Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനാപകടം: നട്ടെല്ലിനെ കാക്കാൻ അഞ്ചു കാര്യങ്ങൾ

ഡോ.മാത്യു പി.തോമസ്
470639975

വാഹനാപകടം നടന്ന സ്ഥലത്ത് മൊബൈൽ ഫോണിൽ ചിത്രങ്ങളെടുക്കുന്ന കാഴ്ച അരോചകവും മനുഷ്യത്വരഹിതവുമാണ്. അപകടം സംഭവിച്ചാൽ ആദ്യ നിമിഷങ്ങൾ വളരെ പ്രധാനപ്പെട്ടതാകയാൽ അപകടത്തിൽപ്പെട്ടയാൾക്ക് പ്രഥമശുശ്രൂഷ നൽകേണ്ടത് ഓരോ പൗരന്റേയും ഉത്തരവാദിത്തമാണ്. നിയമക്കുരുക്കുകൾ ഭയന്നിട്ടാവാം പലരും അപകടത്തിൽപ്പെടുന്നവരോടു മുഖം തിരിച്ചു പോകുന്നത്. എങ്കിലും അപൂർവം ചിലർ ഇപ്പോഴും സഹായമനോഭാവം കാട്ടുന്നത് പുതുതലമുറയ്ക്കു പ്രചോദനമാകും. അപകടസ്ഥത്തുനിന്നു മാറി സ്വസ്ഥമായ സ്ഥലം കണ്ടെത്തി രോഗിയെ വിശ്രമിക്കാൻ അനുവദിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ആശുപത്രിയിലെത്തിക്കാൻ വാഹനം ലഭ്യമാകുന്നതു വരെ അപകടത്തിൽപ്പെട്ടയാളെ ശ്രദ്ധയോടെ പരിചരിക്കണം. ചാരി ഇരുത്തുന്നതോ ശരീരത്തിന്റെ ഒരു വശം മാത്രം പൊക്കിയെടുക്കുന്നതോ ആന്തരിക മുറിവിനും രക്തസ്രാവത്തിനും കാരണമാകാം.

∙പരിചരണത്തിനൊപ്പം ആശ്വാസവാക്കുകളും അപകടത്തിൽപ്പെട്ടയാൾക്കു മനോധൈര്യം പകരും. രക്തം വാർന്നൊഴുകുന്നുണ്ടെങ്കിൽ മുറിവിനു മുകളിലായി വൃത്തിയുള്ള തുണികൊണ്ടു പരമാവധി മുറുക്കത്തിൽ കെട്ടുന്നത് രക്തം നഷ്ടപ്പെടുന്നതും വേദനയും ഒരു പരിധിവരെ തടയും. അസ്ഥിക്ക് ഒടിവുണ്ടെന്ന് സംശയമുണ്ടെങ്കിൽ ആ ഭാഗം കമ്പോ പലകയോ ചേർത്തു കെട്ടി വയ്ക്കണം.

∙അപകടത്തിൽപ്പെട്ടയാളെ കഴിവതും ആംബുലൻസിൽത്തന്നെ ആശുപത്രിയിലെത്തിക്കുന്നതാണ് അഭികാമ്യം.

∙ആംബുലൻസിൽവച്ചു തന്നെ പ്രഥമ ശുശ്രൂഷ നൽകുന്നത് പരുക്കേറ്റയാളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കും. പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചാൽ കടമ കഴിഞ്ഞുവെന്നാണ് പലരും കരുതുന്നത്. അപകടത്തിൽപ്പെട്ടയാളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ എത്തുന്നതുവരെ ആശുപത്രിയിലുണ്ടാകണം. അത് ആശുപത്രി അധികൃതർക്കും സഹായകമാകും. പ്രത്യേകിച്ച് പരുക്കേറ്റയാൾ അബോധാവസ്ഥയിലാണെങ്കിൽ.

∙വാഹനാപകടങ്ങൾ പോലെതന്നെയാണ് ഉയരമുള്ള കെട്ടിടത്തിൽനിന്നും മറ്റും വീണുണ്ടാകുന്ന പരുക്കുകളും. വാഹനാപകടങ്ങളോ ഉയരത്തിൽ നിന്നുളള വീഴ്ചയോ സാരമായി ബാധിക്കുന്നത് അസ്ഥികളെയാണ്. അസ്ഥികളുടെ പരുക്കുകൾ പലപ്പോഴും അപകടത്തിൽപ്പെടുന്നയാളെ നിത്യരോഗിയാക്കിയേക്കാം. മനുഷ്യശരീരത്തെ താങ്ങി നിർത്തുന്നതിനൊപ്പം, പുറമേ നിന്നുളള ക്ഷതങ്ങളിൽനിന്ന് ആന്തരികാവയവങ്ങളെ സംരക്ഷിക്കുകയെന്നതും ശരീരത്തിലെ ഏറ്റവും സാന്ദ്രത കൂടിയ കോശമായ അസ്ഥികളുടെ ചുമതലയാണ്. അപകടത്തിൽപ്പെട്ടയാൾക്കു സംഭവസ്ഥലത്തുവച്ചുതന്നെ ലഭിക്കുന്ന പ്രഥമശുശ്രൂഷ വളരെ നിർണ്ണായകമാണ്. നട്ടെല്ലിന് ഏൽക്കുന്ന ക്ഷതത്തിന്റെ സ്വഭാവമാണ് അപകടത്തിൽപ്പെടുന്ന വ്യക്തിയുടെ ഭാവി നിർണയിക്കുന്നതെന്നു പറയാം. സുഷുമ്നാനാഡിക്ക് ഏൽക്കുന്ന പരുക്ക് ശരീരത്തിന്റെ പൂർണ തളർച്ചയ്ക്കോ ഭാഗിക തളർച്ചയ്ക്കോ കാരണമാകും.

പരുക്കേറ്റയാൾക്ക് നട്ടെല്ലിനു വേദന അനുഭവപ്പെടുന്നുവെങ്കിൽ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.

1. അപകടത്തിൽപ്പെട്ടയാളുടെ ശരീരം വല്ലാതെ ഉലയാൻ ഒരിക്കലും അനുവദിക്കരുത്.
2. കഴുത്ത്, തോളുകൾ, ഉടൽ, ഇടുപ്പ്, കാലുകൾ എന്നീ ഭാഗങ്ങളിൽ തുല്യമായി ബലം കൊടുത്ത് ഒരേപോലെ ഉയർത്തണം.
3. വാഹനത്തിലക്കും മറ്റും മാറ്റുമ്പോൾ ശരീരത്തിന്റെ ഒരു ഭാഗം മാത്രമായി ഉയർത്തരുത്.
4. മൂന്നോ നാലോ പേർ ചേർന്ന് ഒരേപോലെ ഉയർത്തിയാണ് വാഹനത്തിൽ കയറ്റേണ്ടത്.
5. സുഷുമ്നാ നാഡിക്കു ക്ഷതമേറ്റിട്ടുണ്ടെങ്കിൽ അതു സങ്കീർണമാകാതിരിക്കാൻ സ്പൈൻ ബോർഡ് നിർബന്ധമായും ഉപയോഗിക്കണം

ഡോ.മാത്യു പി.തോമസ്
അസിസ്റ്റന്റ് പ്രഫസർ
അൽ അസർ മെഡിക്കൽ കോളജ്
തൊടുപുഴ
 

Your Rating: