Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുടർച്ചയായി ഇരിക്കുന്ന ഹൃദ്രോഗികൾ സൂക്ഷിക്കുക

heart-patient-sitting

ഹൃദ്രോഗികൾ കൂടുതൽ സമയം ഇരിക്കുന്നത് ഹൃദയാരോഗ്യത്തിനു ഹാനികരമാണെന്ന് പഠന റിപ്പോർട്ട്. നന്നായി എക്സർസൈസ് ചെയ്യുന്ന രോഗികളാണെങ്കിലും തുടർച്ചയായി മണിക്കൂറുകളോളം കസേരയിൽ ഇരിക്കരുത്. ഓരോ അര മണിക്കൂർ കഴിയുമ്പോഴും എഴുന്നേറ്റു നടക്കണം.

എക്സർസൈസ് ചെയ്യുന്നതു പോലെ തന്നെ പ്രധാനമാണ് ഹൃദ്രോഗികൾ കൂടുതൽ സമയം ഇരിക്കാതെ സൂക്ഷിക്കുന്നതെന്നും കാനഡയിലെ ഒട്ടാവ യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ സ്റ്റീഫൻ പ്രിൻസ് പറയുന്നു. തുടർച്ചയായിരുന്നുള്ള ടിവി കാണൽ, കമ്പ്യൂട്ടറിനു മുമ്പിൽ മണിക്കൂറുകളോളമുള്ള ഇരിപ്പ്, തുടർച്ചയായുള്ള ഡ്രൈവിങ്ങ് ഇവയെല്ലാം സൂക്ഷിക്കേണ്ടതുണ്ട്. ഇവയ്ക്കെല്ലാം ഇടയിൽ ഓരോ അരമണിക്കൂർ കഴിയുമ്പോളും ഹൃദ്രോഗികൾ ബ്രേക്ക് എടുക്കേണ്ടത് അത്യാവശ്യമാണെന്നും സ്റ്റീഫൻ പറയുന്നു.

അധികനേരമുള്ള ഇരിപ്പ് ഹൃദയധമനികളിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. 278 ഹൃദ്രോഗികളിൽ നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോർട്ട്. ഗവേഷണത്തിന്റെ ഭാഗമായി എങ്ങനെ കൂടുതൽ സമയം വ്യായാമത്തിലേർപ്പെടാം എന്നതിനെക്കുറിച്ചു ഹൃദ്രോഗികൾക്കു പ്രത്യേക പരിശീലന പരിപാടിയും സംഘടിപ്പിച്ചിരുന്നു. 9 ദിവസമാണ് പരിപാടിയിൽ പങ്കെടുത്ത ഹൃദ്രോഗികളെ നിരീക്ഷിച്ചത്. എത്ര നേരം ഇവർ വ്യായാമത്തിലേർപ്പെടുന്നു, എത്ര സമയം നടക്കുന്നു, എത്ര സമയം തുടർച്ചയായി ഇരിക്കുന്നു തുടങ്ങി ഇവരുടെ എല്ലാ പ്രവർത്തനങ്ങളും ഗവേഷകർ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു.

ഇതോടൊപ്പം പങ്കെടുത്ത ഹൃദ്രോഗികളുടെ ബോഡി മാസ് ഇൻഡക്സും ഹൃദയ പ്രവർത്തനങ്ങളും പ്രത്യേകം നിരീക്ഷിക്കുന്നുണ്ടായിരുന്നു. കൂടുതൽ സമയം ഇരുന്ന ഹൃദ്രോഗികളുടെ ബോഡി മാസ് ഇൻഡക്സ് ഉയർന്നതായും ഹൃദയാരോഗ്യം കുറഞ്ഞതായും ഗവേഷകർ കണ്ടെത്തി.

ഒരേ ഇരിപ്പ് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടു തന്നെ ഹൃദയാരോഗ്യ പ്രശ്നങ്ങളുള്ളവർ തുടർച്ചയായി ഇരിക്കാതെ സൂക്ഷിക്കുന്നത് നന്നായിരിക്കും.