Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യത്തോടെ അടുക്കള

Kitchen

നമ്മുടെ വീട് ഒരു വാസസ്ഥലം മാത്രമല്ല ഭക്ഷണം പാകം ചെയ്തു കഴിക്കാനുളള സംവിധാനം അടങ്ങുന്ന ഒരിടം കൂടിയാണ്. വീട്ടിലെ മുറികളിൽ വച്ചു രോഗാണുക്കൾ കൂടുതലായി മനുഷ്യശരീരത്തിലേക്കു പടരാൻ സാധ്യതയുളളത് അടുക്കള, കുളിമുറി, കക്കൂസ് എന്നിവയിലാണ്. അതുകൊണ്ടുതന്നെ അടുക്കളയിലെ പല പ്രതലങ്ങളും വസ്തുക്കളും പാചകോപാധികളും അണുവിമുക്തമാക്കി വയ്ക്കേണ്ടത് അത്യാവശ്യമാണ്.

വീട്ടമ്മ കൂടുതൽ സമയം ചെലവഴിക്കുന്നത് അവരുടെ സാമ്രാജ്യമായ അടുക്കളയിലായിരിക്കുമല്ലോ. അവർക്കു സൗകര്യവും എളുപ്പത്തിൽ പാചകജോലികള്‍ ചെയ്യാനുളള ഘടനയിലുമായിരിക്കണം അടുക്കള ഒരുക്കേണ്ടത്. തെക്കുകിഴക്കൻ മൂലയാണ് അടുക്കളയ്ക്ക് ഏറ്റവും പറ്റിയ ഇടം. ചൂടുളള വേനൽക്കാറ്റ് തെക്കുപടിഞ്ഞാറു നിന്നും വടക്കുകിഴക്കു നിന്നും വീശുന്നതു തീപ്പൊരി ഊതിപ്പറത്തി ഒരപകടം ഉണ്ടാകാതെ നോക്കും. തെക്കുകിഴക്ക് സാധിച്ചില്ലെങ്കിൽ വടക്കുപടിഞ്ഞാറു ഭാഗത്തേക്കു പരിഗണിക്കാവുന്നതാണ്. തെക്കേ ഭിത്തിയിലേക്ക് മിക്സി, ടോസ്റ്റർ എന്നിവ ഘടിപ്പിക്കുന്നത് അടുക്കളയ്ക്ക് അഗ്നിയുമായി ബന്ധപ്പെട്ട ഏറ്റവും പറ്റിയ ദിശയായതുകൊണ്ടാണ്.

സിങ്കിന്റെ സ്ഥാനം

സിങ്കും സ്റ്റൗവും അടുത്തടുത്ത് വയ്ക്കുന്നത് ശരിയല്ല. തീയും വെളളവും അടുത്ത് ഇരിക്കാറില്ല എന്നതുതന്നെ. വടക്കുകിഴക്കു ഭാഗത്താണ് സിങ്ക് വയ്ക്കാവുന്നത്. ടാപ്പ് അല്ലെങ്കില്‍ വെളളം ബാരലിൽ ശേഖരിച്ചു വയ്ക്കാവുന്നതും ഇവിടെയാണ്. ഉദയസൂര്യരശ്മികളിലെ അൾട്രാവയലറ്റ് ഘടകം വെള്ളത്തിലെ അണുക്കളെ നശിപ്പിക്കാനും അടുക്കളയുടെ ആ ഭാഗം അണുവിമുക്തമാക്കാനും സഹായിക്കും. കുടിക്കാനുളള വെളളം ശേഖരിച്ചു വയ്ക്കാനും വടക്കുകിഴക്ക് ഭാഗം തന്നെയാണുചിതം.

പാചകം ചെയ്യുന്നത്

വീട്ടമ്മ കിഴക്കോട്ട് തിരിഞ്ഞുനിന്നു പാചകം ചെയ്യുന്നതാണു നല്ലത്. വാസ്തുപ്രകാരം ഇത് ഐശ്വര്യവും സന്തോഷവും കൊണ്ടുവരുമെന്നാണു പറയുന്നത്. സൂര്യരശ്മികളില്‍ നിന്നു വിറ്റമിൻ ഡി ലഭിക്കുമെന്നതാണു ശാസ്ത്രസത്യം. ഗ്യാസടുപ്പാണെങ്കിലും മൈക്രോവേവ് ആണെങ്കിലും തെക്കുകിഴക്ക് ഭാഗത്തു വയ്ക്കുന്നതാണു നല്ലത്. അടുക്കളയിലെ എക്സ്ഹോസ്റ്റ് ഫാനും പകരമായുളള ചിമ്മിനിയും അടുപ്പിന് (സ്റ്റൗവിന്) മുകളില്‍ തെക്കുകിഴക്ക് മൂലയിലോ കിഴക്കോട്ടുളള ഭിത്തിയിലോ വയ്ക്കണം. സ്റ്റൗവ് ജനലിനോട് ചേർത്തുവയ്ക്കരുത്. ജനൽ തുറക്കാനും മറ്റും അടുപ്പിനു മുകളിലൂടെ കൈയെത്തിക്കുന്നത് അപകടം വരുത്താം. ജനലിലൂടെ വരുന്ന കാറ്റ് തീയണയ്ക്കാനും സാധ്യതയുണ്ട്. തീനാളം കാണാനും ബുദ്ധിമുട്ടുണ്ടാക്കാം. ജനൽനിരപ്പില്‍ നിന്നു കുറച്ചു താഴ്ത്തി വയ്ക്കാവുന്നതാണ്. പുറത്തുനിന്നു നോക്കുന്നവർക്ക് നമ്മുടെ വീട്ടിലെ പാചകം കാണിച്ചുകൊടുക്കാതിരിക്കാം. അതായത് സ്വകാര്യത സൂക്ഷിക്കാം. മൈക്രോവേവ് പ്രധാന അടുപ്പ് വയ്ക്കുന്നിടത്തു നിന്ന് മാറ്റിവയ്ക്കുന്നതാണു നല്ലത്.

ജനാലകൾ എവിടെ വേണം?

കിഴക്കുവശത്തു വലിയ ജനാലകള്‍ ഉളളതു നല്ലതാണ്. കാരണം ഉദയസൂര്യനിൽ നിന്നു വരുന്ന അൾട്രാവയലറ്റ് രശ്മികൾക്ക് സുഗമമായി അടുക്കളയിലേക്ക് കടന്നുവരാൻ വേണ്ടിയാണിത്. ഇത് ആരോഗ്യദായകമാണ്. അടുക്കളയിലുളള സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നതുകൂടാതെ, രാവിലെ അടുക്കളയിൽ തിരക്കിട്ട പണികളിലേർപ്പെടുന്ന വീട്ടമ്മയ്ക്ക് സൂര്യരശ്മികൾ ഏൽക്കുന്നത് നല്ലതാണ്. ചെറിയ ജനാലകൾ തെക്കുവശത്തുണ്ടെങ്കിൽ അത് ക്രോസ് വെന്റിലേഷൻ സാധ്യമാക്കും. പാചകത്തിന്റേതായ പുകയും മണങ്ങളും അടുക്കളയിൽ ഉണ്ടാകുന്നത് ക്രോസ് വെന്റിലേഷൻ കൊണ്ടു വീടിനു വെളിയിൽ പുറന്തളളാനും തണുത്ത വായു പുറത്തുനിന്നു വലിച്ചെടുക്കാനും സാധിക്കും.

പാത്രങ്ങളും ശ്രദ്ധയോടെ

നമ്മുടെ രാജ്യത്ത് ഏകദേശം ആയിരത്തോളം വർഷങ്ങൾക്കു മുമ്പേ തന്നെ പാചകത്തിനു മൺപാത്രങ്ങൾ ഉപയോഗിച്ചിരുന്നു. മണ്ണും പശിമയുളള ചില പദാർഥങ്ങളും ചേർന്നാണ് ഒട്ടിപ്പിടിക്കാത്ത നിരപ്പായ പ്രതലത്തോടുകൂടിയ മൺപാത്രങ്ങളും ചട്ടികളും ഉണ്ടാക്കുന്നത്. ഇവ ഉപയോഗിച്ചു പാചകം ചെയ്താല്‍ ചില മൈക്രോ നൂട്രിയന്റുകൾ, കാത്സ്യം, മഗ്നീഷ്യം, സൾഫർ, ഇരുമ്പ്, സിലികോൺ, കോബോൾട്ട്, ജിപ്സം എന്നിവ ചെറിയ അളവിൽ ഭക്ഷണത്തിൽ കലരും എന്നു പറയുന്നു. അത് ആരോഗ്യത്തിന് നല്ലതാണെന്നും പറയപ്പെടുന്നു. സ്വതവേ ഭക്ഷണപദാർഥങ്ങളില്‍ അടങ്ങിയിട്ടുളള പോഷകാംശങ്ങൾ 97% വരെ അതിൽ തന്നെ നിലനിർത്തുകയും ചെയ്യുന്നു. എന്നാൽ മറ്റു പാത്രങ്ങളിൽ പാചകം ചെയ്യുമ്പോൾ പോഷകാംശങ്ങൾ 13 ശതമാനം മാത്രമേ ഭക്ഷണത്തിൽ നിലനിൽക്കാറുളളൂ. മൺചട്ടിയിൽ പാകം ചെയ്യുമ്പോൾ മണിക്കൂറുകളോളം ചൂടുനിലനിൽക്കുമെന്നത്, അതേ പാത്രത്തിൽ തന്നെ വിളമ്പാനും സഹായകമാണ്. മൺപാത്രങ്ങൾ കഴുകി വൃത്തിയാക്കാനും എളുപ്പമാണ്. പ്രത്യേക ശ്രദ്ധയുടെ ആവശ്യമില്ല. 15-20 ദിവസത്തിലൊരിക്കൽ കഴുകിയുണക്കി വെയിലത്തു വയ്ക്കുന്നതു നല്ലതാണ്. ഇതിനു വിലയും കുറവാണ്. ഏതു തരത്തിലുളള പാചകത്തിനും മൺചട്ടികൾ ഉപയോഗിക്കാം. ചോറും പച്ചക്കറികളും മാത്രമല്ല മത്സ്യമാംസാദികൾ പാകം ചെയ്യാനും പാൽ തിളപ്പിക്കാനും പാൽ ഉറയൊഴിക്കാനും മൺചട്ടി ഉപയോഗിക്കാവുന്നതാണ്.

മൈക്രോവേവ് ഒാവനിലും ഇൻഡക്ഷൻ കുക്കറിലും പാചകത്തിന് അവയുടെ ഉത്പാദകർ നിർദേശിക്കുന്നതരം പാത്രങ്ങളേ ഉപയോഗിക്കാവൂ. മൈക്രോവേവിൽ കട്ടികൂടിയ പ്ലാസ്റ്റിക് പാത്രങ്ങൾ, ചില്ലുപാത്രങ്ങൾ എന്നിവയാണ് അനുവദനീയം. ഇൻഡക്ഷൻ കുക്കറില്‍ അടിവശം നിരപ്പായ സ്റ്റീൽ പാത്രങ്ങൾ ഗ്യാസടുപ്പിൽ ഉപയോഗിക്കുന്നവരുണ്ട്. ഗ്യാസടുപ്പില്‍ സ്റ്റീൽ, അലൂമിനിയം, മൺപാത്രങ്ങൾ ഇവയിലേതും ഉപയോഗിക്കാം. ഇവയിലേതാണ് ഏറ്റവും ഉത്തമമായത് എന്നു പറയാൻ പ്രയാസമാണ്. അലുമിനിയം പാത്രങ്ങൾ മനുഷ്യശരീരത്തിനു ദോഷകരമായ വിഷാംശം ഉണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു. ആനോ‍ഡൈസ്ഡ് അലൂമിനിയം പാത്രങ്ങളില്‍ കട്ടികൂടിയ അലൂമിനിയം ഒാക്സൈ‍ഡ് പാളി ചേർത്തിട്ടുണ്ടെങ്കിലും അവയുടെ ടോക്സിസിറ്റി കുറഞ്ഞതായി തെളിഞ്ഞിട്ടില്ല.

ഇപ്പോൾ പ്രചാരത്തിലുളള ഒന്നാണ് നോൺസ്റ്റിക് കുക്ക് വെയർ (Non Stick Cook Ware). എന്നാൽ നോൺ സ്റ്റിക്കിങ് പാളിക്ക് കേടുപാടു സംഭവിച്ചാൽ ഇത്തരം പാത്രങ്ങളും വിഷാംശം ഉളളിൽ ചെല്ലാൻ‌ കാരണമാകും.

കോപ്പർ(ചെമ്പ്) പാത്രങ്ങൾ ഇപ്പോഴും ഉപയോഗത്തിലുണ്ട്. നേരിട്ടു ചെമ്പു പ്രതലത്തിൽ പാചകം ചെയ്യുന്നത് ചെമ്പിന്റെ അംശം ശരീരത്തിൽ കടക്കാനിടയാകും. ഇന്നു കോപ്പർ ബോട്ടം പാത്രങ്ങളാണ് കൂടുതൽ. സ്റ്റെയിൻലെസ്സ് സ്റ്റീൽ പാത്രങ്ങൾ എക്കാലവും വിപണിയില്‍ ലഭ്യമാണ്. കാസ്റ്റ് അയൺ പാത്രങ്ങളും പണ്ടുകാലം മുതൽക്കേ ഉപയോഗത്തിലുണ്ട്.

ഫ്രിഡ്ജിന്റെ സ്ഥാനം

അടുപ്പിന്റെ ഭാഗത്തുനിന്ന് അകലത്തിലാണ് ഫ്രിഡ്ജ് വെയ്ക്കേണ്ടത്. സ്റ്റൗവിന്റെ മുകൾഭാഗത്തായി സ്റ്റോറേജ് കാബിനറ്റും ഷെൽഫുകളും ശരിയല്ല. സ്റ്റൗവിന്റെ മുകൾഭാഗം തുറന്നുകിടക്കുകയോ അവിടെ ചിമ്മിനി അല്ലെങ്കിൽ പുകയും മറ്റും പുറന്തള്ളാൻ എക്സ്ഹോസ്റ്റ് സംവിധാനം ഘടിപ്പിക്കുകയോ ആവാം. അടുപ്പിനു മുകളില്‍ കബോർഡ് വെച്ചാൽ അതിലേക്ക് തീപടരാൻ സാധ്യതയുണ്ട്. കൂടാതെ എണ്ണയും മറ്റും പറ്റിപ്പിടിച്ചാൽ വൃത്തിയാക്കാനും വൃത്തിയാക്കാനും വിഷമമാകും.

കാബിനറ്റും ഷെൽഫുകളും ലഭ്യമായ സ്ഥലത്ത് ഏറ്റവും സൗകര്യപ്രദമായ രീതിയിൽ വേണം ഒരുക്കാൻ. അടുക്കളയിൽ നിന്നു തിരിയാനുളള സ്വാതന്ത്ര്യം വേണം. ഭിത്തിയിൽ തന്നെ ഘടിപ്പിച്ചിട്ടുളള റാക്കുകൾക്കു കുറച്ചു സ്ഥലമേ വേണ്ടിവരൂ.

അടുക്കള വൃത്തിയാക്കൽ

അടുക്കളയിലെ സ്ലാബിനു പുറത്തു കട്ടിങ്ങ് ബോർഡ് വച്ചുവേണം പച്ചക്കറി അരിയാൻ. സ്ലാബ് എന്നും അണുനാശിനി ഉപയോഗിച്ചു തുടച്ചു വൃത്തിയാക്കേണ്ടതാണ്.

അടുക്കള വീടിന്റെ വിളക്കായ വീട്ടമ്മയുടെ സാമ്രാജ്യമാണ്. അതിനെ ഏറെ ഭംഗിയുളളതാക്കാനും സൗകര്യപ്രദമാക്കാനും ഒാരോ വീട്ടമ്മയ്ക്കും കഴിവുണ്ട്. പലവ്യഞ്ജനങ്ങൾ അലമാരിയിൽ ഒരേ തരം പ്ലാസ്റ്റിക്കോ ഗ്ലാസ്സോ കുപ്പികളില്‍ നിരത്തിവയ്ക്കുന്നതില്‍ ഒാരോ വീട്ടമ്മയ്ക്കും അവരുടേതായ യുക്തിയുണ്ട്. ഉപ്പ്, മുളക്, കടുക്, പലയിനം കറിപ്പൊടികൾ, പഞ്ചസാര എന്നിവയെല്ലാം കൈയെത്തുന്നിടത്ത് അടുക്കിവയ്ക്കാം. ഒാരോ ദിവസവും പാചകമെല്ലാം കഴിഞ്ഞ് അടുക്കള ശ്രദ്ധാപൂർവം വൃത്തിയാക്കേണ്ടതുണ്ട്. അടുക്കളയിലെ തറ, ഭിത്തികൾ, മേൽക്കൂര, മറ്റു പ്രതലങ്ങൾ എല്ലാം അണുവിമുക്തമാക്കേണ്ടതുണ്ട്.

പ്രത്യേകമായ ക്ലീനിങ് തുണി വേണം ഉപയോഗിക്കാൻ. തറയിലെയും സ്ലാബിലെയും കറകളും എണ്ണയും മറ്റും കളയാൻ പറ്റിയ സോപ്പുലായനി ഇളംചൂടുവെള്ളത്തിൽ കലക്കിവേണം തുടയ്ക്കാൻ. സുഗന്ധമുളള രാസസംയുക്തങ്ങളടങ്ങിയ ക്ലീനിങ് ലായനികളും ലഭ്യമാണ്. പാചകം ചെയ്തുകൊണ്ടിരിക്കുമ്പോൾ വൃത്തിയാക്കല്‍ ചെയ്യുന്നതു ശരിയല്ല. തീ അണയ്ക്കാതെ സ്പ്രേ രൂപത്തിലുളള കീടനാശിനികളും മറ്റും ഉപയോഗിക്കരുത്. തീ ആളിപ്പടരാൻ ഇടയാക്കും. സ്ലാബിനു കീഴെയുളള കാബിനറ്റുകൾ ആഴ്ചയിലൊരിക്കലെങ്കിലും അണുനാശിനിയും കീടനാശിനിയും ഉപയോഗിച്ചു വൃത്തിയാക്കണം.

മിക്സിയും ഗ്രൈൻഡറും

ഒാവനും സ്റ്റൗവും കൂടാതെ മറ്റു പല ഉപകരണങ്ങളും അടുക്കളയിൽ ആവശ്യമായി വരും. ഒാവനും സ്റ്റൗവും ചൂട് പുറപ്പെടുവിക്കുന്നതുകൊണ്ടു തറയും ഭിത്തികളുടെ പെയിന്റും മോശമാകാതിരിക്കാനുളള രീതിയിൽ വേണം അവ സജ്ജീകരിക്കാന്‍. മറ്റ് ഉപകരണങ്ങളായ മിക്സി, ബ്രഡ് ടോസ്റ്റർ, ഗ്രൈന്റർ, വാട്ടർ പ്യൂരിഫയർ, ഇൻഡക്ഷൻ കോയിൽ എന്നിവ കൂടാതെ ഫ്രിഡ്ജിനുവേണ്ട ഇലക്ട്രിക് പോയിന്റുകൾ, സോക്കറ്റുകൾ എന്നിവ ഗൃഹനിർമാണസമയത്തുതന്നെ പ്ലാൻ ചെയ്യണം.

അടുക്കളയിലെ സ്ലാബിനുമേൽത്തന്നെ അടുപ്പുകളിൽ നിന്നു മാറിവേണം മിക്സർ, ടോസ്റ്റർ എന്നിവ വയ്ക്കേണ്ടത്. സിങ്കിന്റെ അടുത്താവാം വാട്ടർ പ്യൂരിഫയർ വയ്ക്കുന്നത്. വലിയ ഉപകരണമായ ഗ്രൈൻഡറിനു പ്രത്യക അടിത്തറ (Slab) പണിത് അതിനായി തറയിൽ നിന്ന് അധികം ഉയരത്തിലല്ലാതെ ഇലക്ട്രിക് സോക്കറ്റും നൽകണം.

എക്സ്ഹോസ്റ്റ് ഫാൻ അടുക്കളയിൽ നിന്നു പുക പുറന്തളളാൻ സഹായകമാണ്. എന്നാൽ പാചകം ചെയ്യുന്നയാളിന്റെ കണ്ണുകളിലേക്ക് കടക്കുന്നതിനു മുമ്പേ പുക മുറിക്കുളളിൽ നിന്നു പോകില്ല.

പുത്തൻ മോഡുലാർ

ഇന്നു ട്രെൻഡായിട്ടുളളതു മോഡുലാർ(Modular) അടുക്കളയാണ്. മുഴുവൻ അടുക്കളഭാഗവും നൂതനരീതിയിൽ ക്രമീകരിച്ചിട്ടുളള ഒന്നാണിത്. വൃത്തിയാക്കാനും എളുപ്പമാണ്. സ്ഥലപരിമിതിക്കനുസരിച്ച്, ഇഷ്ടപ്പെട്ട നിറങ്ങളിൽ കൂട്ടിച്ചേർത്ത് വയ്ക്കാവുന്ന രീതിയിലാണ് മോഡുലാർ കിച്ചൻ ഒരുക്കുന്നത്. സ്റ്റോറേജിനു വേണ്ടി ലഭ്യമായ സ്ഥലസൗകര്യത്തിൽ പരമാവധി പ്രയോജനം കിട്ടുന്ന രീതിയിൽ ഷെൽഫുകൾ ഉണ്ടാകും. കപ്പ്, സോസർ യൂണിറ്റ്, Grain Trolley, പ്ലേറ്റ് യൂണിറ്റ്, ബോട്ടിൽ പുൾഒൗട്ട്, സ്പൂൺ ഹോൾഡറുകൾ, കപ്പ് ഹോൾഡറുകൾ, മൂലയിൽ ഫിറ്റാകുന്ന കോർണർ ഗ്ലാസ് ഷെൽഫ് എന്നിവയാണു മോഡുലാർ കിച്ചനിലെ സ്റ്റോറേജ് ഭാഗങ്ങൾ. ഭിത്തിയോടു ചേർന്ന റാക്കുകൾ ഇതോടൊപ്പം ഉണ്ടാവും. കൂടാതെ മോഡുലാർ കിച്ചനിൽ ഏറ്റവും വേണ്ടപ്പെട്ട ഒന്നാണു ഇലക്ട്രിക് ചിമ്മിനി അഥവാ പുകക്കുഴൽ.

സ്റ്റൗവിന്റെ മുകളിൽ സ്ഥാപിക്കുന്ന ഇതു വളരെ വേഗത്തിൽ പാചകത്തിൽ നിന്നുയരുന്ന മണവും പുകയും ആവിയും വലിച്ചെടുത്ത് അടുക്കള പുകരഹിതമാക്കി വയ്ക്കും. പാചകം ചെയ്യുന്നയാളിനു പുകയും മറ്റും കണ്ണിലും മൂക്കിലും കയറി നീറ്റലും തുമ്മലും കണ്ണിൽ ചുമപ്പും വെള്ളം വരലും ഉണ്ടാകാതിരിക്കാൻ ഇത്തരം ചിമ്മിനി സഹായകമാണ്. അടുക്കള എപ്പോഴും വൃത്തിയായും ഭംഗിയായും നിലനിൽക്കും. പല്ലി, പാറ്റ, ഉറുമ്പ് കൂടാതെ എലിശല്യവും തടയാവുന്നതാണ്.

അടുക്കളയുടെ നിറവും വാതിലും

ഫെങ്ഷ്യൂയി (Feng Shui) പ്രകാരം ഭക്ഷണമുറിക്കു ചുവപ്പ് അല്ലെങ്കിൽ അതിന്റെ ഷേഡുകൾ ഊർജദായകമാണ്. ഫെങ്ഷ്യൂയി പ്രകാരം ഒാരോ ദിശകളിലെയും മൂലകത്തിനനുസരിച്ചാണു നിറം ഉചിതമോ അല്ലയോ എന്നു പറയുന്നത്. അഗ്നിമൂലയിലുളള മുറിക്ക് ചുവപ്പ് അല്ലെങ്കിൽ ഒാറഞ്ച് നിറം കൊടുക്കാം. നീല, പച്ച, മഞ്ഞ എന്നീ നിറങ്ങളും വാസ്തുപ്രകാരം അടുക്കളയ്ക്ക് കൊടുക്കാം. ഭിത്തികളിൽ പച്ചനിറമുളളത് വിശപ്പു മെച്ചപ്പെടുത്തും.

വാതിൽ ഘടികാരദിശയിൽ (clockwise) തുറക്കാവുന്നതായിരിക്കണം. അതായത് ഇടതു നിന്നു വലത്തേയ്ക്ക്. അതിനു കാരണം ലോകത്തിലെ ഭൂരിഭാഗം പേരും വലംകൈന്മാരാണ്. അതുകൊണ്ടു ഘടികാരദിശയിൽ സ്ഥാപിച്ചിട്ടുളള വാതിൽ എളുപ്പത്തിൽ തുറന്ന് അടുക്കളയിൽ പ്രവേശിക്കാൻ സാധിക്കുന്നു. വടക്കുകിഴക്ക് ദിശയിൽ വാതിൽ തുറക്കുന്നത് നന്നായിരിക്കും.

ഡോ.ബി.സുമാദേവി
ഇ.എൻ.ടി സർജൻ, ഇ.എസ്.ഐ ഹോസ്പിറ്റൽ ഉദ്യോഗമണ്ഡൽ, എറണാകുളം