Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈക്രോവേവ് ഉപയോഗത്തിൽ ശ്രദ്ധിക്കണേ!

microwave-oven

ഏതാണ്ട് 50 വർഷങ്ങൾക്കു മുൻപാണ് ലോകത്തുതന്നെ അവ്ൻ എന്ന ഉപകരണം പാചകത്തിനായി ഉപയോഗിക്കാൻ തുടങ്ങിയത്. ഇപ്പോൾ വീടുകളിൽ ഫ്രിഡ്ജ് എന്നപോലെതന്നെ അവ്നും ഉപയോഗത്തിലുണ്ട്. പരമ്പരാഗത രീതിയിലുള്ള ഓവനും ഇന്നത്തെ മൈക്രോവേവ് അവ്നും തമ്മിൽ വളരെയധികം വ്യത്യാസങ്ങളുണ്ട്.

ആദ്യകാലങ്ങളിലെ അവ്ൻ എന്നാൽ ചൂടു പുറത്തേക്കു പോകാതെ ആവരണം ചെയ്ത ഒരു പെട്ടിക്കുള്ളിൽ വച്ച് ചൂടാക്കുകയും ചുട്ടെടുക്കുകയും ഉണക്കുകയും ചെയ്യുന്ന ഒരുപകരണമായിരുന്നു. മൈക്രോവേവ് അവ്നിൽ വൈദ്യുതകാന്തിക മേഖലയിൽ മൈക്രോവേവ് രശ്മികൾ കടത്തിവിടുമ്പോൾ അതിൽ വച്ചിരിക്കുന്ന ഭക്ഷണസാധനം ചൂടാവുകയും വേവുകയും ചെയ്യുമെന്ന തത്വമാണ് ഇതിൽ. ഭക്ഷണം വളരെ വേഗത്തിലും എല്ലാ ഭാഗങ്ങളിലും സമമായ രീതിയിലും ചൂടായി കിട്ടുന്നു എന്നതാണ് മൈക്രോവേവ് അവ്ന്റെ പ്രത്യേകത. പഴയകാലത്തെ അവ്നിൽ ഭക്ഷണത്തിന്റെ പുറംഭാഗം കരിഞ്ഞു കിട്ടുമെങ്കിലും ഉൾഭാഗം വേണ്ടപോലെ വെന്തുകിട്ടണമെന്നില്ല. ഇതിൽ ഭക്ഷണപദാർഥവും അതുവച്ചിരിക്കുന്ന പാത്രവും ഒരുപോലെ ചൂടാവാനും സാധ്യതയുണ്ട്. അതുതന്നെ 180 ഡിഗ്രി സെന്റീഗ്രേഡ് ചൂടുവരെ കാണും. ദേഹത്തു കൊണ്ടാൽ പൊള്ളലുണ്ടാകാൻ അതുമതി.

മെച്ചപ്പെട്ട പ്രവർത്തനം നൽകുന്നു

ഇന്നത്തെ മൈക്രോവേവ് അവ്ൻ കുറേക്കൂടി മെച്ചപ്പെട്ട പ്രവർത്തനമാണു നൽകുന്നത്. മെറ്റൽ കൊണ്ടുള്ള കുക്കിങ് ചേമ്പർ, ഭക്ഷണസാധനം അടങ്ങിയ പാത്രം താനേ തിരിയാൻ വേണ്ടി ടേൺ ടേബിൾ, ഡിജിറ്റൽ അല്ലെങ്കിൽ ഡയൽ മോഡലിലുള്ള കൺട്രോൾ പാനൽ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. കൺട്രോൾ പാനലിൽ എൽഇഡിയും അക്കങ്ങൾ തെളിയുന്ന ബട്ടണുകളും ഈ ഉപകരണത്തിലുണ്ട്. സാധ്യമാവുന്ന പ്രവൃത്തികൾ ഓരോന്നിനും വെവ്വേറെ ബട്ടണുകളും പ്രത്യേകം ഭക്ഷണസാധനങ്ങൾക്കുള്ള (ഇറച്ചി, മീൻ, മുട്ട, പച്ചക്കറികൾ, ശീതീകരിച്ച പച്ചക്കറികൾ, പപ്പടം, പോപ്പ്കോൺ എന്നിവ) മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പ്രോഗ്രാം ബട്ടണുകളും ഒക്കെയുണ്ട്. മൈക്രോവേവ് സേഫ് എന്നു രേഖപ്പെടുത്തിയ പ്ലാസ്റ്റിക് പാത്രങ്ങളും ഭക്ഷണപ്പൊതികളും ഉപയോഗിക്കാം.

ടൈമർ പാചകസമയത്തിനനുസരിച്ച് സെറ്റു ചെയ്തുവച്ചാൽ സമയം കഴിഞ്ഞാൽ അവ്ൻ താനേ ഓഫാകും. നൂറു ഡിഗ്രിസെന്റീഗ്രേഡിലും കൂടുതലായി ഭക്ഷണമോ അതിരിക്കുന്ന പാത്രമോ ചൂടാകില്ല എന്നത് ഇതിന്റെ പ്രത്യേകതയാണ്. അതുകൊണ്ട് കൈയുറയോ കൊടിലോ ഒന്നും ഇല്ലാതെതന്നെ അതു പുറത്തെടുക്കാൻ കഴിയും. വളരെയധികം ചൂടു വർധിക്കില്ല എന്നതു ഭക്ഷണത്തിനു മുകൾവശം കരിയാകാതെ നോക്കും. ഇത്തരത്തിൽ ഉണ്ടാകാവുന്ന കരി കാൻസറിനു കാരണമത്രേ. മൈക്രോവേവ് അവ്നിൽ വച്ചു പ്രീഹീറ്റ് ചെയ്തെടുക്കുന്ന ഇറച്ചിയും മറ്റും പിന്നീട് ഗ്രില്ലിങ് ചെയ്യാൻ വളരെ കുറച്ചേ സമയം വേണ്ടൂ.

ഉപയോഗത്തിൽ ശ്രദ്ധിക്കാൻ

മിക്കവാറും ബാക്കിവന്ന് ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ചുവച്ച ഭക്ഷണം വീണ്ടും ചൂടാക്കുന്നതിനാണ് മൈക്രോവേവ് അവ്ൻ ഉപയോഗിക്കാറ്. ശരിയായ താപത്തിൽ ചൂടായില്ലെങ്കിൽ ഭക്ഷണത്തിൽ അണുബാധ ഉണ്ടാകാനിടയുണ്ട്. അവ്നിനകത്ത് ഭക്ഷണം നിരത്തിവയ്ക്കുന്ന രീതി ശ്രദ്ധാപൂർവം ചെയ്യുന്നതും ഭക്ഷണപ്പാത്രം അനങ്ങിക്കൊണ്ടിരിക്കുന്നതും ചൂടു സമമായി ഭക്ഷണത്തിൽ പതിക്കാൻ സഹായിക്കും. ഭക്ഷണത്തിലെ സൂക്ഷ്മപോഷകങ്ങളുടെ അളവു മൈക്രോവേവ് പാചകത്തിലൂടെ നഷ്ടപ്പെടാൻ സാധ്യതയില്ല.

അടച്ചുമൂടിയ പാത്രങ്ങൾ, മുഴുവനായ മുട്ട എന്നിവ അവ്നിൽ പൊട്ടിത്തെറിക്കാനിടയുണ്ട്. ആവിയുടെ കൂടുതലായ മർദ്ദം മൂലമാണിത്. എല്ലാത്തരം പ്ലാസ്റ്റിക് കൊണ്ടുള്ള പാത്രങ്ങളും അവ്നിൽ വയ്ക്കാവുന്നതല്ല. ചിലതരം പ്ലാസ്റ്റിക് മൈക്രോവേവ് ആഗീരണം ചെയ്ത് ചൂടുപിടിക്കാനും ഉരുകാനും ഇടയുണ്ട്. കൂടുതൽ സമയം മൈക്രോവേവിൽ ഇരുന്നു ചൂടായാൽ ചില സാധനങ്ങൾ തീപിടിക്കാനും ഇടയുണ്ട്. വൈദ്യുതി കടത്തിവിടുന്ന മെറ്റൽ കൊണ്ടുള്ള പാത്രങ്ങൾ അവ്നിൽ ഉപയോഗിച്ചാൽ അതു വൈദ്യുതി കടന്നു ചൂടാകുന്ന ഹീറ്റിങ് കോയിൽ പോലെ പ്രവർത്തിക്കും, വലിയ അപകടമുണ്ടാകാനിടയുണ്ട്. സാധനങ്ങളൊന്നും വയ്ക്കാതെ അവ്ൻ ഓൺചെയ്തു വയ്ക്കരുത്. അവ്നിലുള്ള ട്യൂബ് ഓവർലോഡഡ് ആയി കത്തിപ്പോകാനിടയുണ്ട്.

മൈക്രോവേവ് അവ്ന്റെ വാതിൽ തുറന്നുവച്ചു പ്രവർത്തിപ്പിച്ചാൽ പൊള്ളൽ ഉണ്ടാകാം. എന്നാൽ ഇപ്പോൾ അവ്നുകളിൽ സുരക്ഷാക്രമീകരണമായി ഇന്റർലോക്ക് ഉണ്ട്. വാതിൽ തുറന്നിരുന്നാൽ അവ്ൻ പ്രവർത്തിക്കില്ല. ശരിയായി ലോക്ക് ചെയ്തില്ലെങ്കിലും പ്രവർത്തിപ്പിക്കരുത്.

വൃത്തിയാക്കുമ്പോൾ

അവ്നുള്ളിൽ ഭക്ഷണസാധനങ്ങളിൽ നിന്നു തെറിക്കുന്ന എണ്ണയും മെഴുക്കും മറ്റും പറ്റിപ്പിടിക്കാനിടയുണ്ട്. അവ്ൻ കൂടിയ അളവിൽ ചൂടാക്കിയാൽ ഈ അഴുക്കു മുഴുവൻ ഓക്സിഡൈസ്ഡ് ആകും. പിന്നീട് തുടച്ചു വൃത്തിയാക്കാൻ എളുപ്പമാണ്. ചില മോഡലുകളിൽ നീരാവികൊണ്ട് അഴുക്ക് ഇളക്കാൻ വേണ്ടുന്ന ഒരു സൈക്കിൾ സെറ്റുചെയ്യാം. അഴുക്ക് ഇളകിക്കഴിഞ്ഞാൽ തുടച്ചു നീക്കാൻ എളുപ്പമാണ്. അവ്ൻ വൃത്തിയാക്കാൻ രാസവസ്തുക്കളടങ്ങിയ ക്ലീനറുകളുമുണ്ട്. പാത്രം കഴുകാനുപയോഗിക്കുന്ന സ്ക്രബുകളും ഉപയോഗിക്കാം.

അവ്ൻ പ്രവർത്തിപ്പിക്കുമ്പോൾ

∙ അവ്ൻ ബലമുള്ള പ്രതലത്തിൽ വേണം വയ്ക്കാൻ. സിങ്കിനടുത്തു വേണ്ട. മറ്റ് അടുപ്പുകളിൽ നിന്ന് അകറ്റിവേണം വയ്ക്കാൻ. അവ്നു മുകളിൽ വായുസഞ്ചാരത്തിന് ഏതാണ്ട് 30 സെ.മീറ്റർ ഇടംവേണം.
∙ ചുറ്റും സ്ഥലമുണ്ടാവണം.
∙ അവ്ന് ഉൾവശം വൃത്തിയാക്കി വയ്ക്കണം.
∙ വാതിൽ ശരിയായി അടച്ചു ലോക്കു ചെയ്യാൻ പറ്റുമെന്ന് ഉറപ്പാക്കണം. വാതിൽ ലോക്കു ചെയ്തിട്ടേ പ്രവർത്തിപ്പിക്കാവൂ.
∙ ഉപകരണത്തിനൊപ്പം ലഭിക്കുന്ന ഓപ്പറേറ്റിങ് മാനുവൽ വേണ്ടവിധം മനസ്സിലാക്കണം.
∙ ഗ്ലാസ് കൊണ്ടുള്ള ടേൺടേബിളിനു മുകളിലാണ് ഭക്ഷണമുള്ള പാത്രം വയ്ക്കുന്നത്. പാത്രങ്ങൾ അവ്ന്റെ ഉൾഭാഗത്തു തൊടുന്ന രീതിയിലാവരുത്.
∙ ലോഹം കൊണ്ടുള്ള പാത്രങ്ങളോ സ്പൂണുകളോ ഉൾവശത്ത് തട്ടിനിന്നാൽ വൈദ്യുതസ്പാർക്ക് ഉണ്ടാകാനിടയുണ്ട്.

ഡോ. ബി. സുമാദേവി
ഇഎൻടി സർജൻ
ഇഎസ്ഐ ഹോസ്പിറ്റൽ
ഉദ്യോഗമണ്ഡൽ, എറണാകുളം