർലെസ് പീപ്പിൾ അല്ല. കേയേർഡ് ലെസ് പീപ്പിൾ ആണ്. അവർക്ക് ഒരൽപം ശ്രദ്ധയും സ്നേഹവും കൊടുത്താൽ മിടുമിടുക്കരാക്കാൻ കഴിയും.

അനുസരണക്കേട് എന്തുകൊണ്ട്?
പലപ്പോഴും മാതാപിതാക്കൾ പറയുന്നതു കേൾക്കാം. അവൻ ഒന്നും പറഞ്ഞാൽ കേൾക്കില്ല. പണ്ടൊക്കെ എന്തെങ്കിലുമൊക്കെ അനുസരിക്കുമായിരുന്നു. സ്കൂളിൽ പോക്കു തുടങ്ങിയതിൽ പിന്നെ ഒരു വക അനുസരിക്കാതായി. ആൺകുട്ടികളാണ് അനുസരണക്കേടുകാർ എന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ ഇപ്പോഴത്തെ സ്ഥിതി അതല്ല. ആൺകുട്ടികളേക്കാൾ അനുസരണക്കേടു കാണിക്കുന്നത് പെൺകുട്ടികളാണ്.

ഇതിന്റെ പ്രധാന കാരണക്കാർ അച്ഛനമ്മമാർ തന്നെയാണ്. പുതിയ കാലത്തെ അമ്മമാർ മക്കൾക്കു നല്ല സുഹൃത്തുക്കളാകുന്നില്ല എന്നു വേണം ഇതിൽ നിന്നു കരുതാൻ . ഇന്നു കുട്ടികൾക്കു മനസ്സു തുറന്നു കാര്യങ്ങൾ പങ്കുവയ്ക്കാൻ ആളുകളില്ല, സാഹചര്യങ്ങളില്ല, സമയവുമില്ല. ഫലമോ കുട്ടികൾ അവരുടെ സ്വന്തം ലോകങ്ങളുണ്ടാക്കി അതിൽ ജീവിക്കുന്നു. ചുറ്റുമുള്ളവർ അവർക്ക് അന്യരാകുന്നു. അപ്പോൾ അവരെ അനുസരിക്കേണ്ട ബാധ്യത തങ്ങൾക്കില്ലെന്നു കുട്ടികൾ കരുതിയാൽ കുറ്റം പറയാനാവില്ല.

പരിഗണനയോടെ അഞ്ചു മിനിറ്റ്
ഇതു തടയാൻ ആദ്യം ചെയ്യേണ്ടത് എല്ലാ ദിവസവും കുട്ടികളുമൊത്ത് ഗുണപരമായ സമയം ചെലവഴിക്കുക എന്നതാണ്. അഞ്ചു മിനിറ്റേ കുട്ടിയോടു സംസാരിച്ചുള്ളൂവെങ്കിലും അതു സ്നേഹവും പരിഗണനയും നിറഞ്ഞ വാക്കുകളാകണം. അവന്റെ അല്ലെങ്കിൽ അവളുടെ കണ്ണുകളിൽ നോക്കി അടുത്തിരുത്തി ചേർത്തു പിടിച്ച് വേണം സംസാരിക്കാൻ. നോട്ടം ടിവി സീരിയലിലും സംസാരം കുട്ടിയോടുമായിട്ടു കാര്യമില്ല. അതിനു പ്രത്യേകം സമയമില്ലെങ്കിൽ രാത്രി ഭക്ഷണസമയം ടിവി ഓഫ് ചെയ്യുക. ഇനി വിശേഷങ്ങൾ പങ്കുവച്ച് അത്താഴം കഴിക്കാം. മികച്ച ആശയവിനിമയമാണ് ഏറ്റവും നല്ല പ്രശ്നപരിഹാര മാർഗം

അനുസരിപ്പിക്കേണ്ടതെങ്ങനെ
ചില അമ്മമാർ പറയും ഞാൻ എത്ര സ്നേഹത്തോടെ സംസാരിച്ചാലും അവൾ ഓ, അമ്മ ഈ ഉപദേശം ഒന്നു നിൽത്തുന്നുണ്ടോ എന്നു പറയുമെന്ന്. സത്യമാണ്. കുട്ടികൾ ഏറ്റവും വെറുക്കുന്ന കാര്യമാണ് ഉപദേശം. അപ്പോൾ പിന്നെ എന്തു ചെയ്യും.? അത് ഉപദേശമാണെന്നു തോന്നാത്ത രീതിയിൽ കുട്ടികളോടു പറയുക. ഒരേ കാര്യം തന്നെ പലതവണ ആവർത്തിച്ചു പറയരുത്. എപ്പോഴും ക്രിക്കറ്റു കാണുന്നതാണു പ്രശ്നമെങ്കിൽ അതു നിർത്താൻ പല മാർഗങ്ങളുണ്ട്. ചീത്ത പറയാം, അടികൊടുക്കാം, ഉപദേശിച്ച് ബോറടിപ്പിക്കാം. ഇതിലൊരു മാർഗവും സ്ഥായിയായ ഗുണം ചെയ്യില്ല. പകരം കാര്യകാരണസഹിതം, സംഭവങ്ങൾ ഉദാഹരണം പറഞ്ഞ് കുട്ടിയോട് സംസാരിക്കു. കുട്ടി നിങ്ങളെ അനുസരിക്കും. പക്ഷേ അതിനുമുമ്പ് ഒരു കാര്യം കൂടി ഓർക്കണം. നിങ്ങളും കുട്ടിമായിട്ടുള്ള ബന്ധം ഊഷ്മളമാക്കണം. എങ്കിലേ, നിങ്ങളീ പറയുന്നതു കേൾക്കാൻ കുട്ടി തയാറാകൂ. അതുകൊണ്ട് കുട്ടി തീരെ ചെറുതായിരിക്കുമ്പോൾ മുതലേ വളരെ പോസീറ്റീവായ സ്നേഹം നിറഞ്ഞ ഒരു ബന്ധം വളർത്തിയെടുക്കണം. വളർച്ചയോടനുബന്ധമായ ഹോർമോൺ വ്യതിയാനങ്ങളും കുട്ടിയിൽ ചില സ്വഭാവപ്രത്യേകതകൾ ഉണ്ടാക്കാം അവൻ പ്രശ്നക്കാരനാണ് എന്നല്ല അവന് എന്തോ പ്രശ്നമുണ്ട് എന്ന അനുഭാവം കുട്ടിയോട് കാണിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ഒരു പാട് ദേഷ്യക്കാരായ കുട്ടികളുടെ ഭക്ഷണകാര്യത്തിൽ ചില വ്യത്യാസങ്ങൾ വരുത്താം. ഇവരിൽ മാംസഭക്ഷണം കുറയ്ക്കുന്നത് ഗുണകരമാണെന്നു പഠനങ്ങൾ പറയുന്നു.

പഠിക്കാൻ മടി കാട്ടിയാൽ
ഓ, അവനെക്കൊണ്ടു തോറ്റു. വീട്ടിൽ വന്നാൽ ഒരക്ഷരം പഠിക്കില്ല. ഇതാണ് അടുത്ത പരാതി. ഒരുപക്ഷേ കുട്ടിക്ക് പഠിക്കാനുള്ള മോട്ടിവേഷൻ ഇല്ലാത്തതാകാം കാരണം ഇവിടെയും മാതാപിതാക്കൾ ഏറെ ശ്രദ്ധിക്കണം കുട്ടിയുടെ മോട്ടിവേഷൻ കൂട്ടാനായി സ്വന്തം ശക്തികളും ദൗർബല്യവും ഒരു പേപ്പറിൽ എഴുതാൻ പറയുക. ഇതുണ്ടാക്കുന്ന ഫലം അത്ഭുകരമായിരിക്കും. തന്റെ കഴിവ് എത്രമാത്രമാണെന്നു ബോധ്യപ്പെടാൻ ഇതു കുട്ടിയെ സഹായിക്കും. ഇതോടൊപ്പം മികച്ച ആശയവിനിമയമുള്ള, കെട്ടുറപ്പുള്ള ഒരു കുടുംബാന്തരീക്ഷവും ഒരുക്കുക. കുട്ടി തനിയെ പഠിച്ചുകൊള്ളും ചിലപ്പോൾ സ്കൂളുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങളാകും കുട്ടിയെ പഠനത്തിൽ പിന്നോട്ടാക്കുന്നത്. അല്ലെങ്കിൽ ശാരീരികമായോ പഠനപരമായോ ആയ എന്തെങ്കിലും പ്രശ്നങ്ങളാകാം. എന്തൊക്കെയായലും കുട്ടിയുമായി സമയം പങ്കിടാൻ മാതാപിതാക്കൾ തയ്യാറായാലേ ഇതൊക്കെ തുടക്കത്തിലേ തന്നെ തിരിച്ചറിയാനും പരിഹരിക്കാനും കഴിയു.

മൊബൈൽ അഡിക്ഷനായാൽ
മൊബെൽ ഫോൺ ഇന്റർനെറ്റ് അഡിക്ഷൻ ഇന്നു വളരെ കൂടിയിരിക്കുന്നു. പത്രം എടുത്താൽ അതു മുഴുവൻ മൊബൈൽ ഫോണും നെറ്റും സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള വാർത്തകളാണ്. പണ്ട് ഇഎംഎസ് ഭരിച്ചു; ഇന്ന് എസ്എംസ് ഭരിക്കുന്നു എന്നാണ് ഏതോ ഭാവനാശാലി ഇതിനെക്കുറിച്ച് പറഞ്ഞത്. പുതിയ പുതിയ കാര്യങ്ങൾ പരീക്ഷിക്കാനുള്ള ത്വര കുട്ടികളുടെ കൂടപ്പിറപ്പാണ്. ഇതിനെ ആരോഗ്യകരമായി എങ്ങനെയാണ് നേരിടേണ്ടതെന്ന് മാതാപിതാക്കൾക്കും കൃത്യമായ ധാരണയില്ല. ഇതൊന്നും ഉപയോഗിക്കേണ്ട എന്നു പറയുന്നത് പ്രയോഗികമല്ല, പകരം ചുറ്റും നടക്കുന്നതിനെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കാം. ഇതിന്റെ പിന്നിലെ ചതിക്കുഴികളെക്കുറിച്ചും അനന്തരഫലങ്ങളെക്കുറിച്ചും കുട്ടിക്കു പറഞ്ഞുകൊടുക്കാം. അങ്ങനെ, കുട്ടിയെക്കൊണ്ടു തന്നെ ശരിയായ തീരുമാനമെടുപ്പിക്കുക. വെറുതേ ഒരുപാടു സമയമുള്ളപ്പോഴാണ് കുട്ടി ഇത്തരം കാര്യങ്ങളിൽ വീണുപോകുന്നത്. കിട്ടുന്ന സമയം ക്രിയാത്മകമായി വിനിയോഗിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്നത് നല്ലതാണ്.

മൊബൈൽ ഫോണും ഇന്റർനെറ്റും ഒക്കെ ഉപയോഗിക്കുന്ന കുട്ടികളാണെങ്കിൽ അവരുടെ മേൽ മാതാപിതാക്കൾ അൽപം ശ്രദ്ധ വയ്ക്കുന്നത് നല്ലതാണ്. നെറ്റ് സ്വന്തം മുറിയിൽ രഹസ്യമായി ഉപയോഗിക്കാൻ അനുവദിക്കുന്നതു നല്ലതല്ല. എല്ലാവർക്കും കാണത്തക്കരീതിയിൽ പൊതുവായി കംപ്യൂട്ടർ വയ്ക്കുന്നതാണ് നല്ലത്. മൊബൈലും ഇടയ്ക്കൊക്കെ പരിശോധിക്കുന്നതിൽ തെറ്റില്ല. നിരീക്ഷണവും നിയന്ത്രണവും അമിതമാകാതെ ശ്രദ്ധിക്കണമെന്നു മാത്രം.

അധ്യാപകർ അറിയാൻ
സ്കൂൾ എന്നു പറയുന്നത് കുട്ടിയുടെ രണ്ടാംവീടാണ്. അതുകൊണ്ട്, അധ്യാപകർക്കും കുട്ടിയുടെ സ്വഭാവരൂപീകരണത്തിലും പെരുമാറ്റത്തിലുമൊക്കെ പോസീറ്റീവായ സ്വാധീനം ചെലുത്താൻ കഴിയും പഴയതുപോലെയുള്ള അധ്യാപക വിദ്യാർഥി ബന്ധങ്ങൾ ഇന്നു കുറയുന്നതായാണ് കാണുന്നത്. അതിനുള്ള സാഹചര്യങ്ങളും ഇല്ലെന്നു പറയാം.

ശിക്ഷയല്ല, ശിക്ഷണമാണ് അധ്യാപകന്റെ കടമ. അടിച്ചു കൈ പൊട്ടിക്കുന്ന ശിക്ഷണരീതികളല്ല, ശരിതെറ്റുകളെക്കുറിച്ചു തിരിച്ചറിവുണ്ടാക്കുന്ന ശിക്ഷണനടപടികളാണു കുട്ടികൾക്ക് അഭികാമ്യം.