Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുത്തുള്ള മുടിക്ക് നല്ല ശീലങ്ങൾ

hair

മുടി കൊഴിച്ചിലിനെക്കുറിച്ച് പരാതി പറയാത്തവർ ചുരുക്കമായിരിക്കും. പ്രത്യേകിച്ചും സ്ത്രീകൾക്കിടയിൽ നല്ല ആരോഗ്യമുള്ള മുടി എന്നത് ഒരു പരിധി വരെ ജനിതകമാണെങ്കിലും കഴിഞ്ഞവർഷം മാത്രം 15,200 കോടി രൂപ കേശസംരക്ഷണ രംഗത്ത് ഇന്ത്യയിൽ ചെലവഴിക്കപ്പെട്ടു. (ഇതിൽ 53% എണ്ണകൾക്കും 30% ഷാംപൂകൾക്കും) കൃത്യമായ സംരക്ഷണവും സമീകൃതമായ ആഹാരവും മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ആരോഗ്യമുള്ള ശരീരവും മനസും ഉണ്ടെങ്കിലേ ആരോഗ്യമുള്ള മുടിയും ഉണ്ടാകൂ എന്നു സാരം.

മുടിയെ അറിയാം

ഒരു ഡസനിലേറെ അമിനോ ആസിഡുകളാൽ നിർമിതമായ കെരാറ്റിൻ എന്ന പ്രോട്ടീനാണു മുടിയുടെ മുഖ്യഘടകം. ഈ അമിനോ ആസിഡുകളെ ബന്ധിപ്പിച്ചു നിർത്തിയിരിക്കുന്നതു പൊളിപെപ്റ്റൈഡ്, ഡൈസൾഫൈഡ് ബോണ്ടുകളും ഏറ്റവും ഉള്ളിലായി മെഡുല്ല, തൊട്ടുപുറത്തുള്ള കോർട്ടക്സ്, ഏറ്റവും പുറമെയായി ക്യൂട്ടിക്കിൾ എന്നിങ്ങനെയാണു മുടിയുടെ രൂപം. വേവിങ് (മുടി തിരമാലകൾ പോലെ ഒഴുകുന്ന രൂപത്തിലാക്കുക), പെർമിങ് (മുടി ചുരുട്ടുക), സ്ട്രെയ്റ്റനിങ് (ചുരുണ്ട മുടി വലിച്ചുനീട്ടുക) എന്നിവയ്ക്കുപയോഗിക്കുന്ന അമോണിയ, ഹൈഡ്രജൻ പെറോക്സൈഡ് തുടങ്ങിയവ ക്യൂട്ടിക്കിളിന്റെ നാശത്തിനും, ഡൈസൾഫൈഡ് ബോണ്ടുകളുടെ തകർച്ചയ്ക്കും കാരണമാകുന്നു. ഇതുവഴി മുടിക്കുള്ളിൽ കടക്കുന്ന രാസവസ്തുക്കളും ഈർപ്പവും മുടിയുടെ ശിഥിലീകരണത്തിനു വഴിയൊരുക്കാം. മുടി കരുത്തോടെയിരിക്കാൻ പുലർത്തേണ്ട ചില ശീലങ്ങൾ അറിയാം.

എന്നും കഴുകാം, ഷാംപൂ വേണ്ട

healthy-hair2

ദിവസേന മുടി കഴുകുന്നതിൽ തെറ്റില്ല. എന്നാൽ ഷാംപൂ ചെയ്യുന്നത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മതി. ഷാംപൂ വെള്ളത്തിൽ കലർത്തി മാത്രം മുടിയിൽ തേയ്ക്കുക. എന്നാൽ ദിവസവും മുടിയിൽ ജെല്ലും ഹെയർസ്പ്രേയും പുരട്ടുന്നവരും യാത്ര ചെയ്യുന്നവരുമൊക്കെ ഷാംപൂ ചെയ്യുന്നതാണ് മുടിയുടെ വളർച്ചയ്ക്ക് ഉത്തമം. ഇവർ ഷാംപൂ ചെയ്യുമ്പോൾ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കണം. ഒന്ന്— സൾഫേറ്റ് അടങ്ങാത്ത ഷാംപൂ ഉപയോഗിക്കുക. മുടി വരൾച്ച കുറയും. ബേബി ഷാംപൂ തിരഞ്ഞെടുക്കുക. അടിസ്ഥാനപരമായി ഷാംപൂ ഒരു പെട്രോളിയം ഉൽപന്നമാണ്. ഷാംപൂവിന്റെ പതയാനുള്ള കഴിവും വൃത്തിയാക്കാനുള്ള കഴിവും തമ്മിൽ യാതൊരു ബന്ധവും ഇല്ല. താരനുള്ളവർ ദിവസവും ഷാംപൂ ഉപയോഗിക്കുന്നതാണ് ഉത്തമം. ആഴ്ചയിൽ രണ്ടുദിവസം മെഡിക്കേറ്റഡ് ഷാംപൂവും അല്ലാത്ത ദിവസങ്ങളിൽ സിങ്ക് പൈറിത്തിയോൺ അടങ്ങിയ മെയ്ന്റനെൻസ് ഷാംപൂവുമാണ് ഇത്തരക്കാർ ഉപയോഗിക്കേണ്ടത്. വെളിച്ചെണ്ണയും മറ്റെണ്ണകളും അധികം വേണ്ട. താരനില്ലാത്തവർക്ക് എണ്ണ പുരട്ടാം. ഇവർ ത്വക് രോഗവിദഗ്ധർ നിർദേശിക്കുന്ന ഹെയർവോള്യുമനൈസിങ് ഷാംപൂ ഉപയോഗിക്കുന്നതാണുത്തമം.

എണ്ണയുടെ ഉപയോഗം

അകാലനര, മുടികൊഴിച്ചിൽ എന്നിവ തടയാൻ പുറമേ പുരട്ടുന്ന എണ്ണകൾക്കാകുമെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഒരു കണ്ടീഷണർ എന്നതിനു പുറമേ എണ്ണയിട്ടു മസാജ് ചെയ്താലുണ്ടാകാവുന്ന രക്തപ്രവാഹവും മുടിവളർച്ചയ്ക്കു സഹായകമായേക്കാമെന്നു മാത്രം. മെഡിക്കേറ്റഡ് ഷാംപൂ ഉപയോഗിക്കുന്ന രണ്ടു ദിവസങ്ങളിൽ മാത്രം കുളിക്കുന്നതിനുമുമ്പു ചെറുചൂടോടുകൂടി സാധാരണ വെളിച്ചെണ്ണ തലയിൽ തേയ്ക്കുകയും അതിനുശേഷം ഷാംപൂ ചെയ്തു കഴുകിക്കളയുകയും വേണം. കുളിച്ചശേഷം മുടി ഒതുക്കിവയ്ക്കാൻ ബയോകാനിൻ—എ, അസറ്റൈൽ ടെട്രാപെപ്റ്റൈഡ് തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ ഹെയർഗ്രോത്ത് സീറം ഉപയോഗിക്കാവുന്നതാണ്.

ടു ഇൻ വൺ കണ്ടീഷണർ വേണ്ട

ഷാംപൂവിനൊപ്പമുള്ള ടു ഇൻ വൺ കണ്ടീഷണർ മിശ്രിതങ്ങൾ അങ്ങേയറ്റം ജനപ്രിയമാണെങ്കിലും ശാസ്ത്രീയമല്ല. ക്ഷാരഗുണപ്രധാനമായ ഷാംപൂവിനുശേഷം അമ്ല രസമുള്ള കണ്ടീഷണർ ഉപയോഗിക്കുന്നതാണു കൂടുതൽ ഫലപ്രദം. വരണ്ട മുടി, വിണ്ടു കീറിയ ശിരോചർമം എന്നീ അവസ്ഥകളിൽ കണ്ടീഷണർ മാത്രമായും ഉപയോഗിക്കാം. മുടി ഷാംപൂ ചെയ്തശേഷം കഴുകി, വെള്ളം ഒപ്പിയെടുക്കുക. തുടർന്ന് മുടിയിഴകളിൽ കണ്ടീഷണർ തേയ്ക്കുക. രണ്ടു മിനിറ്റ് കഴിഞ്ഞ് കഴുകുക.

മുടിക്കും വേണം പോഷകാഹാരം

മുടിവളർച്ചയ്ക്കു ബയോട്ടിൻ, എൽ—സിസ്റ്റീൻ, എൽ—മെതിയോണിൻ, കാത്സ്യം പാന്റോതെനേറ്റ് തുടങ്ങിയ പോഷകങ്ങൾ അത്യന്താപേക്ഷിതമാണ്. ഇവ നല്ലയളവിൽ അടങ്ങിയ ചില ഭക്ഷണപദാർഥങ്ങൾ താഴെ കൊടുക്കുന്നു. സസ്യഭുക്കുകൾക്ക്— കൂൺ, പീനട്ട് ബട്ടർ, ചീസ്, കോളിഫ്ളവർ, ആൽമണ്ട്, സോയാബീൻ, ഏത്തപ്പഴം, ഗോതമ്പുറൊട്ടി, അവോക്കാഡോ, മിശ്രഭോജികൾക്ക്— മുട്ട, കരൾ, ടർക്കി, പോർക്ക്, ബീഫ്.

ബ്രാൻഡുകൾ മാറി മാറി ഉപയോഗിക്കാം

hair-shampoo

ഏത് ഉൽപന്നവും സ്ഥിരമായി ഉപയോഗിച്ചാൽ ശരീരം അതുമായി പൊരുത്തപ്പെടും. ഇത് ഫലപ്രാപ്തി കുറയ്ക്കും. അതിനാൽ ഒരേ ബ്രാൻഡ് ഉൽപന്നങ്ങൾ സ്ഥിരമായി ഉപയോഗിക്കാതെ ഏതാനും നല്ല ബ്രാൻഡുകൾ തിരഞ്ഞെടുത്ത് മാറിമാറി ഉപയോഗിക്കുക.

മുറിച്ചോളൂ, വളരും

മുടി മുറിച്ചാൽ നീളം കുറയുമെന്നു പേടിച്ച് വെട്ടാതിരിക്കരുത്. മൂന്നുമാസം കൂടുമ്പോഴോ ആറ് ആഴ്ച കൂടുമ്പോഴോ മുടിയുടെ പിളർന്ന അഗ്രങ്ങൾ വെട്ടി വൃത്തിയാക്കണം. എങ്കിലേ മുടി കരുത്തോടെ വളരൂ.

ഡൈയും കളറും വല്ലപ്പോഴും

നല്ല മുടിയുള്ളവരോടു ചോദിച്ചാൽ അവർ പറയും രാസവസ്തുക്കൾ ഒന്നും മുടിയിൽ പുരട്ടാറേ ഇല്ല എന്ന്. ഡൈ ചെയ്യുന്നതും കളറു ചെയ്യുന്നതുമൊക്കെ മുടിയെ പരുപരുത്തതാക്കും. സൂക്ഷിക്കുക.

മുറുക്കിക്കെട്ടരുത്

healthy-hair1

സ്ഥിരമായി മുടി വലിച്ചുമുറുക്കി പോണിടെയ്ൽ കെട്ടുന്നതും കെട്ടിവയ്ക്കുന്നതുമെല്ലാം മുടിയിഴകൾക്ക് വല്ലാതെ സമ്മർദം നൽകും. ഇത് മുടിനാരുകളിൽ സ്ഥിരമായ മുറിവുകളും പാടുകളും സൃഷ്ടിച്ചേക്കാം. ഏതു ഹെയർസ്റ്റൈൽ ആയാലും ഒരൽപം അയച്ചു കെട്ടുക.

വെയിൽ അമിതമാകേണ്ട

സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ മുടിയുടെ കരുത്തും ഇലാസ്തികതയും നശിപ്പിക്കും. ക്യൂട്ടിക്കിൾ പാളികൾ ദുർബലമായി മുടി എളുപ്പം പൊട്ടിപ്പോകാൻ ഇതിടയാക്കും. അതിനാൽ അമിത വെയിൽ കൊള്ളൽ മുടിക്ക് നല്ലതല്ല.

ആഴ്ചയിൽ ഒരിക്കൽ ഹെയർമാസ്ക്

ഹെയർമാസ്ക്കുകൾ മുടിയെ മൃദുവാക്കാനും വരൾച്ച മാറ്റാനും ഒന്നാന്തരമാണ്. ആഴ്ചയിൽ ഒരിക്കൽ ഇട്ടാൽ മതി. വീട്ടിൽ തയാറാക്കാവുന്ന ചില മാസ്ക് റെസിപ്പികൾ— മുട്ടയുടെ മഞ്ഞ, ഒലിവ് എണ്ണ ഇവ നന്നായി അടിച്ചു പതപ്പിച്ച ശേഷം ഇതിലേക്ക് ഒരു ഏത്തപ്പഴം കൂടി ഉടച്ചു ചേർക്കുക. തലയിൽ പുരട്ടി 30 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. രണ്ടുമുട്ട, രണ്ടു ടേബിൾസ്പൂൺ തേൻ, തേങ്ങാപ്പാൽ, രണ്ടു ടേബിൾ സ്പൂൺ ഒലീവ് ഓയിൽ ഇവ ചേർത്ത് യോജിപ്പിച്ച ശേഷം തലയിൽ പുരട്ടി 30 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം.

നരയ്ക്ക് ജെല്ലുകൾ

മുടി വളർച്ചയ്ക്കായി ത്വക്രോഗവിദഗ്ധന്റെ നിർദേശപ്രകാരം കാപ്പിക്സിൽ അടങ്ങിയ ജെല്ലുകളും അകാലനര ബാധിച്ചവർക്ക് മെലിടെയ്ൻ അടങ്ങിയ ജെല്ലുകളും ഉപയോഗിക്കാവുന്നതാണ്.

പൂപ്പൽ ബാധ കാരണം വട്ടത്തിൽ മുടി കൊഴിഞ്ഞു പോകുന്നവർ ഒരു ചർമരോഗ വിദഗ്ധന്റെ മേൽനോട്ടത്തിൽ ആന്റിഫംഗൽ മരുന്നുകൾ പുരട്ടുകയും ഉള്ളിലേക്കു കഴിക്കുകയും വേണം. ചൊറിച്ചിലോ വേദനയോ കൂടാതെ വട്ടത്തിൽ മുടി പൊഴിഞ്ഞു തുടങ്ങുന്ന അലോപേഷ്യ എന്ന രോഗാവസ്ഥയ്ക്കും ഫലപ്രദമായ മരുന്നുകളുണ്ട്.

പ്രോട്ടീൻ ട്രീറ്റ്മെന്റ്, സ്പാ എന്നിവ കൊണ്ടു മികച്ച ഗുണങ്ങൾ ലഭിക്കുമെന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നും തന്നെയില്ല.

healthy-hair

ഹെയർ ഫിക്സിങ്ങും വിഗ്ഗും

മുടി നഷ്ടപ്പെട്ടവർക്ക് ഹെയർ ഫിക്സിങ്ങും വിഗ്ഗും സുരക്ഷിതമാണെങ്കിലും അവ എക്കാലത്തേക്കുമുള്ള ഒരു പരിഹാരമല്ല. ഹെയർ ഫിക്സിങ് സ്വാഭാവിക മുടി കൊണ്ടുള്ളതും കൃത്രിമമായുള്ളതുമുണ്ട്. പ്രത്യേകതരം പശ ഉപയോഗിച്ച് മുടി ക്ലിപ് ചെയ്യുകയാണ് ഫിക്സിങ്ങിൽ ചെയ്യുന്നത്. രണ്ടു മൂന്നു മാസം കൂടുതൽ പശ ഇളക്കി റീഫിക്സ് ചെയ്യണം. ഫിക്സിങ്ങിന് പല പ്രായോഗിക ഗുണങ്ങളുമുണ്ട്. ഫിക്സ് ചെയ്യുന്ന മുടി കുളിക്കുമ്പോഴൊന്നും അഴിച്ചുവയ്ക്കേണ്ടി വരില്ല. മുടി സ്റ്റൈൽ ചെയ്യുമ്പോഴും മറ്റും ഈ മുടി കൂടി ഉൾപ്പെടുത്തി ചെയ്യാം. ഓരോരുത്തരുടെയും തലയുടെ ആകൃതി അനുസരിച്ച് ഫിക്സ് ചെയ്യാം.

ഉദാഹരണത്തിന് തലയുടെ മുമ്പിലെ കഷണ്ടി മറയ്ക്കാൻ അവിടെ മാത്രമായി മുടി ഫിക്സ് ചെയ്യാം. എന്നാൽ ശാശ്വതപരിഹാരം ഹെയർ ട്രാൻസ്പ്ലാന്റേഷൻ മാത്രമാണ്. ഈ രീതിയിൽ പുറംതലയിൽ നിന്ന് ഉച്ചിയിലേക്കും ശിരോചർമത്തിന്റെ മുൻഭാഗത്തേക്കും മുടിയിഴകൾ വച്ചുപിടിപ്പിക്കുന്നു. ഈ ചികിത്സാരീതിയിൽ പ്രാവീണ്യം നേടിയ ഡെർമറ്റോസർജനെ സമീപിക്കുന്നതാണു നല്ലത്.

പുരുഷന്മാരിലെ കഷണ്ടി

വളരെ നേരത്തെ ചികിത്സ തുടങ്ങിയാൽ അധികമാകാതെ സൂക്ഷിക്കാവുന്നതാണ് പുരുഷന്മാരിലെ കഷണ്ടി. പുരുഷകഷണ്ടിയെ തോതനുസരിച്ച് ഏഴു വിഭാഗങ്ങളാക്കിയിട്ടുണ്ട്. നേരത്തെ ചികിത്സ തുടങ്ങിയാൽ (5—ാം സ്റ്റേജ് വരെ) അധികമാകാതെ സൂക്ഷിക്കാം. മിനോക്സിഡിൽ ലായനിയും ഫിനാസ്റ്ററൈഡ് തുടങ്ങിയ ഗുളികകളും ഒരു ത്വക്രോഗവിദഗ്ധന്റെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കണം.

ലേസർ ചികിത്സയും ഇപ്പോൾ ഫലപ്രദമായി കണ്ടു വരുന്നുണ്ട്. ഒരുപാടു വൈകിയാണു ചികിത്സ തുടങ്ങുന്നതെങ്കിൽ കൃത്രിമമായി മുടി വച്ചുപിടിപ്പിക്കുന്ന ഹെയർ ട്രാൻസ്പ്ലാന്റേഷൻ തന്നെ ശരണം.

ഉണക്കാൻ ഡ്രയർ വേണ്ട

നനഞ്ഞ മുടി അമർത്തി തുവർത്തിയ ശേഷം ഹെയർ ഡ്രയർ ഉപയോഗിച്ച് ഉണക്കുക— ഇതാണ് പലരുടെയും രീതി. എന്നാൽ ഇത് മുടിക്കൊട്ടും നല്ലതല്ല. വെള്ളം നനഞ്ഞു കഴിഞ്ഞാൽ മുടിയിഴകൾ തീരെ ദുർബലമാകും. നനയുമ്പോൾ ക്യൂട്ടിക്കിൾ ഒരൽപം ഉയർന്നിരിക്കുന്നതാണ് കാരണം. അതുകൊണ്ട് കുളിക്കുന്നതിനു മുമ്പ് മുടി നന്നായി ചീകി വിടർത്തി കുടുക്കു കളയുക. കുളി കഴിഞ്ഞ് കൈകൊണ്ട് മുടി വിടർത്തി പല്ലകലമുള്ള ചീർപ്പ് കൊണ്ട് ചെറുതായി ഒതുക്കുക. അമർത്തി ചീകരുത്. മുടി തനിയെ ഉണങ്ങട്ടെ. ഡ്രയർ കൊണ്ട് ഉണക്കുന്നത് വല്ലപ്പോഴും മതി. മുടി അമർത്തി തുവർത്തുന്നതിനു പകരം മൃദുവായ ടവൽ കൊണ്ട് വെള്ളം ഒപ്പി (ബ്ലോട്ടിങ്) മാറ്റുകയാണ് വേണ്ടത്. നനഞ്ഞ മുടി കെട്ടിവയ്ക്കുന്നതും നല്ലതല്ല. മുടിക്കായ തുടങ്ങിയ രോഗങ്ങൾ വരാനും തന്മൂലം മുടികൊഴിച്ചിൽ ഉണ്ടാകാനും ഇതു കാരണമായേക്കാം.

ഡോ. സരിൻ എ,

ഡോ. സോണി സി. ദാസ്