Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാൻഡ് സാനിറ്റൈസറുകൾ സുരക്ഷിതമോ?

467706864

കൈകളുടെ വൃത്തി വ്യക്തിശുചിത്വത്തിൽ വളരെ പ്രധാനമാണ്. ഭക്ഷണത്തിനു മുമ്പും ശേഷവും കളിച്ചു കഴിഞ്ഞും എല്ലാം കൈകൾ വൃത്തിയായി കഴുകണമെന്നും കൈകൾ വൃത്തിയാക്കിയില്ലെങ്കിൽ കീടാണുക്കള്‍ ശരീരത്തിൽ കടക്കും എന്നും നാം കുട്ടികളെ ഉപദേശിക്കാറുണ്ട്.

കൈകഴുകാനായി വിവിധതരം ഹാൻഡ് സാനിറ്റൈസറുകൾ ആഥവാ ഹാൻഡ്‌വാഷ് ഇന്ന് ലഭ്യവുമാണ്. സോപ്പ് ഉപയോഗിക്കുന്നതിലും എളുപ്പം ഇവ ഉപയോഗിക്കാമെന്നതും കുട്ടികള്‍ക്ക് തനിയെ ഉപയോഗിക്കാമെന്നതും ഇവയുടെ സ്വീകാര്യത വർധിപ്പിച്ചിട്ടുമുണ്ട്. ഇവയുടെ പരസ്യങ്ങളും കുട്ടികളെയാണല്ലോ ഫോക്കസ് ചെയ്യുന്നതും. ലക്ഷക്കണക്കിന് രക്ഷിതാക്കൾ കരുതുന്നത് ഈ ഹാൻഡ് സാനിറ്റൈസറുകൾ തങ്ങളുടെ കുട്ടികളെ അണുക്കളില്‍ നിന്ന് സംരക്ഷിച്ചു കൊള്ളും എന്നാണ്.‌

എന്നാൽ ഈ ഉൽപ്പന്നത്തിന്റെ അപകടം ചൂണ്ടിക്കാട്ടുന്ന ഒരു പഠനം അടുത്തിടെ നടന്നു.

ഹാൻഡ് സാനിറ്റൈസറുകളുമായുള്ള സമ്പർക്കം കുട്ടികളിൽ കണ്ണുകള്‍ക്ക് ചൊറിച്ചിൽ, ഛർദ്ദി, വയറുവേദന ഇവയ്ക്ക് കാരണമാകുമെന്ന് യു എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവന്‍ഷൻ നടത്തിയ പഠനത്തില്‍ തെളിഞ്ഞു.

2011 നും 2014 നും ഇടയിൽ യു എസിലെ 12 വയസിൽ താഴെ പ്രായമുള്ള70,000 കുട്ടികള്‍ക്കാണ് ഹാന്‍ഡ് സാനിറ്റൈസറുകൾ ശ്വസിക്കുകയോ കണ്ണിൽ തെറിക്കുകയോ ഉള്ളിൽ ചെല്ലുകയോ ചെയ്തതു മൂലം അപകടം ഉണ്ടായത്.

ഇതിൽ അഞ്ചു കുട്ടികള്‍ ‘കോമാ’ അവസ്ഥയിൽ എത്തുകയും 3 കുട്ടികൾക്ക് അപസ്മാരം ബാധിക്കുകയും ചെയ്തു. ഗുരുതരമായ 2 കേസുകളിൽ കുട്ടികൾ താൽക്കാലികമായി നിന്നു പോകുന്ന അവസ്ഥയും ഉണ്ടായി.

91 ശതമാനവും അഞ്ചുവയസോ അതില്‍ താഴെയോ പ്രായമുള്ള കുട്ടികൾ ആയിരുന്നു. അബദ്ധത്തിന് ഇവ ശരീരത്തിനുള്ളിൽ കടന്നതു മൂലമാകും ഇവർക്ക് അപകടം ഉണ്ടായത് എന്നു കരുതുന്നു.

ആറു മുതൽ പന്ത്രണ്ടുവയസു വരെ പ്രായമുള്ളവരിൽ 15 ശതമാനത്തിനും അപകടമൊന്നും സംഭവിച്ചില്ല. പല കുട്ടികളും ആൽക്കഹോൾ ഹാന്‍ഡ് സാനിറ്റൈസറുകൾ തെറ്റായും അമിതമായും അനാവശ്യമായും ഉപയോഗിക്കുന്നതായും കണ്ടു.

ഹാൻഡ് സൈനിറ്റൈസറുകൾ ഉപയോഗിക്കാതിരിക്കേണ്ട കാര്യമില്ലെന്നും കുട്ടികൾ ഇവ ഉപയോഗിക്കുമ്പോൾ മുതിർന്നവർ ശ്രദ്ധിച്ചാൽ മതിയെന്നും വിദഗ്ധർ പറയുന്നു. സോപ്പും വെള്ളവും കഴിഞ്ഞാൽ ഹാന്‍ഡ് സാനിറ്റൈസറുകൾ തന്നെയാണ് കൈകൾ ശുചിയാക്കാനുള്ള പ്രധാന മാർഗമെന്നും റിപ്പോർട്ടിൽ പറയുന്നു.

ആരോഗ്യ സംരക്ഷണ സംവിധാനങ്ങളിലല്ലാതെ വീടുകളിലും മറ്റും സോപ്പും വെള്ളവും തന്നെയാണ് കൈകഴുകാൻ ഉപയോഗിക്കേണ്ടതെന്നും സോപ്പും വെള്ളവും ലഭ്യമല്ലെങ്കിൽ 60 ശതമാനമെങ്കിലും ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കണമെന്നും പഠനം നിർദേശിക്കുന്നു.

ഹാൻഡ് സാനിറ്റൈസറുകൾ മൂലം അറിഞ്ഞോ അറിയാതെയോ ഉണ്ടാകാവുന്ന അപകടങ്ങളെപ്പറ്റി ബോധവൽക്കരണം നടത്തേണ്ടത് ആവശ്യമാണ്. ഇത് അപകടങ്ങൾ ഒഴിവാക്കാൻ സഹായകമാകും.

കുട്ടികളുടെ സുരക്ഷയ്ക്കായി ഹാൻഡ്സാനിറ്റൈസറുകളുടെ തെറ്റായ രീതിയിലുള്ള ഉപയോഗം മൂലമുണ്ടാകാവുന്ന അപകടങ്ങളെപ്പറ്റി ആരോഗ്യപ്രവർത്തകർക്കും രക്ഷിതാക്കൾക്കും അറിവ് ഉണ്ടായിരിക്കണമെന്നും മതിയായ സുരക്ഷാ മുൻകരുതലുകൾ ഉപയോഗിക്കണമെന്നും പഠനം പറയുന്നു.

ആൽക്കഹോൾ ഹാൻഡ് സാനിറ്റൈസറുകൾ, പ്രത്യേകിച്ച് മുതിർന്ന കുട്ടികൾ സ്കൂളിൽ ഇവ ഉപയോഗിക്കുമ്പോൾ അധ്യാപകരുടെ മേല്‍നോട്ടം ആവശ്യമാണെന്നും പഠനം പറയുന്നു.