Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലെഗ്ഗിങ്ങ്സ് ആരോഗ്യത്തിനു ഹാനികരമോ?

leggins

ആസിഡ് കാരണമുണ്ടായ അലർജിയുടെ ചികിത്സയ്ക്കായാണ് ആ കോളജ് വിദ്യാർഥിനി ഹോസ്പിറ്റലിൽ എത്തിയത്. ഇടത്തെ തുടയിൽ ചുവന്ന് തടിച്ച് നീറ്റലുളള പാടുമായി അവൾ വളരെ ഇറുകിയ ലെഗ്ഗിങ്സാണ് ധരിച്ചിരുന്നത്. ഇത്രയും വേദനയുളളപ്പോൾ അയഞ്ഞ ഒരു ചുരിദാർ ധരിച്ചു കൂടെ എന്ന ചോദ്യത്തിന് ‘ഇപ്പോള്‍ എന്റെ വാർഡ്രോബിൽ ലെഗ്ഗിങ്ങ്സ് മാത്രമേയുളളൂ’ എന്നായി മറുപടി. ചെറുപ്പക്കാർ ഏറ്റവുമധികം ഉപയോഗിക്കുന്ന വസ്ത്രമായി മാറിയിരിക്കുകയാണ് ലെഗ്ഗിങ്ങ്സ്. ചെറുപ്പക്കാർ മാത്രമല്ല എല്ലാ പ്രായത്തിലെ സ്ത്രീകളും ഇവ ധരിക്കാൻ തുടങ്ങിയിട്ടുണ്ട്.

ആദ്യകാലത്ത് ഒാരോ കാലിലും പ്രത്യേകം അണിയുന്ന തരത്തിലായിരുന്നു ലെഗ്ഗിങ്ങ്സിന്റെ രൂപകൽപ്പനയെങ്കിലും ചുരുങ്ങിയ കാലയളവിൽ ഇന്നു കാണുന്ന തരത്തിലുളള ലെഗ്ഗിങ്ങ്സ് വിപണിയിലെത്തി തുടങ്ങി. തണുപ്പുകാലത്ത് ചർമ്മത്തിന്റെ ചൂട് നിലനിർത്താനാണ് ആദ്യകാലത്ത് ലെഗ്ഗിങ്ങ്സ് കൂടുതലും ഉപയോഗിച്ചിരുന്നത്. വ്യായാമം ചെയ്യുമ്പോഴും ലെഗ്ഗിങ്ങ്സ് ഉപയോഗപ്രദമായിരുന്നു. എന്നാൽ കാലക്രമേണ എല്ലാ കാലാവസ്ഥയിലും എല്ലാ അവസരത്തിലും ലെഗ്ഗിങ്ങ്സ് ഉപയോഗിക്കപ്പെടാൻ തുടങ്ങി. ശരീരത്തോട് ചേർന്ന് നിൽക്കുന്ന ലെഗ്ഗിങ്ങ്സ് യാത്രകളില്‍ വളരെ സൗകര്യപ്രദമായി തീർന്നു. ഇതിനെല്ലാമുപരിയായി ഫിറ്റ്–ഇൻ–ഷേപ്പ് എന്ന ചിന്താഗതി ശക്തിയാർജ്ജിച്ചത് ലെഗ്ഗിങ്ങ്സിന്റെ ജനപ്രിയത കൂട്ടി.

കണങ്കാൽ വരെയുളള ലെഗ്ഗിങ്ങ്സാണ് കൂടുതൽ പ്രചാരത്തിലുളളതെങ്കിലും കാലുകളുടെ പകുതി നീളം വരെയുളളതും കാൽമുട്ട് വരെ മാത്രം എത്തുന്ന തരത്തിലുളളതുമായ ലെഗ്ഗിങ്ങ്സും ലഭ്യമാണ്. സ്പാൻഡെക്സ് (Spandex) അഥവാ ലൈക്രാ(Lycra) എന്ന പോളീയൂറിത്തീൻ നാരുകളാണ് ലെഗ്ഗിങ്ങ്സിന്റെ ഏറ്റവും വലിയ പ്രത്യേകതയായ ഇലാസ്തികത അതിനു നൽകുന്നത്. അഞ്ചിരട്ടി വരെ നീളം കൂട്ടി തിരികെ പഴയ നീളത്തിലെത്താനുളള കഴിവാണ് ഈ നാരുകൾക്കുളളത്. സ്പാൻഡെക്സ് നാരുകൾ നൈലോൺ, കോട്ടൺ, സിൽക്, കമ്പിളി എന്നിവയില്‍ ഏതെങ്കിലുമായി ഇഴചേർത്താണ് ലെങ്കിങ്ങ്സ് ഉണ്ടാക്കുന്നത്.

കാലുകളുടെ രൂപസൗകുമാര്യം എടുത്തുകാട്ടാൻ സഹായിക്കുന്ന ലെഗ്ഗിങ്സിന്റെ ഉപയോഗത്തെച്ചൊല്ലി പല വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇവയുടെ ഉപയോഗം പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം, പ്രത്യേകിച്ച് ഈ വേനൽക്കാലത്ത്. ചില ലെഗ്ഗിങ്ങ്സുകളുടെ തുണി വിയർപ്പ് വലിച്ചെടുക്കുന്ന തരത്തിലുളളതാണെങ്കിലും അനേകം മണിക്കൂറുകൾ ചർമത്തോട് ചേർന്നു കിടക്കുന്ന ഇവ ചർമത്തിനു മുകളിലെ വായു സഞ്ചാരത്തെ സാരമായി ബാധിക്കും. ഇതു കാരണം കാലിന്റെ ഇടുക്കുകളിൽ വിയർപ്പ് തങ്ങി നിന്ന് പൂപ്പൽ ബാധയുണ്ടാകാൻ വളരെയേറെ സാധ്യതയുണ്ട്. ഈ ഫംഗസ്ബാധയുടെ ചികിത്സയിൽ ചർമത്തിനു മുകളിലെ വായുസഞ്ചാരം പ്രധാനമാണ്. ഈ അവസ്ഥയില്‍ സ്ഥിരമായി ലെഗ്ഗിങ്ങ്സ് ഉപയോഗിക്കുന്നത് ഒഴിവാക്കുകയാണ് ഒരു പരിഹാരം. അതു സാധ്യമല്ലെങ്കിൽ വീട്ടിലെത്തുമ്പോഴെങ്കിലും വായുസഞ്ചാരം സാധ്യമാകുന്ന തരത്തിലുളള വസ്ത്രങ്ങൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

വാങ്ങുമ്പോൾ ശ്രദ്ധിക്കണം
കോട്ടൺ നാരുകൾ ചേർന്ന ലെഗ്ഗിങ്ങ്സ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. അരക്കെട്ട്, നിതംബം, കാലുകൾ എന്നിവയുടെ അളവിനനുസരിച്ചുളള ലെഗ്ഗിങ്ങ്സ് ഉപയോഗിക്കണം. വണ്ണം കൂടുതലുളളവർ ഇറുകിയ ലെഗ്ഗിങ്ങ്സ് സ്ഥിരമായി ഉപയോഗിക്കുന്നതു നന്നല്ല. വളരെ അപൂർവമായെങ്കിലും ഇത്തരത്തിലുളള ലെഗ്ഗിങ്ങ്സ് സ്ഥിരമായി ഉപയോഗിക്കുന്നവരിൽ ഒരു നാഡിയിലുണ്ടാകുന്ന മർദം കാരണം തുടയിലെ ചർമത്തിന്റെ ഒരു ഭാഗത്ത് സംവേദനശേഷി കുറയ്ക്കുന്ന മെറാൾജിയ പാരാസ്തെറ്റിക എന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

ജീൻസ് കൊണ്ടുളളവ
ജീൻസ് തുണിയിൽ രൂപകൽപന ചെയ്ത ലെഗ്ഗിങ്ങ്സായ ജെഗ്ഗിങ്ങ്സ് ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ അധികരിപ്പിക്കും. ഏതു തരത്തിലുളള തുണി കൊണ്ടുണ്ടാക്കുന്ന ലെഗ്ഗിങ്ങ്സ് ആണെങ്കിലും നന്നായി കഴുകി ഉണക്കിയെടുത്തതിനുശേഷം ഉപയോഗിക്കുന്നത് ചർമത്തിൽ അണുബാധയുണ്ടാകാനുളള സാധ്യത കുറയ്ക്കും.

ഇന്നും തരംഗമായ ജീൻസ്
ഇറുകിയ ജീൻസ് സ്ഥിരമായി ധരിക്കുന്നവർക്കു വന്ധ്യതയുണ്ടാകുമെന്ന് പഠനങ്ങൾ പണ്ടേ വിവരിക്കുന്നുണ്ട്. ഇറുകിയ ലെഗ്ഗിങ്ങ്സ് ധരിക്കുമ്പോൾ ഫംഗൽ ഇൻഫെക്ഷൻ വരുന്നതു പോലെ ഇറുകിയ ജീൻസ് ധരിക്കുന്നത് ഇൻഫെക്ഷനു ഇടയാക്കും. വിയർപ്പ് തങ്ങി നിൽക്കുന്നതാണ് ഈ പ്രശ്നത്തിനു കാരണം.

വളരുന്ന പ്രായത്തിലുളള പെൺകുട്ടികൾ ജീൻസ് ധരിക്കുന്നതുകൊണ്ട് കുഴപ്പമുണ്ട്. ഇവർ ഇറുകിയ ജീൻസ് ധരിക്കുന്നത് വളർച്ചയെ മുരടിപ്പിക്കും. ജീൻസ് തിരഞ്ഞെടുക്കുമ്പോൾ അയഞ്ഞ സൈസിലുളളത് വാങ്ങുക. ദിവസം മുഴുവൻ ജീൻസ് ധരിക്കുന്നവർ അതു കൂടെക്കൂടെ കഴുകണം. ഒരു ദിവസം മുഴുവൻ ജീൻസ് ധരിക്കുന്നവർ അതുതന്നെ അടുത്ത ദിവസവും ധരിക്കാതിരിക്കുക. വീട്ടിൽ ജീൻസ് ഒഴിവാക്കി അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. പലപ്പോഴും ജീൻസും ലെഗ്ഗിങ്ങ്സും വാഷിങ്ങ് മെഷീനിൽ സോപ്പുപൊടിയിട്ടു കഴുകുമ്പോൾ പൊടി പൂർണമായും പോകില്ല. അത്തരം സാഹചര്യത്തിൽ മെഷീനിൽ നിന്നെടുത്ത് രണ്ടോ മൂന്നോ തവണ വെളളത്തിൽ കഴുകിയെടുക്കുക.

ഡോ.സിമി എസ്.എം
കൺസൽട്ടന്റ് ഡെർമറ്റോളജിസ്റ്റ്, ജിജി ഹോസ്പിറ്റൽ & അസോ. പ്രഫസർ ശ്രീഗോകുലം മെഡിക്കൽ കോളജ്, തിരുവനന്തപുരം

Your Rating: