Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിപ്നോട്ടിസം ചികിത്സയാകുന്നു

hypnotise Image Courtesy: The Week Health Supplement

നിങ്ങളുടെ ശ്രദ്ധ പൂർണ്ണമായും ഞാൻ പറയുന്നതിലേക്കാണ്. നിങ്ങൾ പൂർണമായും ഞാൻ പറയുന്നത് അനുസരിക്കുവാൻ ഒരുക്കമാണ്. ഞാൻ ഒന്ന് എന്ന് പറയുമ്പോൾ നിങ്ങൾ കണ്ണുകൾ അടയ്ക്കൂ......വട്ട ഫ്രെയിമുള്ള കണ്ണാടിയും ഫ്രഞ്ച് താടിയും വച്ചയാൾ ഹിപ്നോട്ടിസം തുടങ്ങുകയായി.

കസേരയിൽ ചാഞ്ഞു കിടന്നു ഈ വാക്കുകൾ കേൾക്കുന്ന വ്യക്തിയുടെ കണ്ണുകളിൽ പതിയെ ക്ഷീണം ഒരു മറയായി വന്നു മൂടുന്നു. ഗാഢനിദ്രയിലായ വ്യക്തിയുടെ മനസ്സിന്റെ ഉള്ളറകളിലേക്ക് അയാൾ കടക്കുകയാണ്.... അതാ രഹസ്യങ്ങളുടെ ചുരുളുകൾ അഴിയുന്നു... കാമുകിയെ ചതിച്ചത്, സഹോദരനെ വഞ്ചിച്ച് സ്വത്ത് തട്ടിയെടുത്ത രീതി....

ഹിപ്നോട്ടിസം ചെയ്താൽ ഇങ്ങനെ സംഭവിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നല്ലൊരു ശതമാനം പേരും വിശ്വസിക്കുന്നുണ്ടെന്ന് വേണം കരുതാൻ. നോവലുകളും സിനിമയുമൊക്കെ നമുക്ക് നൽകിയ ചിത്രമതാണ്.. ഒട്ടൊരു ഭയത്തോടെയാണ് ഹിപ്നോട്ടിസത്തെ നമ്മൾ കണ്ടിരുന്നത്. മനസ്സിന്റെ രഹസ്യങ്ങൾ ചോർത്തിയെടുക്കുന്ന രീതി - ഇതായിരുന്നു കുറച്ച് നാൾ മുമ്പ് വരെ ഹിപ്നോട്ടിസം നമുക്ക്. എന്നാൽ ഹിപ്നോസിസ് എന്ന മോഹനിദ്ര ഉൾപ്പെടുന്ന ഹിപ്നോതെറപ്പി കേരളത്തിലും വ്യാപകമാവുകയാണിപ്പോൾ. രോഗിയെ ഉറക്കികിടത്തുന്നതു മാത്രമല്ല ഹിപ്നോട്ടിസമെന്നും ഉറക്കുന്നത് ഹിപ്നോതെറപ്പിയുടെ ഭാഗമായ ഹിപ്നോസിസ് എന്ന പ്രക്രിയയാണെന്നും എല്ലാവരും മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.

മനസ്സാണ് ചികിത്സകൻ

ഹിപ്നോതെറപ്പിയിൽ നമ്മുടെ മനസ്സ് തന്നെയാണ് ചികിത്സകൻ. തെറപ്പിസ്റ്റ് ഒരു വഴികാട്ടി മാത്രമാണ്. രോഗശാന്തിക്കുള്ള സാഹചര്യമൊരുക്കുകയാണ് തെറപ്പിസ്റ്റ് ചെയ്യുന്നത്, തിരുവനന്തപുരത്തെ ക്ലിനിക്കൽ ഹിപ്നോതെറപ്പിസ്റ്റായ ഡോ. ഉമാദേവി പറയുന്നു. കാലിഫോർണിയ ഹിപ്നോസിസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കേരളത്തിലെ ഇൻസ്ട്രക്ടർ കൂടിയാണ് ഡോ. ഉമ. നമ്മുടെ മനസ്സ് നമുക്ക് ദ്രോഹം ചെയ്യില്ല. അതുകൊണ്ട് തന്നെ ഹിപ്നോതെറപ്പി ചികിത്സയ്ക്ക് വിധേയമാകുന്നത് ഒരിക്കലും ദോഷകരമല്ല. മരുന്നുകൾ ഉപയോഗിക്കുന്നില്ല എന്നതാണ് ഈ ചികിത്സാ രീതിയുടെ ഏറ്റവും നല്ല വശം. ചിലരുടെ വിചാരം മോഹനിദ്രയിലാക്കുന്നത് മാത്രമാണ് ചികിത്സാരീതിയെന്ന്. അതു ശരിയല്ല .വ്യക്തിയുമായുള്ള ആശയവിനിമയത്തിലൂടെ പ്രശ്നത്തിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലാണ് അയാളെ മോഹനിദ്രയിലാക്കുന്നത്. അതും വ്യക്തിയുടെ പൂർണസമ്മതത്തോടെ മാത്രം. അപ്പോൾ ഉപബോധ മനസ്സിൽ കിടക്കുന്ന കാരണം പുറത്തുവരും ഹിപ്നോതെറപ്പിയിൽ പ്രശ്നത്തിനു കാരണമായ നെഗറ്റീവ് ചിന്തകളെയാണ് മാറ്റുന്നത്. ഒരു തരം റിലീസിങ്. ആ നെഗറ്റീവ് ചിന്തകൾക്ക് പിന്നിലെ സംഭവത്തെ മായ്ച്ചു കളയാൻ കഴിയില്ല, ഡോ. ഉമ വിശദീകരിക്കുന്നു.

ആയുർവേദം, ഹോമിയോ തുടങ്ങിയവ ഉൾപ്പെടുന്ന സമാന്തര ചികിത്സമേഖലയിൽ ഹിപ്നോതെറപ്പിക്ക് ഇന്ന് ചെറുതല്ലാത്ത സ്ഥാനമുണ്ട്. പലരും പ്രശ്നങ്ങൾക്ക് പ്രതിവിധിതേടി, അതു മാനസികമായലും ശാരീരികമായാലും, ഹിപ്നോതെറപ്പി കൂടി ഉപയോഗിക്കുന്നു.

ആത്മവിശ്വാസം വളർത്താം

28 കാരനായ ചെറുപ്പക്കാരൻ. ഉന്നതവിദ്യാഭ്യാസമുണ്ട്. പക്ഷെ ഒരു ജോലി സമ്പാദിക്കാനായിട്ടില്ല. എഴുത്തുപരീക്ഷയിൽ വിജയിച്ചാലും ഗ്രൂപ്പ് ഡിസ്കഷൻ വരുമ്പോൾ പരാജയപ്പെടുന്നു. ഒരു കൂട്ടത്തിൽ സംസാരിക്കുമ്പോൾ അയാൾക്ക് വിക്ക് വരുന്നു. അല്ലാത്ത സമയം സംസാരത്തിൽ കുഴപ്പമില്ല. വിക്ക് മാറ്റിത്തരണം എന്ന ആവശ്യവുമായാണ് അയാൾ ഹിപ്നോതെറപ്പിസ്റ്റിനെ സമീപിക്കുന്നത്. ആദ്യമായി തെറപ്പിസ്റ്റ് ചെറുപ്പക്കാരനുമായി തുറന്നു സംസാരിക്കുന്നു. കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. വിക്കിന്റെ കാരണം കണ്ടുപിടിക്കാൻ ചെറുപ്പക്കാരനെ മോഹനിദ്രയിലാക്കി.

ചെറിയ കുട്ടിയായിരുന്നപ്പോൾ സ്കൂളിൽ ആദ്യമായി സ്റ്റേജിൽ പ്രസംഗമവതരിപ്പിക്കാൻ അവസരം ലഭിച്ചു. സ്റ്റേജിൽ കയറി സംസാരിച്ചു തുടങ്ങിയെങ്കിലും ഇടയ്ക്ക് തെറ്റ് വന്നപ്പോൾ കേൾവിക്കാരായിരുന്ന വിദ്യാർത്ഥികൾ കളിയാക്കി ചിരിച്ചു. അതോടെ സകല ധൈര്യവും ചോർന്ന് പ്രസംഗം മതിയാക്കി ഇറങ്ങി. പിന്നീടങ്ങോട്ട് ആളുകളെ അഭിമുഖീകരിക്കുന്ന അവസരങ്ങൾ ഒഴിവാക്കിക്കൊണ്ടിരുന്നു. എന്നാൽ പഠനം കഴിഞ്ഞ് ജോലി നേടാൻ ഇന്റർവ്യൂ ഘട്ടമെത്തിയപ്പോൾ വിക്ക് വില്ലനായി വന്നു. ശരിക്കും വിക്ക് അല്ല ഇദ്ദേഹത്തിന്റെ കാര്യത്തിൽ പ്രശ്നം. ഉത്കണ്ഠയായിരുന്നു. അതിനു കാരണമാകട്ടെ സ്കൂളിലെ സംഭവവും.

തെറപ്പിസ്റ്റുമായുള്ള മൂന്ന് സെഷനുകൾക്കുശേഷം ഒരു ഇന്റർവ്യൂവിൽ പങ്കെടുത്ത ചെറുപ്പക്കാരൻ വിക്ക് ഇല്ലാതെയാണ് സംസാരിച്ചത്. അത്മവിശ്വാസമില്ലായ്മ, ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ ഹിപ്നോതെറപ്പിയിലൂടെ ശാശ്വതമായി മാറ്റാനാകുമെന്നാണ് ഹിപ്നോതെറപ്പിസ്റ്റുകൾ പറയുന്നത്.

കുട്ടികളിലും ഉത്കണ്ഠ മാറ്റാം

പരീക്ഷകാലമാകുമ്പോൾ പല കുട്ടികളും മാനസികമായ സംഘർഷം അനുഭവിക്കുന്നു. പഠിക്കാൻ പറ്റുന്നില്ല, പരീക്ഷ എഴുതുമ്പോൾ പഠിച്ചത് ഓർക്കാൻ പറ്റുമോ? ഏകാഗ്രത കിട്ടുന്നില്ല തുടങ്ങിയ വിഷയങ്ങൾ കുട്ടികളെ വല്ലാതെ അലട്ടും. ഇതിനു കാരണമാകട്ടെ മനസ്സിലെ ഉത്കണ്ഠയും പിരിമുറുക്കവും. ഹിപ്നോതെറപ്പിയിലൂടെ ഉത്കണ്ഠ എന്ന വികാരത്തെ നീക്കം ചെയ്ത്, ആത്മവിശ്വാസത്തെ പ്രതിഷ്ഠിക്കും .

അങ്ങനെ കുട്ടികൾക്ക് വിജയകരമായി പരീക്ഷയെ നേരിടാൻ കഴിയുന്നു. കൂടാതെ നന്നായി പഠിക്കാൻ കുട്ടിയുടെ സഹായത്തോടെ തന്നെ തെറപ്പിസ്റ്റുകൾ ഒരു ടൈംടേബിൾ തയാറാക്കും. തങ്ങളുടെ താൽപര്യപ്രകാരം തയാറാക്കുന്നതായതു കൊണ്ടുതന്നെ കുട്ടികൾക്ക് ആ ടൈംടേബിൾ പിന്തുടരുന്നതിൽ പ്രയാസമുണ്ടാവില്ല.

വേദനകൾക്ക് ആശ്വാസം

വേദനകൾ പലതരമുണ്ട്. ഹിപ്നോതെറപ്പിയിലൂടെ വേദനകൾക്ക് ശമനം തേടി ധാരാളം പേർ എത്തുന്നു. സന്ധിവേദന, നട്ടെല്ല് വേദന, മൈഗ്രേയ്ൻ, പല്ല് വേദന, പ്രസവവേദന, ശസ്ത്രക്രിയയ്ക്കു ശേഷമുള്ള വേദന... അങ്ങനെ പലതും . ഉദാഹരണത്തിന് മൈഗ്രേയ്ൻ ഉള്ള വ്യക്തിയെ ആദ്യം ഉചിതമായ നിർദേശങ്ങളിലൂടെ റിലാക്സ് ചെയ്യിക്കുന്നു. രോഗിയെ മോഹനിദ്രയിൽ ആക്കിയശേഷം മൈഗ്രേയിൻ ഉണ്ടാക്കാവുന്ന സാഹചര്യങ്ങളോട് പ്രതികരിക്കുന്ന രീതിയിൽ പോസിറ്റീവായ മാറ്റം വരുത്താൻ ഉതകുന്ന നിർദേശം നൽകും.

അതായത് സൂര്യപ്രകാശം ഏൽക്കുന്നത് മൈഗ്രേയ്നു കാരണമാകും എന്നു വിശ്വസിക്കുന്ന വ്യക്തിയുടെ മനസ്സിൽ സൂര്യപ്രകാശത്തിന് നെഗറ്റീവ് ഇമേജാണ് ഉള്ളത്. സൂര്യപ്രകാശം ഏൽക്കുമ്പോഴെ ടെൻഷൻ വളർന്നു തുടങ്ങും. സ്വഭാവികമായും തലവേദന വരും. അതു മാറ്റി സൂര്യപ്രകാശത്തിന്റെ നല്ല വശങ്ങൾ മനസ്സിനു പറഞ്ഞുകൊടുക്കും. സൂര്യപ്രകാശം ഏൽക്കുന്നത് വിറ്റമിൻ ഡി കിട്ടാൻ സഹായിക്കും. എന്നിങ്ങനെയുള്ള പോസിറ്റീവ് നിർദ്ദേശങ്ങൾ. രോഗിയുടെ ഉപബോധമനസ്സ് ആ നിർദ്ദേശം സ്വീകരിച്ച് അതിനനുസരിച്ച് ബോധമനസ്സിന്റെ കാഴ്ചപ്പാടിൽ ആവശ്യമായ മാറ്റം കൊണ്ടുവരും. പിന്നീട് മൈഗ്രേയ്ൻ ഉണ്ടാകാൻ കാരണമായ ട്രിഗർ ഫാക്ടറുകൾ വരുമ്പോൾ ഈ പുതിയ കാഴ്ചപ്പാടിൽ കൂടി അവയെ നേരിടാനും പ്രതികരിക്കാനും രോഗിക്കു കഴിയുന്നു. അതിനാൽ അത്തരം സാഹചര്യത്തിൽ മൈഗ്രേയ്ൻ അനുഭവപ്പെടുകയില്ല. 3-4 സെഷനുകൾ കൊണ്ട് മൈഗ്രേയ്ൻ പൂർണ്ണമായും മാറിയ അനുഭവങ്ങളുണ്ട്.

പ്രസവവേദന കൈകാര്യം ചെയ്യാം

പ്രസവവേദനയെ പേടിയോടെ കാണുന്ന പെൺകുട്ടികളെ സഹായിക്കാനും ഹിപ്നോതെറപ്പിക്കു കഴിയും. ഇവിടെ പ്രസവവേദന കുറയ്ക്കുകയല്ല. വേദന കുറയ്ക്കുന്നത് പ്രസവം നടക്കാൻ ബുദ്ധിമുട്ടുണ്ടാക്കും. പ്രസവതീയതി അടുക്കാറായ ഗർഭിണികൾക്ക് നിർദേശങ്ങൾ നൽകും. അതായത് വിചാരിക്കുന്നത്ര കഠിനമായ വേദന വരില്ല. മറിച്ച് സങ്കോചമാണു സംഭവിക്കുക തുടങ്ങിയ പൊസിറ്റീവായ കാര്യങ്ങൾ നിർദ്ദേശിക്കും. തുടർന്ന് പ്രസവസമയത്ത് ഗർഭിണി വേദന കൈകാര്യം ചെയ്യാൻ പഠിക്കും . അധികം ബുദ്ധിമുട്ടുകൾ ഉണ്ടാവുകയുമില്ല. പ്രസവവേദന കൈകാര്യം ചെയ്യുന്നതുപോലെ ഗർഭിണികളിലെ ഛർദ്ദിയും നിയന്ത്രിക്കാൻ കഴിയും.

സന്ധിവേദന, മുട്ടുവേദന , ആർത്തവവേദന തുടങ്ങിയ വേദനകളിലും ഹിപ്നോതെറപ്പി നല്ല ഗുണം ചെയ്യും. ഈ പ്രശ്നങ്ങളിലെല്ലാം വേദന അവിടെതന്നെ ഉണ്ടാകും. വേദന അനുഭവപ്പെടാനുള്ള പ്രധാന കാരണം ടെൻഷനായിരിക്കും. ഹിപ്നോസിസിലൂടെ രോഗിയെ റിലാക്സ് ചെയ്യുന്നതോടെ ടെൻഷൻ കുറയും. വാതം, എല്ല് തേയ്മാനം സംബന്ധമായ വേദന, എന്നിവ കുറയ്ക്കാനും ഹിപ്നോതെറപ്പി ഇന്ന് ഉപയോഗിക്കുന്നുണ്ട്. തേയ്മാനം മാറ്റാൻ ഒരിക്കലും കഴിയില്ല. പക്ഷെ തേയ്മാനം മൂലം ഉണ്ടാകുന്ന വേദന, അസ്വസ്ഥതകൾ എന്നിവയ്ക്ക് ആശ്വാസം ലഭിക്കും.

കായികപ്രകടനം മെച്ചപ്പെടുത്താം

ഹിപ്നോതെറപ്പിയിലൂടെ കായികപ്രകടനം മെച്ചപ്പെടുത്താം എന്നതാണ് മറ്റൊരു അവകാശവാദം. ചിലപ്പോൾ നല്ല കഴിവുള്ള അത്‍്ലറ്റിനു മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാതെ വരും. മത്സരം നേരിടാനുള്ള ആത്മവിശ്വാസമില്ലായ്മ, തന്നെക്കാൾ കഴിവുള്ള എതിരാളിയെക്കുറിച്ചോർത്തുള്ള ഭയം, അമിതപ്രതീക്ഷ നൽകുന്ന സമ്മർദ്ദം തുടങ്ങിയ ഘടകങ്ങളാകും പ്രശ്നങ്ങൾക്ക് പിന്നിൽ. ഈ അവസ്ഥയിൽ പോസിറ്റീവ് നിർദ്ദേശങ്ങളിലൂടെ കായികതാരത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കും. ഇതു പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കും.

തൊഴിലിടങ്ങളിലും ഉപയോഗിക്കുന്നു

വിദേശരാജ്യങ്ങളിൽ തൊഴിൽ സ്ഥാപനങ്ങളിൽ ടീം സ്പിരിറ്റ് സൃഷ്ടിക്കാൻ ഹിപ്നോതെറപ്പി ഉപയോഗിക്കുന്നുണ്ട്. തൊഴിലാളികളെ ഒരുമിച്ചാകും തെറപ്പിക്കു വിധേയരാക്കുക. റിലാക്സ് ചെയ്യാനുള്ള നിർദ്ദേശങ്ങൾ നൽകുന്നതോടെതന്നെ തൊഴിലാളികളുടെ മനസ്സിലെ സമ്മർദ്ദത്തിനു അയവു വരും. പിന്നീട് കൂടുതൽ ഊർജ്ജത്തോടെ ജോലിയിൽ ഏർപ്പെടാൻ തൊഴിലാളികൾക്ക് കഴിയുന്നു. ചുരുക്കിപ്പറഞ്ഞാൽ ഒരു സ്ഥാപനത്തിന്റെ തന്നെ പ്രവർത്തനവും ഉൽപാദനവും മെച്ചപ്പെടുത്താൻ ഹിപ്നോതെറപ്പി കൊണ്ട് സാധിക്കും.

പെയ്ൻ ആൻഡ് പാലിയേറ്റീവ് രംഗത്തും

കാൻസർ പോലുള്ള രോഗത്തിന്റെ അവസാന ഘട്ടത്തിലായവർ, ശയ്യാവലംബികളായ രോഗികൾ എന്നിവർക്ക് വേദനയിൽ നിന്ന് ആശ്വാസം ലഭിക്കാൻ ഹിപ്നോതെറപ്പി ഉപയോഗിക്കുന്നുണ്ട്. കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതം നൽകാമെന്ന് വാഗ്ദാനം. ഇത്തരക്കാരോട് തുറന്ന് സംസാരിച്ച്, വേദനയുടെ ആക്കം കുറയ്ക്കും. ഒപ്പം നല്ല ഉറക്കം ലഭിക്കാനുള്ള നിർദ്ദേശങ്ങളും നൽകും.

കുട്ടി കുറ്റവാളികളെ ഹിപ്നോതെറപ്പിയിലൂടെ സന്മാർഗത്തിലെത്തിക്കാൻ കഴിയുമെന്നാണ് തെറപ്പിസ്റ്റുകൾ പറയുന്നത്. അവരുടെ നിലവിലെ പെരുമാറ്റത്തിന്റെ പൊരുൾ കണ്ടെത്തി, ആ ചിന്തകൾ മനസ്സിൽ നിന്നു മാറ്റി, നല്ല ചിന്തകൾ നിറയ്ക്കാൻ സാധിക്കും.

വണ്ണം കുറയ്ക്കാൻ ഹിപ്നോതെറപ്പി

23 വയസ്സുള്ള പെൺകുട്ടി. അമിതവണ്ണമാണ് പ്രശ്നം. ആഹാരകാര്യത്തിൽ നിയന്ത്രണമില്ല. നിയന്ത്രിക്കണമെന്നു വിചാരിച്ചിട്ടും സാധിക്കുന്നില്ല. ഹിപ്നോതെറപ്പിസ്റ്റ് ഹിപ്നോസിസിലൂടെ കാരണം കണ്ടെത്തി. മൂന്ന് പെൺമക്കളുള്ള വീട്ടിലെ ഇളയകുട്ടിയാണ്. നല്ല സുന്ദരിയും. ചേച്ചിമാർക്ക് അത്ര സൗന്ദര്യമില്ല. ഈ പെൺകുട്ടിയെ ബന്ധുകളിലൊരാൾ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട്. താൻ സുന്ദരിയായതുകൊണ്ട് ഇങ്ങനെ സംഭവിച്ചെന്നു കരുതി ആ പെൺകുട്ടി സൗന്ദര്യം കുറയ്ക്കാൻ ഭക്ഷണം നിയന്ത്രണമില്ലാതെ കഴിക്കാൻ തുടങ്ങി. കാരണം കണ്ടെത്തിയതോടെ തെറപ്പിസ്റ്റ് പ്രശ്നം പരിഹരിച്ചു. ആഹാരം നിയന്ത്രിക്കണമെന്ന് മനസ്സ് അംഗീകരിച്ചതോടെ കുട്ടിയുടെ വണ്ണം കുറയാൻ തുടങ്ങി. ശരീരഭാരം കുറയ്ക്കാൻ വിദേശരാജ്യങ്ങളിൽ ഹിപ്നോതെറപ്പി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

പേടികളുടെ കാരണവും രോഗചികിത്സയും

പേടിയില്ലാത്ത മനുഷ്യരില്ല . എന്നാൽ ചിലരിൽ പ്രത്യേകതരം പേടികൾ കാണാറുണ്ട്. ഉയരം, വെള്ളം, ഇരുട്ട്, അടഞ്ഞ മുറികൾ എന്നിവ. ഈ പേടികൾ നിശേഷം മാറ്റാൻ ഹിപ്നോതെറപ്പിക്കു സാധിക്കുമെന്നാണ് കരുതുന്നത്. ഈ പേടികൾക്കു പിന്നിലെ കാരണം ഹിപ്നോസിസിലൂടെ കണ്ടെത്തിയാൽ പ്രശ്നം പരിഹരിക്കാൻ സാധിക്കും.

ബി.പി, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലീരോഗങ്ങൾക്കും ഹിപ്നോതെറപ്പിസ്റ്റുകൾ പരിഹാരം നിർദ്ദേശിക്കുന്നുണ്ട്. ബൈപോളാർ ഡിസോർഡർ പോലുള്ള തീവ്ര മനോരോഗങ്ങളെ ആദ്യഘട്ടത്തിൽ നിയന്ത്രിക്കാൻ കഴിയുമത്രേ.

ഞാൻ മുജ്ജന്മത്തിൽ ആരായിരുന്നു?

കഴിഞ്ഞ ജന്മത്തിൽ നിങ്ങൾ ആരായിരുന്നു? ഈ ജന്മത്തിലെ ജീവിതപങ്കാളി തന്നെയായിരുന്നോ കഴിഞ്ഞ ജന്മത്തിലും? പലരുടെയും ധാരണ ഈ വിവരങ്ങൾ പാസ്റ്റ് ലൈഫ് റിഗ്രഷൻ തെറപ്പിയിലൂടെ ഹിപ്നോതെറപ്പിസ്റ്റ് പറഞ്ഞു തരുമെന്നാണ്. ഇതുമാത്രമായി അംഗീകൃത ഹിപ്നോതെറപ്പിസ്റ്റുകൾ ചെയ്തുതരാറില്ല. ഒരു വ്യക്തിയുടെ പ്രശ്നത്തിന്റെ കാരണം ഹിപ്നോസിസിലൂടെ കണ്ടെത്താനാകാതെ വരുമ്പോഴാണ് ആ പ്രശ്നത്തിന് കഴിഞ്ഞ ജന്മവുമായി ബന്ധമുണ്ടോ എന്നറിയാൻ ശ്രമിക്കുന്നത്. ഒരു ഹിപ്നോതെറപ്പിസ്റ്റിന്റെ പക്കൽ വന്ന കേസ് ഇങ്ങനെ. ഒരു 15 വയസ്സുള്ള പെൺകുട്ടി . രക്തം കണ്ടാൽ വല്ലാത്ത പരിഭ്രമം. അതു നേരിട്ടായാലും ടിവിയിൽ ആയാലും. വിറയൽ വരും. ചിലപ്പോൾ ബോധംകെട്ടു വീഴും. ഹിപ്നോസിസ് ചെയ്തിട്ടും ഈ പേടിക്കു പിന്നിലെ കാരണം കണ്ടെത്താനായില്ല. ഒടുവിൽ കഴിഞ്ഞ ജന്മത്തിലേക്ക് കുട്ടിയെ കൊണ്ടുപോയി. പെട്ടെന്ന് കുട്ടിയുടെ മുഖം മാറുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കുന്ന ഒരു പട്ടാളക്കാരൻ. അയാൾക്കു നെഞ്ചിൽ വെടി കൊള്ളുന്നു. നെഞ്ചിൽ നിന്ന് രക്തം ഒഴുകുന്നു. ഞാൻ മരിക്കാൻ പോകുന്നു എന്ന നിലവിളിയോടെ അയാൾ യുദ്ധഭൂമിയിൽ വീണു മരിക്കുന്നു. ഈ കുട്ടിയുടെ കഴിഞ്ഞ ജന്മമായിരിക്കാം അത്. അതുകൊണ്ടു തന്നെ രക്തം എപ്പോൾ കണ്ടാലും മരണവുമായാണ് കുട്ടിയുടെ മനസ്സ് ബന്ധപ്പെടുത്തുന്നത്.

ഭാര്യയെ സംശയം(ഭർത്താവിനെയും)

ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങൾ ഹിപ്നോതെറപ്പിയിലൂടെ പരിഹരിക്കാമെന്ന് തെറപ്പിസ്റ്റുകൾ പറയുന്നു. വിവാഹബന്ധത്തിലെ ലെഗികമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഒരുപാട് പേർ ഹിപ്നോതെറപ്പിസ്റ്റുകളെ സമീപിക്കുന്നു. ലൈംഗികത പാപമായി കരുതുന്ന ഒരു പെൺകുട്ടിയുടെ കേസ് കൈകാര്യം ചെയ്ത ഹിപ്നോതെറപ്പിസ്റ്റ് പറയുന്നത് ഇത്തരം കേസുകളിൽ ദമ്പതികളുടെ പൂർണ സഹകരണം പലപ്പോഴും കിട്ടാറില്ല എന്നാണ്.

ചില പുരുഷന്മാർക്ക് ഭാര്യയെ സംശയം, പരപുരുഷ ബന്ധമുണ്ടോ എന്ന്. ഭാര്യയെ ഹിപ്നോസിസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പലരും തെറപ്പിസ്റ്റുകളെ സമീപിക്കാറുണ്ട്. പക്ഷെ ചോദ്യങ്ങൾ ഭർത്താവ് ചോദിക്കും. അല്ലെങ്കിൽ ഭർത്താവ് എഴുതിക്കൊടുക്കുന്ന ചോദ്യങ്ങൾ തന്നെ ചോദിക്കണം. ഭർത്താവ് പോയയുടൻ തെറപ്പിസ്റ്റിനു ഭാര്യയുടെ ഫോൺവിളി വരും. ഇനി ഭർത്താവ് നിർബന്ധിച്ച് ഹിപ്നോസിസിനു വിധേയയാക്കിയാൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ പറഞ്ഞുതരുമോ എന്ന് ചോദിച്ച്. നാട്ടിലുള്ള ഭാര്യയെ ഹിപ്നോസിസ് ചെയ്ത് രഹസ്യങ്ങൾ മനസ്സിലാക്കി, അതു സി ഡി യിലാക്കി ഗൾഫിലേക്ക് അയച്ചുതരുമോ എന്ന് ചോദിക്കുന്ന ഭർത്താക്കന്മാരുമുണ്ട്.

ഭ്രമം കയറി പഠിക്കാൻ വരുന്നവർ

ഇന്ന് ധാരാളം പേർ ഹിപ്നോതെറപ്പി പഠിക്കാനായി മുന്നോട്ട് വരുന്നുണ്ട്. ഹിപ്നോസിസ് ചെയ്യുന്നതു മാത്രം പഠിപ്പിക്കണം എന്ന ആവശ്യവുമായി, വരുന്നവരും ധാരാളമുണ്ട്. എന്റെ പക്കൽ എട്ടോളം പേർ ഇന്ന് ഹിപ്നോതെറപ്പി പഠിക്കുന്നുണ്ട്. പഠിക്കാൻ വരുന്നവരിൽ ഭൂരിഭാഗം പേരും ഉദ്യോഗസ്ഥരാണ്. വിദ്യാർത്ഥികളെ പഠിപ്പിക്കണം എന്ന ആവശ്യവുമായി സ്ക്കൂൾ അധികൃതർ സമീപിച്ചിരുന്നു. അതിനു കഴിയില്ല അവർ അനവസരത്തിൽ ഉപയോഗിച്ചാലോ? ഡോ. ഉമാ ദേവി പറയുന്നു.

കള്ളൻ പൊലീസ് ആകുന്ന തട്ടിപ്പ്

ഇന്ന് ധാരാളം പേർ ഹിപ്നോതെറപ്പിയുടെ പേരിൽ തട്ടിപ്പ് നടത്തുന്നുണ്ടെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൈക്കോളജിസ്റ്റായ ഡോ. ബഷീർ കുട്ടി പറയുന്നു. ഹിപ്നോതെറപ്പിസ്റ്റ് ആകാനും ചില ഗുണങ്ങൾ വേണം. ആത്മവിശ്വാസം, കഴിവ്, വിഷയത്തിൽ വൈദഗ്ദ്ധ്യം എന്നിവ വേണം. ഫോബിയകൾ മാറ്റാൻ ഹിപ്നോതെറപ്പികൊണ്ട് സാധിക്കും. പഴകിയ വിഷാദത്തിന്റെ കാരണം കണ്ടെത്താനും ഈ രീതി ഉപയോഗിക്കുന്നുണ്ട്. മനസ്സിന് പക്വതയില്ലാത്തവരാണ് മറ്റുള്ളവരുടെ മനസ്സിനെ എളുപ്പം മനസ്സിലാക്കിയെടുക്കാം എന്ന വിചാരത്തോടെ ഹിപ്നോസിസ് മാത്രം പഠിക്കാൻ താൽപര്യമെടുക്കുന്നത്. ഒരു കള്ളൻ പോലീസ് ആകാൻ കൊതിക്കുന്നതു പോലെയാണ് അത് ഡോ. ബഷീർ കുട്ടി പറയുന്നു. മലയാളികൾ ഇന്ന് ആരോഗ്യസാക്ഷരതയിൽ മുൻപന്തിയിലാണ്. ഒരു പ്രശ്നം വന്നാൽ ഏതു ചികിത്സാരീതിയാണ് കൂടുതൽ ഗുണകരമെന്ന് മൂന്നും നാലും വട്ടം വരെ ചിന്തിക്കും. അതുകൊണ്ട് തന്നെ മരുന്ന് ഉപയോഗിക്കാതെയുള്ള ഹിപ്നോതെറപ്പിയിൽ കൂടുതൽ പേർ ആകൃഷ്ടരാകുന്നതും.

ഉറക്കവും യോഗനിദ്രയും

ഹിപ്നോസിസ് എന്ന വാക്കിന് ഉറക്കം എന്നാണ് അർത്ഥം. ഹിപ്നോട്ടിസം എന്നാൽ നിർദ്ദേശങ്ങൾക്കനുസൃതമായ ഉറക്കം. മനുഷ്യന്റെ ഉൽപ്പത്തിയോളം തന്നെ പഴക്കമുണ്ട് ഹിപ്നോട്ടിസത്തിനെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ബൈബിളിൽ ഉൽപത്തി പുസ്തകത്തിൽ മനുഷ്യോൽപ്പത്തിയെക്കുറിച്ച് പരാമർശിക്കുന്നിടത്ത് ഗാഢനിദ്രയെക്കുറിച്ച് പറയുന്നുണ്ട്. അതുകൊണ്ട് കർത്താവായ ദൈവം മനുഷ്യനെ ഗാഢനിദ്രയിലാഴ്ത്തി. ഉറങ്ങുമ്പോൾ അയാളുടെ വാരിയെല്ലുകളിൽ ഒന്നെടുത്തു... ലോകത്തിലെ ആദ്യ ഹിപ്നോട്ടിസമാണ് ദൈവം നടത്തിയത്. ഹിപ്നോട്ടിസത്തിന്റെ സാധ്യതകൾ സൂക്ഷ്മമായി മനസ്സിലാക്കുവാൻ പരിശ്രമിച്ച ആദ്യ വ്യക്തി സ്വിറ്റ്സർലണ്ടുകാരനായ ഫ്രാൻസ് അന്റോൺ മെസ്മർ ആയിരുന്നു. ഹിപ്നോട്ടിസത്തിന് മെസ്മറിസം എന്ന അപരനാമവും ഉണ്ട്. നിർദേശങ്ങൾ നൽകി ഉറക്കുന്ന വിദ്യക്ക് ഹിപ്നോട്ടിസം എന്ന പേര് നൽകിയത് ഫ്രോയിഡാണെന്നും അതല്ല ബ്രിട്ടീഷ് ഭിഷഗ്വരനായ ജയിംസ് ബ്രെയ്ഡാണെന്നും വാദമുണ്ട്.

കുട്ടികളിലെ പേടി അകറ്റാം

കുട്ടികളിലെ പലതരം പേടികൾ (പ്രേതം, ഭൂതം, ഇരുട്ട്) അമിത ദേഷ്യം മുതിർന്നു കഴിഞ്ഞും രാത്രിയിൽ കിടക്കയിൽ മൂത്രം ഒഴിക്കുന്ന ശീലം, ഇളയ കുട്ടിയോടുള്ള വിരോധംഎന്നിവയ്ക്കെല്ലാം പരിഹിരം നിർദ്ദേശിക്കുന്നുണ്ട്. ഒരു അനുഭവ കഥ കേൾക്കൂ.

ഒമ്പത് വയസ്സുള്ള പെൺകുട്ടി . രാത്രിയിൽ കിടക്കയിൽ മൂത്രം ഒഴിക്കുന്ന ശീലമുണ്ട്. ഇതു മാറ്റാനായി കുട്ടിയെ മാതാപിതാക്കൾ ഹിപ്നോതെറപ്പിസ്റ്റിന്റെ പക്കൽ എത്തിച്ചു. പേടി കൊണ്ടാണ് കുട്ടി കിടക്കയിൽ മൂത്രമൊഴിക്കുന്നത്. പേടിയുടെ കാരണം കണ്ടെത്താൻ ഹിപ്നോസിസ് ചെയ്യേണ്ടി വന്നു. ഈ കുട്ടിക്ക് ധാരാളം പാവകളുണ്ട്. അതെല്ലാം മുറിയിലാണ് സൂക്ഷിക്കുന്നത്. പാവകളുടെ കൂട്ടത്തിൽ ഈ കുട്ടിയുടെ വലുപ്പമുള്ള ഒരു പാവയുണ്ട്. പകലൊക്കെ ഈ പാവയുമായി കുട്ടി കളിക്കും എന്നാൽ രാത്രി ഉറക്കത്തിൽ പാവ കുട്ടിയെ പേടിപ്പിക്കുമത്രേ. ഒടുവിൽ കുട്ടിയെ കൗൺസലിങ്ങിനു വിധേയയാക്കി. മുറിയിലെ പാവകളൊക്കെ മാറ്റി. 3-4 സെഷനുകൾ കഴിഞ്ഞപ്പോൾ പ്രശ്നം പൂർണ്ണമായും മാറി. ഭൂതം, പ്രേതം എന്നിവയോടുള്ള പേടി. കുട്ടികളെ മാനസികമായി വല്ലാതെ അലട്ടുന്നുണ്ട്. സിനിമ, ടിവി സീരിയൽ എന്നിവയിൽ നിന്നുമൊക്കെയാണ് ഇത്തരം കഥാപാത്രങ്ങൾ കുട്ടികളുടെ മനസ്സിലേക്ക് കുടിയേറുന്നത്. കൂടാതെ വീട്ടിലെ മുതിർന്നവർ മനസ്സിലേക്ക് തിരുകി കയറ്റുന്ന പേടികളുമുണ്ട്. ഹിപ്നോതെറപ്പിയിലൂടെ ആ പ്രേതത്തെ കുട്ടികളുടെ മനസ്സിൽ നിന്ന് പറഞ്ഞുവിടണം. അങ്ങനെയൊരു കഥാപാത്രം ഇല്ലെന്നു കുട്ടികളുടെ ഉപബോധമനസ്സിനെ ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നത്.‌

ഇളയ കുട്ടിയോട് ശത്രുതാമനോഭാവവും ഹിപ്നോട്ടിസത്തിലൂടെ മാറ്റാൻ കഴിയും. പക്ഷെ അതിനു മാതാപിതാക്കളുടെ സഹകരണം കൂടി ആവശ്യമാണ്. ഇളയ കുട്ടി ജനിച്ചുകഴിഞ്ഞാൽ ആദ്യ കുട്ടിയെ വീട്ടിലെ എല്ലാവരും കൂടി ചേർന്ന് മുതിർന്ന കുട്ടിയാക്കും. നാലോ അഞ്ചോ വയസ്സു മാത്രമുള്ള ആദ്യ കുട്ടിക്ക് ഈ ‘സ്ഥാനകയറ്റം’ അംഗീകരിക്കാൻ കഴിയില്ല. അമ്മ ചോറ് വാരി തരുന്നില്ല, ഉമ്മ കൊടുക്കുന്നില്ല, അടുത്തു കിടത്തുന്നില്ല തുടങ്ങിയ പരാതികളാണ് കുട്ടികൾക്ക് പറയാൻ ഉണ്ടാവുക. ഈ പരിഭവങ്ങൾ ഇളയകുട്ടിയോടുള്ള ദേഷ്യമായി മാറും. കുട്ടികളെ ഹിപ്നോസിസ് ചെയ്യുന്നത് മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരിക്കും.

പുകവലിയും മദ്യപാനവും

പുകവലിയും മദ്യപാനവും ഹിപ്നോതെറപ്പിയിലൂടെ പൂർണമായി മാറ്റാനാകുമെന്നാണ് തെറപ്പിസ്റ്റുകൾ പറയുന്നത്. വ്യക്തിയുടെ പൂർണ സഹകരണവും സമ്മതവും ആവശ്യമായി വരും. ഈ ദുശ്ശീലങ്ങൾ എത്ര ശ്രമിച്ചിട്ടും സ്വയം നിർത്താൻ കഴിയാത്തവർക്ക് ഹിപ്നോതെറപ്പിയുടെ സഹായം തേടാം. ഒരു ദിവസം 50 സിഗററ്റു വരെ വലിച്ചിരുന്ന വ്യക്തികൾ ഈ ശീലം പൂർണ്ണമായി ഉപേക്ഷിച്ച അനുഭവങ്ങൾ ഉണ്ട്. പുകവലിയും, മദ്യപാനവും ഒരുമിച്ചുള്ളവരിൽ ആദ്യം ഒരുശീലം നിർത്തിയതിനുശേഷം മറ്റേ ശീലം മാറ്റൂ. രണ്ടും ഒരുമിച്ച് കഴിയില്ല. ഈ ശീലങ്ങൾ ഹിപ്നോതെറപ്പിയിലൂടെ നിർത്തുമ്പോൾ പിന്മാറ്റ ലക്ഷണങ്ങൾ (വിഡ്രോവൽ സിംപ്റ്റം) കാണിക്കില്ല എന്നാണ് കരുതുന്നത്.

ആയുർവേദത്തിലും

മനോരോഗചികിത്സയ്ക്ക് ആയുർവേദത്തിൽ ഹിപ്നോതെറപ്പിയോട് സാമ്യമുള്ള ചില ചികിത്സാരീതികൾ ഇന്ന് ഉപയോഗിക്കുന്നുണ്ട്. പല ഉപായങ്ങൾ (സൈക്കോതെറപ്പി ടെക്നിക്കുകൾ പോലെ )വഴി മനസ്സിനെ അഹിതങ്ങളായ അർഥതലങ്ങളിൽ നിന്ന് തിരിച്ചുകൊണ്ട് വരുന്ന രീതിയുണ്ട്. അതായത് രോഗഗ്രസ്ഥമായ മനോവികാരത്തെ മാറ്റി മറ്റൊരു വികാരം വച്ചു പിടിപ്പിക്കുന്നു. ഉദാഹരണത്തിന് മനസ്സിൽ ക്രോധമുണ്ടെങ്കിൽ അതു മാറ്റി സങ്കടം നിറയ്ക്കും. വിസ്മാപനം, വിസ്മാരണം എന്നിങ്ങനെ പല ഉപായങ്ങളുണ്ട്. മരുന്നില്ലാത്ത ചികിത്സാരീതികളാണിവയൊക്കെ.

വിവരങ്ങൾക്കു കടപ്പാട്

ഡോ. കെ .സുന്ദരൻ മുൻ സൂപ്രണ്ട്, ഗവ. ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റൽ ഡിസീസ്, കോട്ടയ്ക്കൽ

ഡോ. പി. ഉമാദേവി ക്ലിനിക്കൽ ഹിപ്നോതെറപ്പിസ്റ്റ്, തിരുവനന്തപുരം