Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാപ്ടോപ് വില്ലനാകുമ്പോൾ

laptop

ദീർഘ നേരം ഇരുന്നു ജോലി ചെയ്യേണ്ടി വരുന്ന ഐടി, ബാങ്കിങ് മേഖലയിലുള്ളവരാണ് അസ്ഥിരോഗങ്ങളുടെ പിടിയിലേക്ക് ഏറ്റവും വേഗത്തിൽ വീണുപോകാവുന്നവർ. 12 മണിക്കൂറോ അതിനു മുകളിലോ പണിയെടുക്കേണ്ടി വരുന്നവർ ഈ മേഖലയിൽ സാധാരണമാണെന്നുള്ളതു അസുഖത്തിനുള്ള സാധ്യതയും വർധിപ്പിക്കുന്നു. ഡെസ്ക് ടോപ്പ് കംപ്യൂട്ടറുകൾ മാറി ലാപ്ടോപ്പുകൾ എത്തിയതോടെ അസുഖത്തിനുള്ള സാധ്യതയുമേറുന്നു. കസേരയിൽ ഇരിക്കുന്ന രീതിയാണ് എപ്പോഴും വില്ലനാകുന്നത്. കൈയും കാലും നടുവും ശരിയായ രീതിയിലല്ലാതെ ദീർഘ നേരമിരിക്കുന്നതാണു പ്രശ്നങ്ങളുടെ തുടക്കം.

ആദ്യം ചെറിയ വേദനയായും പിന്നീടതു മൂർച്ഛിക്കുകയും ചെയ്യും. ഇത്തരത്തിൽ വരുന്ന അസുഖം പലപ്പോഴും ദീർഘകാലത്തേക്കു നിലനിൽക്കും. ഡെസ്ക് ടോപ്പ് കംപ്യൂട്ടറുകൾക്കു പകരക്കാരനായി ലാപ്ടോപ്പുകൾ എത്തിയതോടെ ഏതു രീതിയിലും ഉപയോഗിക്കാമെന്ന സ്വാതന്ത്ര്യവും കിട്ടി. ഇതോടെ മടിയിൽ വച്ചു കുനിഞ്ഞു നോക്കിയും ഉയരത്തിൽ വച്ചു കൈകൾക്കു പരമാവധി പ്രഷർ നൽ‌കിയുമുള്ള ഉപയോഗം വ്യാപകമായി. അൽപ സമയത്തെ സൗകര്യം ഇതോടെ ദീർഘകാല രോഗത്തിലേക്കു നയിച്ചു. പതിവായി കംപ്യൂട്ടർ ഉപയോഗിക്കുന്നവരിൽ കണ്ടു വരുന്ന മറ്റൊരു അസുഖം കാർപൽ ടണൽ സിൻഡ്രമാണ്. കൈക്കുഴയിലെ സംവേദന ക്ഷമത അനുഭവേദ്യമാക്കാൻ രണ്ടു നാഡികൾ എത്തുന്നുണ്ട്. ഈ നാഡികൾ കടന്നു പോകുന്ന നേർത്ത വഴിക്കാണു കാർപസ്‍ ടണൽ എന്നു പറയുന്നത്. ഈ ഭാഗം ഡസ്കിലോ കീബോർഡിലോ വളരെ സമയം അമർത്തി വച്ചു ജോലി നോക്കുന്നവർക്കാണു കാർപൽ ടണൽ സിൻഡ്രം ബാധിക്കുന്നത്. പുരുഷന്മാരെക്കാൾ സ്ത്രീകളെയാണു കാർപൽ ടണൽ സിൻഡ്രം ബാധിക്കുന്നത്.

കസേരയിൽ ഇരിക്കുന്നതിലും പലരും ശ്രദ്ധിക്കാറില്ല. കാൽ തൂക്കിയിട്ടോ മടക്കി വച്ചോ ദീർഘ നേരം ഇരിക്കുന്നത് എല്ലുകളെ പ്രതികൂലമായി ബാധിക്കും. കാൽ പിന്നിലോട്ടു മടക്കി വച്ചു ജോലിയെടുക്കുക പലരുടെയും ശീലമാണ്. ഇതു ദീർഘ നേരമാകുമ്പോൾ പെരുപ്പും മറ്റ് അസ്വസ്ഥതകൾക്കും കാരണമാകുമെന്നു ഡോ. എസ്. വിജയമോഹൻ പറയുന്നു. കാൽപ്പാദം നിലത്ത് അമർന്നിരിക്കുന്ന രീതിയിൽ വേണം കസേരയിൽ ഇരിക്കാൻ. കൂടാതെ സീറ്റിന്റെ നീളം കാൽമുട്ടിൽ നിന്നു രണ്ടിഞ്ചു മാത്രം കുറവിൽ ആയിരിക്കണം. നീളം കൂടുന്നതും കുറയുന്നതും പ്രതികൂലമാണ്. ഹാൻഡ് റെസ്റ്റ് ഓരോരുത്തർക്ക് അനുസരിച്ച് ക്രമീകരിക്കാവുന്ന രീതിയിലാകുന്നതാണു നല്ലതെന്നും അദ്ദേഹം പറഞ്ഞു.

ഫോൺ വിളിയും കംപ്യൂട്ടർ ഉപയോഗവും ഒന്നിച്ചാക്കുന്നതും കഴുത്തിന് ആയാസം ഉണ്ടാക്കും. ഒരു വശത്തേക്കു ചെരിഞ്ഞിരുന്നു ചെവിയിൽ ഫോൺ വച്ചു കംപ്യൂട്ടറിൽ ടൈപ്പ് ചെയ്യുന്നവർ ധാരാളമാണ്. ദൂഷ്യഫലങ്ങൾ അറിയാതെയാണ് പലരും ഇങ്ങനെ ചെയ്യുന്നത്.

അൽപ ദൂരം നടന്നാൽ പലരോഗങ്ങളും ഓടും

wellness-fitness

കാറും ബൈക്കുമൊന്നും രോഗം വരുത്തില്ല. എന്നാൽ അതിന്റെ അമിത ഉപയോഗം മൂലം നടക്കാൻ മറക്കുന്നതാണു പല രോഗത്തിനും കാരണമാകുന്നത്. നടക്കാവുന്ന ചെറിയ ദൂരം പോലും കാറിലോ ബൈക്കിലോ പോകുമ്പോൾ വരുത്തിവയ്ക്കുന്നത് ഒഴിവാക്കാവുന്ന ഒരുപാട് രോഗങ്ങൾ. വ്യായാമം കൂടി ഇല്ലാതാകുമ്പോൾ ജീവിതം ദുരിതത്തിലാക്കാൻ ഓരോ അസുഖങ്ങൾ വണ്ടി പിടിച്ചെത്തും. കൊളസ്ട്രോൾ, രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങി ജീവിത ശൈലീ രോഗങ്ങളുടെ നിരക്കും കൊച്ചിയിൽ കൂടുതലെന്നു പഠനങ്ങൾ തെളിയിക്കുന്നു. പുകവലിയും മദ്യപാനവും രോഗാവസ്ഥ കൂട്ടാനുള്ള സാധ്യതയും കൂട്ടുന്നു. ഡിസ്ക് തേയ്മാന സാധ്യത വർധിപ്പിക്കുന്നതിൽ പുകവലിക്കു നിർണായക സ്ഥാനമാണ്. വ്യായാമം കുറയുന്നതു മൂലമുള്ള പൊണ്ണത്തടിയും കുടവയറും വരുത്തി വയ്ക്കുന്നതു നടുവേദനയും മുട്ടുവേദനയും അടക്കമുള്ള അസുഖങ്ങൾ. ആർത്രൈറ്റിസിന്റെ വക ഭേദങ്ങൾ ചെറുപ്രായത്തിൽത്തന്നെ നഗര ജീവിതം നയിക്കുന്നവരിലേക്കു കടന്നെത്തുകയും ചെയ്യുന്നു. വയർ ചാടുന്നതു ഡിസ്ക് തേയ്മാനം കൂട്ടാൻ കാരണമാകും. കുടവയർ നട്ടെല്ലിനു താഴെയുള്ള രണ്ടു കണ്ണികളിൽ അമിത സമ്മർദം ഉണ്ടാക്കുന്നു. ഇതു കണ്ണികളുടെ തേയ്മാന നിരക്കു കൂട്ടാൻ ഇടയൊരുക്കും. സാവധാനം പുറംവേദനയാകും. സാധാരണ അവസ്ഥയിൽ 40 വയസു വരെയാണു നട്ടെല്ലു പൂർണ ആരോഗ്യത്തോടെ പ്രവർത്തിക്കുന്നത്. അതിനു ശേഷം നട്ടെല്ലിലെ കണ്ണികൾക്കു തേയ്മാനം സംഭവിക്കാനുള്ള സാധ്യതയുണ്ട്. തെറ്റായ ജീവിത അവസ്ഥയിലൂടെ ഈ അവസ്ഥ നേരത്തെയെത്തിക്കുകയാണു െചയ്യുന്നത്. അൻപതോ അറുപതോ വയസിൽ വരേണ്ട എല്ലു തേയ്മാന അസുഖങ്ങൾ മുപ്പതുകളിൽ കണ്ടു വരുന്നതിന്റെ കാരണവും മറ്റൊന്നല്ലെന്നു വിദഗ്ധർ പറയുന്നു. മാനസിക സമ്മർദവും കഴുത്തു വേദന, പുറം വേദന എന്നിവയ്ക്കു കാരണമാകുന്നുണ്ട്.

കംപ്യൂട്ടർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

computer

കംപ്യൂട്ടർ സ്ക്രീനും കണ്ണും ഒരേ ലെവലിൽത്തന്നെ വേണം ക്രമീകരിക്കാൻ

കണ്ണുകൾ മുകളിലേക്ക് ഉയർത്തി കംപ്യൂട്ടർ നോക്കേണ്ട അവസ്ഥ വരരുത്.

കൈക്കുഴയിലെ നാഡി അമർന്നു ഞെരുങ്ങാതെ വിധം വേണം ടൈപ്പ് ചെയ്യാൻ

കൂടുതൽ പ്രഷർ ടൈപ്പ് ചെയ്യുമ്പോൾ നൽകേണ്ടതില്ല. കീബോർഡ് ചെറുതായി അമർത്തിയാൽ മതി

കൈകളുടെ അതേ ലവലിൽ കീബോർഡ് വരേണ്ടത്.

ലാപ്ടോപ്പ് ദീർഘനേരം ടൈപ്പ് ചെയ്യുമ്പോൾ പോർട്ടബ്ൾ കീബോർഡ് ഉപയോഗിക്കുന്നതു നല്ലതാണ്.

ടൈപ്പ് ചെയ്യുമ്പോൾ കൈവിരൽ ഇടയ്ക്കു നിവർ‍ത്തിപ്പിടിക്കുന്നതു ശീലമാക്കുക ∙ ലാപ്ടോപ്പ് ഉപയോഗിക്കുമ്പോൾ മുന്നോട്ടു കുനിഞ്ഞിരുന്നു ടൈപ്പ് ചെയ്യരുത്. നട്ടെല്ലു നിവർന്നു തന്നെയിരിക്കണം.

ആംറെസ്റ്റുള്ള കസേര ഉപയോഗിക്കുക

കസേരയിൽ നടുവിനു താങ്ങായി ചെറിയ കുഷ്യൻ ഉപയോഗിക്കാം

ചുമലുകൾക്ക് ആയാസം നൽകരുത്. ഒരു മണിക്കൂർ കൂടുമ്പോൾ ചെറു വിശ്രമം നല്ലതാണ്. ചെറുതായി നടക്കുന്നതും നല്ലതാണ്. സ്പോണ്ടിലോസിസ് സാധ്യതകൾ ഇതു കുറയ്ക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.