Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂപ്പല്‍ബാധയും ചൊറിച്ചിലും

infection

വായുസഞ്ചാരം ഇല്ലാത്തതിനാല്‍ ജലാംശം ഉണങ്ങിപ്പോകാതെ പിടിച്ചു നില്‍ക്കുവാന്‍ ഇടയാകുന്നു. ഇതിന്റെ ഫലമായി പൂപ്പലിന്റെ അഥവാ പായലിന്റെ വര്‍ഗത്തില്‍പ്പെട്ട ഫംഗസ് എന്നറിയപ്പെടുന്ന ഒരുതരം രോഗാണുക്കള്‍ വന്നു താമസമാക്കുന്നു. ഒപ്പം ചൊറിച്ചിലും അനുഭവപ്പെടുന്നു. ഇതിന്റെ ചികിത്സയ്ക്കായി ആന്റി ഫംഗല്‍ ഓയില്‍മെന്റ് ഉപയോഗിച്ചാല്‍ മാത്രം പോരാ.

ഈര്‍പ്പം ഒഴിവാക്കാന്‍

കുളിക്കുമ്പോഴും കഴുകുമ്പോഴും എല്ലാം തുടയ്ക്കിടയില്‍ നനവുണ്ടാകും. പലരും ഈ നനവ് തുടച്ചുകളഞ്ഞു പൂര്‍ണമായും ഉണങ്ങുന്നതിനു മുമ്പുതന്നെ അടിയുടുപ്പ് ധരിക്കുന്നു. അവിടെ നന്നായി ഉണങ്ങണമെങ്കില്‍ ഉണങ്ങിയ തോര്‍ത്തോ തുണിയോ ഉപയോഗിച്ചു തുടയ്ക്കുകയും അതിനുശേഷം ഏതാനും മിനിറ്റുനേരം അവിടെ കാറ്റുകൊള്ളിക്കുകയും വേണം. ഫാന്‍, ഹെയര്‍ഡ്രയര്‍ എന്നിവ ഇതിനായി ഉപയോഗിക്കാം. വെറും വിശറി ആയാലും കാര്യം നടക്കും.

ഉണങ്ങിയശേഷം, ഉണങ്ങിയിരിക്കുവാനും വിയര്‍പ്പു കുറയ്ക്കുവാനും, അടിയുടുപ്പു ധരിക്കുന്നതിനു മുമ്പ് അവിടെ പൌഡര്‍ ഇടുന്നതു നന്നായിരിക്കും.

അടിയുടുപ്പ് ധരിക്കുമ്പോള്‍

അടിയുടുപ്പ് കോട്ടണ്‍ തുണികൊണ്ടുള്ളതായിരിക്കണം. നൈലോണ്‍, പോളിഎസ്റ്റര്‍ എന്നിവ കൊണ്ടുള്ള അടിയുടുപ്പുകള്‍ ഉപയോഗിച്ചാല്‍ വായു കടക്കുന്നതു തടയും.

മുറുകിയ അടിയുടുപ്പുകള്‍ ഉപയോഗിക്കരുത്. തുടയ്ക്കു ചുറ്റും ഇലാസ്റ്റിക് കൊണ്ടു മുറികി കിടക്കുന്ന തരം അടിയുടുപ്പുകള്‍ വാങ്ങരുത്.

സോപ്പ് വേണ്ട

തുടയ്ക്കിടയില്‍ സോപ്പുപയോഗിച്ചു കഴുകുന്നതു നിര്‍ത്തണം. സോപ്പ് തൊലിയിലെ എണ്ണ ഗ്രന്ഥികളില്‍ നിന്നും വന്നുചേരുന്ന സ്വതസിദ്ധമായ എണ്ണമയം കഴുകിക്കളയാന്‍ ഇടയാക്കും.

ഈ എണ്ണമയം തൊലിക്ക് അത്യാവശ്യമാണ്. ഇതു തൊലിയെ വാട്ടര്‍ പ്രൂഫ് ആക്കുന്നതു വഴി ജലകണികകള്‍ക്കു പുറത്തു നിന്നും തൊലിയുടെ കോശങ്ങളിലേക്കു കടന്നുചെല്ലാന്‍ സാധിക്കുകയില്ല. എണ്ണ പുരണ്ട തൊലിയില്‍ വെള്ളം പിടിക്കുകയില്ലല്ലോ, അതുപോലെ പ്രധാനപ്പെട്ട മറ്റൊരു സംഗതി രോഗി രോഗം ബാധിച്ച തൊലിയില്‍ ചൊറിയരുത്.

ചൊറിഞ്ഞാല്‍ റിപ്പയറിനു കൂടുതല്‍ സമയം എടുക്കും.

കോര്‍ട്ടിസോണ്‍ ഓയിന്‍മെന്റ്

കോര്‍ട്ടിസോണ്‍ തുടയ്ക്കിടയിലെ പൂപ്പല്‍ ബാധയ്ക്ക് ഒരു മരുന്നേ അല്ല. കോര്‍ട്ടിസോണ്‍ ഓയിന്റ്മെന്റ് പുരട്ടിയാല്‍ ചൊറിച്ചിലിനും പുകച്ചിലിനും എല്ലാം പെട്ടെന്ന് ആശ്വാസം ലഭിക്കും. എങ്കിലും കാലക്രമേണ അതു തൊലിയുടെ പ്രതിരോധശക്തിയെ ക്ഷയിപ്പിക്കുകയും വിട്ടുമാറാത്ത ഫംഗസ് അണുബാധയെ ക്ഷണിച്ചുവരുത്തുകയും ചെയ്യും.

ഇതിനെല്ലാം പുറമേ കോര്‍ട്ടിസോണ്‍ ഓയിന്റ്മെന്റ് കുറെ ദിവസം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ രോഗി അതിന് അടിമയായിതീരും. പിന്നെ മറ്റെന്തു മരുന്നു കിട്ടിയാലും തൃപ്തനാവില്ല. കോര്‍ട്ടിസോണ്‍ ഓയിന്റ്മെന്റിനെ തന്നെ തേടിപ്പോകും. ഈ അവസ്ഥയില്‍ എത്തിച്ചേരാതിരിക്കുവാന്‍ ശ്രമിക്കുക.

കോര്‍ട്ടിസോണ്‍ ഓയിന്റ്മെന്റ് ഉപയോഗിക്കുമ്പോള്‍ പിറ്റേദിവസം ചൊറിച്ചിലിന് ആശ്വാസം ലഭിക്കുന്നതു പോലെയുള്ള നാടകീയമായ ഫലം ആന്റിഫംഗല്‍ ഓയിന്‍മെന്റ് കൊണ്ടു ലഭിക്കില്ല. എങ്കിലും പൂപ്പല്‍ ബാധ സുഖപ്പെടാനും ശാശ്വതപരിഹാരം ലഭിക്കാനും അതാണു വേണ്ടത്.

പക്ഷേ, തുടയ്ക്കിടയിലെ തൊലി ഈര്‍പ്പരഹിതമായി സൂക്ഷിക്കുവാന്‍ രോഗി ശ്രദ്ധിക്കണമെന്നു മാത്രം.

ഡോ. പി വി മോഹന്‍ ദാസ്